UPDATES

ട്രെന്‍ഡിങ്ങ്

അഗ്രീന്‍കോ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് എം കെ രാഘവന്‍ എം പി; കോഴിക്കോട് മണ്ഡലത്തിലെ ചുവരെഴുത്തുകള്‍ മാറുമോ?

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് തങ്ങളുടെ ആദ്യ സ്ഥാനാര്‍ത്ഥിയായി അനൗദ്യോഗികമായാണെങ്കിലും പ്രഖ്യാപിച്ചത് എം കെ രാഘവനെയാണ്

ശ്രീഷ്മ

ശ്രീഷ്മ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ട സിറ്റിംഗ് എം പി എം കെ രാഘവനെതിരേ അഴിമതിക്കേസ്. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രീന്‍കോ എന്ന സഹകരണ സ്ഥാപനത്തില്‍ എം.കെ രാഘവനും കൂട്ടരും 77 കോടി രൂപയുടെ തിരിമറി നടത്തിയെന്നും അതിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നുമുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. 2002ല്‍ രൂപീകരിച്ച കേരള സ്‌റ്റേറ്റ് അഗ്രോ കോഓപ്പറേറ്റീവ് ലിമിറ്റഡ് അഥവാ അഗ്രീന്‍കോ എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായി 2014 വരെയുള്ള കാലയളവില്‍ ഇരുന്നിട്ടുള്ളയാളാണ് എം.കെ രാഘവന്‍ എം പി.

ഈ കാലയളവിനിടയില്‍ സഹകരണ സ്ഥാപനത്തിനായി കൈതച്ചക്ക ഫാം ആരംഭിക്കാന്‍ സ്ഥലമേറ്റെടുത്തതിലും, ഉത്പാദനത്തിനായി വിവിധ യന്ത്രങ്ങളും മറ്റും വാങ്ങിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 2002-2014 കാലഘട്ടത്തില്‍ സ്ഥാപനത്തില്‍ നടന്നിട്ടുള്ള മിക്ക വരവുചെലവു കണക്കുകള്‍ക്കും ധനവിനിമയത്തിനും രേഖകളൊന്നും തന്നെ സൂക്ഷിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സഹകരണ വിജിലന്‍സ് ഡി.വൈ.എസ്.പിയായിരുന്ന മാത്യു രാജ് കള്ളിക്കാടന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് എം.കെ രാഘവന്‍ എംപിക്കും മാനേജിംഗ് ഡയറക്ടര്‍മാരായിരുന്നവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മൂന്നാം പ്രതിയാണ് എം.കെ രാഘവന്‍ എം.പി.

കര്‍ഷകര്‍ക്ക് ആവശ്യമായ കാര്‍ഷിക സാമഗ്രികള്‍ സംഭരിക്കുകയും കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സഹകരണ സംഘമാണ് അഗ്രീന്‍കോ. ഇത്തരത്തില്‍ വാങ്ങിക്കൂട്ടിയിട്ടുള്ള യന്ത്രസാമഗ്രികളുടെ ഇടപാടിലുള്ള തിരിമറികളും മറ്റും മറച്ചുവയ്ക്കുന്നതിനായി ദീര്‍ഘകാലത്തെ വരവുചെലവു കണക്കുകള്‍ രേഖപ്പെടുത്താതെ വിട്ടു എന്നാണ് ആരോപണം. ഇതിനോടൊപ്പം അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിച്ചുവെന്നും, കിട്ടാക്കടങ്ങളും കുടിശ്ശികയുമെല്ലാം ചേര്‍ത്ത് 77 കോടി രൂപയുടെ ബാധ്യത ഡയറക്ടര്‍ ബോര്‍ഡ് സ്ഥാപനത്തിന് ഉണ്ടാക്കിവച്ചു എന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളില്‍ നടന്ന ഓഡിറ്റില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി വിഷയം അന്വേഷിക്കുകയും വിശദമായ റിപ്പോടര്‍ട്ട് സമര്‍പ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, വഞ്ചന എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്. തങ്ങള്‍ക്കു ലഭിച്ച നിര്‍ദ്ദേശത്തിന്റെ പുറത്ത് കേസെടുക്കുകയായിരുന്നുവെന്നും, ഏതെല്ലാം തരത്തിലുള്ള ക്രമക്കേടുകളാണ് സ്ഥാപനത്തില്‍ നടന്നിരിക്കുന്നതെന്ന് വിശദമായ അന്വേഷണത്തിനു ശേഷമേ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നുമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പക്ഷം.

അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ത്തന്നെ സര്‍ക്കാര്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത് അതിനാലാണെന്നുമാണ് എം.കെ രാഘവന്‍ എം.പിയുടെ പ്രതികരണം. കേസ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ശോഭ കെടുത്തില്ലെന്ന് പ്രവര്‍ത്തകരും പറയുന്നുണ്ട്. എന്നാല്‍, സ്വാഭാവികമായി സംഭവിക്കുന്ന കേസ് മാത്രമാണിതെന്നും തെരഞ്ഞെടുപ്പുമായി കേസിന് പ്രത്യേകിച്ച് ബന്ധമില്ലെന്നുമാണ് സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ പക്ഷം. എം.കെ. രാഘവന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലുമില്ലങ്കിലും ഓഡിറ്റ് പരിശോധനയും അന്വേഷണവും സ്വാഭാവികമായിത്തന്നെ ഉണ്ടാകുമെന്നാണ് ഇടതുപക്ഷ നേതാക്കള്‍ ഉയര്‍ത്തുന്ന പ്രധാന വാദം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് തങ്ങളുടെ ആദ്യ സ്ഥാനാര്‍ത്ഥിയായി അനൗദ്യോഗികമായാണെങ്കിലും പ്രഖ്യാപിച്ചത് എം കെ രാഘവനെയാണ്. കോണ്‍ഗ്രസ് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നായി കണക്കാക്കുന്ന കോഴിക്കോട് എം.കെ രാഘവന്‍ തന്നെ മൂന്നാം തവണയും ജനവിധി തേടുമെന്ന് പറയുമ്പോള്‍ പാര്‍ട്ടി അത്ര ആത്മവിശ്വാസത്തോടയാണ്. മഹാജനയാത്രയുടെ കോഴിക്കോട്ടെ സ്വീകരണവേദിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുമ്പോള്‍ അണികള്‍ക്കോ പൊതുജനത്തിനോ വലിയ ആശ്ചര്യമൊന്നുമുണ്ടായില്ല താനും. കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരിയടക്കം പലയിടത്തും രാഘവനുവേണ്ടി ചുവരെഴുത്തുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ‘എം.കെ രാഘവന്‍ എം.പിയുടെ ഇടപെടല്‍ മൂലമുണ്ടായ വികസനനേട്ടങ്ങള്‍’ എന്ന തലക്കെട്ടോടു കൂടിയ കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രചരിക്കാനുമാരംഭിച്ചിട്ടുണ്ട്. 2009ല്‍ മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തുകയും, 2014ല്‍ വിജയരാഘവനെതിരെ ഭൂരിപക്ഷം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ച് ജയിച്ചു കയറുകയും ചെയ്ത ചരിത്രമുള്ള എം.കെ രാഘവന്‍ വീണ്ടും കളത്തിലിറങ്ങുമ്പോള്‍ വിജയം വീണ്ടും തങ്ങള്‍ക്കു തന്നെയെന്ന കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിനുമേലാണ് ഇപ്പോള്‍ കോടികളുടെ അഴിമതിക്കേസ് വന്നു വീണിരിക്കുന്നത്.

കോണ്‍ഗ്രസ് അങ്ങേയറ്റം ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചിരിക്കുന്ന ആദ്യ സ്ഥാനാര്‍ത്ഥിക്കു തന്നെ ദിവസങ്ങള്‍ക്കകം ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നതില്‍ തെരഞ്ഞെടുപ്പു പാളയം അസ്വസ്ഥമാണ്. മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു വൈകുമ്പോഴും, കോഴിക്കോട്ട് ആര് എന്ന ചോദ്യത്തിന് യു.ഡി.എഫിന് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. അത്രയധികം ഉറപ്പോടു കൂടി കോണ്‍ഗ്രസ് ഉറ്റു നോക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ എം.കെ രാഘവനെതിരായ അഴിമതിക്കേസ് ഏതു തരത്തിലുള്ള അനുരണനങ്ങളാണ് സൃഷ്ടിക്കുക എന്നാണ് ഇനി കണ്ടറിയേണ്ടത്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍