UPDATES

ട്രെന്‍ഡിങ്ങ്

കയ്യേറ്റക്കാരന്‍, കയ്യേറ്റക്കാരുടെ രക്ഷകന്‍, തോട്ടം മുതലാളിമാരുടെ ‘കങ്കാണി’; സബ് കളക്ടറെ അപമാനിച്ച രാജേന്ദ്രന്‍ എംഎല്‍എക്കെതിരായ ആരോപണങ്ങള്‍

സ്വതന്ത്രമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഉദ്യോഗസ്ഥരുടെ എതിരിടാനാവാത്ത വെല്ലുവിളിയാണ്‌ രാജേന്ദ്രന്‍ എംഎല്‍എ

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനൊപ്പം എന്നും വിവാദങ്ങളുമുണ്ടായിരുന്നു. ‘അവള് ബുദ്ധിയില്ലാത്തവള്‍. ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു’ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞ ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച് രാജേന്ദ്രന്‍ എംഎല്‍എ നടത്തിയ പ്രസംഗമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. കയ്യേറ്റക്കാരനെന്നും കയ്യേറ്റക്കാരുടെ സംരക്ഷകനെന്നും തോട്ടം മുതലാളിമാരുടെ കയ്യാളെന്നും പേരുകേട്ടിട്ടുള്ള രാജേന്ദ്രന്‍ എംഎല്‍എ, സ്വതന്ത്രമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഉദ്യോഗസ്ഥരുടെ എതിരിടാനാവാത്ത വെല്ലുവിളിയുമാണ്.

മൂന്നാറിലെ തോട്ടം തൊഴിലാളിയുടെ മകനായ രാജേന്ദ്രന്‍ തമിഴ് വംശജനാണ്. തമിഴ്‌നാട്ടില്‍ നിന്ന് പ്രീയൂണിവേഴ്‌സിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കി മൂന്നാറില്‍ മടങ്ങിയെത്തിയ രാജേന്ദ്രന്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ തുടക്കമിട്ട റൂറല്‍ ഫങ്ഷണല്‍ ലിറ്ററസി പ്രോഗ്രാം സൂപ്പര്‍വൈസറായി കരാറടിസ്ഥാനത്തില്‍ ജോലി ലഭിച്ചു. അന്ന് എംഎല്‍എയായിരുന്ന ജി വരദനുമായി ചങ്ങാത്തത്തിലായത് അവിടെ നിന്നാണ്. ജോലിയുടെ കരാര്‍ അവസാനിച്ചപ്പോള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. എസ് സുന്ദര മാണിക്യത്തിനും കെ ബാലസുബ്രഹ്മണ്യത്തിനും ഏറ്റ തോല്‍വിയ്ക്ക് പരിഹാരം കാണാനും മണ്ഡലം തിരിച്ചുപിടിക്കാനുമായി സിപിഎം ഇറക്കിയ തുറുപ്പുചീട്ടായിരുന്നു എസ് രാജേന്ദ്രന്‍. തമിഴ് വംശജര്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്ന രാജേന്ദ്രന്‍ പാര്‍ട്ടി പ്രതീക്ഷിച്ചത് പോലെ വിജയം നേടുകയും ചെയ്തു.

എന്നാല്‍ പിന്നീട് വിഎസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ യജ്ഞത്തെ ഏറ്റവുമധികം എതിര്‍ത്തതും പ്രതിസന്ധി സൃഷ്ടിച്ചതും എസ് രാജേന്ദ്രന്‍ എംഎല്‍എ ആയിരുന്നു. എംഎല്‍എ യും സംഘവും പണം വാഗ്ദാനം ചെയ്ത് എത്തിയെന്നും കയ്യേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തി പോയില്ലെങ്കില്‍ തക്കഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ദൗത്യസംഘത്തിന് നേതൃത്വം നല്‍കിയിരുന്ന സുരേഷ്‌കുമാര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് എസ് രാജേന്ദ്രന്‍ എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന് വിഎസ് അച്യുതാനന്ദന്‍ പോലും പരസ്യമായി പ്രതകരണവും നടത്തിയിരുന്നു. മൂന്നാറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനും രാജേന്ദ്രന്‍ നേതൃത്വം നല്‍കി.അനധികൃത കയ്യേറ്റങ്ങള്‍ പിഴയീടാക്കി റഗുലറൈസ് ചെയ്ത് നവീന മൂന്നാര്‍ എന്ന ആശയം നിവേദിത പി ഹരന്‍ മുന്നോട്ട് വച്ചപ്പോള്‍ ശക്തമായി എതിര്‍ത്തതും രാജേന്ദ്രനും സംഘവുമാണ്.

ഭൂമി കയ്യേറ്റ വിഷയങ്ങളിലും രാജോന്ദ്രന്റെ പേര് നിരവധി തവണ ഉയര്‍ന്ന് കേട്ടു. കെഎസ്ഇബിയുടെ ഭൂമി കയ്യേറിയ കേസില്‍ പ്രതിയാണ് രോജേന്ദ്രന്‍ എംഎല്‍എ. ഡിവൈഎഫ്‌ഐ നേതാവായിരിക്കെയായിരുന്നു ഈ കയ്യേറ്റം. ഈ കേസില്‍ കെഎസ്ഇബിക്ക് അനുകൂലമായി വിധി വരികയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേ ഭൂമിയുടെ സര്‍വേ നമ്പര്‍ തിരുത്തി നല്‍കണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ അപേക്ഷ നല്‍കിയത് വീണ്ടും വിവാദമായി. മൂന്നാറില്‍ അദ്ദേഹം താമസിക്കുന്ന വീടും ഭൂമിയും മറ്റൊരു സ്ത്രീയുടെ പേരില്‍ പട്ടയം നല്‍കിയതാണ്. പട്ടയ ഭൂമിയില്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്.

ഇടുക്കി കളക്ടര്‍മാരും സബ്കളക്ടര്‍മാരുമായി എത്തുന്നവര്‍ക്ക മുന്നില്‍ ഭീഷണികളും മുന്നറിയിപ്പുകളും അധിക്ഷേപങ്ങളുമായി എത്തുന്നവരാണ് മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍. ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല രാജേന്ദ്രന്റെ ഇടപെടലും. സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥാനചലനത്തിനു പിന്നിലും രാജേന്ദ്രന്റെ പങ്ക് ഉയര്‍ന്നുകേട്ടു. കയ്യേറ്റങ്ങളെ ചോദ്യം ചെയ്യുന്ന, കയ്യേറ്റങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ എടുക്കുക എന്നത് മൂന്നാര്‍ രാഷ്ട്രീയക്കാരുടെ പൊതുശീലമായാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാറിലെ പ്രാദേശിക പാര്‍ട്ടി നേതാക്കളില്‍ ബഹുഭൂരിപക്ഷവും എക്കാലവും കയ്യേറ്റക്കാരുടേയും തോട്ടം മുതലാളിമാരുടേയും പാവകളായിരുന്നു. ടാറ്റയ്ക്ക് വേണ്ടിയും കയ്യേറ്റക്കാര്‍ക്ക് വേണ്ടിയും പരസ്യമായി രംഗത്തിറങ്ങുകയും കയ്യേറ്റക്കാരെ തൊട്ടാല്‍ കൈപൊള്ളിക്കുകയും ചെയ്യുന്ന നടപ്പുരീതിയാണ് ഇടുക്കിയില്‍, പ്രത്യേകിച്ച് മൂന്നാറില്‍ ഉള്ളത്. ടാറ്റയുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന, കയ്യേറ്റക്കാരെ സംരക്ഷിക്കുകയും സ്വയം കയ്യേറ്റങ്ങള്‍ നടത്തുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധിയാണ് രാജേന്ദ്രനെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. ടാറ്റയുടെ ആളായി നില്‍ക്കുകയും എന്നാല്‍ തൊഴിലാളികള്‍ക്കൊപ്പമുണ്ടെന്ന് പറയുകും ചെയ്യുന്ന രാജേന്ദ്രനെതിരെ പെമ്പുളൈ ഒരുമൈ സമരക്കാര്‍ പ്രതികരിച്ചിരുന്നു. സമരസ്ഥലത്തെത്തിയ രാജേന്ദ്രനെ പെമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍ ചൂലെടുത്ത് ആട്ടിയോടിച്ചത് കേരളം കണ്ടതാണ്.

മൂന്നാം തവണയും രാജേന്ദ്രനെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയത് വിജയസാധ്യത മാത്രം കണക്കിലെടുത്താണ്. തമിഴ് വംശജരുടെ വോട്ടുകള്‍ കഴിഞ്ഞ രണ്ട് തവണത്തേതിന് വിപരീതമായി ഇത്തവണ രാജേന്ദ്രനൊപ്പം നിന്നുരുന്നില്ല. എന്നാല്‍ കര്‍ഷകത്തൊഴിലാളി വോട്ടുകള്‍ അദ്ദേഹത്തിന് തുണയായി. വിവാഹ വീടുകളില്‍ ഒരു പവന്‍ സമ്മാനം നല്‍കിയും, വിവാഹങ്ങള്‍ക്കും മരണത്തിനും വീടുവീടാന്തരം കയറിയിറങ്ങിയും ജനങ്ങളുടെ പിന്തുണ നേടാനുള്ള കഴിവും രാജേന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയായി നിര്‍ത്താനുള്ള കാരണമായി അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍ വന്‍കിട മുതലാളിമാരുടെ കാന്‍ഡിഡേറ്റ് ആയി തന്നെയാണ് രാജേന്ദ്രന്‍ വീണ്ടുമെത്തിയതെന്ന് വിമര്‍ശകര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍