UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊഴിഞ്ഞു വീഴുന്ന രണ്ടില

Avatar

ടി ജി സജിത്ത്

മാസങ്ങള്‍ക്ക് മുമ്പ് ബാര്‍കോഴ ആരോപണം ഉയര്‍ന്നതിന് പിന്നാലെ പാലാക്ക് സമീപം കടപ്ലാമറ്റത്തെ കേരളകോണ്‍ഗ്രസ്സിന്റെ ഒരു പ്രാദേശിക യോഗം. സ്ഥലത്തെ പ്രമാണിയും മുമ്പ് ജോസഫ് ഗ്രൂപ്പ് നേതാവുമായ പാര്‍ട്ടി നേതാവിന്റെ ചോദ്യം ഇങ്ങനെ,’മാണി സാര്‍ കോഴ വാങ്ങിയില്ലെന്ന് നേതൃത്വം വിശ്വസിക്കുന്നുണ്ടോ, പാര്‍ട്ടി എങ്ങനെ വിശദീകരിച്ചാലും ജനങ്ങള്‍ വിശ്വസിക്കുമെന്ന് നേതൃത്വം കരുതുന്നുണ്ടോ’, ആദ്യമൊന്ന് പതറിയെങ്കിലും യോഗത്തില്‍ പങ്കെടുത്ത മാണിയുടെ വിശ്വസ്തന്‍ ഇങ്ങനെ വിശദീകരിച്ചു,’ പാര്‍ട്ടി പലരില്‍ നിന്നും പണം വാങ്ങാറുണ്ട്,അത് പാര്‍ട്ടി ഫണ്ടിലേക്കാണ് , നിങ്ങളും ഇങ്ങനെ ജനങ്ങളോട് പറഞ്ഞാല്‍ മതി’. കൂടുതല്‍ ചര്‍ച്ചയില്ലാത്തതിനാല്‍ യോഗം അവസാനിച്ചു.പക്ഷേ കടപ്ലാമറ്റത്തെ ഈ പ്രാദേശിക നേതാവിന്റെ സംശയം കേരളകോണ്‍ഗ്രസ്സ് ക്യാമ്പില്‍ നേരത്തെതന്നെയുണ്ട്.

മറ്റൊരു ഉദാഹരണം, ബാര്‍കോഴ വിവാദം വിശദീകരിക്കാന്‍ കേരളകോണ്‍ഗ്രസ്സ് പാടുപെടുന്ന കാലം. ഒരു ചാനലിന്റെ രാത്രി ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതാണ് തിരുവനന്തപുരത്തെ ഒരു കേരളകോണ്‍ഗ്രസ്സ് നേതാവ്. ഇടവേളക്കിടയില്‍ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം പറഞ്ഞതിങ്ങനെ, ‘എത്ര വിശദീകരിച്ചാലും കോഴവാങ്ങിയില്ലെന്ന് ജനം വിശ്വസിക്കില്ല, പിന്നെ ഇങ്ങനെയെങ്കിലും നമ്മളെ നാലുപേരറിയുന്നെങ്കില്‍ അറിയട്ടെയെന്ന്’.

മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്, മാണി കോഴ വാങ്ങിയാലും ഇല്ലെങ്കിലും സ്വന്തം പാര്‍ട്ടിയിലെ പോലും ഒരു വിഭാഗം കോഴ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിച്ചിരുന്നവരാണ്. പക്ഷെ കെഎം മാണിക്ക് മുമ്പില്‍ ഇത് തുറന്നുപറയാന്‍ ആരും മിനക്കെട്ടില്ലന്ന് മാത്രം. കോഴ ആരോപണങ്ങള്‍ കേരളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്, മന്ത്രിമാരുടെ രാജിയും നടത്തിട്ടുണ്ട്. പക്ഷേ കെഎം മാണി വിവാദത്തില്‍ ഇപ്പോള്‍ കണ്ടതൊന്നുമല്ല വരാനിരിക്കുന്നത്. കെഎം മാണിയുടെ രാജിയില്‍ മാത്രം ഇത് ഒതുങ്ങില്ലന്നതാണ് ഇതിന്റെ ക്ലൈമാക്‌സ്. മാണി രാജിവച്ചാല്‍ പുതിയൊരാള്‍ വരും. പക്ഷെ കെ എം മാണിയുടേയും അദ്ദേഹത്തിന്റെ രണ്ടില പാര്‍ട്ടിയുടേയും ഭാവി ചരടില്‍ തൂങ്ങിയാടുകയാണ്.

പാളിയ മക്കള്‍ രാഷ്ട്രീയം…
പുറമേക്കില്ലെങ്കിലും പ്രായാധിക്യവും ഓര്‍മ്മകുറവുമാണ് കെഎം മാണിക്ക് വില്ലന്‍. മകന്‍ ജോസ് കെ മാണി പാര്‍ട്ടി ഭരണം ഏറ്റെടുത്തിട്ട് നാളുകളായി. ഇത് സൃഷ്ടിച്ച അസംതൃപ്ത വിഭാഗം നിരവധിയാണ്. ജോസഫ് ഗ്രൂപ്പ് നേതാക്കളെ മാറ്റി നിര്‍ത്താം. പക്ഷെ പഴയ കെ എം മാണിയുടെ വിശ്വസ്തരില്‍ പലരും തങ്ങളെ, പാര്‍ട്ടിയുടെ പുതിയ നേതൃനിര വെട്ടിനിരത്തി എന്ന് പരാതിയുള്ളവരാണ്. ഇവരാരും ഇപ്പോള്‍ പാര്‍ട്ടിയുമായി അത്ര രസത്തിലല്ലതാനും. കേരളകോണ്‍ഗ്രസ്സ് ശക്തികേന്ദ്രങ്ങളില്‍ വോട്ടുചോര്‍ന്നെന്ന് സമീപത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇത് സൃഷ്ടിച്ച ആശങ്ക നിലനില്‍ക്കെയാണ് കെ എം മാണിയുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുന്ന പുതിയ പ്രതിസന്ധി. അതിനര്‍ഥം ജോസഫ് ഗ്രൂപ്പ് ഇപ്പോള്‍ ഉയര്‍ത്തുന്ന ഭിന്ന സ്വരത്തിനുപുറമെ കടുത്ത വെല്ലുവിളി സ്വന്തം പാളയത്തില്‍ നിന്നു തന്നെ മാണിയെ കാത്തിരിക്കുന്നുണ്ട്. മാണിസാര്‍ എന്ത് പറഞ്ഞാലും തലകുലുക്കി സമ്മതിക്കുന്ന പഴയകാലമല്ലിതെന്ന് കെ എം മാണിക്ക് നന്നായറിയാം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തന്നെ ഇനി കെ എം മാണിക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടാണന്ന് ചില കേരളകോണ്‍ഗ്രസ്സുകാരെങ്കിലും സമ്മതിക്കുന്നുണ്ട്.

ജോസഫ് കരുതലോടെ…
ഇടതുമുന്നണിവിട്ടതിന് കാരണം കണ്ടെത്താന്‍ ഇതുവരെ കഴിയാത്തവരാണ് പിജെ ജോസഫും കൂട്ടരും. ബാര്‍കോഴ വിവാദത്തില്‍ ജോസഫ് ഗ്രൂപ്പിന്റെ പൂര്‍ണ്ണ പിന്‍തുണ പ്രതീക്ഷിച്ച മാണിക്ക് തെറ്റി. ഹൈക്കോടതി വിധി വരെ കാത്തിരുന്ന ജോസഫ് ഗ്രൂപ്പ് ഇപ്പോള്‍ രണ്ടും കല്‍പിച്ചാണ്. രാജിവയ്ക്കുന്നെങ്കില്‍ അത് മൂന്നുപേരും ഒന്നിച്ച്, ഇതായിരുന്നു മാണിയുടെ നിലപാട്. പക്ഷേ പിജെ ജോസഫ് ഇത് തുടക്കത്തിലേ വെട്ടി. കെഎം മാണി മുഖ്യമന്ത്രിയാവാന്‍ നടത്തിയ നീക്കത്തിലടക്കം അതൃപ്തിയുള്ളവരാണ് ജോസഫ്ഗ്രൂപ്പുകാര്‍. ഒപ്പം ജോസ് കെ മാണിയെ പാര്‍ട്ടിയിലെ രണ്ടാം സ്ഥാനത്തേക്ക് കൊണ്ടുവരുന്നതും ഇവര്‍ അംഗീകരിക്കില്ല. പഴയ ജോസഫ് ഗ്രൂപ്പെങ്കിലും മാണിയുടെ വിശ്വസ്തനായി പേരെടുത്തയാളാണ് മോന്‍സ് ജോസഫ്. പക്ഷെ പുതിയവിവാദത്തില്‍ മോന്‍സും മാണിയെ തള്ളി. 6 മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇപ്പോഴത്തെ വിവാദം എങ്ങനെ വിശദീകരിക്കുമെന്നതും എംഎല്‍എമാരെ കുഴക്കുന്നു. ബാര്‍കോഴ വിവാദത്തിലെ പുതിയ സാഹചര്യം കേരള കോണ്‍ഗ്രസ്സില്‍ വീണ്ടുമൊരു പിളര്‍പ്പിന് ഇടവെക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇതുവരെ ചര്‍ച്ചചെയ്യാതിരുന്ന വിഷയം ഇനി പാര്‍ട്ടിയോഗങ്ങളില്‍ ഉന്നയിക്കാനെങ്കിലും ആളുണ്ടാകുമെന്ന് കരുതാം.

അധികാര രാഷ്ട്രീയം…
അധികാരത്തിനൊപ്പമാണ് എന്നും കേരളകോണ്‍ഗ്രസ്സ് രാഷ്ട്രീയം. കെഎം മാണി മന്ത്രിയല്ലാതിരിക്കുകയും പിജെ ജോസഫും മറ്റൊരാളും മന്ത്രിസഭയില്‍ ഇരിക്കുന്നതും പാര്‍ട്ടിയുടെ ശാക്തിക ബാലാബലത്തില്‍ മാറ്റമുണ്ടാക്കുമോ എന്ന് ഭയപ്പെടുന്നവരുണ്ട്. കേരളകോണ്‍ഗ്രസ്സും അത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ഭൂമികയും എന്നും അധികാരം തേടിപ്പോയ ചരിത്രമാണ് മാണിയെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. മുമ്പ് പിസി തോമസ് കേന്ദ്രമന്ത്രിയാകുന്നത് തടയാന്‍ മാണി നടത്തിയ നീക്കങ്ങള്‍ നേരില്‍ കണ്ടവരാണ് പാര്‍ട്ടിയിലുള്ളവര്‍. യുഡിഎഫ് വിട്ടാല്‍ മറ്റൊരു മുന്നണിയില്ലെന്നതാണ് കേരള കോണ്‍ഗ്രസ്സിന്റെ കുരുക്ക്. തനിക്കെതിരെ ഗുഡാലോചന നടന്നെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ മാണി തയ്യാറായിട്ടില്ല. പക്ഷെ ഇപ്പോഴതല്ല സാഹചര്യം, ചില കോണ്‍ഗ്രസ്സ് നേതാക്കളെ ലക്ഷ്യംവച്ച് ഇനി നിലപാട് പരസ്യമാക്കും. പക്ഷെ അപ്പോഴും രാഷ്ട്രീയാഭയം യുഡിഎഫ് തന്നെയെന്നതാണ് കേരളകോണ്‍ഗ്രസ്സിന്റെ വെല്ലുവിളി. നിയമസഭാംഗത്തിന്റെ അമ്പതാംവാര്‍ഷികത്തില്‍ നാണംകെട്ട് ഇറങ്ങിപോകുന്നതിന്റെ ഗതികേടിലാണ് കെ എം മാണി. നാളെ അന്വേഷണം പൂര്‍ത്തിയായി മാണി കോഴവാങ്ങിയിട്ടില്ലന്ന് തെളിഞ്ഞാലും ഇപ്പോഴുണ്ടാകുന്ന നഷ്ടം നികത്താനാവില്ല. അതുകൊണ്ട് തന്നെയാണ് കെ എം മാണിക്കൊപ്പം ഇല്ലാതാവുന്നത് കേരളകോണ്‍ഗ്രസ് എന്ന രാഷ്ട്രിയ കക്ഷിയുടെ ഭാവികൂടിയാണന്ന് പ്രവചിക്കേണ്ടിവരുന്നതും.

( മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍