UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അച്ചായന്‍മാരുടെ കൊച്ചുകൊച്ചു തമാശകള്‍ അഥവാ കേരള കോണ്‍ഗ്രസ്സ് എന്ന അസംബന്ധ നാടകം

യാതൊരു വാര്‍ത്താപ്രാധാന്യവുമില്ലാത്ത ഒരു സംഭവം കൂടി ഉണ്ടായി. കേരള കോണ്‍ഗ്രസ് (മാണി) പിളര്‍ന്നു. പിളര്‍ന്നു എന്നതിനേക്കാള്‍ ഒരു കൊമ്പ് ഒടിഞ്ഞു; അതിലെ ചില ഇലകള്‍  പറന്നുപോയി എന്നു പറയുന്നതാകും ശരി.

ഒരാഴ്ച മുമ്പുവരെ കെ.എം.മാണിയെ അഴിമതിയുടെ കറപുരളാത്ത മഹാനായ നേതാവ് എന്ന് വാഴ്ത്തിപ്പാടി നടന്ന ആന്റണി രാജു എന്ന സൂത്രശാലിയും കേരള കോണ്‍ഗ്രസ് സ്ഥാപകനേതാക്കളിലൊരാളായ കെ.എം.ജോര്‍ജ്ജിന്റെ മകനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഫ്രാന്‍സിസ് ജോര്‍ജ്ജുമാണ് ഇപ്പോള്‍ മാണി അഴിമതിക്കാരനാണെന്നും മക്കള്‍ രാഷ്ട്രീയത്തിന്റെ  വക്താവാണെന്നും പറയുന്നത്.

കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങനെയൊക്കെ പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും യാതൊരു അത്ഭുതവുമില്ല. ഉച്ചിക്കുവച്ച കൈകൊണ്ട് ഉദകക്രിയ ചെയ്യുന്ന നേതാക്കന്‍മാരുടെയും  നേതാവിന്റെ ഉടുമുണ്ട് പൊതുസ്ഥലത്ത് വച്ചുരിയുന്ന അണികളുടെയും പാര്‍ട്ടിയാണ്. അന്നന്നത്തെ അപ്പമാണ് ഓരോ കേരളാ കോണ്‍ഗ്രസുകാരന്റെയും രാഷ്ട്രീയ തത്ത്വശാസ്ത്രം.

ടെലിവിഷന്‍ ക്യാമറയ്ക്കു മുന്നില്‍ ഇരുന്ന് യാതൊരു ഉളുപ്പിമില്ലാതെ കള്ളം പറയാനുള്ള മാമോദീസ മുക്കിയാണ് ഓരോ കേരള കോണ്‍ഗ്രസുകാരനേയും ആ പാര്‍ട്ടിയിലെടുക്കുന്നത്. മുന്നണികള്‍ തരാതരം മാറുന്നതിനും മാറിവന്ന മുന്നണിയെ തള്ളിപ്പറയാനും പ്രത്യേക പരിശീലനം ആര്‍ക്കും വേണ്ട. മാമോദീസയ്‌ക്കൊപ്പം ആ മൂലമന്ത്രവും കൂടി രാഷ്ട്രീയമെത്രാന്‍മാര്‍ ചെവിയിലോതിക്കൊടുക്കാറുണ്ടത്രെ! അതുകൊണ്ടാണ് ഇപ്പോള്‍ മാണിഗ്രൂപ്പില്‍ പാറ പോലെ ഉറച്ചുനില്‍ക്കുന്ന പി.ജെ.ജോസഫ് തിരഞ്ഞെടുപ്പിനു മുമ്പുതന്നെ തങ്ങളുടെ പുതിയ പാര്‍ട്ടിയില്‍ വന്നു ചേരുമെന്ന് പുതിയ പാര്‍ട്ടിയുടെ നിയുക്ത നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ് (കെ.എം. ജോര്‍ജ്ജിന്റെ മകന്‍) പറയുന്നതും അതിനെക്കുറിച്ച് യാതൊരഭിപ്രായവും പറയാതെ ജോസഫ് മാണിയ്‌ക്കൊപ്പം  നടന്നുനീങ്ങുന്നതും. ആര്‍ ആരെ പിന്നില്‍ നിന്നും കുത്തും എന്നതുമാത്രമേ കാണേണ്ടതുള്ളു.

വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന ഈ അമീബ പാര്‍ട്ടി, വാസ്തവത്തില്‍, കേരള രാഷ്ട്രീയത്തിന് അഭിമാനിയ്ക്കാവുന്ന ഒരു രാഷ്ട്രീയ നേട്ടത്തെയോ രാഷ്ട്രീയ നേതാവിനെയോ സംഭാവന ചെയ്തിട്ടില്ല. ഓരോ മെത്രാന്‍മാരുടെ അനുഗ്രഹാശിസ്സുകളോടെ നിലനില്‍ക്കുന്ന കേളാ കോണ്‍ഗ്രസുകള്‍ അതതു മെത്രാന്‍മാരുടെ രാഷ്ട്രീയ ചായ്‌വിനനുസരിച്ച്  കേരള രാഷ്ട്രീയത്തില്‍ ഇടത്തോട്ടും വലത്തോട്ടും ആവശ്യമെന്നാല്‍ ബി.ജെ.പിയോടും ഒക്കെ കൂട്ടുകൂടി അന്നന്നത്തെ അപ്പം സ്വന്തമാക്കിക്കൊള്ളും. വാകീറിയ ദൈവം അതിനുള്ള വഴിയും കണ്ടെത്തിക്കൊള്ളും എന്നാണ് ദൈവവചനം.

കേരള രാഷ്ട്രീയത്തിലെ ജാരസന്തതിയായാണ് 1964 ല്‍ കേരള കോണ്‍ഗ്രസ് പിറന്നത്. 1957 ലെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ നടന്ന വിമോചന സമര നേതാവായ  മന്നത്ത് പത്മനാഭന്‍ എന്ന നായര്‍ മാടമ്പിയുടെ അനുഗ്രഹാശംസകളോടെ ഉണ്ടായ കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവായ കെ.എം.ജോര്‍ജ്ജ് 1964 ലെ ആര്‍.ശങ്കര്‍ മന്ത്രിസഭയുടെ കാലുവാരി മന്ത്രസഭ മറിച്ചിട്ട രാഷ്ട്രീയ കൗശലക്കാരനാണ്. കോണ്‍ഗ്രസിലെ നേതൃനിരയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ന ഭയത്താലാണ് ജോര്‍ജ്ജ് സ്വന്തം നേതൃത്വത്തില്‍ ഒരു പ്രാദേശിക പാര്‍ട്ടിയുണ്ടാക്കിയത്. (ഓര്‍ക്കുക, ഇന്ത്യയില്‍ ആദ്യമായുണ്ടായ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണ് ജോര്‍ജ്ജ് ഉണ്ടാക്കിയ കേരള കോണ്‍ഗ്രസ്.) അന്ന് ജോര്‍ജ്ജിനോടൊപ്പമുണ്ടായിരുന്ന യുവതുര്‍ക്കിയായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളര്‍ന്നു വന്ന കോണ്‍ഗ്രസുകാരനായി മാറിയ ആര്‍.ബാലകൃഷ്ണപിള്ള. കെ.എം.ജോര്‍ജ്ജ് 1976-ല്‍  മരിച്ചപ്പോള്‍, സ്ഥാപകനേതാക്കളില്‍ ഒരാളായ താന്‍ നേതൃസ്ഥാനത്തേക്ക്, സ്വാഭാവികമായും, വരുമെന്ന് ബാലകൃഷ്ണപിള്ള മോഹിച്ചു. അന്നു പിള്ളയുടെ മുന്നിലെ  ചോട്ടാനേതാവായിരുന്നു കെ.എം.മാണി. പി.ജെ.ജോസഫാകട്ടെ യൂത്ത് ഫ്രണ്ട് നേതാവും. പക്ഷെ, ഇതിനകം മെത്രാന്‍മാരുടെ പാര്‍ട്ടിയായി മാറിക്കഴിഞ്ഞിരുന്ന കേരളാ കോണ്‍ഗ്രസില്‍ ഒരു ഹിന്ദുവിനെ നേതാവായി വാഴ്ത്തപ്പെടില്ല എന്ന തിരിച്ചറിവ് ഉണ്ടായതോടെ, 1977 ല്‍, അസംബ്ലി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ,  ബാലകൃഷ്ണപിള്ള സ്വന്തം കേരള കോണ്‍ഗ്രസ് ഉണ്ടാക്കി – കേരള കോണ്‍ഗ്രസ് (ബാലകൃഷ്ണപിള്ള). പുതിയ പാര്‍ട്ടിയ്‌ക്കൊപ്പം പാര്‍ട്ടി പിളര്‍ത്തിയയാളിന്റെ പേരുകൂടി ബ്രാക്കറ്റില്‍ ചേര്‍ക്കണമെന്ന, എല്ലാ കേരള കോണ്‍ഗ്രസുകാര്‍ക്കും ഒരുപോലെ ബാധകമായ തീരുമാനം, അന്ന് മുതലാണ് തുടങ്ങിയത്.

ആ തിരഞ്ഞെടുപ്പില്‍ പിള്ളയുടെ പാര്‍ട്ടി എല്‍.ഡി.എഫിനോടൊപ്പം മത്സരിച്ചു. മാതൃസംഘടന യു.ഡി.എഫ്.നോടൊപ്പം തന്നെ നിന്നു. അങ്ങനെ, പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതിനോടൊപ്പം  മുന്നണി തന്നെ മാറാമെന്ന രാഷ്ട്രീയ സിദ്ധാന്തവും കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്.

രണ്ടു വര്‍ഷം കഴിഞ്ഞ്, 1979 ല്‍, യു.ഡി.എഫിനോടൊപ്പം നിന്ന മാതൃസംഘടനയുടെ അമീബ – സ്വഭാവം പുറത്തുവന്നു. ഒന്നിച്ചുനിന്ന മാണിയും ജോസഫും രണ്ടായി പിളര്‍ന്നു. കേരള കോണ്‍ഗ്രസ് (മാണി)യും കേരള കോണ്‍ഗ്രസ് (ജോസഫ്)ഉം. 1979 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി യു.ഡി.എഫില്‍ നിന്നപ്പോള്‍, ജോസഫ് എല്‍.ഡി.എഫിലേക്ക് കൂറുമാറി. എന്നാല്‍, 19980 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ മാണിയും ജോസഫും വീണ്ടും കളംമാറി. ഇത്തവണ മാണി എല്‍.ഡി.എഫിനോടൊപ്പം ചേര്‍ന്നു; ജോസഫ് യു.ഡി.എഫിലേയ്ക്ക് തിരിച്ചുവന്നു.  ഏറെ താമസിയാതെ മാണിയും യു.ഡി.എഫിലേക്ക് തന്നെ വന്നു. അങ്ങനെ മൂന്നായി പിളര്‍ന്ന കേരള കോണ്‍ഗ്രസുകള്‍ – മാണി കോണ്‍ഗ്രസ്, ജോസഫ് കോണ്‍ഗ്രസ്, പിള്ള കോണ്‍ഗ്രസ് – യു.ഡി.എഫിന്റെ ഭാഗമായി. 1982 ലെ യു.ഡി.എഫില്‍ നാല് കേരള കോണ്‍ഗ്രസ് മന്ത്രിമാരുണ്ടായിരുന്നു. മൂന്നു പാര്‍ട്ടിയുടേയും ചെയര്‍മാന്‍മാര്‍ക്ക് പുറമെ നാലാമന്‍ ടി.എം. ജേക്കബ്.

ഇനി ഒരുമിയ്ക്കലിന്റെ കാലമായി. മാണി കോണ്‍ഗ്രസും പിള്ള കോണ്‍ഗ്രസും ജോസഫ് കോണ്‍ഗ്രസും ഒന്നായി. ഒരു മാലയ്ക്കുള്ളില്‍ മൂന്നുതലകളും ഒരുമിച്ച് നിന്ന് ചിരിയ്ക്കുന്ന ഫോട്ടോകളും വന്നു. മൂന്നുപേര്‍ ചേര്‍ന്നുള്ള ഒരു അസാധാരണ മധുവിധു. അതുപക്ഷെ, അധികനാള്‍ നീണ്ടില്ല. 1987 ല്‍ മാണി കോണ്‍ഗ്രസും ജോസഫ് കോണ്‍ഗ്രസുമായി പാര്‍ട്ടി പിളര്‍ന്നു. പിള്ള ജോസഫിനോടൊപ്പം നിന്നു; ടി.എം.ജേക്കബ് മാണിയ്‌ക്കൊപ്പം നിന്നു.

ആറുവര്‍ഷത്തിനുശേഷം അടുത്ത പിളര്‍പ്പുണ്ടായി. ഇത്തവണ മാണിയുടെ കാലുവാരിയത് ടി.എം. ജേക്കബ്ബായിരുന്നു. അതോടെ, പുതിയ ഒരു കേരള കോണ്‍ഗ്രസ് കൂടി ഉണ്ടായി. കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്).

ഏഴു വര്‍ഷം കഴിഞ്ഞ്, പഴയ കോണ്‍ഗ്രസ് നേതാവായ പി.ടി.ചാക്കോയുടെ മകന്‍ പി.സി.തോമസ് മാണി കോണ്‍ഗ്രസില്‍ നിന്നും തെറ്റി സ്വന്തം പാര്‍ട്ടിയുണ്ടാക്കി. പാര്‍ട്ടിയുടെ പേര് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐ.എഫ്.ഡി.പി.). സ്വന്തം പാര്‍ട്ടിയ്‌ക്കൊപ്പം സ്വന്തം പേര് ബ്രാക്കറ്റില്‍ ചേര്‍ക്കാത്ത കേരള കോണ്‍ഗ്രസ് നേതാവ് എന്ന പുരോഗമനപരമായ ആശയത്തിന് നാന്ദികുറിച്ചത് പി.സി.തോമസാണ്.

ഇതിനിടയില്‍ ജോസഫിന്റെ പാര്‍ട്ടി പിളര്‍ന്നു. പി.സി.ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് (സെക്കുലര്‍) എന്ന സ്വന്തം പാര്‍ട്ടി ഉണ്ടാക്കി. ഏറെ താമസിയാതെ തോമസിന്റെ ഐ.എഫ്.ഡി.പി. ജോസഫിന്റെ പാര്‍ട്ടിയില്‍ ലയിച്ചു. 2009 ല്‍ പി.സി.ജോര്‍ജ്ജിന്റെ പാര്‍ട്ടി മാണിയുടെ പാര്‍ട്ടിയില്‍ ലയിച്ചു. അതോടെ ഇന്നലെ വരെ താന്‍ സദാ ചീത്തവിളിച്ചുകൊണ്ടിരുന്ന മാണി, ജോര്‍ജ്ജിന് പിതൃതുല്യനായി. എന്നാല്‍, ജോര്‍ജ്ജിനോടൊപ്പം പോകാന്‍ തയ്യാറാകാതിരുന്ന ചില കേരള കോണ്‍ഗ്രസുകാര്‍ കേരള കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) എന്ന പാര്‍ട്ടിയുണ്ടാക്കി; ഏറെ താമസിയാതെ ജനതാദള്‍ (സെക്കുലര്‍) എന്ന പാര്‍ട്ടിയില്‍ ലയിച്ചു.

ഇതിനിടയില്‍, എല്ലാ കേരള കോണ്‍ഗ്രസുകാരും ലയിച്ചൊന്നായി ഒഴുകാനുള്ള നീക്കങ്ങള്‍ പലയിടത്തുനിന്നും ഉണ്ടായി. എന്നാല്‍, കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ ബാലകൃഷ്ണപിള്ള എന്ന നായര്‍ മാടമ്പിയ്ക്ക് തന്നേക്കാള്‍ ജൂനിയറായ കെ.എം.മാണിയുടെ നേതൃത്വം അംഗീകരിക്കാന്‍ സ്വാഭാവികമായും, ബുദ്ധിമുട്ടുണ്ടായിരുന്നു. നീക്കങ്ങള്‍ പിള്ളയില്‍ തട്ടിപാളി. പക്ഷെ പിള്ളയുടെ മകന്‍ ഗണേശന്റെ ഓര്‍ഡര്‍ലി പോലെ നടന്ന ജോസഫ് എം. പുതുശ്ശേരി മാണിയുടെ കേരള കോണ്‍ഗ്രസിലേക്ക് കൂറുമാറി. മാണിയുടെ ഓര്‍ഡര്‍ലി ആയി. ചില കേരള കോണ്‍ഗ്രസുകാര്‍ അങ്ങനെയാണ്. എന്നും വിധേയര്‍.

2011 ലെ അസംബ്ലി തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് ജോസഫിന്റെ പാര്‍ട്ടി മാണിയുടെ പാര്‍ട്ടിയില്‍ ലയിച്ചു.

അതോടെ കേരള കോണ്‍ഗ്രസുകള്‍ എല്ലാം യു.ഡി.എഫിന്റെ ഭാഗമായി. ചെറുത്തുനിന്നത്  ധീരനായ പി.സി.തോമസ് മാത്രമായിരുന്നു. തോമസ് എല്‍.ഡി.എഫില്‍ തന്നെ നിന്നു. പിന്നീടുള്ള കുറേ വര്‍ഷങ്ങളില്‍ കേരള രാഷ്ട്രീയം ഇന്നുവരെ കാണാത്ത രീതിയിലുള്ള സമരമുറകളുമായി  തോമസ് മലയാളികളെ നാണിപ്പിയ്ക്കുന്ന കാഴ്ചകളായിരുന്നു. ഇനി ഇത്തരം ഒരു സമരം നടത്തിയാല്‍ ചെവിയ്ക്കു പിടിച്ചു പുറത്താക്കുമെന്ന് എല്‍.ഡി.എഫ്. നേതൃത്വം തോമസിനെ ബോധ്യപ്പെടുത്തുന്നതുവരെ തോമസ് എന്ന കലാകാരന്‍ തന്റെ രാഷ്ട്രീയ സമര-കഥാപ്രസംഗം തുടര്‍ന്നു.

പിന്നെ, കുറച്ചുകാലം പി.സി.ജോര്‍ജ്ജ് എന്ന കേരള കോണ്‍ഗ്രസുകാരന്റെ കാലമായിരുന്നു. തോമസിന്റെ മറുപുറമാണ് ജോര്‍ജ്ജ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ചീഫ് വിപ്പ് ആയിരിയ്‌ക്കെ തന്നെ ജോര്‍ജ്ജ് സര്‍ക്കാരിന്റെ ചീഫ് ആപ്പുമായി. ബാര്‍ കോഴ ക്കേസില്‍ ജോര്‍ജ്ജ് മാണിയ്‌ക്കെതിരായി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നതില്‍ ജോര്‍ജ്ജ് നിര്‍ണ്ണായക പങ്കുവഹിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിന്റെ സ്ഥാനചലനത്തിന് കാരണക്കാരനായി. ഗണേശന്റെ മന്ത്രിസ്ഥാനം ജോര്‍ജ്ജ് ഒറ്റയ്ക്ക് തെറിപ്പിച്ചു. സഹപ്രവര്‍ത്തകരും ലയിച്ച് ഒന്നായ കേരള കോണ്‍ഗ്രസിന്റെ നേതാക്കളുമായ ഫ്രാന്‍സിസ് ജോര്‍ജ്ജിനേയും ആന്റണി രാജുവിനേയും ജോസഫിനേയുമൊക്കെ ചാനല്‍ ചര്‍ച്ചകളിലൂടെ അധിക്ഷേപിച്ചു. ജോര്‍ജ്ജ് ആര്‍ക്കെതിരെയാണ് യുദ്ധം ചെയ്യുന്നത് എന്ന് ആര്‍ക്കും മനസ്സിലായില്ല. ഒടുവില്‍, ജോര്‍ജ്ജിന് ചീഫ് വിപ്പ് സ്ഥാനം പോയി. എം.എല്‍.എ. സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ജോര്‍ജ്ജ് തന്റെ പഴയ കേരള കോണ്‍ഗ്രസ് (സെക്കുലര്‍) തിരിച്ചു കൊണ്ടുവന്നു. പക്ഷേ, പാര്‍ട്ടിയുടെ ചെയര്‍മാന്‍ ടി.എസ്.ജോണ്‍ തന്നെ ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജോര്‍ജ്ജ് ജോണിനേയും പുറത്താക്കി. ഇപ്പോള്‍ കോണ്‍ഗ്രസ് (സെക്കുലര്‍) എത്രയുണ്ട്? ഒന്നോ, രണ്ടോ?

ജോര്‍ജ്ജ് എല്‍.ഡി.എഫിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നു. പൂഞ്ഞാറില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ഉണ്ടാകരുത്. യു.ഡി.എഫ്. വിട്ട പിള്ളയുടെ കേരള കോണ്‍ഗ്രസിന് എല്‍.ഡി.എഫ്. സഹായത്തോടെ രണ്ട് സീറ്റ് വേണം – കൊട്ടാരക്കരയും പത്തനാപുരവും. ഒന്ന് അച്ഛനും മറ്റൊന്ന് മകനും.

ഈ പശ്ചാത്തലത്തില്‍ വേണം യു.ഡി.എഫില്‍ നിന്നാല്‍ ഇടുക്കിയില്‍ സീറ്റു കിട്ടാന്‍ സാധ്യതയില്ലാത്ത ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെയും തിരുവനന്തപുരത്ത് സീറ്റുകിട്ടാന്‍ സാധ്യതയില്ലാത്ത  ആന്റണി രാജുവിന്റേയും പുതിയ കേരള കോണ്‍ഗ്രസ് ഉണ്ടാക്കാനും യു.ഡി.എഫ്. വിടാനുമുള്ള തീരുമാനത്തേയും വിലയിരുത്താന്‍.

അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു കേരള കോണ്‍ഗ്രസ് കൂടി പിളരും. അത് കേരള കോണ്‍ഗ്രസ് (ജേക്കബ്) ആണ്. പാര്‍ട്ടി ചെയര്‍മാന്‍ ജോണിനെല്ലൂരിന് പാര്‍ട്ടിയില്‍ പ്രത്യേകിച്ച്  പണിയൊന്നുമില്ല. അതൊക്കെ ടി.എം. ജേക്കബ്ബിന്റെ മകന്‍ അനൂപ് ജേക്കബ്ബും അനൂപിന്റെ അമ്മയും ഭാര്യയുമൊക്കെ നോക്കിക്കൊള്ളും. ജോണി നെല്ലൂരിന്റെ പ്രതീക്ഷ അങ്കമാലി അസംബ്ലി സീറ്റാണ്. അതു കിട്ടിയില്ലെങ്കില്‍ ജേക്കബ് കേരള കോണ്‍ഗ്രസ് പിളരും. അതാണെങ്കില്‍ മെത്രാന്‍മാര്‍ മാണിയുടെ മരുമകനു വേണ്ടി കണ്ടുവച്ചിരിക്കുന്ന സീറ്റുമാണ്.

മക്കള്‍ രാഷ്ട്രീയത്തിനെതിരെയുള്ള ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പ്രസ്താവനകളെ മക്കള്‍ രാഷ്ട്രീയം മാത്രം അറിയാവുന്ന കേരള കോണ്‍ഗ്രസുകാര്‍ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍