UPDATES

കയ്യേറ്റവും നിയമ ലംഘനവും മാത്രമല്ല, തൊഴിലാളി വഞ്ചനയും; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടില്‍ തൊഴിലാളി സമരം

അഞ്ചുലക്ഷത്തോളം രൂപ കുടിശ്ശികയിനത്തില്‍ തൊഴിലാളികള്‍ക്ക് കിട്ടാനുണ്ട്

പുറമ്പോക്ക് ഭൂമി കയ്യേറ്റവും, തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് കായല്‍ കയ്യേറ്റവും നടത്തിയെന്ന പരാതി നേരിടുന്ന കുമരകത്തെ നിരാമയ റിട്രീറ്റ് റിസോര്‍ട്ട് തൊഴിലാളികളെ കൂലി നല്‍കാതെ വഞ്ചിക്കുന്നതായും പരാതി. ബിജെപിയുടെ രാജ്യസഭ എംപിയും ഏഷ്യാനെറ്റ് ന്യൂസ് തലവനുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് നിരാമയ റിട്രീറ്റ്. കുമരകം പള്ളിച്ചിറയില്‍ കായലോരത്തായി നിര്‍മാണം പൂര്‍ത്തിയായി വരുന്ന നിരാമയ റിസോര്‍ട്ടിലെ നിര്‍മാണ പ്രവൃത്തികള്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ഇന്ന് സൂചന പണിമുടക്ക് പ്രഖ്യാപിച്ച് റിസോര്‍ട്ടിനു മുന്നില്‍ കുത്തിയിരിപ്പു നടത്തി. ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ കുമരകത്തെ എല്ലാ റിസോര്‍ട്ടുകാരും അംഗീകരിച്ച കൂലി വര്‍ദ്ധനവ് ഇതുവരെ നടപ്പാക്കാതെ നിരാമയക്കാര്‍ തങ്ങളെ വഞ്ചിക്കുകയാണെന്നാണ് പണിമുടക്കിയ തൊഴിലാളികള്‍ ആരോപിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ കൂട്ടിയ കൂലി തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് റിസോര്‍ട്ട് അധികാരികള്‍ തങ്ങളുടെ കൂലി തടയുകയാണെന്നും തൊഴിലാളികള്‍ പറയുന്നു. അഞ്ചുലക്ഷത്തോളം രൂപ കുടിശ്ശികയിനത്തില്‍ തൊഴിലാളികള്‍ക്ക് കിട്ടാനുണ്ടെന്നാണ് പറയുന്നത്. സിഐടിയു, ബിഎംഎസ് സംഘടനകളുടെ കീഴിലായാണ് ഇവിടെ തൊഴിലാളികള്‍ ഉള്ളത്. ഇന്നത്തെ പണിമുടക്കില്‍ ബിഎംഎസ് സംഘടന പങ്കെടുത്തിട്ടില്ലെന്നും തൊഴിലാളികള്‍ക്കിടയില്‍ ആക്ഷേപം ഉണ്ട്.

ഇവിടെ പണിയെടുക്കുന്ന പുരുഷന്മാര്‍ക്ക് 913 രൂപയും സ്ത്രീകള്‍ക്ക് 667 രൂപയുമായിരുന്നു ദിവസക്കൂലി. ഇതില്‍ വര്‍ദ്ധനവ് വരുത്തണമെന്നാവശ്യത്തിലാണ് ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്. തൊഴിലാളികളുടെ കാര്യത്തില്‍ ഓരോ വര്‍ഷവും എഗ്രിമെന്റുകള്‍ പുതുക്കുകയാണ് പതിവ്. ഇതുപ്രകാരം പുരുഷന്മാരുടെ കൂലിയില്‍ 65 രൂപയും സ്ത്രീകളുടെ കൂലിയില്‍ 45 രൂപയും വര്‍ദ്ധനവ് വരുത്തി. എല്ലാ റിസോര്‍ട്ട് അധികൃതരും ഈ കൂലിയംഗീകരിക്കുകയും കൂട്ടിയ കൂലിയനുസരിച്ചുള്ള തുക നല്‍കാനും തയ്യാറായി. എന്നാല്‍ ഏപ്രില്‍ മാസം മുതല്‍ വന്ന വര്‍ദ്ധനവ് ഇതുവരെ നടപ്പാക്കാന്‍ നിരാമയ റിസോര്‍ട്ടുകാര്‍ മാത്രം തയ്യാറായിട്ടില്ല എന്നാണ് തൊഴിലാളികള്‍ പറയുന്നത്.

"</p

അതേസമയം തൊഴിലാളികളെ വഞ്ചിക്കുന്ന തരത്തില്‍ റിസോര്‍ട്ടിന്റെ ഭാഗത്തു നിന്നും യാതൊരു പ്രവൃത്തിയും നടന്നിട്ടില്ലെന്നാണ് റിസോര്‍ട്ട് അധികൃതര്‍ പറയുന്നത്. തൊഴിലാളികള്‍ക്ക് കൂലി നല്‍കാത്തത് റിസോര്‍ട്ട് അല്ല, കോണ്‍ട്രാക്റ്റര്‍മാരാണെന്ന് അവര്‍ പറയുന്നു. റിസോര്‍ട്ട് നിര്‍മാണ പ്രവൃത്തികളുടെ സബ് കോണ്‍ട്രാക്റ്റുകള്‍ നല്‍കിയിട്ടുണ്ട്. ഈ കോണ്‍ട്രാക്റ്റര്‍മാരാണ് തൊഴിലാളികളുടെ കൂലിയുടെ കാര്യത്തില്‍ വീഴ്ച വരുത്തിയതെന്നും റിസോര്‍ട്ട് അധികൃതര്‍ തൊഴിലാളി നേതാക്കളെ അറിയിക്കുന്നു. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ക്ക് സമയം വേണമെന്നും സമരം അവസാനിപ്പിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.

“പുതിയ ജനറല്‍ മാനേജര്‍ ചുമതലയേറ്റതേയുള്ളുന്നുവെന്നും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമയം നല്‍കണമെന്നുമാണ് റിസോര്‍ട്ടുകാര്‍ പറയുന്നത്. വ്യാഴാഴ്ച ഒരു ചര്‍ച്ച വച്ചിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ പരിഹാരം ഉണ്ടാക്കാമെന്നാണ് അവര്‍ പറയുന്നത്. അതുവരെ സമരത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അഭിപ്രായം തേടിയശേഷം റിസോര്‍ട്ടുകാരോട് മറുപടി പറയും. രണ്ടു ദിവസും കൂടി ക്ഷമിക്കാന്‍ തത്വത്തില്‍ തൊഴിലാളികള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. പക്ഷേ കൂട്ടിയ കൂലി നല്‍കി തുടങ്ങിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കെന്ന നിലപാടാണ് തൊഴിലാളികള്‍ക്ക്”- സിഐടിയു നേതാക്കള്‍ അഴിമുഖത്തോട് പറയുന്നു.

ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരനെതിരെ സിപിഎം വീശുന്ന മൂന്നു തലയുള്ള വാള്‍

“അവരെ ഇനിയും വിശ്വസിക്കണതെങ്ങനെയാണ്? എത്രനാളായി ഓരോന്നു പറഞ്ഞു ഞങ്ങളെ പറ്റിക്കുന്നു. എല്ലാ റിസോര്‍ട്ടിലും കൂലി കൂട്ടിക്കൊടുത്തു. ഇവിടെ മാത്രം അവര്‍ക്കതിനു വയ്യ. കോണ്‍ട്രാക്റ്റര്‍മാരാണ് കൂലി തരാത്തതെന്നു പറയുന്നു. ഈ പണി മുഴുവന്‍ ചെയ്യുന്നത് റിസോര്‍ട്ടുകാര്‍ക്കുവേണ്ടിയാണല്ലോ, അപ്പോള്‍ അവര്‍ക്കു ഞങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്വം ഒന്നുമില്ലേ? കൂട്ടിയ കൂലി ചോദിച്ച് ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് മാസം കുറേ ആയി. ഇപ്പോള്‍ പറയുന്നു രണ്ടു ദിവസം കൂടി സമയം തരണമെന്ന്. രണ്ടു ദിവസം കഴിയുമ്പോള്‍ ഞങ്ങളുടെ കാശ് തരാമെന്നല്ല, ഒരു ചര്‍ച്ച കൂടി നടത്താമെന്നാണ് പറഞ്ഞത്; ആ ചര്‍ച്ച കൊണ്ടെന്ത് നടക്കാനാ?” തൊഴിലാളികള്‍ ഒന്നടങ്കം തങ്ങളുടെ വികാരം പങ്കുവയ്ക്കുന്നതിങ്ങനെയാണ്.

"</p

“റിസോര്‍ട്ടുകാര്‍ പറയുന്നത് അവര്‍ നേരിട്ട് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കൂലി കുടിശ്ശിക എണ്‍പതിനായിരത്തോളം രൂപ മാത്രമാണ്, എന്നാല്‍ സബ് കോണ്‍ട്രാക്ടര്‍മാരാണ് നാലുലക്ഷത്തിനു മുകളില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാനായി കോണ്‍ട്രാക്റ്റര്‍മാരെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി കുടിശ്ശിക തീര്‍ക്കാനും കൂട്ടിയ കൂലിയനുസരിച്ച് തൊഴിലാളികള്‍ക്ക് വേതനം കൊടുക്കാമെന്നുമാണ് ഇപ്പോള്‍ റിസോര്‍ട്ടുകാര്‍ പറയുന്നത്. പുതിയ ജനറല്‍ മാനേജര്‍ സ്ഥാനമേറ്റിട്ട് ദിവസങ്ങള്‍ ആയിട്ടേയുള്ളൂവെന്നതും അവര്‍ കാരണമായി പറയുന്നു. അവരുടെ കൈയിലുള്ള തൊഴിലാളികളുടെ ലിസ്റ്റും യൂണിയന്‍ നല്‍കിയ ലിസ്റ്റും ഒത്തു നോക്കണമെന്നൊക്കെയാണ് പറയുന്നത്. ഈ പറയുന്നതിലൊന്നും ന്യായമില്ല. തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്‍കാതിരുന്നിട്ട് മാസങ്ങളായി. ഇതുവരെ യാതൊരു ഇടപെടലും റിസോര്‍ട്ടുകാര്‍ നടത്തിയില്ല. കോണ്‍ട്രാക്ടുമാരില്‍ പഴി ചാരി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍, അവര്‍ക്കുവേണ്ടി പണിയെടുക്കുന്ന തൊഴിലാളികളുടെ കാര്യത്തില്‍ ഉത്തരവാദിത്തവുമില്ലെന്നാണോ നിരാമയ റിസോര്‍ട്ടുകാര്‍ പറയുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവര്‍ എന്നു പറയുന്ന ഏഷ്യാനെറ്റ് ചാനലിന്റെ തലവന്റെ റിസോര്‍ട്ടിലാണ് തൊഴിലാളി വഞ്ചന നടക്കുന്നതെന്നതും ശ്രദ്ധിക്കണം. കഴിഞ്ഞ മാസം 22 ന് കൂലിയുടെ കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന് റിസോര്‍ട്ട് അധികൃതര്‍ വാക്ക് പറഞ്ഞതാണ്. പക്ഷേ അവര്‍ വഞ്ചിച്ചു. റിസോര്‍ട്ടിന്റെ ഭാഗത്തു നിന്നും തങ്ങള്‍ തുടര്‍ച്ചയായി വഞ്ചിക്കപ്പെടുന്നതിന്റെ രോഷം തൊഴിലാളികളില്‍ ഇപ്പോഴുണ്ട്. പാര്‍ട്ടി ഇനികാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യില്ല;” സിപിഎം നേതാവ് പ്രസന്നകുമാരി സ്വാമിനാഥന്‍ പറയുന്നു.

ഏഷ്യാനെറ്റ് ഉടമയുടെ കയ്യേറ്റം; നടപടിയുണ്ടാകുമെന്ന് ജില്ലാകളക്ടര്‍

സമരം തുടരണമെന്ന വാശിയിലാണെങ്കിലും രണ്ടു ദിവസത്തെ സമയം കൂടി റിസോര്‍ട്ടുകാര്‍ക്ക് നല്‍കാമെന്ന ധാരണയോട് പാതി മനസോടെ സമ്മതിക്കുമ്പോഴും അതിനപ്പുറം തങ്ങളെ ഇനിയും വഞ്ചിക്കാന്‍ നിരാമയ റിസോര്‍ട്ടുകാരെ അനുവദിക്കില്ലെന്നാണ് സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പിച്ചു പറയുന്നത്. “ഈ റിസോര്‍ട്ട് പൂര്‍ത്തിയായി കഴിയുമ്പോള്‍ നാട്ടുകാരായ ഞങ്ങളെ ഒരാളെ പോലും ഇവര്‍ ഒരു തൊഴിലിനായും ഇതിനകത്ത് കയറ്റില്ലെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. ഇപ്പോള്‍ ചെയ്യുന്ന പണിക്കെങ്കിലും അര്‍ഹിച്ച കൂലി തരാതെ അവരുടെ വഞ്ചനയ്ക്ക് നിന്നു കൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കവുമല്ല. വലിയവര്‍ക്ക് മാത്രം ഇവിടെ ജീവിച്ചാല്‍ മതിയോ?” അമ്പത്തിയഞ്ചു കഴിഞ്ഞ സുകുമാരിയുടെ ചോദ്യം.

കുമരകത്ത് കായല്‍ കയ്യേറി രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട്; ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒളിച്ചു കളിച്ച് റവന്യൂ വകുപ്പ്‌; പരാതിയുമായി പ്രസിഡന്റ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍