UPDATES

ദിലീപിനു മേല്‍ കുരുക്ക് മുറുകി; ഒരു സ്ത്രീക്കെതിരെയുണ്ടായ ആസൂത്രിത ആക്രമണമെന്നും കോടതി

ജാമ്യം നിഷേധിക്കാന്‍ കാരണമായത് പ്രോസിക്യൂഷന്റെ പഴുതടച്ച വാദങ്ങള്‍

മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ഇന്ന് ജാമ്യം നിഷേധിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ദിലീപിന് ഉടനെയെങ്ങും ജയിലിന് പുറത്തിറങ്ങാനാകില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സുപ്രിം കോടതിയെ സമീപിച്ചാലും അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാനാകും ഉത്തരവുണ്ടാകുക. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കുകയോ അന്വേഷണത്തില്‍ പുരോഗതിയില്ലാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ഇനി ദിലീപിന് ജാമ്യത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. ഇന്നത്തെ വിധിയുടെ പശ്ചാത്തലത്തില്‍ അതുവരെയും ദിലീപ് ജയിലില്‍ കഴിയേണ്ടി വരും.

ഫെബ്രുവരി 17-നാണ് കേരളത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിനേക്കാള്‍ കേസില്‍ ദിലീപിന്റെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോഴാണ് മലയാള സിനിമ മേഖല ഒന്നടങ്കം ഈ വിഷയത്തില്‍ ഇടപെട്ടതെന്ന് പറയാം. അതിനാല്‍ തന്നെ ദിലീപിന്റെ അറസ്റ്റ് ഈ മേഖലയിലെ പ്രമുഖരെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

കേസിന്റെ നാള്‍വഴികള്‍

2017 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രിയില്‍ കൊച്ചിയില്‍ ദേശീയപാതയില്‍ വച്ച് നടിയുടെ കാര്‍ ആക്രമിച്ച സംഘം നടിയെ ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. പിറ്റേന്ന് തന്നെ സംഭവസമയത്ത് കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആന്റണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഫെബ്രുവരി 19ന് മാര്‍ട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരും അറസ്റ്റിലായി. അന്നുതന്നെ നടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച വാന്‍ തമ്മനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ഫെബ്രുവരി 20ന് പ്രതികളിലൊരാളായ മണികണ്ഠനെ പാലക്കാട് കെഎസ്ആര്‍ടിസി ബസില്‍ നിന്നും പിടികൂടി.

ഫെബ്രുവരി 23ന് കീഴടങ്ങാനായി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ സുനില്‍കുമാറിനെയും വിജീഷിനെയും ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടി.

ഫെബ്രുവരി 24ന് ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഒരു സ്ത്രീയുടെ ക്വട്ടേഷനാണ് ഇതെന്ന് സുനി നടിയോട് പറഞ്ഞതായി ആക്രമണത്തിന് ശേഷം നടി അഭയം തേടിയ സംവിധായകനും നടനുമായ ലാലിന്റെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത് പോലീസിനെ വെട്ടിലാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ഫെബ്രുവരി 25ന് പള്‍സര്‍ സുനിയുമായി കൊച്ചിയില്‍ തെളിവെടുപ്പ്. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞ വെണ്ണലയിലെ ഓടയും പരിശോധിച്ചു. കേസില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ 48 മണിക്കൂര്‍ സത്യാഗ്രഹം ആരംഭിച്ചു.

ഫെബ്രുവരി 26ന് പള്‍സര്‍ സുനിയും വിജീഷും ഒളിവില്‍ താമസിച്ചിരുന്ന കോയമ്പത്തൂരിലും തെളിവെടുപ്പ്. കുറ്റകൃത്യത്തില്‍ പങ്കാളികളായ മാര്‍ട്ടിന്‍, മണികണ്ഠന്‍, പ്രദീപ്, വടിവാള്‍ സലിം എന്നിവരെ നടി തിരിച്ചറിഞ്ഞു.

ഫെബ്രുവരി 27ന് മാര്‍ട്ടിന്‍, വടിവാള്‍ സലിം, മണികണ്ഠന്‍, പ്രദീപ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഫെബ്രുവരി 28ന് ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് എറിഞ്ഞതായി പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയുടെ സഹായത്തോടെ കായലില്‍ തിരച്ചില്‍.

മാര്‍ച്ച് 1ന് സുനിയും കൂട്ടരും നടിയുടെ കാറിനെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

മാര്‍ച്ച് 4ന് നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫോണിനൊപ്പം അഭിഭാഷകന് കൈമാറിയ മെമ്മറി കാര്‍ഡിലെന്ന് സുനിയുടെ മൊഴി.

ജൂണ്‍ 18ന് കേസില്‍ സുനിയെ ഒന്നാം പ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്.

ജൂണ്‍ 21ന് പ്രതികളായ മാര്‍ട്ടിന്‍, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി

ജൂണ്‍ 23ന് അതിക്രമത്തിനിരയായ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

ജൂണ്‍ 24ന് കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി ബ്ലാക്ക്‌മെയിലിന് ശ്രമിക്കുന്നെന്ന് നടന്‍ ദിലീപ് ഡിജിപിയ്ക്ക് പരാതി നല്‍കി. വിഷ്ണു എന്നൊരാള്‍ വിളിച്ച് ഒന്നര കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. അന്ന് തന്നെ ദിലീപിന് സുനി എഴുതിയ കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ജൂണ്‍ 26ന് സുനിയുടെ സഹതടവുകാരായ സനല്‍, വിഷ്ണു എന്നിവര്‍ അറസ്റ്റിലായി.

ജൂണ്‍ 28ന് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ ആലുവ പോലീസ് ക്ലബ്ബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്തു.

ജൂണ്‍ 30ന് കേസിലെ തുടരന്വേഷണം എഡിജിപി ബി സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്ന് പോലീസ് മേധാവി സ്ഥാനത്തുനിന്നും വിരമിക്കുന്നതിന് തൊട്ടുമുമ്പ് ടിപി സെന്‍കുമാറിന്റെ നിര്‍ദ്ദേശം. അന്നുതന്നെ കേസുമായി ബന്ധപ്പെട്ട് കാവ്യമാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട് മാവേലിപുരത്തുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പരിശോധന.

ജൂലൈ ഒന്നിന് പള്‍സര്‍ സുനി കീഴടങ്ങാന്‍ തന്നെ സമീപിച്ചതായി അഡ്വ. ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. സുനിയുടെ സുഹൃത്തുക്കളായ മഹേഷ്, മനോജ് എന്നിവരാണ് ബന്ധപ്പെട്ടതെന്നും ഫെനിയുടെ മൊഴി.

ജൂലൈ രണ്ടിന് ഫെനി ബാലകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്നുതന്നെ ദിലീപിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സുനില്‍കുമാര്‍ വന്നത് സംബന്ധിച്ച് പോലീസിന് തെളിവ് ലഭിച്ചു.

ജൂലൈ നാലിന് ആലുവ പോലീസ് ക്ലബ്ബില്‍ അന്വേഷണസംഘത്തിന്റെ പ്രത്യേക യോഗം.

ജൂലൈ അഞ്ചിന് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയും നടന്‍ ധര്‍മ്മജന്റെയും മൊഴിയെടുത്തു.

ജൂലൈ ഏഴിന് ദിലീപിനെ ചോദ്യം ചെയ്തത് വേണ്ടത്ര തെളിവ് ശേഖരിക്കാതെയാണെന്ന് മുന്‍ ഡിജിപി സെന്‍കുമാറിന്റെ ആരോപണം.

ജൂലൈ 10ന് വൈകുന്നേരം ആറരയോടെ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ മുതല്‍ പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ പതിനൊന്നാം പ്രതിയായി ഉള്‍പ്പെടുത്തിയ ദിലീപിനെതിരെ ഐടി നിയം അനുസരിച്ചുള്ള രണ്ട് വകുപ്പുകള്‍ ഉള്‍പ്പെടെ മൊത്തം പതിനൊന്ന് വകുപ്പുകളാണ് ചേര്‍ത്തത്. പള്‍സര്‍ സുനിയ്ക്ക് ഒന്നര കോടി രൂപ വാഗ്ദാനം ചെയ്ത് നടിയെ ബലാത്സംഗം ചെയ്യാനും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനു ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇതിനായി പത്തൊമ്പത് തെളിവുകളും പ്രോസിക്യൂഷന്‍ നിരത്തുന്നുണ്ട്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഇന്ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. കോടതി വിധിയിലെ പ്രധാന നിരീക്ഷണങ്ങള്‍ പരിശോധിച്ചാല്‍ ദിലീപിനെതിരായ വിധി പ്രോസിക്യുഷന്റെ വിജയമാണെന്ന് മനസിലാക്കാം. ഇപ്പോഴും താന്‍ നിരപരാധിയാണെന്ന് ദിലീപ് വാദിക്കുന്നുണ്ടെങ്കിലും ദിലീപിനെതിരെ പ്രോസിക്യൂഷന്‍ നിരത്തുന്ന വാദഗതികളുടെ കരുത്താണ് ഇപ്പോഴത്തെ വിധിയ്ക്ക് കാരണം. കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നു. അപൂര്‍വവും ഗുരുതരവുമായ കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നത്. ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്ന കൃത്യമായ സാഹചര്യ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് സാധിച്ചു. ഒളിവിലുള്ള ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കണ്ടെത്തുകയും ചോദ്യം ചെയ്യേണ്ടതുമുണ്ട്. കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകനെയും വിശദമായി ചോദ്യം ചെയ്യണം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനായിട്ടില്ല. ഒരു സ്ത്രീക്കെതിരായ ഗുരുതരമായ കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നത്.

ഹര്‍ജിക്കാരന്‍ പുറത്തുവന്നാല്‍ ഇരയുടെ ജീവന് പോലും ഭീഷണിയുണ്ടാകുമെന്ന് കോടതിയ്ക്ക് ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ല. വളരെ ആസൂത്രിതമായി നടപ്പാക്കിയതിനാല്‍ സവിശേഷവും അപൂര്‍വവുമായ കേസായാണ് ഇതിനെ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിനും നടത്തിപ്പിനും പ്രതികള്‍ പാലിച്ച സൂക്ഷ്മത കോടതിയെ അത്ഭുതപ്പെടുത്തുന്നു. വ്യക്തിവിരോധത്തില്‍ നിന്ന് ഒരു സ്ത്രീക്കെതിരെയുണ്ടായ അതിക്രൂരമായ സംഭവമാണ് ഇത്. ചലച്ചിത്രരംഗത്തെ ഉന്നതനാണ് ദിലീപ് എന്നതിനാലും ചലച്ചിത്രരംഗത്തുള്ളവരാണ് കേസിലെ സാക്ഷികളധികവുമെന്നതിനാലും ജാമ്യം അനുവദിച്ചാല്‍ അവരെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മൊബൈലും മെമ്മറി കാര്‍ഡും പുറത്തുപോയാല്‍ പ്രത്യാഘാതം വലുതായിരിക്കും. പ്രതിയുടെ ലക്ഷ്യം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തുന്നു.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കേസിന്റെ ഈഘട്ടത്തില്‍ ഹര്‍ജിക്കാരന് ജാമ്യം അനുവദിക്കാനാകില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് വിധി പ്രഖ്യാപിച്ച ജസ്റ്റിസ് സുനില്‍ തോമസ് അറിയിച്ചു. അതിനാല്‍ ജാമ്യഹര്‍ജി പരാജയപ്പെട്ടെന്നും റദ്ദാക്കുന്നുവെന്നും 10 പേജുള്ള വിധിയില്‍ പറയുന്നു. ഈ കേസ് സുപ്രിംകോടതിയിലേക്ക് നീട്ടിയാലും ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാധ്യത തീരെയില്ലെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നതും പ്രോസിക്യൂഷന്‍ മുന്നോട്ട് വയ്ക്കുന്ന വാദങ്ങളുടെ കരുത്ത് കണക്കിലെടുത്താണ്.

കോടതി വിധിയുടെ പൂര്‍ണരൂപം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍