അബ്ദുള്‍ റസാഖിന്റെ അവകാശികളുടെ ആവശ്യം കെ സുരേന്ദ്രന്റെ അഭിഭാഷകന് തള്ളിയിട്ടുണ്ട്.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വൈകും. ഹരജിക്കാരനായ കെ സുരേന്ദ്രന് കേസ് പിന്‍വലിക്കണമെങ്കില്‍ കോടതിച്ചെലവ് നല്‍കണമെന്ന് മുന്‍ എംഎല്‍എ അബ്ദുള്‍ റസാഖിന്റെ അവകാശികള്‍ വാദിക്കുന്നതാണ് കേസിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. കോടതിച്ചെലവ് നല്കി കേസ് പിന്‍വലിക്കാനാകില്ലെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ കെ സുരേന്ദ്രന് പറയുന്നത്.
ഹരജി പിന്‍വലിക്കാനുള്ള സുരേന്ദ്രന്റെ അപേക്ഷയില്‍ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് എതിര്‍ഭാഗം ഇത്തരമൊരു ആവശ്യവുമായി എത്തിയിരിക്കുന്നത്.
അബ്ദുള്‍ റസാഖിന്റെ അവകാശികളുടെ ആവശ്യം കെ സുരേന്ദ്രന്റെ അഭിഭാഷകന് തള്ളിയിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
സാക്ഷികള്‍ക്ക് സമന്‍സ് നല്കാന് പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്ന് സുരേന്ദ്രന് കോടതിയെ അറിയിച്ചു. സാക്ഷിവിസ്താരം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന് നേരത്തെ പിന്‍വാങ്ങിയിരുന്നത്.
265 കള്ളവോട്ടുകള്‍ നടന്നതിന്റെ കണക്കാണ് സുരേന്ദ്രന് കോടതിക്ക് നല്‍കിയത്. 69 സാക്ഷികളെ വിളിച്ചുവരുത്താൻ ബാക്കിനിൽക്കെയാണ് കേസ് പിൻവലിച്ച് എതിരാളികളെ രാഷ്ട്രീയമായി നേരിടാന്‍ സുരേന്ദ്രന് തീരുമാനിച്ചത്. നേരിട്ട് ഹാജരാകാനായി ഹൈക്കോടതി സമൻസ് അയച്ച സാക്ഷികളിൽ ഏറെപ്പേരും അവ കൈപ്പറ്റാൻ തയ്യാറായില്ല. സമൻസ് നേരിട്ട് ഏല്‍പ്പിക്കാന്‍ കഴിയാത്ത വിധം ഭീഷണിയുള്ളതായി ഹൈക്കോടതി നിയോഗിച്ച ദൂതന്മാര് രേഖാമൂലം റിപ്പോര്‍ട്ട് നല്കി. 89 വോട്ടിന്റെ വ്യത്യാസത്തിലാണ് സുരേന്ദ്രൻ മഞ്ചേശ്വരത്തു തോറ്റത്.