UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

കേരള കോണ്‍ഗ്രസ്സുകളുടെ അരമന രഹസ്യങ്ങള്‍

കേരള കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തിലെ അവിശുദ്ധ പിറവിയാണ്. അര ഡസന്‍ കേരള കോണ്‍ഗ്രസുകള്‍ സംസ്ഥാനത്ത് ഇപ്പോഴുണ്ട്. ഇനിയും എണ്ണം പെരുകിക്കൂടെന്നില്ല. അര നൂറ്റാണ്ട് മുമ്പ് കോണ്‍ഗ്രസ്സിന്റെ മൂട്ടില്‍ നിന്ന് ചേമ്പിന്‍ വിത്തുപോലെ പൊട്ടിമുളച്ച് കൃഷിക്കാരുടെ വീടുകളില്‍ കയറിക്കൂടിയ പ്രസ്ഥാനത്തിന് ചൊരുക്കും ചൊറിച്ചിലും കൂടെപ്പിറപ്പാണ്. ജന്മദോഷമെന്നു പറയാം. ലയിച്ചും പിളര്‍ന്നും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് തല്ലുകൂടി ഇവിടെത്തന്നെ കിടക്കും. ജനാധിപത്യ പാചകവിധിക്ക് രുചിക്കൂട്ടായി ഇടതുമുന്നണിക്കും വലതുമുന്നണിക്കും ഏതെങ്കിലും ഒരു കേരള കോണ്‍ഗ്രസ്സിനെ തരം പോലെ എടുത്ത് ഉപയോഗിക്കാം. ആവശ്യം കഴിഞ്ഞ് കറിവേപ്പിലപോലെ ദൂരെ എറിയാം.

പി.സി. ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് പൂഞ്ഞാര്‍ എഡിഷന്‍ വീണ്ടും ജനിക്കുകയാണ്. ബാലകൃഷ്ണപിള്ളയുടെ കൊട്ടാരക്കര എഡിഷന്‍ കേരള കോണ്‍ഗ്രസിനെക്കാള്‍ വേഗത്തില്‍ അടുത്ത അധികാര സൗഭാഗ്യത്തിന്റെ തണല്‍ പറ്റുകയാണ് ജോര്‍ജിന്റെ ലക്ഷ്യം. അഴിമതിയെ എതിര്‍ക്കുന്ന രണ്ട് ആദര്‍ശ വീരന്മാരായി അഭിനയിച്ച് തിമര്‍ക്കുകയാണ് കെ.ബി. ഗണേശ്കുമാറും പി.സി. ജോര്‍ജും. രണ്ടും കേമന്മാരായ നടന്മാര്‍ തന്നെ. ആരാണ് ജയിക്കാന്‍ പോകുന്നതെന്ന് വൈകാതെ അറിയാം.

കെ.എം. മാണി കേരള കോണ്‍ഗ്രസ്സിന് ഒരു സൈദ്ധാന്തിക കുപ്പായം തുന്നിയുണ്ടാക്കി. അദ്ധ്വാന വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയെന്ന് തന്റെ പ്രസ്ഥാനത്തെ വിശേഷിപ്പിക്കുകയും മലയോര കുടിയേറ്റകര്‍ഷകരെ ഒപ്പം നിറുത്തുകയും ചെയ്തു. മാര്‍ക്‌സിസത്തിലെ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യ സിദ്ധാന്തത്തിന് ബദല്‍ നിര്‍മ്മിച്ചുകൊണ്ട് ഒരിക്കല്‍ മാണി ലണ്ടന്‍ വരെ പോയി. ഭൂമുഖത്തുനിന്ന് പട്ടിണി മാറ്റാന്‍ കാള്‍ മാര്‍ക്‌സ് ‘മൂലധനം’ എഴുതി. മാണിയാകട്ടെ മൂലധനം മുഴുവന്‍ കോഴയായി വീട്ടിലെത്തിക്കാന്‍ പറഞ്ഞു. മക്കള്‍ പട്ടിണി കിടന്ന് മരിക്കണമെന്ന് ആരും ആഗ്രഹിക്കില്ല.

കോഴക്കേസില്‍ മാണിയെ പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍. ഉണ്ടാക്കിയപ്പോള്‍ അദ്ദേഹം ധനമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടതായിരുന്നു എന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. തികച്ചും ന്യായമായ അഭിപ്രായം. എന്നാല്‍ കുറ്റപത്രത്തില്‍ പേരുണ്ടായാലും തന്റെ രാജിയില്ലെന്ന് മാണി തിരിച്ചടിച്ചു. മാത്രമല്ല, ഒരു ന്യായം പറഞ്ഞ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാന്‍ മാണി ആവശ്യപ്പെട്ടു. ചീഫ് വിപ്പ് പദവിയില്‍ നിന്ന് മാറ്റുന്നത് ജോര്‍ജിനുള്ള ‘ചെറിയൊരു ശിക്ഷ’യാണെന്ന് മാണി വിശദീകരിച്ചു. എന്തുതരം നീതിയാണിത്? കുറ്റം ചെയ്തയാളെന്ന് കേരളം മുഴുവന്‍ വിശ്വസിക്കുന്ന ധനമന്ത്രിയെപ്പറ്റി അഭിപ്രായം പറഞ്ഞയാള്‍ ശിക്ഷിക്കപ്പെടുന്നു. നിയമമന്ത്രിയുടെ തലതിരിഞ്ഞ ഈ നീതിബോധം കേരളത്തിലെ പൊതു സമൂഹം ആശ്ചര്യത്തോടെ കാണുന്നുണ്ട്. യു.ഡി.എഫ് നേതാക്കള്‍ ഈ വൈരുദ്ധ്യത്തെ എങ്ങനെ വിശദീകരിക്കുമെന്ന് ചാനല്‍ കുഞ്ഞുങ്ങല്‍ ചോദിച്ചറിയട്ടെ.

കേരള കോണ്‍ഗ്രസ് യുക്തിഭദ്രമായി കാര്യങ്ങളെ സമീപിക്കുമെന്ന വിശ്വാസം കേരളത്തില്‍ ഒരാളും വച്ചുപുലര്‍ത്തുമെന്ന് തോന്നുന്നില്ല. അതിന്റെ ഉല്‍പ്പത്തി ചരിത്രം അങ്ങനെയുള്ളതാണ്. 1964ല്‍ കേരള കോണ്‍ഗ്രസിന്റെ പിറവിയുടെ പശ്ചാത്തലം തന്നെ നോക്കുക. കോണ്‍ഗ്രസ് – പി.എസ്.പി. – മുസ്ലീം ലീഗ് കൂട്ടുമന്ത്രിസഭ അധികാരത്തില്‍. ലീഗിന് മന്ത്രിസഭാ പ്രാതിനിധ്യമില്ല. തുടക്കത്തില്‍ മുഖ്യമന്ത്രി സ്ഥാനം പി.എസ്.പി. നേതാവ് പട്ടം താണുപിള്ളയ്ക്കായിരുന്നു. അദ്ദേഹം ഗവര്‍ണറായി പോയപ്പോള്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം തുടങ്ങി പില്‍ക്കാലത്ത് കേരളത്തിന്റെ ഉന്നമനത്തിന് ഉതകിയ സുപ്രധാന നടപടികളെല്ലാം പ്രയോഗത്തില്‍ കൊണ്ടുവന്ന സര്‍ക്കാരായിരുന്നു അത്. വിമോചന സമരത്തോടെ നീക്കം ചെയ്യപ്പെട്ട ഒന്നാം കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വീഴ്ചകള്‍ തിരുത്തിയ പൊലീസ് വകുപ്പിന്റെ മന്ത്രി കോണ്‍ഗ്രസുകാരനായ പി.ടി. ചാക്കോ ആയിരുന്നു. മുഖ്യമന്ത്രി ശങ്കറും ആഭ്യന്തരമന്ത്രി ചാക്കോയും തമ്മില്‍ നല്ല ധാരണയും അഭിപ്രായ ഐക്യവും ഉണ്ടായിരുന്നു. ആയിടെ തൃശൂരിലെ സ്വരാജ് റൗണ്ടില്‍  വച്ച് മന്ത്രി ചാക്കോയുടെ ഔദ്യോഗിക കാര്‍ ഒരു കാളവണ്ടിയില്‍ മുട്ടി. മന്ത്രിയുടെ കാറില്‍ത്തന്നെ പരിക്കേറ്റ കാളവണ്ടിക്കാരനെ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഉചിതമായ ചികിത്സ അയാള്‍ക്ക് നല്‍കാന്‍ മന്ത്രി ചാക്കോ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയശേഷം പീച്ചിയിലേക്ക് യാത്ര തുടര്‍ന്നു.

ഇത്രയും കൊണ്ട് അവിടെ അവസാനിക്കേണ്ടിയിരുന്ന ഈ അപകടം കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തവും വഞ്ചനയുമായി വളര്‍ന്നത് പെട്ടെന്നായിരുന്നു. മന്ത്രി ചാക്കോയുടെ ഔദ്യോഗിക കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന് അപകടവേളയില്‍ തൃശൂരില്‍ പലരും ശ്രദ്ധിച്ചു. ഒരു അന്തിപ്പത്രത്തിന്റെ ലേഖകന്‍ മന്ത്രിയുടെ വസതിയിലേക്ക് ഫോണ്‍ ചെയ്ത് കാറിലുണ്ടായിരുന്നത് ഭാര്യയല്ലെന്ന് സ്ഥിരീകരിച്ചു. മലയാളിയുടെ സഹജമായ ഒളിഞ്ഞുനോട്ടവും സംശയദൃഷ്ടിയും വലിയൊരു വിവാദവാര്‍ത്തയുടെ മര്‍മ്മത്തുകൊണ്ടു. ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ ഭാര്യയല്ലാത്ത ഒരു സ്ത്രീയുമായി പീച്ചി ഗസ്റ്റ് ഹൗസില്‍ താമസിച്ചു എന്ന വൃത്താന്തം കാട്ടുതീ പോലെ പടര്‍ന്നു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ രണ്ട് പ്രമുഖ പത്രങ്ങളുടെ ലേഖകന്‍മാര്‍ പീച്ചി ഗസ്റ്റ് ഹൗസില്‍ ചെന്നു. മന്ത്രിയോടൊപ്പം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ കോണ്‍ഗ്രസുകാരിയുടെ എറണാകുളത്തെ വീട്ടില്‍ അതിലൊരു ലേഖകന്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തി. ആര്‍. ശങ്കര്‍ മന്ത്രിസഭയുടെ പതനത്തിന് കളമൊരുക്കുന്ന സുപ്രധാനമായ ഒരു രാഷ്ട്രീയ ചര്‍ച്ചയ്ക്കായിരുന്നു മന്ത്രി ചാക്കോയും താനും പീച്ചി ഗസ്റ്റ് ഹൗസില്‍ തങ്ങിയതെന്ന് ആ സ്ത്രീ വെളിപ്പെടുത്തി. ലൈംഗികാപവാദകഥ തേടിപ്പോയ ലേഖകന് സുപ്രധാനമായ ഒരു പൊളിറ്റിക്കല്‍ സ്‌കൂപ്പ് ലഭിച്ചു. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെ മൂന്നാം ദിവസം 23 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ചേര്‍ന്ന് ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരെ അവിശ്വാസം രേഖപ്പെടുത്തി. കെ.എം. ജോര്‍ജ് ആയിരുന്നു അവരുടെ നേതാവ്. അന്ന് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ശങ്കറിന്റെ  പ്രിയ ശിഷ്യനുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ള വിമതരുടെ കൂട്ടത്തില്‍ ഒരാളായത് കൊട്ടാരക്കരക്കാരെപ്പോലും വിസ്മയിപ്പിച്ചു. വിമത എം.എല്‍.എമാര്‍ ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന് മന്നത്തുപത്മനാഭന്റെ അനുഗ്രഹത്തോടെ കേരള കോണ്‍ഗ്രസ് എന്ന പേരു സ്വീകരിച്ചു. അപവാദത്തില്‍പ്പെട്ട പി.ടി. ചാക്കോ മന്ത്രിസ്ഥാനം ഒഴിഞ്ഞു. യാത്രാമദ്ധ്യേ കണ്ണൂരില്‍ വച്ചു ഹൃദ്രോഗം മൂലം അദ്ദേഹം മരിച്ചു. അതിനുശേഷമാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടായതും ശങ്കര്‍ മന്ത്രിസഭ നിലം പതിച്ചതും.

ഏക പാര്‍ട്ടി ഭരണം ഒന്നാം മന്ത്രിസഭയോടെ കേരളത്തില്‍ അവസാനിച്ചു. തമിഴ്‌നാട്ടിലെ ഡി.എം.കെ. പോലെയോ അണ്ണാഡി.എം.കെ. പോലെയോ ആള്‍ബലമുള്ള ഒരു പ്രാദേശിക പാര്‍ട്ടിയായി വളരാന്‍ കേരള കോണ്‍ഗ്രസ് ശ്രമിച്ചില്ല. മലയാളികളുടെ മുഴുവന്‍ ആത്മാഭിമാനത്തിന്റെ പ്രതീകമായി വളരാന്‍ പറ്റാത്തവിധം വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട കേരള കോണ്‍ഗ്രസ് പള്ളി അരമനകളുടെ ഓമനയായി ചുരുങ്ങി. ക്രിസ്തീയ വിശ്വാസി സമൂഹത്തെ അവസരോചിതം പ്രീണിപ്പിക്കാനും കബളിപ്പിക്കാനും ഇടതു – വലതു മുന്നണികള്‍ക്ക് കേരള കോണ്‍ഗ്രസിനെ വേണമായിരുന്നു. അങ്ങനെ സാമുദായിക രാഷ്ട്രീയക്കളിക്കുള്ള ആയുധമായി കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെയും കൈകളില്‍ കേരള കോണ്‍ഗ്രസുകള്‍ വിഭജിക്കപ്പെട്ടു. തമിഴ്‌നാട്ടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും ബി.ജെ.പി.യെയും കോണ്‍ഗ്രസിനെയും ദ്രാവിഡപാര്‍ട്ടികള്‍ അധികാരത്തില്‍ നിന്ന് ബഹുദൂരം അകറ്റി നിറുത്തിയിരിക്കുന്നു. അതുകൊണ്ട് വികസന മുഖത്ത് ആ നാടിന് ഒരു ദോഷവുമില്ല. കേരളത്തെക്കാള്‍ വളരെ മെച്ചമാണ് ഭൗതികവളര്‍ച്ചയില്‍ തമിഴ്‌നാടിന്റെ നില. ഏതെങ്കിലുമൊരു ദ്രാവിഡമുന്നേറ്റ പ്രസ്ഥാനത്തിനല്ലാതെ സമീപഭാവിയിലെങ്ങും മറ്റൊരു പാര്‍ട്ടിക്ക് തമിഴ്‌നാട് ഭരിക്കാനാവില്ല. രണ്ട് ദ്രാവിഡ കഴകങ്ങളും കേന്ദ്രസര്‍ക്കാരിലും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായ കേരള കോണ്‍ഗ്ലസിന് ഡി.എം.കെ. പോലെയോ അണ്ണാ ഡി.എം.കെ. പോലെയോ സ്വന്തം പ്രവര്‍ത്തനവൃത്തത്തില്‍ ജനകീയാടിത്തറ ഉണ്ടാക്കാന്‍ അരനൂറ്റാണ്ട് പിന്നിട്ടിട്ടും കഴിയാതെ പോയത് അതിന്റെ പിറവിദോഷം ഒന്നുകൊണ്ടുമാത്രമാണ്.

വര്‍ഗ്ഗീയമായിരുന്നു കേരള കോണ്‍ഗ്രസിന്റെ ഉല്‍പ്പത്തി രഹസ്യം. അതിനേക്കാള്‍ വര്‍ഗ്ഗീയമായിട്ടാണ് അത് നിലനില്‍ക്കുന്നത്. മക്കളെ അനന്തരഗാമികളാക്കി വാഴിക്കുന്ന നാല് കേരള കോണ്‍ഗ്രസുകള്‍ ഉണ്ട്. കേരളത്തിന്റെ അഭിമാനവും അന്തസ്സും ജ്വലിപ്പിക്കുന്ന ഒരു നൂതന കേരളകോണ്‍ഗ്രസുണ്ടാക്കാന്‍ പി.സി. ജോര്‍ജിന് കഴിയുമോ? ഏത് ഇടതു നേതാവിനെക്കാള്‍ ഇടതുപക്ഷ മനോഭാവക്കാരനാണ് താനെന്ന് ജോര്‍ജ് അവകാശപ്പെടുന്നുണ്ടല്ലോ. എങ്ങനെ? ജോര്‍ജും ചെങ്കോല്‍ മകനെ ഏല്‍പ്പിക്കാനല്ലേ തുനിയുന്നത്. അരമനകളുടെ ഇടനാഴികളില്‍ ശ്വാസംമുട്ടി മരിക്കാനാണ് ഇവരുടെ വിധി. കേരളത്തിന്റെ ബദല്‍ രാഷ്ട്രീയം വേറെവിടെയോ ആണ്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍