UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെപിസിസി കെട്ടിട നിര്‍മ്മാതാവിന് പണം നല്‍കിയില്ല, സോണിയ ഗാന്ധി കോടതി കയറുന്നു

അഴിമുഖം പ്രതിനിധി

കെപിസിസി രാജീവ് ഗാന്ധിയുടെ പേരില്‍ സ്മാരകം നിര്‍മ്മിച്ചതിന്റെ പണം നല്‍കാത്തതിനാല്‍ കരാര്‍ ഏറ്റെടുത്തിരുന്ന ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പ്രധാനപ്രതിയാക്കി കോടതിയെ സമീപിച്ചു. 2.80 കോടിയിലധികം രൂപയാണ് ഹീതറിന് കെപിസിസി നല്‍കേണ്ടത്. ഈ തുക 13.5 ശതമാനം പലിശയും ചേര്‍ത്ത് ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഹീതര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹീതറിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി സോണിയക്ക് നോട്ടീസ് അയച്ചു. അതേസമയം പണം നല്‍കി ഒത്തുതീര്‍പ്പിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, പുതുപ്പള്ളി എംഎംഎല്‍ ഉമ്മന്‍ചാണ്ടി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലെപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഹിദൂര്‍ മുഹമ്മദ് എന്നിവരേയും പ്രതിചേര്‍ത്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2013 സെപ്തംബറില്‍ പ്രധാന കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും സോണിയ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പണം നല്‍കാന്‍ വൈകില്ലെന്ന് കെപിസിസി ഉറപ്പ് നല്‍കിയിരുന്നതിനാല്‍ ബാങ്ക് വായ്പ എടുത്താണ് ഹീതര്‍ കെട്ടിടം നിര്‍മ്മിച്ചത്. 2,80,40,376 രൂപയാണ് ചെലവായത്.

ഇതിനിടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വിഎം സുധീരന്‍ വരികയും ഇത്രയും ഭീമമായ തുകയ്ക്കുള്ള സംരംഭം കെപിസിസിയ്ക്ക് ആവശ്യമില്ലെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തു. സോണിയയുടെ മുന്നില്‍ ഹീതര്‍ പ്രശ്‌നം എത്തിച്ചതിനെ തുടര്‍ന്ന് പണം നല്‍കാന്‍ അവര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതാണ് ഹീതറിനെ കോടതി കയറാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും പടലപ്പിണക്കങ്ങളുമാണ് സോണിയയെ കോടതി കയറ്റുന്നതില്‍ എത്തിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍