UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തിനോ വേണ്ടി തിളയ്ക്കുന്ന കേരള കോണ്‍ഗ്രസുകള്‍

Avatar

അഴിമുഖം പ്രതിനിധി

കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന ചോദ്യം പോലെയാണ് കേരളത്തില്‍ എത്ര കേരള കോണ്‍ഗ്രസുകള്‍ ഉണ്ട് എന്നതും. രണ്ടിനും ഇന്ന് കൃത്യമായ ഉത്തരം നല്‍കാനാകില്ല. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ബദലായി പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്രാപിച്ചപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പിറന്നു വീണ കേരള കോണ്‍ഗ്രസിന് പിളര്‍ന്ന് പിളര്‍ന്ന് മധ്യകേരളത്തില്‍ മാത്രം ഒതുങ്ങാനേ സാധിച്ചിട്ടുള്ളൂ. ലയനവും പിളര്‍പ്പും മുന്നണി വിട്ട് മുന്നണി മാറ്റവുമെല്ലാം കേരള കോണ്‍ഗ്രസുകളുടെ ചരിത്രത്തില്‍ ഏറെയുണ്ട്. ഇതെല്ലാം അവരെ ക്ഷയിപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എല്ലാ ജാതി മത സമവാക്യങ്ങളും പാലിച്ചിരുന്നു. എന്നാല്‍ പിന്നീട് നേതാക്കന്‍മാരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ കേരള കോണ്‍ഗ്രസുകള്‍ ജന്മം കൊണ്ടപ്പോള്‍ മെലിയാനായിരുന്നു വിധി. എങ്കിലും പിടിച്ചു നിന്ന് കേരള കോണ്‍ഗ്രസ് എന്ന തലയെടുപ്പ് കാത്തു സൂക്ഷിച്ചത് കേരള കോണ്‍ഗ്രസ് മാണി വിഭാഗം മാത്രമായിരുന്നു. നിയമസഭയിലെ സീറ്റുകളിലെ എണ്ണത്തിലും ജനങ്ങള്‍ക്കിടയിലെ സ്വാധീനത്തിലും കേരള കോണ്‍ഗ്രസ് മാണി മുന്നില്‍ നിന്നതിന് കാരണം സംസ്ഥാനത്ത് പ്രബലരായ കത്തോലിക്ക സഭയുടെ പിന്തുണ കൂടിയുള്ളത് കൊണ്ടായിരുന്നു.

കേരള കോണ്‍ഗ്രസ് ബിയും ജേക്കബ്ബും സെക്യുലറും മാണിയില്‍ ലയിച്ച ജോസഫും ഒക്കെ രണ്ടോ മൂന്നോ നിയമസഭാ സീറ്റുകളില്‍ പിടിച്ചു നിന്നിരുന്നത് അവയുടെ നേതാക്കന്‍മാരുടെ കഴിവ് ഒന്നുകൊണ്ട് മാത്രമായിരുന്നു. ഒറ്റയാന്‍മാരായി കെ ബാലകൃഷ്ണപിള്ളയും ടി എം ജേക്കബ്ബും പി സി ജോര്‍ജ്ജും പി ജെ ജോസഫും ഒക്കെ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ എന്ന പരിഹാസ പേരുണ്ടായിരുന്ന സ്വന്തം പാര്‍ട്ടികളെ ഒറ്റക്കെട്ടായി നിര്‍ത്തി.

എന്നാല്‍, ജേക്കബ്ബിന്റെ കാലശേഷം കേരള കോണ്‍ഗ്രസ് ജേക്കബ് മകന്‍ അനൂപ് ജേക്കബിന്റേയും പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിന്റേയും അധികാര വടംവലികളില്‍ പെട്ടു. കേരള കോണ്‍ഗ്രസ് ബിയിലാകട്ടെ അച്ഛനും മകനും തമ്മില്‍ തല്ലി പിന്നീട് യുഡിഎഫില്‍ നിന്നും പുറത്തായി എല്‍ഡിഎഫിന്റെ വരാന്തയില്‍ പായ വിരിച്ചു കിടക്കുന്നു. പി സി ജോര്‍ജ്ജും സമാനമായ അവസ്ഥയിലാണ്. സ്വന്തം പാര്‍ട്ടി പോലും കൈവിട്ടു പോയി.

തലയെടുപ്പോടെ നിന്ന് മാണി ഗ്രൂപ്പാകട്ടെ ലയനത്തിലൂടെ അന്തഛിദ്രത്തിന്റെ വിത്ത് വിതക്കുകയായിരുന്നു. പി സി ജോര്‍ജ്ജിനേയും പിന്നീട് ജോസഫിനേയും ലയിപ്പിച്ച് ശക്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച മാണിയെ ഒടുവില്‍ ലയനം തിരിച്ചു കൊത്തുന്ന അവസ്ഥയിലാണ്. ബാര്‍ കോഴ കേസില്‍ ആദ്യം കൂടെ നില്‍ക്കുകയും പിന്നീട് തെറ്റുകയും ചെയ്ത്‌ പി സി ജോര്‍ജ്ജ് പുറത്തു പോയി. ഇപ്പോള്‍ സ്വന്തം മകനെ പിന്‍ഗാമിയായി വാഴിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയപ്പോള്‍ പി ജെ ജോസഫ് പക്ഷം സമ്മതിക്കുന്നുമില്ല. ഇടതുമുന്നണിയില്‍ നിന്ന് പിജെ ജോസഫിന്റെ കൂടെ വന്നവര്‍ ഒരു തിരിച്ചു പോക്കിനെ കുറിച്ച് ഗൗരവമായി ആലോചിക്കുകയും ചെയ്യുന്നു.

നിയമസഭ മണ്ഡല സീറ്റ് തര്‍ക്കങ്ങളാണ് പാര്‍ട്ടിയിലെ പ്രധാന വിഷയമെന്ന് പുറമേയ്ക്ക് നാട്ടുകാര്‍ക്ക് തോന്നുമെങ്കിലും പാര്‍ട്ടിയുടെ അധികാര ബാറ്റണ്‍ കൈമാറ്റം തന്നെയാണ് പൊട്ടിത്തെറിക്ക് വഴിമരുന്നിട്ടത്. ടി എം ജേക്കബ് മരിച്ചപ്പോഴാണ് കേരള കോണ്‍ഗ്രസ് ജേക്കബില്‍ അനുപ് ജേക്കബ് എന്ന നേതാവുണ്ടാകുന്നത്. ജോര്‍ജ്ജ് മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ ചിറകിന്‍ കീഴില്‍ വളര്‍ത്തുന്നുമുണ്ട്. സമാനമായി മാണിയാകട്ടെ കുടുംബ സ്വത്തായ പാര്‍ട്ടിയെ പുറത്തു നിന്നൊരാള്‍ക്ക് കൈമാറില്ലെന്ന ഉദ്ദേശത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ജോസ് കെ മാണിയെ പടിപടിയായി വളര്‍ത്തി കൊണ്ടിരുന്നു. ഒടുവില്‍ ബാര്‍ കോഴയില്‍ കിറുങ്ങി വീണ് കിടക്കുന്ന മാണിക്ക് മകനെ ചുമതലയേല്‍പ്പിക്കേണ്ട സമയമായെന്ന ചിന്തയുണ്ടായി. അങ്ങനെ നാലുദിവസത്തെ റബ്ബര്‍ നിരാഹാരം കിടക്കാനും കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കാനും ജോസ് കെ മാണിയെ ഏല്‍പ്പിച്ചത് മുതല്‍ അപകടം മണത്തു തുടങ്ങിയിരുന്നു ലയിച്ചിട്ടും ലയിക്കാതെ കിടന്ന പി ജെ ജോസഫ് നേതാക്കള്‍. രണ്ട് സീറ്റുമാത്രമേ നല്‍കുകയുള്ളൂവെന്നുള്ള മാണി ഗ്രൂപ്പിന്റെ പ്രസ്താവന അവരുടെ വഴി സുഗമമാക്കി നല്‍കുകയും ചെയ്തു. ഏല്‍പിച്ച രണ്ടു പണിയും കുളമാക്കിയെങ്കിലും പിന്‍ഗാമി മകന്‍ തന്നെയാകണം എന്ന വാശിയിലുമാണ് മാണി.

യുഡിഎഫില്‍ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് പി ജെ ജോസഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത എല്ലാവരും നിഷേധിക്കുകയും ചെയ്തു. ഏതായാലും വാര്‍ത്ത വന്നതിന് പിറ്റേന്ന് മാണിയും ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പ്രശ്‌നപരിഹാരത്തിനുള്ള സമവാക്യമൊന്നും ഉരുത്തിരിഞ്ഞു വന്നില്ലെന്ന് പി സി ജോസഫ് ഗ്രൂപ്പിന്റെ നേതാക്കന്മാരുടെ പ്രസ്താവനകളും വാര്‍ത്ത ചോര്‍ത്തലുകളും തെളിയിക്കുന്നു.

ജോസഫിന്റെ വലംകൈയും ഇടംകൈയും കാലുമൊക്കെയായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ്, ആന്റണി രാജു, പി സി ജോസഫ് തുടങ്ങിയവര്‍ ഇടത്തേക്കുള്ള വാതിലില്‍ മുട്ടുകയാണ്. മൂന്ന് സീറ്റുകള്‍ നല്‍കാമെന്ന് സിപിഐഎം സമ്മതിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കലഹിച്ചിട്ട് വരുന്നവരെ തങ്ങള്‍ക്ക് വേണ്ടെന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രസ്താവന പഴയ കൊല്ലത്തെ ലോകസഭ തോല്‍വിയില്‍ നിന്ന് തികട്ടി വന്നതാകാനേ ഇടയുള്ളൂ. സ്ഥാനം മോഹിച്ചു എല്‍ഡിഎഫില്‍ നിന്ന് ചാടിയപ്പോയ ആര്‍ എസ് പി നേതാവ് പ്രേമചന്ദ്രന്‍ നല്‍കിയ ആഘാതം അത്രയൊന്നും എളുപ്പത്തില്‍ മറക്കാന്‍ ബേബിക്ക് ആകില്ലല്ലോ.

ഇടതുമുന്നണിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് പിളര്‍പ്പ് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന നേതാക്കള്‍ പറയുന്നു. ഒരു കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ ഉണ്ടാകുന്നത് ഇടുക്കിയിലും കോട്ടയത്തും ഒക്കെ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നതിനാല്‍ ഇരുകൂട്ടര്‍ക്കും താല്‍പര്യമുള്ള കച്ചവടമാണിത്. തെരഞ്ഞെടുപ്പ് സീറ്റ് കിട്ടാത്തതു കൊണ്ടാണ് മറുകണ്ടം ചാടുന്നതെന്ന ആരോപണത്തിന്റെ ശക്തി കുറയ്ക്കാന്‍ മാണിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ക്ക് ഇവര്‍ തയ്യാറുമാണ്. അത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിക്കുകയും ചെയ്യും. യുഡിഎഫില്‍ ഇടത്തേക്ക് കാലു നീട്ടിയവരെയൊക്കെ ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളില്‍ വഴങ്ങിയതിനാല്‍ ഇപ്പോള്‍ ഇടങ്കണ്ണെറിയുന്നവര്‍ വന്നതിനു ശേഷം വന്നുവെന്ന് പറഞ്ഞാല്‍ മതിയാകും. അതുകൊണ്ടാണ് ആദ്യം നിങ്ങള്‍ യുഡിഎഫില്‍ നിന്ന് പുറത്തു വരൂ, ബാക്കി പിന്നീടാകാം എന്ന് സിപിഐഎം നേതാക്കള്‍ പരസ്യമായ നിലപാട് സ്വീകരിക്കുന്നത്.

പി ജെ ജോസഫ് എല്‍ഡിഎഫിലേക്ക് വരില്ലെന്നത് ഏകദേശം ഉറപ്പാണ്. അദ്ദേഹത്തിനൊപ്പം മോന്‍സ് ജോസഫും ടിയു കുരുവിളയും നില്‍ക്കും. എന്നാല്‍ ജോസ് കെ മാണി നിക്കറിട്ട് നടക്കുന്ന പ്രായത്തില്‍ രാഷ്ട്രീയം തുടങ്ങിയ മറ്റു നേതാക്കള്‍ക്ക് തങ്ങളുടെ ഭാവിയെ കരുതി ഒരു പിളര്‍പ്പ് നടത്തിയേ മതിയാകൂ. കേരള കോണ്‍ഗ്രസുകളുടെ തലവിധി മാറ്റിയെഴുതണമെങ്കില്‍ ഒരു കുടുംബത്തിന്റെയും തൊഴുത്തില്‍ കെട്ടാത്ത ഒരു പാര്‍ട്ടിയും ആവശ്യമാണ്.

1979-ലാണ് കെ എം മാണി 14 എം എല്‍ എമാരുമായി കേരള കോണ്‍ഗ്രസ് എം രൂപീകരിക്കുന്നത്. ഇപ്പോള്‍ എട്ട് എംഎല്‍എമാരേയുള്ളൂ. അതില്‍ മൂന്നു പേര്‍ ജോസഫ് വിഭാഗക്കാരും. സ്വന്തമെന്ന് പറയാനുള്ളത് അഞ്ചുപേര്‍. മാണിയുടെ തലയെടുപ്പില്‍ പാര്‍ട്ടി പിടിച്ചു നിന്നിരുന്നുവെങ്കിലും ശക്തി ക്ഷയിക്കുകയായിരുന്നുവെന്ന് വേണം പറയാന്‍. ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഒരു പ്രതികാരം കൂടിയാണിത്. പണ്ട് സ്വന്തം അപ്പന്‍ കെ എം ജോര്‍ജ്ജിനെ പിന്നില്‍ നിന്ന് കുത്തി കെ എം മാണി സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ഇറങ്ങിപ്പോയതും മറ്റും മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് മറക്കാന്‍ ആകില്ലല്ലോ. കാലം കറങ്ങി തിരിഞ്ഞ് വന്നപ്പോള്‍ മാണിയെ പിളര്‍ത്താന്‍ മകന് നിയോഗം എന്ന് കാലം രേഖപ്പെടുത്തുമോ.

നാലു ദിവസത്തേക്ക് മൈതാനം ബുക്ക് ചെയ്ത് അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച ജോസ് കെ മാണിയുടേയും കൂട്ടരുടേയും ബുദ്ധി കേരള കോണ്‍ഗ്രസ് മാണിയുടെ ഭാവിയെ അത്രയൊന്നും ഭാസുരമാക്കാന്‍ ഇടയില്ല. പിളര്‍ന്ന് പിളര്‍ന്ന് വളരുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് താത്വികാചാര്യന്‍മാര്‍ പറയുമെങ്കിലും പിളര്‍ന്ന് പിളര്‍ന്ന് തളരാനായിരുന്നു കേരള കോണ്‍ഗ്രസുകളുടെ വിധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍