UPDATES

ഓടി തുടങ്ങും മുമ്പേ വിവാദങ്ങള്‍ ചൂളംകുത്തുന്ന കൊച്ചി മെട്രോ റെയില്‍

ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ നിന്നിറങ്ങും മുമ്പും കൊച്ചി മെട്രോ ‘ഉദ്ഘാടനം’ ചെയ്തിരുന്നു

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ കേരളത്തിലും മോട്രോ റെയില്‍ ഓടിത്തുടങ്ങുമെന്ന് ഏതായാലും ഉറപ്പായിട്ടുണ്ട്. മെട്രോ റെയിലിന്റെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടമാണ് ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുന്നത്.

മലയാളികളെ സംബന്ധിച്ച് ആകാംഷയുടെ ദിവസങ്ങളാണ് ഇനിയുള്ളത്. ഡല്‍ഹിയിലും ബംഗളുരുവിലുമൊക്കെ കണ്ട് പരിചയിച്ച മെട്രോ റെയിലിനെ സ്വന്തം മണ്ണിലും വരവേല്‍ക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നു. പലര്‍ക്കും പ്രതീക്ഷകളുമാണുള്ളത്. ആ പ്രതീക്ഷകളൊക്കെ മെട്രോ റെയില്‍ സഫലമാക്കുമോയെന്ന് അറിയാന്‍ ഉദ്ഘാടനം കഴിയും വരെ കാത്തിരിക്കുക തന്നെ വേണം. എന്നാല്‍ ഓടുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍ ചൂളംകുത്തുന്ന അവസ്ഥയാണ് കൊച്ചി റെയിലിന്റേത്.

ഉദ്ഘാടനം സംബന്ധിച്ച് തന്നെ ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നു. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന ഘടകം ആരോപണവുമായി രംഗത്തെത്തിയതോടെയാണ് ഉദ്ഘാടനം വിവാദത്തിലായത്. അവരുടെ ആരോപണത്തിന് കഴമ്പില്ലാതെയുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവ് പോലെ വിദേശ യാത്രയ്ക്ക് പോകുന്ന തിയതികള്‍ മുന്‍കൂട്ടി തന്നെ വിദേശകാര്യമന്ത്രാലയം വഴി എല്ലാവരെയും അറിയിക്കുന്നതാണ്. എന്നിട്ടും അദ്ദേഹം ഇന്ത്യയിലില്ലാത്ത ദിവസം നോക്കി ഉദ്ഘാടനം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ അവര്‍ വിമര്‍ശിക്കുകയല്ലാതെ എന്ത് ചെയ്യും?

മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഈ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഈമാസം മുപ്പതിന് മെട്രോ റെയിലിന്റെ ഉദ്ഘാടനം നടക്കുമെന്നും അതിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം സമ്മേളനത്തില്‍ ആദ്യം പറഞ്ഞത്. അതേസമയം പ്രധാനമന്ത്രി എത്തുമോയെന്ന കാര്യം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് പിന്നാലെ പ്രധാനമന്ത്രി വന്നില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കൂടി പറഞ്ഞതോടെ ബിജെപി നേതാക്കള്‍ക്ക് കൊണ്ടു. ബിജെപി നേതാക്കള്‍ കൂട്ടത്തോടെ സര്‍ക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും നേതാക്കളായ എംടി രമേശും കെ സുരേന്ദ്രനും സര്‍ക്കാരിന്റെത് അഹങ്കാരമാണെന്നാണ് പറഞ്ഞത്. പ്രധാനന്ത്രിയെ ഒഴിവാക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് ഇതെന്ന് എല്ലാവരും പറഞ്ഞു. കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കിയ മെട്രോ റെയിലിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കിയത് ദുഷ്ടലാക്കോടെയാണെന്നാണ് കുമ്മനം ആരോപിച്ചത്. കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ നിന്നും കേന്ദ്ര പ്രാതിനിധ്യം ഒഴിവാക്കുന്നത് കഴിഞ്ഞ ഒരു വര്‍ഷമായി കാണുന്ന കാഴ്ചയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. എന്നാല്‍ ഏതൊക്കെയാണ് ആ പദ്ധതികളെന്ന് ഉദാഹരണ സഹിതം വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

വിവാദം കൊഴുത്തതോടെ ഉദ്ഘാടന വാര്‍ത്ത തന്നെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തി. ഉദ്ഘാടന തിയതി നിശ്ചയിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിക്കുന്നത് അനുസരിച്ച് ഉദ്ഘാടന തിയതി പ്രഖ്യാപിക്കുമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. അതേസമയം പ്രധാനമന്ത്രി വന്നില്ലങ്കിലോ എന്ന ചോദ്യത്തിനാണ് താന്‍ മറുപടി പറഞ്ഞതെന്ന് പറഞ്ഞ് മന്ത്രി കടകംപള്ളിയും സംഭവത്തില്‍ നിന്നും തലയൂരി. ഏതാനും മണിക്കൂറുകള്‍ മാത്രം കത്തിനിന്ന ഒരു വിവാദത്തിന്റെ ചുരുക്കമാണ് ഇത്. അതേസമയം മെട്രോ റെയിലിന്റെ ഉദ്ഘാടനം സംബന്ധിച്ച വിവാദങ്ങള്‍ ഇന്നോ ഇന്നലെയോ അല്ല തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മെട്രോ റെയിലില്‍ ഒരു ഉദ്ഘാടനം നടത്തിയിരുന്നു. മുട്ടം യാര്‍ഡില്‍ നിന്നുള്ള മെട്രോ റെയിലിന്റെ ആദ്യ വണ്ടിയുടെ ഓട്ടമാണ് അന്ന് ഉമ്മന്‍ ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തത്. ട്രെയിനിന്റെ ട്രയല്‍ റണ്ണാണ് അന്ന് ഉദ്ഘാടനം ചെയ്തത്. അന്നേ ഇതേക്കുറിച്ച് പരിഹാസം ഉയര്‍ന്നിരുന്നു. മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും മാസങ്ങള്‍ വേണമെന്നിരിക്കെ ഉമ്മന്‍ ചാണ്ടി നടത്തുന്ന ഈ ഉദ്ഘാടനം പ്രഹസനമാണെന്നും അല്‍പ്പത്തമാണെന്നും വിമര്‍ശനങ്ങളുയര്‍ന്നു. മാസങ്ങള്‍ക്കകം മെട്രോ റെയില്‍ ട്രാക്കിലാകുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇത്തരത്തിലൊരു ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുന്നത് ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുമെന്ന് മുന്നില്‍ കണ്ടാണെന്നായിരുന്നു മറ്റൊരു വിമര്‍ശനം. മെട്രോ റെയിലിന്റെ യഥാര്‍ത്ഥ ഉദ്ഘാടനം നടത്താന്‍ യുഡിഎഫ് സര്‍ക്കാരിന് സാധിക്കില്ലെന്നും അതിനാല്‍ ആ ആഗ്രഹം ഇങ്ങനെ സാധിക്കുകയായിരുന്നുവെന്നുമായിരുന്നു മറ്റൊരു വിമര്‍ശനം.

അങ്ങനെ നോക്കിയാല്‍ ഇപ്പോള്‍ നടക്കുന്ന ഉദ്ഘാടനവും ധൃതിപിടിച്ചുള്ള ഉദ്ഘാടനം തന്നെയാണ്. കാരണം, ആലുവ മുതല്‍ മഹാരാജാസ് വരെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമായിരിക്കും മെട്രോ റെയിലിന്റെ ഉദ്ഘാടനമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. അതായത് ആദ്യം പറഞ്ഞ വാക്ക് എല്‍ഡിഎഫ് സര്‍ക്കാരും വിഴുങ്ങിയിരിക്കുന്നു. ഉദ്ഘാടനം അന്തമായി നീളുന്ന സാഹചര്യത്തിലാണ് ഇതെന്നാണ് വിശദീകരണം. മെട്രോ റെയിലിന്റെ രണ്ടാം ഘട്ടം നാല് മാസത്തിനകം പൂര്‍ത്തിയാകുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ സര്‍വീസ് കൊണ്ട് കാര്യമായ നേട്ടമൊന്നുമില്ലെന്നായിരുന്നു ഏതാനും മാസം മുമ്പ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ കെഎംആര്‍എല്ലിനോട് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ യുഡിഎഫിന്റെ കാലാവധി തീരുന്നതിന് മുമ്പ് അത് സാധ്യമായില്ല. പിന്നാലെ വന്ന പിണറായി സര്‍ക്കാരാണ് മഹാരാജസ് വരെയുള്ള പാതയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശിച്ചത്. ഈ വാക്കാണ് ഇപ്പോള്‍ മാറുന്നത്.

ആലുവ മുതല്‍ തൃപ്പൂണിത്തുറയിലെ പേട്ട വരെയാണ് കൊച്ചി മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. കലൂരില്‍ നിന്നും കാക്കനാട്ടേക്ക് മറ്റൊരു മെട്രോ റെയില്‍ പാതയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേടിക്കഴിഞ്ഞ ഈ പാത കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ്. അതേസമയം മഹാരാജാസ് ഗ്രൗണ്ട് കഴിഞ്ഞുള്ള മെട്രോ റെയില്‍ പാതയുടെ ഭൂമിയേറ്റെടുക്കല്‍ പോലും പലയിടങ്ങളിലും നടന്നിട്ടില്ല. മൂന്ന് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച മെട്രോ റെയില്‍ പിന്നെയും ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് 13 കിലോമീറ്ററെങ്കിലും നീക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചത്. ബാക്കിയുള്ള ദൂരം പിന്നിടാന്‍ ഇനിയുമേറെ കാലമെടുക്കുമെന്ന് സര്‍ക്കാരിന് തന്നെ ബോധ്യമായിട്ടുണ്ടാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തിയെന്നത് പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്ന നേട്ടം തന്നെയാണ്. അതിനാലാകും ആദ്യം പറഞ്ഞ മഹാരാജാസ് വരെയുള്ള നിര്‍മ്മാണം എന്നത് ഒഴിവാക്കി മുന്‍ സര്‍ക്കാര്‍ ഏതാണ്ട് ഫിനിഷിംഗ് പോയിന്റിലെത്തിച്ച ഭാഗം മാത്രമെടുത്ത് ഉദ്ഘാടനം ചെയ്യുന്നത്.

ബാക്കിയുള്ള നാല് വര്‍ഷ കാലയളവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അടുത്ത സര്‍ക്കാരിനാകും മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം. ഓരോ പദ്ധതികളും തങ്ങളുടെ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കേണ്ടത് ഓരോ സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണ്. പദ്ധതി പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിനാണ് അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള യോഗ്യതയും. എന്നാല്‍ ഉദ്ഘാടന ഫലകത്തില്‍ തങ്ങളുടെ പേര് കൊത്തിവയ്ക്കപ്പെടാനായി ഒരു പദ്ധതിയുടെ ഓരോ ഭാഗങ്ങളായി എടുത്ത് ഉദ്ഘാടനം ചെയ്യുന്ന സര്‍ക്കാരുകളുടെയും നടപടിയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍