ഹിന്ദു സമാജോത്സവത്തിന്റെ സംഘാടക സമിതിയംഗങ്ങളായി യു.ഡി.എഫ് നേതാക്കളുമുണ്ടെന്ന് സമിതി ചെയര്‍മാന്‍ കെ. ശശിധര പറഞ്ഞിരുന്നു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്നജോ ഹിന്ദു സമാജോത്സവത്തിന്റെ സംഘാടക സമിതിയില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വങ്ങള്‍. വിഷയവുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ട നേതാക്കളെ ബന്ധപ്പെട്ടിരുന്നുവെന്നും ഇരുവരും പരിപാടിയുമായി സഹകരിക്കുന്നില്ല എന്നതിനു സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നുമാണ് കാസറഗോഡ് ഡി.സി.സിയുടെയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെയും പ്രതികരണം.
വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ മുഖ്യാതിഥിയായാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്നത്. കാസറഗോഡ് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 16ന് നടക്കാനിരിക്കുന്ന പരിപാടിയില്‍ സംഘാടക സമിതിയംഗങ്ങളായി യു.ഡി.എഫ് നേതാക്കളുമുണ്ടെന്ന് സമിതിയുടെ ചെയര്‍മാന്‍ കെ. ശശിധര ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവേ സൂചിപ്പിച്ചിരുന്നു. കുമ്പള പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗിന്റെ നേതാവുമായ പുണ്ടരികാക്ഷ, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ.എന്‍. കൃഷ്ണഭട്ടുമാണ് സമിതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു സംഘാടകരുടെ വാദം. സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായാണ് ഇരുവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കക്ഷിരാഷ്ട്രീയഭേദമില്ലാതെ ഹൈന്ദവര്‍ സംഘടിക്കുന്ന സാംസ്‌കാരിക പരിപാടിയായാണ് ഹിന്ദു സമാജോത്സവത്തെ കാണേണ്ടതെന്നും, അതുകൊണ്ടു തന്നെ പങ്കെടുക്കുന്നവരുടെ രാഷ്ട്രീയം പറഞ്ഞുള്ള ചര്‍ച്ചകള്‍ അസ്ഥാനത്താണെന്നുമാണ് സംഘാടക സമിതി ചെയര്‍മാന്റെ പക്ഷം. എന്നാല്‍, സമിതിയുടെ അവകാശവാദങ്ങളെ പൂര്‍ണമായും നിരാകരിക്കുകയാണ് പേരു ചേര്‍ക്കപ്പെട്ട യു.ഡി.എഫ് നേതാക്കള്‍. ‘പരിപാടിയോട് സഹകരിക്കാനോ പങ്കെടുക്കാനോ ഉദ്ദേശിക്കുന്നില്ല. സംഘാടക സമിതിയില്‍ പേരു വന്ന വിവരം പോലും മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഞാനൊരു പഞ്ചായത്ത് പ്രസിഡന്റായതു കൊണ്ടാവണം അവര്‍ പേരുവച്ചത് എന്നു തോന്നുന്നു. ആവശ്യവുമായി അവര്‍ മുന്‍പ് സമീപിച്ചിരുന്നു. അവരുടേതിനു വിരുദ്ധമായ രാഷ്ട്രീയ നിലപാടുകളുള്ളതിനാല്‍ ആവശ്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ് അന്നേ തിരിച്ചയച്ചിരുന്നു. ഇപ്പോള്‍ പേരു വച്ചിരിക്കുന്നത് എന്തു കൊണ്ടാണെന്നറിയില്ല. സമ്മതമില്ലാതെ പേരു വച്ചത് അവര്‍ ചെയ്ത തെറ്റാണ്’ പുണ്ടരികാക്ഷ പറയുന്നു.
പരിപാടിയില്‍ പങ്കെടുക്കിന്നില്ലെന്നു തന്നെയാണ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണഭട്ടിനും പറയാനുള്ളത്. ‘എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയില്‍ നിന്നുമുള്ള പ്രതിനിധികളുണ്ടെന്നും, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നുമാണ് അവരെന്നോട് പറഞ്ഞിരുന്നത്. ആദിത്യനാഥ് അതിഥിയായെത്തുന്ന കാര്യമൊന്നും അറിഞ്ഞിരുന്നില്ല. പരിപാടിയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല’ എന്നാണ് കൃഷ്ണഭട്ട് നല്‍കുന്ന വിശദീകരണം. അതേസമയം, കൃഷ്ണഭട്ട് മുന്‍പും തങ്ങളുടെ പരിപാടികളുമായി സഹകരിച്ചിരുന്നയാളാണെന്നും, സംഘാടക സമിതിയുടെ യോഗത്തിലടക്കം പങ്കെടുത്തിട്ടുണ്ടെന്നും സമിതി ചെയര്‍മാന്‍ ശശിധര അഴിമുഖത്തോടു പറഞ്ഞു. ‘ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മീറ്റിംഗില്‍ പങ്കെടുത്തയാളാണ്. ഞാനദ്ദേഹത്തോട് സംസാരിച്ചിട്ടുമുണ്ട്. പരിപാടിയില്‍ താല്‍പര്യക്കുറവുള്ളവര്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി മീറ്റിംഗില്‍ പങ്കെടുക്കില്ലല്ലോ. ഈ വിഷയത്തെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ സാധിക്കില്ല‘ ശശിധര പറയുന്നു.
എന്നാല്‍, യോഗത്തില്‍ പങ്കെടുത്തതുള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ കൃഷ്ണഭട്ട് തയ്യാറായില്ല. മുന്‍പും വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാക്കള്‍ക്കൊപ്പം ഹിന്ദു സമാജോത്സവങ്ങളില്‍ പങ്കെടുത്തിട്ടുള്ളയാളാണ് കൃഷ്ണഭട്ട്. വി.എച്ച്.പി നേതാവ് സാധ്വി സരസ്വതിയെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിലില്‍ നടന്ന സമാജോത്സവത്തില്‍ കൃഷ്ണഭട്ട് പങ്കെടുക്കുകയും, പിന്നീട് അതില്‍ ഖേദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് വീണ്ടും സംഘപരിവാര്‍ പരിപാടിയില്‍ സംഘാടകനായി പങ്കെടുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കില്ല എന്ന് ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നുണ്ട്. പുണ്ടരികാക്ഷയുടെ അറിവില്ലാതെയാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും, കൃഷ്ണഭട്ടും പങ്കെടുക്കുന്നില്ലെന്നാണ് അറിവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കമറുദ്ദീന്‍ പ്രതികരിച്ചു. വിശദമായ പ്രതികരണം നല്‍കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.
സാംസ്‌കാരിക പരിപാടിയായി മാത്രം കാണേണ്ട ഒന്നാണ് ഹിന്ദു സമാജോത്സവമെന്നാണ് സംഘാടകരുടെ അവകാശവാദമെങ്കിലും, സംഘപരിവാര്‍ അനുകൂല സംഘടനകളുടെ നേതാക്കളാണ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നവരിലേറെയും. മംഗലാപുരം ആര്‍.എസ്.എസ്. വിഭാഗ് കാര്യവാഹ് സീതാരാമ, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ എന്നിവരാണ് പരിപാടിയില്‍ സംബന്ധിക്കുന്നവരില്‍ ചിലര്‍. ഏപ്രിലില്‍ നടന്ന ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേ, ഗോഹത്യ നടത്തുന്നവരുടെ കഴുത്തറക്കണം എന്നു പ്രസ്താവിച്ച സാധ്വി സരസ്വതിക്കെതിരെ അന്ന ബദിയടുക്ക പൊലീസ് വിദ്വേഷ പ്രസംഗത്തിന് കേസുമെടുത്തിരുന്നു.