UPDATES

എല്ലാം ഗൂഡാലോചന; പിന്നില്‍ അഞ്ചംഗ സംഘം; പോലീസിന് വീഴ്ചയേ ഇല്ലെന്നും ഐജിയുടെ റിപ്പോര്‍ട്ട്

ജിഷ്ണു വിഷയത്തില്‍ പോലീസിനെതിരെ പോരാടാന്‍ എസ് യു സി ഐ മുഖമാസിക പറയുന്നുണ്ടെന്നും റിപ്പോര്‍ട്ട്

ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് റേഞ്ച് ഐജി മനോജ് എബ്രഹാം റിപ്പോര്‍ട്ട് തയാറാക്കിയതോടെ സര്‍ക്കാരും പോലീസും, മഹിജയുടെ കുടുംബം നടത്തുന്ന പ്രതിഷേധത്തോട് ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടിലേക്ക്. റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറും. അതേ സമയം, ജിഷ്ണുവിന്റെ അമ്മ മഹിജയുടെയും സഹോദരി അവിഷ്ണയുടേയും നിരാഹാരം ഇന്ന് അഞ്ചാം ദിവസത്തേക്ക് കടക്കുകയാണ്.

സര്‍ക്കാരും പാര്‍ട്ടിയും പോലീസ് നടപടിയെ പൂര്‍ണമായി പിന്തുണയ്ക്കുന്ന നിലപാടിലേക്കെത്തിയതോടെ ഐജിയുടെ റിപ്പോര്‍ട്ടും പൂര്‍ണമായി പോലീസിനെ പിന്തുണയ്ക്കുന്ന രീതിയിലാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്.യു.സി.ഐ പ്രവര്‍ത്തകര്‍ നടത്തിയ ഗൂഡാലോചനയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നയിച്ചതെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. ഇവര്‍ ഡി.ജി.പിയുടെ ഓഫീസിനു മുന്നില്‍ വച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.യു.സി.ഐ നേതാവായ ഷാജിര്‍ ഖാന്‍, ഭാര്യ മിനി, വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍, തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ, ബി.ജെ.പി പ്രവര്‍ത്തകനായ ശ്രീകുമാര്‍ എന്നിവര്‍ നടത്തിയ ഗൂഡാലോചനയാണ് സംഭവത്തിനു പിന്നിലെന്നാണ് ഐജിയുടെ കണ്ടെത്തല്‍. എന്നാല്‍ ഷാജഹാന്റേയും ഹിമവല്‍ ഭദ്രാനന്ദയുടേയും പങ്ക് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്.

ഷാജിര്‍ഖാനും ജിഷ്ണുവിന്റെ ബന്ധുക്കളും സംഭവത്തിന് മുമ്പ് പലവട്ടം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും മഹിജയ്ക്കും ബന്ധുക്കള്‍ക്കും ടൂറിസ്റ്റ് ഹോമില്‍ താമസം ഒരുക്കിയത് ഷാജിര്‍ ഖാനാണെന്നുമാണ് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ജിഷ്ണു സംഭവത്തില്‍ പോലീസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗം അച്ചടിച്ചിട്ടുള്ള സംഘടനയുടെ മാസിക പോലീസിനു കിട്ടിയെന്ന ന്യായീകരണവും ഇതിനൊപ്പമുണ്ട്. 11 മണിക്ക് ഡി.ജി.പിയെ കാണാന്‍ ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് സമയം നല്‍കിയിട്ടുണ്ടെന്ന് പോലീസ് ഇവര്‍ താമസിച്ചിരുന്നിടത്ത് എത്തി അറിയിച്ചിരുന്നെന്നും എന്നാല്‍ ഇവര്‍ 10 മണിക്ക് തന്നെ ഹോട്ടല്‍ വിട്ടുവെന്നുമാണ് ഗൂഡാലോചന സിദ്ധാന്തത്തിന്റെ മറ്റൊരു കാരണമായി റിപ്പോര്‍ട്ട് പറയുന്നത്. ഡി.ജി.പി ഓഫീസിലേക്ക് പോകുമ്പോള്‍ ഷാജിര്‍ ഖാനും കുട്ടരും പിന്നിലായിരുന്നുവെന്നും ബന്ധുക്കളെ പോലീസ് തടഞ്ഞപ്പോഴാണ് ഷാജിര്‍ ഖാന്‍ മുന്നില്‍ വന്നതെന്നുമാണ് ഇന്റലീജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനോജ് എബ്രഹാം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തെ ജിഷ്ണു സംഭവത്തില്‍ തങ്ങള്‍ക്ക് മന:സാക്ഷിക്കുത്തില്ലെന്നും ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സര്‍ക്കാരിനേയും പോലീസിനേയും ന്യായീകരിച്ചു രംഗത്തു വരികയും ചെയ്തിരുന്നു. ഇതോടു കൂടി തന്നെ സംഘര്‍ഷമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാനുള്ള സാധ്യത ഇല്ലാതായിരുന്നു. ഇതിനു പുറമെയാണ് മന്ത്രിമാരായ എം.എം മണി, കെ.കെ ഷൈലജ, ജി. സുധാകരന്‍ എന്നിവരും പോലീസ് നടപടിയെ ന്യായീകരിച്ച് രംഗത്തു വന്നത്. ഡി.ജി.പി ഓഫീസിനു മുന്നിലെ ഇപ്പോഴത്തെ സമരം ഒഴിവാക്കാമായിരുന്നു എന്നതാണ് കെ.കെ ഷൈലജയുടെ ന്യായം. പിണറായിലെ ഇത്രയും ആളും ബഹളവുമായി കാണാതെ സ്വകാര്യമായി കണ്ട് പരാതി നല്‍കണമായിരുന്നു എന്ന് സുധാകരനും ഇന്നലെ പറഞ്ഞിരുന്നു. പോലീസിന്റെ നടപടിക്കെതിരെ ആദ്യം രംഗത്തു വന്ന പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാകട്ടെ, ഈ വാക്കുകള്‍ വിഴുങ്ങി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞതാണ് ശരിയെന്നും തന്റേത് വൈകാരിക പ്രതികരണമായിരുന്നുവെന്നും പിന്നീട് പറഞ്ഞിരുന്നു.

ബേബിയുടെ മുന്‍ നിലപാട്:

മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിൻറെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപ…

Posted by M A Baby on Dienstag, 4. April 2017

അതേ സമയം, തോക്ക് സ്വാമിയേ ഡിജിപി ഓഫീസിനു മുന്നിലെത്തിച്ചത് പോലീസാണെന്നും സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. മഹിജ ആശുപത്രിയില്‍ വച്ച് ജ്യൂസ് കഴിക്കുന്നുണ്ടെന്ന് ആശുപത്രി വാര്‍ത്താ കുറിപ്പിലൂടെ പുറത്തുവിട്ടതും ഗൂഡാലോചനയാണെന്ന് അമ്മാവന്‍ ശ്രീജിത് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മഹിജ ഡ്രിപ് പോലും ഉപേക്ഷിക്കുകയും അവശയായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍