UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടതു പാളയത്തിലേക്ക് നോക്കി ജോസഫ്; ഒരു പിളര്‍പ്പിന് കൂടി തയ്യാറായി കേരള കോണ്‍ഗ്രസ്

Avatar

സന്ദീപ് വെള്ളാരംകുന്ന്‌

വളര്‍ന്നും പിളര്‍ന്നും ലയിച്ചും പിളര്‍ന്നും വളര്‍ന്നും ചരിത്രമേറെയുള്ള കേരളാ കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പിനു കൂടി അരങ്ങൊരുങ്ങുന്നുവെന്നാണ് കോട്ടയത്തു നിന്നുള്ള അണിയറ വാര്‍ത്തകള്‍. ബാര്‍ കോഴ പ്രശ്‌നത്തില്‍ കെ എം മാണിയുടെ ധാര്‍മിക പ്രതിഛായ അറബിക്കടലില്‍ പതിച്ചെങ്കില്‍, റബര്‍ സമരം എട്ടു നിലയില്‍ പൊട്ടിയതോടെ ജോസ് കെ മാണിയുടെ അവസ്ഥയും ഏതാണ്ടു ഭിന്നമല്ല. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് അടുക്കും മുമ്പ് കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസഫ് വിഭാഗവുമായുള്ള ഉള്‍പ്പോര് അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നത്.

നിലവില്‍ മൂന്ന് എംഎല്‍എമാരുള്ള ജോസഫ് വിഭാഗത്തിന് ഇത്തവണ രണ്ടു സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളുവെന്ന് മാണി വിഭാഗം നിലപാട് എടുത്തതോടെയാണ് ജോസഫ് വിഭാഗം മുന്നണി മാറ്റമെന്ന വിഷയം സജീവമായി ആലോചിക്കുന്നത്. മന്ത്രി സ്ഥാനത്തിന് വേണ്ടി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണി മാറ്റം നടത്താറുള്ള ജോസഫ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം എല്‍ഡിഎഫിലേക്കു ചുവടു മാറുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. ജോസഫ് വിഭാഗത്തിനെതിരെ കാര്യമായ ആരോപണങ്ങള്‍ ഒന്നും ഉയരാത്തതുകൊണ്ടു തന്നെ ഇടതു പക്ഷത്തിനും ജോസഫ് വിഭാഗത്തെ കൂടെ നിര്‍ത്താന്‍ വലിയ വിഷമമൊന്നുമില്ല.

ക്രിസ്ത്യന്‍ വിഭാഗത്തെ ഇതിലൂടെ അടുപ്പിക്കാമെന്നും കരുതുന്ന ഇടതു മുന്നണിയിലെ പ്രമുഖരും ജോസഫ് വിഭാഗവുമായി ചര്‍ച്ച നടത്തിയെന്നും സൂചനകളുണ്ട്. ഇതിനിടെ മുന്നണി മാറ്റത്തിനു തയാറാണെന്ന സൂചനയുമായി മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി സി ജോസഫ് രംഗത്തെത്തിയത് പാര്‍ട്ടിക്കുള്ളില്‍ പലതും പുകയുന്നുണ്ടെന്ന സൂചന നല്‍കിത്തന്നെയാണ്. രാഷ്ട്രീയ ധ്രുവീകരണത്തിന് അരങ്ങൊരുങ്ങുന്നുണ്ടെന്നും എന്നാല്‍ കളങ്കിതര്‍ ഇതിലുണ്ടാവില്ലെന്നുമുള്ള പിസി ജോസഫിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന ബാര്‍ കോഴക്കേസില്‍ കളങ്കിതരായ മാണി വിഭാഗം മുന്നണി മാറുമ്പോള്‍ തങ്ങളുടെ ഒപ്പമുണ്ടാകില്ലെന്നു തന്നെയാണ്.

കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ റബര്‍ മേഖലകളില്‍ ഇത്തവണ പാര്‍ട്ടിയുടെ നില ഭദ്രമല്ലെന്ന തിരിച്ചറിവും ജോസഫ് ഗ്രൂപ്പിനുണ്ട്. ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണിയും യുപിഎയില്‍ എംപിയായിരുന്ന കാലത്ത് ജോസ് കെ മാണിയും റബര്‍ കര്‍ഷകര്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന വികാരം ജോസഫ് ഗ്രൂപ്പില്‍ തന്നെ പ്രബലമാണ്.

ഇടുക്കി ഉള്‍പ്പടെയുള്ള മേഖലകളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടതു മുന്നണിയുമായി കൂട്ടു ചേരുന്നതും കേരളാ കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പു കൂട്ടുന്നുണ്ട്. ഇതോടൊപ്പം കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജിനെപ്പോലുള്ള പ്രതിഛായയുള്ള നേതാക്കളെ മാണി വിഭാഗം അവഗണിക്കുന്നതിലും ജോസഫ് വിഭാഗത്തിനു പ്രതിഷേധമുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കുമെന്നു പ്രചാരണമുയര്‍ന്നെങ്കിലും കോണ്‍ഗ്രസുമായി കൂട്ടു ചേര്‍ന്ന് കെ എം മാണി ഇതിനെ അട്ടിമറിക്കുകയായിരുന്നുവെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.

ഇത്തവണ പൂഞ്ഞാര്‍ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിനു നല്‍കണമെന്നു ജോസഫ് വിഭാഗം ആവശ്യമുന്നയിച്ചെങ്കിലും ജോസ് കെ മാണിയെ അംഗീകരിക്കുന്നവരെ മാത്രം പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിച്ചാല്‍ മതിയെന്ന നിലപാടാണ് മാണി സ്വീകരിച്ചിരിക്കുന്നതെന്നും ഇതും മുന്നണി മാറ്റത്തിനു ജോസഫ് വിഭാഗത്തെ പ്രേരിപ്പിക്കുന്നുണ്ടെന്നുമാണ് പാര്‍ട്ടിയുമായി അടുപ്പമുള്ളവര്‍ തന്നെ പറയുന്നത്.

കത്തോലിക്കാ സഭയുടെ ആശിര്‍വാദത്തോടെ ഒരു ആവേശത്തിനു മാണി വിഭാഗത്തില്‍ ചേക്കേറിയ അന്നു മുതല്‍ തങ്ങള്‍ അവഗണനയാണ് അനുഭവിക്കേണ്ടി വരുന്നതെന്നാണ് ജോസഫ് വിഭാഗത്തിന്റെ പരാതി. ബാര്‍ കോഴ വിഷയത്തില്‍ മാണിക്കൊപ്പം ജോസഫും രാജി വയ്ക്കണമെന്നു മാണി നിര്‍ബന്ധം പിടിച്ചെങ്കിലും ജോസഫ് ഇതിനു വഴങ്ങാതിരുന്നത് ഇരു വിഭാഗവും തമ്മിലുള്ള സംഘര്‍ഷം വീണ്ടും മൂര്‍ഛിക്കാന്‍ കാരണമായി. മാണിയുടെ രാജി സമയത്ത് ഇടഞ്ഞു നിന്നിരുന്ന ജോസഫിനെ കാണാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ദൂതനായി കെ സി ജോസഫ് എത്തിയിരുന്നു. പിജെ ജോസഫ് ഉമ്മന്‍ചാണ്ടി ക്യാമ്പിന്റെ ആളായി മാറിയെന്ന പിറുപിറുക്കലും കേരള കോണ്‍ഗ്രസ് മാണിയില്‍ ഉയരുന്നുണ്ട്. ഇതിന്റെ ബാക്കിപത്രംകൂടിയാണ് ഇപ്പോഴത്തെ ആഭ്യന്തര കലഹങ്ങള്‍.

എന്നാല്‍ മാണി വിഭാഗത്തിനോടു നേരിട്ടു പൊരുതി വിജയം കൈവരിക്കാനുള്ള ശേഷി ഇപ്പോഴത്തെ ജോസഫ് വിഭാഗം നേതാക്കള്‍ക്കുണ്ടോയെന്നതാണു സംശയം. മുന്‍കാലങ്ങളിലെല്ലാം മാണി വിഭാഗം കണ്ണുരുട്ടുമ്പോള്‍ പത്തിമടക്കുന്ന ജോസഫ് വിഭാഗം കരുത്തു കാട്ടുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

യുഡിഎഫിലെ അതൃപ്തരെല്ലാം എല്‍ഡിഎഫിലേക്ക് പോകുമെന്ന ഭീഷണി ഉയര്‍ത്തി സ്വന്തം കാര്യം നേടുന്നത് പതിവ് സംഭവമായിരിക്കുന്നതിനാല്‍ വളരെ കരുതലോടെയാണ് ഇടതുപക്ഷം ജോസഫിന്റെ നീക്കത്തെ വീക്ഷിക്കുന്നത്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍