UPDATES

ബ്ലോഗ്

കേരളത്തിലെ ഈ പഞ്ചായത്ത് കമല്‍ഹാസനെ അത്ഭുതപ്പെടുത്തി; കാരണങ്ങള്‍ ഇതാണ്

പണാധിപത്യത്തിനെ തകര്‍ത്ത് ജനാധിപത്യത്തെ വാഴിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കമലിന് ട്വന്റി-ട്വന്റി പോലൊരു കോര്‍പ്പറേറ്റ് സംവിധാനത്തെ മാതൃകയാക്കാന്‍ തോന്നുന്നത് എങ്ങനെയാണ്?

രാഷ്ട്രനിര്‍മാണത്തിനുള്ള ഉത്തമ ഉദാഹരണമാണ് കിഴക്കമ്പലം പഞ്ചായത്ത് എന്നാണ് കമല്‍ഹാസന്‍ അഭിപ്രായപ്പെടുന്നത്. തമിഴ്‌നാട്ടിലും ഇതേ മാതൃക പിന്തുടരുമെന്നും പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നുകൂടി അദ്ദേഹം പ്രഖ്യാപിച്ചു. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി-ട്വന്റിയുടെ നേതൃത്വത്തില്‍ ഗോഡ്‌സ് വില്ല എന്ന പേരില്‍ ഞാറല്ലൂര്‍ കോളനിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി വിജയകരമായി പൂര്‍ത്തീകരിച്ച 37 വീടുകളുടെ താക്കോല്‍ദാന ചടങ്ങ് നിര്‍വഹിക്കാന്‍ എത്തിയപ്പോഴായിരുന്നു കമല്‍ കിഴക്കമ്പം മോഡലിനെ പ്രകീര്‍ത്തിച്ചത്.

ഇത്തരമൊരു പ്രഖ്യാപനം നടത്തുന്ന കമല്‍ഹാസന്‍ ഇപ്പോള്‍ ഒരു സിനിമതാരമല്ല. രാഷ്ട്രീയ നേതാവാണ്. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകന്‍. വരുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയിരിക്കുന്നു. ഈയൊരു പശ്ചാത്തലം വച്ചാണ് കമലിന്റെ കിഴക്കമ്പം മോഡല്‍ പ്രകീര്‍ത്തനത്തെ ചര്‍ച്ച ചെയ്യേണ്ടത്. ജനാധിപത്യ സംവിധാനത്തില്‍ കിഴക്കമ്പലം മോഡലിനെ പിന്തുടരുമെന്നും അത് പ്രാബല്യത്തിലാക്കാന്‍ പരിശ്രമിക്കുമെന്നും പറയുന്ന രാഷ്ട്രീയക്കാരനായ കമല്‍ യാഥാര്‍ത്ഥ്യങ്ങള്‍ ചിന്തിച്ചാണോ ഇത്തരമൊരു നിലപാടിലേക്ക് പോയതെന്നത് ഗൗരവമേറിയൊരു ചിന്തയാണ്.

കമലിനെ അത്ഭുതപ്പെടുത്തിയതെന്തായിരിക്കാം?
കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി-ട്വന്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പദ്ധതികള്‍ ഒറ്റനോട്ടത്തില്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. രാഷ്ട്രീയസംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന ജനാധിപത്യ ഭരണത്തില്‍ ജനങ്ങള്‍ക്ക് കിട്ടാത്ത സൗകര്യങ്ങളായാണ് കിഴക്കമ്പലത്തെ വികസന പ്രവര്‍ത്തനങ്ങളെ ആഘോഷിക്കുന്നത്. ഞാറല്ലൂര്‍ കോളനിയില്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ മാത്രമല്ല, പഞ്ചായത്തിലെ എല്ലാവര്‍ക്കും വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ട്വന്റി-ട്വന്റി തയ്യാറെടുക്കുന്നത്. വീടിനു പുറമെ സഞ്ചാരയോഗ്യമായ റോഡുകള്‍, തെരുവ് വിളക്കുകള്‍, കുടിവെള്ള സംവിധാനം, കാര്‍ഡുകള്‍ പ്രകാരം കുറഞ്ഞ വിലയില്‍ പഴം-പച്ചക്കറി തുടങ്ങിയ ഭക്ഷണസാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍ ലഭ്യമാകുന്ന സ്റ്റാളുകള്‍, ആധുനിക സൗകര്യങ്ങളോടെ സ്‌കൂളുകള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നു, സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, എല്ലാവര്‍ക്കും വിവരസാങ്കേതിക വിദ്യയില്‍ പരിജ്ഞാനം നല്‍കുന്നു, സ്ത്രീകളുടെയും കുട്ടികളുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ പരിശീലനങ്ങളും സേവനവങ്ങളും നല്‍കുന്നു തുടങ്ങി ട്വന്റി-ട്വന്റിയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും കേള്‍ക്കുന്ന ഏതൊരാളും അഭിനന്ദനീയം എന്നെ പറയൂ. കമല്‍ഹാസന്‍ കേട്ട കിഴക്കമ്പലം കഥകള്‍ തീര്‍ച്ചയായും അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും അനുകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരിക്കാം.

കിഴക്കമ്പലത്ത് എങ്ങനെയിതെല്ലാം സാധ്യമാകുന്നു? കമല്‍ അറിയേണ്ടത്
കേരളത്തില്‍ മറ്റൊരു പഞ്ചായത്തിലും നടപ്പാക്കിയിട്ടില്ലാത്ത വിധം നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കിഴക്കമ്പലത്ത് എങ്ങനെ സാധ്യമാകുന്നു എന്നൊരു ചോദ്യമുണ്ട്. കിഴക്കമ്പലത്തിന് മാത്രമായി പ്രത്യേക ഫണ്ട് ലഭ്യമാകുന്നില്ല. പഞ്ചായത്തിന് സ്വന്തം നിലയ്ക്കും വലിയ ആസ്തിയില്ല. പിന്നെ ഈ പദ്ധതികള്‍ക്കെല്ലാം പണം ഉണ്ടാകുന്നത് ഏതുവഴി? ഒരു വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കൊടുക്കുന്നത് പരമാവധി നാല് മുതല്‍ ആറു ലക്ഷം വരെയാണ്. ആ പണം കൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ളൊരു വീട് നിര്‍മിക്കാനെ കഴിയൂ. എന്നാല്‍ ഞാറല്ലൂരില്‍ ട്വന്റി-ട്വന്റി നിര്‍മിച്ചു നല്‍കിയ വീടുകളുടെ ചെലവ് എത്രയായിരുന്നു? ഒരു വീടിന് 14 ലക്ഷം രൂപ ചെലവിലാണ് ഞാറല്ലൂര്‍ കോളനിയില്‍ വീടുകള്‍ നിര്‍മിച്ചത്. ഞാറല്ലൂരില്‍ മാത്രമല്ല, വിലങ്ങ് കോളനിയില്‍ 24, മാക്കിനിക്കരയില്‍ 4, കണ്ണംപുറം കോളനിയില്‍ 8- എന്നീ കണക്കുകളിലും വീടുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കുന്നവര്‍ക്ക് സ്വന്തം കൈയില്‍ നിന്നുകൂടി പണം ചെലവാക്കിയാലേ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നിടത്ത് 14 ലക്ഷത്തിന്റെ വീട് കിട്ടുന്ന കിഴക്കമ്പലംകാര്‍ക്ക് കൈയില്‍ നിന്നും ഒരു രൂപ പോലും ചെലവഴിക്കേണ്ടതില്ല. രണ്ട് ബെഡ് റൂമുകള്‍, ഹാള്‍, അടുക്കള ഉള്‍പ്പെടെ 750 സ്‌ക്വയര്‍ ഫീറ്റില്‍ ആണ് ഓരോ വീടും നിര്‍മിച്ചിരിക്കുന്നത്. ഓരോ വീട്ടിലും യൂറോപ്യന്‍ ക്ലോസറ്റ്, സിങ്ക്, ലൈറ്റുകള്‍, വാട്ടര്‍ സംവിധാനങ്ങള്‍ അടക്കം അത്യാവശ്യമായ ഫര്‍ണിച്ചറുകളും അടുക്കള ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്; സൗജന്യമായി. കൂടാതെ ട്വന്റി-ട്വന്റിയുടെ ആഭിമുഖ്യത്തില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ ഗൃഹോപകരണ സ്‌കീം ഉപയോഗിച്ച് പഞ്ചായത്തിലുള്ളവര്‍ക്ക് ഫാന്‍, ഫാന്‍സി ലൈറ്റുകള്‍, ഫര്‍ണിച്ചറുകള്‍, ഡൈനിംഗ് ടേബിള്‍, മിക്‌സി, െ്രെഗന്റര്‍, ബെഡ്, ടെലിവിഷന്‍, സോഫ സെറ്റ് എന്നിങ്ങനെയുള്ള സാധനങ്ങള്‍ അമ്പത് ശതമാനം ഡിസ്‌കൗണ്ടില്‍ വാങ്ങാനുള്ള അവസരവും നല്‍കിയിട്ടുണ്ട്.

ഈവക സൗകര്യങ്ങള്‍ കേള്‍ക്കുന്ന മറ്റൊരു പഞ്ചായത്തുകാരന് തങ്ങളുടെ ഭരണനേതൃത്വങ്ങളോട് തോന്നുന്ന വികാരം എന്തായിരിക്കും? എന്നാല്‍ ജനങ്ങളുടെ വിമര്‍ശനം കേട്ട് കിഴക്കമ്പം മോഡല്‍ നടപ്പാക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുമോ? എന്തിന് ഇത്രയും സാമ്പത്തിക ബാധ്യത വഹിച്ച് കിഴക്കമ്പം പഞ്ചായത്തിന് ഇതൊക്കെ സ്വയം നടത്താന്‍ കഴിയുമോ? ഇല്ല. അപ്പോള്‍ ആരാണ് ഇതൊക്കെ ചെയ്യുന്നത്? അവിടെയാണ് കമല്‍ ഹാസന്‍ എന്ന ജനാധിപത്യവാദി ചില കാര്യങ്ങള്‍ മനസിലാക്കേണ്ടത്. കിഴക്കമ്പം ഒരു കോര്‍പ്പറേറ്റ് മോഡല്‍ ആണ്. ജനാധിപത്യവും കോര്‍പ്പറേറ്റ് രീതികളും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്.

ട്വന്റി-ട്വന്റി എന്നാല്‍ കിറ്റെക്‌സ് ആണ്; കമല്‍ തിരിച്ചറിയേണ്ടത്
കിഴക്കമ്പലം പഞ്ചായത്തിന് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉള്ള പ്രത്യേകത എന്താണ്? ഒരു കോര്‍പ്പറേറ്റ് സംവിധാനം ഭരണം നടത്തുന്ന പഞ്ചായത്ത് എന്നതാണ് ആ പ്രത്യേകത. ജനാധിപത്യത്തിന്റെ ബുദ്ധമുട്ടുകള്‍ കോര്‍പ്പറേറ്റ് കമ്പനിക്ക് ഉണ്ടാകില്ല. ഒരു ഏകാധിപതിക്ക് തന്റെ ഇച്ഛാനുസരണം കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയുന്നതാണ് കോര്‍പ്പറേറ്റ് സംവിധാനം. ജനാധിപത്യത്തിന് അതിനാകില്ല. ഈ വ്യത്യാസമാണ് കിഴക്കമ്പലത്ത് കാണുന്നത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ എംഡി സാബു എം ജേക്കബ് നിയന്ത്രണം കൈയില്‍ വച്ചിരിക്കുന്ന ട്വന്റി-ട്വന്റി ആണ് കിഴക്കമ്പം പഞ്ചായത്ത് ഭരിക്കുന്നത്. സ്വതന്ത്രപ്രസ്ഥാനം എന്ന് പേരിട്ട് വിളിക്കുന്നെങ്കില്‍ പോലും ട്വന്റി-ട്വന്റി ഒരു കോര്‍പ്പറേറ്റ് നിയന്ത്രിത സംവിധാനം തന്നെയാണെന്നതില്‍ ഒരു സംശയവും വേണ്ട. സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ കോടികള്‍ ഒഴുക്കി കിഴക്കമ്പലത്ത് വികസനം കൊണ്ടുവരുന്നത് കിറ്റെക്‌സ് ആണ്. പുറമെ നിന്നു കേള്‍ക്കുമ്പോഴാണ് കിഴക്കമ്പലം പഞ്ചായത്തിന്റെ നേട്ടങ്ങളാണിതൊക്കെയൊന്ന് തോന്നുന്നത്. ആ പഞ്ചായത്തിനകത്ത് അന്വേഷണം നടത്തിയാല്‍ പഞ്ചായത്ത് എന്ന ജനാധിപത്യ സംവിധാനം വരയ്ക്ക് പുറത്താണ്. പകരം എല്ലാ നേട്ടങ്ങളുടെയും അവകാശം കൊണ്ടു പോകുന്നത് കിറ്റെക്‌സാണ്, അതായത് സാബു എം ജേക്കബ് എന്ന ബിസിനസുകാരന്‍. മൂന്നുവര്‍ഷത്തെ ശരാശരി അറ്റാദായത്തിന്റെ രണ്ടു ശതമാനം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിള്ളിറ്റ് ഫണ്ടായി ചെലവഴിക്കണമെന്നാണ് വ്യവസ്ഥയെങ്കില്‍ കിഴക്കമ്പലത്ത്(കിറ്റെക്‌സ് കമ്പനികള്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്!) കിറ്റെക്‌സ് സിഎസ്ആര്‍ ഫണ്ടായി ദശകോടികള്‍ ചെലവഴിക്കുന്നുണ്ട്. ഒരു കോര്‍പ്പറേറ്റ് കമ്പനി എന്തുകൊണ്ടായിരിക്കും ഇത്ര ഉദാരമതിയായി പ്രവര്‍ത്തിക്കുന്നു എന്ന് ചോദിച്ചാല്‍ കഥകള്‍ പലതും കേള്‍ക്കാമെങ്കിലും അതിനപ്പുറത്താണ് യാഥാര്‍ത്ഥ്യങ്ങള്‍. ഇത് പിന്തുടരാനും പ്രാബല്യത്തില്‍ വരുത്താനും കമല്‍ഹാസനെക്കാള്‍ മുന്‍പേ ചിലര്‍ മുന്നോട്ടു വന്നിട്ടുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ജനകീയ സംവിധാനങ്ങളോ അല്ല, അസല്‍ കോര്‍പ്പറേറ്റുകള്‍! 36 കോടിയൊക്കെയാണ് കിറ്റെക്‌സ് ഒരുഘട്ടത്തില്‍ സിഎസ്ആര്‍ ഫണ്ടായി പഞ്ചായത്തില്‍ ചെലവഴിച്ചത്. അതിന്റെ ലാഭം തിരിച്ചു പിടിച്ചതാകട്ടെ ഒരു പഞ്ചായത്ത് ഭരണം സ്വന്തമാക്കിയും.

എല്ലാം വെറുതെ കിട്ടണമെന്നാഗ്രഹിക്കുന്ന മധ്യവര്‍ഗ്ഗക്കാര്‍ ഭൂരിപക്ഷമായ രാജ്യമാണ് ഇന്ത്യ. ആര് തങ്ങള്‍ക്ക് ആവശ്യമുള്ളത് വെറുതെ തരുന്നു, അവരോട് കൂറു കാണിക്കാന്‍ മടിയില്ലാത്തവരുടെ ഇന്ത്യ. അടിമത്വത്തിലേക്ക് സ്വയം വീണുകൊടുക്കുന്നവന്റെ ഇന്ത്യ. ആ ഇന്ത്യയുടെ പ്രതിനിധിയാണ് കിഴക്കമ്പലം. ഈ ഉപമ ആ നാട്ടിലെ ജനങ്ങള്‍ സ്വയം പറഞ്ഞു തുടങ്ങിയതാണ്. ചോദ്യം ചെയ്യലുകള്‍ക്ക് അവകാശമില്ലാതെ, വിമര്‍ശകര്‍ക്ക് വിലക്ക് കിട്ടുന്ന, അനുസരണം മാത്രം ശീലമാക്കേണ്ടി വരുന്ന സ്ഥിതിയിലേക്ക് ഒരു പഞ്ചായത്ത് മറുന്നുവെങ്കില്‍ അതെങ്ങനെയാണ് ജനാധിപത്യത്തിന് മാതൃകയാകുന്നത്?

മിക്‌സിയും ടെലിവിഷനും സൈക്കിളും ഒരു രൂപയ്ക്ക് അരിയും ഇഡലിയുമൊക്കെ നല്‍കി ജനങ്ങളെ കൂടെ നിര്‍ത്തിയ രാഷ്ട്രീയ നേതാക്കളുടെ നാടാണ് തമിഴ്‌നാട്. അവിടെ ജനാധിപത്യമാണോ ഏകാധിപത്യമാണോ നടന്നിരുന്നതെന്ന് കമലിന് അറിയാത്തതല്ല. അത്തരം രാഷ്ട്രീയത്തിനെതിരെയാണ് കമല്‍ ശബ്ദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. മക്കള്‍ നീതി മയ്യത്തിന്റെ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും എന്താണെന്ന് കമല്‍ പലവുരു പറയുന്നുണ്ട്. പണാധിപത്യത്തിനെ തകര്‍ത്ത് ജനാധിപത്യത്തെ വാഴിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കമലിന് ട്വന്റി-ട്വന്റി പോലൊരു കോര്‍പ്പറേറ്റ് സംവിധാനത്തെ മാതൃകയാക്കാന്‍ തോന്നുന്നത് എങ്ങനെയാണ്?

കമല്‍ കിഴക്കമ്പലത്ത് വരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ഡല്‍ഹിയില്‍ വലിയൊരു റാലി നടന്നത്. ഇന്ത്യയിലെ കര്‍ഷകരുടെ റാലി. കൃഷിക്കാരനായതിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നവരുടെ പ്രതിനിധികളായിരുന്നു ഡല്‍ഹിയില്‍ തടിച്ചുകൂടിയത്. തമിഴ്‌നാട്ടില്‍ നിന്നുമുണ്ടായിരുന്നു ആയിരത്തോളം കര്‍ഷകര്‍; കൈയില്‍ തലയോടുകളും എല്ലിന്‍ കഷ്ണങ്ങളുമായി; ജീവനൊടുക്കിയ കര്‍ഷകരുടെ. ഇതിനു മുമ്പും അവര്‍ ഡല്‍ഹിയില്‍ പോയിരുന്നു. കോര്‍പ്പറേറ്റ് ഇന്ത്യയില്‍ സ്വന്തം അദ്ധ്വാനത്തിന് വിലയില്ലാതെ കടക്കാരായി മാറി, ജീവിതം വിഷം കുടിച്ചോ, കുരുക്കില്‍ മുറുക്കിയോ അവസാനിപ്പിക്കേണ്ടി വരുന്ന കര്‍ഷകരുടെ വലിയൊരു കൂട്ടം തമിഴ്‌നാട്ടില്‍ ഉണ്ട്. അവരെ രക്ഷിക്കുമെന്ന് ആണയിടുന്ന കമലിന് ട്വന്റി-ട്വന്റി എന്ന കോര്‍പ്പറേറ്റ് മാതൃക എങ്ങനെയാണ് അനുകരിക്കാന്‍ തോന്നുന്നത്?

കിഴക്കമ്പലം ഇന്ത്യന്‍ ജനാധിപത്യത്തോട് ചെയ്ത മൂന്നു തെറ്റുകള്‍

രാഷ്ട്രീയക്കാര്‍ മലിനമാക്കിയ കിഴക്കമ്പലം ഞങ്ങള്‍ ശുദ്ധമാക്കുകയാണ്; ട്വന്റി-ട്വന്റിയുടേത് സിംഗപ്പൂര്‍ മാതൃക: സാബു എം ജേക്കബ്- അഭിമുഖം

‘മുതലാളിയുടെ ആട്ടും തുപ്പും സഹിക്കാനില്ല’; കിറ്റക്സ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം; കിഴക്കമ്പലത്ത് മെമ്പര്‍മാരുടെ രാജി തുടരുന്നു

ലക്ഷംവീട് കോളനികള്‍ ഇനിയില്ല; ഭവനരംഗത്ത് മാതൃകയാകാനൊരുങ്ങി കിഴക്കമ്പലം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍