UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണി സാറിന്റെ ചില അച്ചടക്ക വെളിപാടുകള്‍

Avatar

അഴിമുഖം പ്രതിനിധി  

ഈ അച്ചടക്കം, അച്ചടക്കം എന്നൊക്കെ പറയുന്നത് ഒരു വലിയ സംഭവമാണ്. പ്രത്യേകിച്ചും രാഷ്ട്രീയത്തിലാവുമ്പോള്‍. ഓരോ പാര്‍ട്ടികളുടെയും സെറ്റപ്പ് അനുസരിച്ച് അത് മാറിയും മറിഞ്ഞും നില്‍ക്കുമെന്നേ ഉള്ളു. ഉദാഹരണത്തിന് അരുവിക്കരയിലെ ശബരിനാഥിന്റെ സ്ഥാനര്‍ത്ഥിത്വത്തെ കുറിച്ച് കെഎസ്‌യുവിന് കെപിസിസിയില്‍ പരാതി കൊടുക്കാം. കോണ്‍ഗ്രസ് ആയതിനാല്‍ അത് അച്ചടക്കലംഘനം ആകുന്നില്ല. മാത്രമല്ല പരാതി കൊടുത്ത അതേ ആള്‍ക്ക് അരുവരിക്കരയില്‍ ശബരീനാഥിന് വേണ്ടി തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്യാം. അതും അച്ചടക്ക, ആദര്‍ശങ്ങളുടെ പരിധിയില്‍ വരുന്നതല്ല. എന്നാല്‍ ഇതേ സ്വാതന്ത്ര്യം എസ്എഫ്‌ഐക്കാര്‍ക്ക് സിപിഎമ്മില്‍ നിന്നും കിട്ടും എന്ന് പ്രതീക്ഷിക്കരുത്. അവിടുത്തെ അച്ചടക്കത്തിന്റെ അര്‍ത്ഥം വേറെയാണ്. പാര്‍ട്ടി സെക്രട്ടറിയെ പുകഴ്ത്തുന്നതും മറുപക്ഷത്തുള്ളവരെ വിമര്‍ശനം എന്ന വ്യാജേന തെറിവിളിക്കുന്നതുമാണ് അവിടുത്തെ അച്ചടക്കം. ഇതിനെല്ലാം കടകവിരുദ്ധമാണ് മറ്റ് ചില പാര്‍ട്ടികളിലെ അച്ചടക്കം എന്ന ഇടപാട്. എംഎന്‍ സ്മാരകത്തില്‍ ഇരുന്ന് പരസ്പരം തെറി പറയുന്നതും കോഴ വാങ്ങി സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുന്നതും സിപിഐയില്‍ അച്ചടക്ക ലംഘനമല്ല. പക്ഷെ അത് വല്ലതും പുറത്ത് പറഞ്ഞാല്‍ അത് അച്ചടക്ക ലംഘനമാകും. അത് ആര്‍ രാമചന്ദ്രന്‍ നായര്‍ ആയാല്‍ പോലും. 

മൊത്തത്തില്‍ ഒരോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ കേരള കോണ്‍ഗ്രസുകളാണ് കേരള രാഷ്ട്രീയത്തില്‍ അച്ചടക്കത്തിന് കാര്യമായ ചില നിര്‍വചനങ്ങള്‍ സംഭാവന ചെയ്തിരിക്കുന്നത്. സ്വന്തമായി പാര്‍ട്ടി കൊണ്ടുനടക്കാനുള്ള ചില്ലറ കൈയിലുള്ള ആര്‍ക്കും പാര്‍ട്ടി ചെയര്‍മാനാകാം. പാര്‍ട്ടി ഭരണഘടനയുടെ കരട് രൂപങ്ങള്‍ കോട്ടയം ഭാഗത്ത് ധാരാളമായി കിട്ടും. അക്ഷര നഗരിയാണല്ലോ. അതില്‍ നമുക്ക് ചേരുന്ന ഒന്ന് വാങ്ങി കൈയില്‍ വച്ചാല്‍ മതി. ആദ്യമൊക്കെ ആളെ കൂട്ടാന്‍ കുറച്ച് ചില്ലറ മുടക്കേണ്ടി വരും. പിന്നെ അത് ഘട്ടംഘട്ടമായി തിരിച്ച് പിടിക്കാനുള്ള അവസരങ്ങള്‍ ധാരാളമായി തുറന്ന് കിട്ടുകയും ചെയ്യും. ഏത് കച്ചവടത്തിനും ഒരു മുടക്ക് മുതല്‍ ഉണ്ടല്ലോ. പക്ഷെ ഈ കേരള കോണ്‍ഗ്രസ് കച്ചവടം പോലെ ലാഭം ഉറപ്പുള്ള ഒന്ന് അടുത്തകാലത്തൊന്നും കണ്ടെത്തിയിട്ടില്ല. 

പക്ഷെ ഒരു ചെറിയ കുഴപ്പമുള്ള കാര്യം എന്താണെന്ന് വച്ചാല്‍, ഈ മുടക്ക് മുതല്‍ തിരികെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, നമ്മളെ പോലെ തന്നെ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കാന്‍ ശേഷിയുള്ള ചില കശ്മലരെ കൂടെ കൂട്ടേണ്ടി വരും. അങ്ങനെ കേരള കോണ്‍ഗ്രസ് (എം) എന്ന മാതൃസംഘടനയിലേക്ക് മടങ്ങിവന്ന ഒരാളാണ് സാക്ഷാല്‍ പിസി ജോര്‍ജ്ജ്. ഇടതുമുന്നണിയില്‍ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കപ്പെടുകയും അനാഥനായി അലയുകയും ചെയ്യുകയായിരുന്നെങ്കിലും ഒരു വെടിക്കുള്ള മരുന്നുമായാണ് പുള്ളി മാണി സാറിന്റെ അടുത്ത് ചേക്കേറിയത്. പാലാഴി റബ്ബര്‍ സഹകരണ സംഘം എന്നോ മറ്റോ പറഞ്ഞ് ചില രേഖകളും പൊക്കിപ്പിടിച്ച് കയറിവന്നാല്‍ ഏക വൈസ്‌ചെയര്‍മാന്‍ എങ്കിലും ആക്കാതിരിക്കുന്നത് എങ്ങനെ? ഒരു ചീഫ് വിപ്പെങ്കിലും ആക്കാതിരിക്കുന്നത് എങ്ങനെ? പാലായില്‍ കുറഞ്ഞ് കുറഞ്ഞ് വരുന്ന ഭൂരിപക്ഷം ഒന്ന് മെച്ചപ്പെടുത്താന്‍ പഴയ പൂഞ്ഞാര്‍ വോട്ടുകള്‍ സഹായിച്ചേക്കും എന്നൊരു തോന്നലും ഉണ്ടായിരുന്നു. ആ തോന്നല്‍ തെറ്റിയില്ല എന്നൊരു തോന്നലായിരുന്നു ഇതുവരെ. 

ബജറ്റ് കച്ചവടം, ചില്ലറ വാങ്ങല്‍ ഇതൊന്നും പുതിയ കാര്യങ്ങളല്ല. പക്ഷെ എന്തോ ഇപ്പോഴാണ് ഇതൊക്കെ തെറ്റാണെന്ന് ചില തല്‍പര കക്ഷികള്‍ പറഞ്ഞുനടക്കാന്‍ തുടങ്ങിയത്. ചില്ലറ വാങ്ങിയാലും ഇതുവരെ തല്‍പരകക്ഷികളുടെ കാര്യങ്ങള്‍ എല്ലാം സാധിച്ചു കൊടുക്കുമായിരുന്നു. പക്ഷെ ഇത്തവണ ബാറുകാരുടെ കാര്യത്തില്‍ അത് നടന്നില്ല. കാശ് മുടക്കിയ അവര്‍ക്ക് നോവും. എന്നാല്‍ ഒരു മുടക്ക് മുതലും ഇല്ലാത്ത പിസി ജോര്‍ജ്ജിന് നോവേണ്ട കാര്യം എന്തായിരുന്നു? വിഹിതമോ ചില്ലറയോ മറ്റോ വേണമെങ്കില്‍ നേരിട്ട് ചോദിച്ചാല്‍ പോരെ? അതിന് ഇങ്ങനെ പരസ്യമായി അപമാനിക്കണമായിരുന്നോ? 

ഏതായാലും വിനാശകാലേ ഇറങ്ങിത്തിരിച്ചതല്ലെ? പാര്‍ട്ടി ചെയര്‍മാനെ പത്ത് തെറിപറഞ്ഞാലും സഹിക്കാം, കൂറുമാറ്റത്തിന്റെ വാള്‍ തലയ്ക്ക് മുകളില്‍ പിടിച്ച് മര്യാദപഠിപ്പിക്കാം എന്ന് കരുതിയതാണ്. മാത്രമല്ല, ആ പുള്ളി തെറിപറഞ്ഞാല്‍ ജനം അത്രയ്‌ക്കൊക്കെ ഗൗരവത്തിലേ എടുക്കു എന്നായിരുന്നു പ്രതീക്ഷ. കാരണം തെറി പാടിയാണ് ശീലം. കെആര്‍ ഗൗരിയമ്മയെ വരെ തെറി അഭിഷേകം ചെയ്ത പാര്‍ട്ടിയാണ്. അതുകൊണ്ടാണ് അച്ചടക്കത്തില്‍ പിടിക്കാതെ പാര്‍ട്ടി വിപ്പില്‍ പിടിച്ച് കളിക്കാം എന്ന് വിചാരിച്ചത്. പക്ഷെ നടക്കുന്ന ലക്ഷണമില്ല. അരുവിക്കരയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ വരെ നിറുത്തിയിരിക്കുന്നു. എന്നിട്ടും സഹിച്ച് മുന്നോട്ട് പോകുന്നതെങ്ങിനെ? നാട്ടുകാര്‍ എന്ത് വിചാരിക്കും? കാര്യം അച്ചടക്കം എന്താണെന്ന് നമ്മള്‍ തീരുമാനിക്കുന്നതാണ്. അതിന് ഏത് നിര്‍വചനവും എപ്പോഴും കൊടുക്കാന്‍ സദാസന്നദ്ധനുമാണ്. അതുകൊണ്ടാണ് അതാവശ്യമുള്ളപ്പോള്‍ മാത്രം പുറത്തെടുക്കുന്നത്. മാത്രമല്ല, അയാളുടെ കൈയില്‍ വല്ല തെളിവുകളും ഉണ്ടോ എന്ന സംശയം ഇനിയും മാറിയിട്ടില്ല. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പക്ഷെ ഇനിയും നടപടി എടുക്കാതിരുന്നാല്‍ അത് ചെല്ലും ചോറും കൊടുത്ത് വളര്‍ത്തുന്ന ബാക്കിയുള്ളതുങ്ങള്‍ക്കും ഒരു പ്രചോദനമായേക്കും. ആന്റണി രാജുവും ജോസഫ് എം പുതുശേരിയുമൊക്കെ ആവേശത്തോടെ ചാനലില്‍ നമ്മെ ന്യായീകരിക്കുന്നുണ്ട്. പക്ഷെ പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആണ്. നാളെ ഇതൊക്കൊ എന്തൊക്കെ വിളിച്ചുപറയില്ല എന്ന് ആര് കണ്ടു. പുതുശേരിയുടെ കാര്യം തന്നെ എടുത്താല്‍, ആര്‍ ബാലകൃഷ്ണപിള്ളയ്ക്കപ്പുറം കണ്‍കണ്ട ദൈവം ഇല്ല എന്ന് പറഞ്ഞു നടന്ന ആളാണ്. ഇപ്പോള്‍ മാറിയ മാറ്റം കണ്ടോ? മറ്റെ യുവാവ് മയക്കുമരുന്ന് കേസില്‍ നിന്നും സ്വന്തം കക്ഷിയെ രക്ഷിക്കാന്‍ തൊണ്ടി മുതലായ ഷഡ്ഢി വരെ അടിച്ച് മാറ്റിയ ആളാണെന്ന് വഞ്ചിയൂര്‍ ഭാഗത്തൊക്കെ പരക്കെ പലരും പാടി നടക്കുന്നുണ്ട്. അവര്‍ക്കൊന്നും ജോര്‍ജ്ജ് ഒരു പ്രചോദനം ആയിക്കൂടാ.

ഇനി കൂടുതല്‍ തെളിവുണ്ടെങ്കില്‍ അത് ജോര്‍ജ്ജ് പുറത്ത് വിടട്ടേ. അത് നോക്കാനല്ലേ വിജിലന്‍സ്, ക്വിക് വെരിഫിക്കേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്ളത്. അതൊക്കെ അവര്‍ നോക്കിക്കോളും. മുഖ്യമന്ത്രിയെ പിന്നെ പണ്ടേ പേടിയില്ല. നിയമത്തെ വടക്കോട്ട് കള്ളക്കടത്ത് ചെയ്ത ശേഷം തെക്കോട്ട് വണ്ടി പിടിക്കുന്ന പാര്‍ട്ടിയാണ്. പിന്നെ എന്തായാലും നമുക്കിട്ട് പാര വച്ചത് ആരാണെന്ന് ജനത്തിനൊക്കെ അറിയാം. അപ്പോള്‍ ഈ ഒന്ന് പോയാല്‍ ബാക്കിയുള്ള എട്ടിന്റെ ശക്തിയില്‍ വിരട്ടല്‍ കൂടുതല്‍ ഭംഗിയാക്കുകയും ചെയ്യാം. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കുന്നു എന്ന് മാത്രമാണ് ഒരു പ്രതീക്ഷ. എന്റെ കുരിശുപള്ളി മാതാവേ, കാത്തോളണേ!

വാല്‍ക്കഷ്ണം: പി സി തോമസ് ഇടതു മുന്നണി വിട്ടു എന്നാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഒരു മുന്നണിയില്‍ ഒരു പി സി യെ പറ്റൂ എന്നായിരിക്കാം ശാസ്ത്രം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍