UPDATES

ട്രെന്‍ഡിങ്ങ്

വന്‍ വ്യവസായ കുടുംബത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ബന്ധുക്കളുടെ ശ്രമം; കൈയോടെ പിടികൂടി കോടതി

കേസ് വളരെ ഗൗരവമേറിയതാണെന്നും കോടതി നിര്‍ദ്ദേശിച്ച കേസ് ആയതിനാല്‍ പ്രാധാന്യത്തോടെയാണ് അന്വേഷണം നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി

മാനസികമായി വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ സ്വത്തു തട്ടിയെടുക്കാന്‍ ബന്ധുക്കളുടെ ശ്രമം. സാമ്പത്തിക ഇടപാടുകള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി ചമച്ച ബന്ധുക്കളുടെ തട്ടിപ്പ് പിടികൂടിയത് കോടതി. തട്ടിപ്പ് ബോധ്യപ്പെട്ട കോടതി കേസ് പോലീസിന് കൈമാറി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉടനടി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ചേര്‍ത്തല സബ് കോടതി മജിസ്‌ട്രേറ്റിന്റേത് അസാധാരണ നടപടി. കോടതി നിര്‍ദ്ദേശം വന്നതോടെ പോലീസ് കേസെടുത്തു. എന്നാല്‍ വ്യവസായി കുടുംബത്തിന് നേരെയുള്ള കേസ് ഏത് തരത്തില്‍ നീങ്ങുമെന്നറിയാതെ ആശങ്കയിലാണ് യുവതിയുടെ ചില ബന്ധുക്കള്‍.

ലിസി ജനിച്ചത് അതിസമ്പന്നരായ വ്യവസായി കുടുംബത്തിലാണ്. വ്യാപാരസ്ഥാപനങ്ങളുടേയും സ്വത്തുക്കളുടേയും ഉടമയാണ് മാനസിക വെല്ലുവിളി നേരിടുന്ന ലിസിയും. അച്ഛനും അമ്മയും സഹോദരനുമൊപ്പം ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. ചെറുപ്പം മുതല്‍ മാനസിക വെല്ലുവിളി നേരിടുന്ന ലിസിയെ തനിച്ചാക്കിയത് കുടുംബത്തെ ഒന്നാകെ മരണം കയ്യടക്കിയപ്പോഴാണ്. വളരെ ചെറുപ്പത്തിലേ അമ്മ മരിച്ചു. അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തു എങ്കിലും അവരും മരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛനേയും മരണം തട്ടിയെടുത്തു. പിന്നീട് സ്വന്തമെന്ന് പറയാന്‍ ലിസിക്ക് അവശേഷിച്ചിരുന്നത് ഒരു സഹോദരനാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരന്‍ ഒരു അപകടത്തില്‍ മരിച്ചതോടെ ലിസിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ആരുമില്ലാതായി. വ്യവസായിയുടെ സ്വത്തുക്കള്‍ മുഴുവന്‍ ലിസിയുടെ പേരിലേക്ക് വന്ന് ചേരുകയും ചെയ്തു.

ഇപ്പോള്‍ ലിസി തൃശൂരിലുള്ള മാനസിക വെല്ലുവിളി അനുഭവിക്കുന്നവരെ സംരക്ഷിക്കുന്ന ഒരു കേന്ദ്രത്തിലാണ്. വന്‍ തുക ഡെപ്പോസിറ്റ് ചെയ്ത് അവരെ ബന്ധുക്കള്‍ ഇവിടെ പ്രവേശിപ്പിക്കുകയായിരുന്നു. കണക്കറ്റ സമ്പത്തുണ്ടെങ്കിലും ഒന്നും തിരിച്ചറിയാന്‍ കൂടി കഴിയാത്ത അവസ്ഥയാണ് 55-കാരിയായ ലിസിക്ക്. അച്ഛന്റെ ബന്ധുക്കളാണ് അവ നോക്കി നടത്തിയിരുന്നത്. പവര്‍ ഓഫ് അറ്റോര്‍ണിയുടെ ബലത്തില്‍ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിരുന്ന പണം പിന്‍വലിച്ച് ലിസിയെ തൃശൂരിലെ കേന്ദ്രത്തിലാക്കിയതും ഇതേ ബന്ധുക്കള്‍ തന്നെ. പിന്നീടും ഇവര്‍ നിരവധി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി മറ്റു ബന്ധുക്കള്‍ ആരോപിക്കുന്നു. പണം പിന്‍വലിക്കുന്നതിനായി അടുത്ത ബന്ധുക്കള്‍ ഉണ്ടാക്കിയ പവര്‍ ഓഫ് അറ്റോണി വ്യജമാണെന്നും ഇവര്‍ പല ബാങ്കുകളില്‍ നിന്നും നിക്ഷേപങ്ങള്‍ പിന്‍വലിച്ചതായും മറ്റു ബന്ധുക്കള്‍ പറയുന്നു. “മോളെ തൃശൂരിലാക്കിയപ്പോള്‍ സമാധാനമായിരുന്നു. ആരും നോക്കാനില്ലാതെ വീട്ടില്‍ കഴിയുന്നതിലും നല്ലത് അതാണെന്ന് ഞങ്ങള്‍ സമാധാനിച്ചു. അസുഖമുള്ള കുട്ടിയായതിനാല്‍ ആര്‍ക്കും ഏറ്റെടുക്കാന്‍ പറ്റുന്ന അവസ്ഥയുമില്ലായിരുന്നു. കുറേ പണം കെട്ടി വച്ചതിന് ശേഷമാണ് തൃശൂരിലെ ആ സ്ഥാപനത്തില്‍ അവളെ താമസിപ്പിച്ചിരിക്കുന്നത്. ആ പണം പിന്‍വലിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. ഇനിയും ഇത് ആവര്‍ത്തിക്കുമല്ലോ എന്ന് സംശയിച്ചിരുന്നു. പക്ഷെ മോളുടെ സംരക്ഷണം തന്നെയാണ് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യം, അതുകൊണ്ടാണ് ആരോടും പരാതിപ്പെടാന്‍ പോവാതിരുന്നത്. ഇത് പക്ഷെ അവര്‍ തന്നെ സ്വയം വരുത്തിവച്ച് കേസാണ്. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്നല്ലേ. അവള്‍ക്ക് ഇതൊന്നും മനസ്സിലാക്കാന്‍ പറ്റില്ല. അത് അവര്‍ ദുരുപയോഗം ചെയ്തതാണ്. കോടതി ഇങ്ങനെയൊരു നടപടി എടുത്തത് ഏതൊക്കെയായാലും നന്നായി. എല്ലാം ഒന്നു വെളിയില്‍ വരട്ടെ”, ലിസിയുടെ ഒരു ബന്ധുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

പണം പിന്‍വലിക്കുന്നതിനായി കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സ്ത്രീയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ബന്ധു നല്‍കിയ ഹര്‍ജിയാണ് അയാളെ കേസിലെ പ്രതിയാക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ചേര്‍ത്തല നഗരത്തിലെ വ്യാപാരികളുടെ സൊസൈറ്റിയില്‍ മരിച്ചുപോയ വ്യവസായിയുടേയും ഭാര്യയുടേയും പേരില്‍ നിക്ഷേപിച്ചിരുന്ന പണം പിന്‍വലിക്കുന്നതിന് ഇയാള്‍ പവര്‍ ഓഫ് അറ്റോര്‍ണി ഹാജരാക്കി. 14 ലക്ഷം രൂപ പിന്‍വലിക്കുന്നതിനായുള്ള രേഖകളാണ് ഹാജരാക്കിയത്. എന്നാല്‍ പണം പിന്‍വലിക്കണമെങ്കില്‍ പിന്തുടര്‍ച്ചാവകാശ രേഖ വേണമെന്ന് സൊസൈറ്റി ആവശ്യപ്പെട്ടു. കോടതി വഴിയാണ് സൊസൈറ്റി ഈ നിര്‍ദ്ദേശം വച്ചത്. എന്നാല്‍ ഇതിനെ നേരിടാന്‍ പ്രതി മറ്റൊരു വഴി കണ്ടുപിടിച്ചു. ലിസിയുടെ അടുത്ത ബന്ധുവായ കന്യാസ്ത്രീയെ ‘നെക്സ്റ്റ് ഫ്രണ്ട്’ ആണെന്ന് കാണിച്ച് അവരുടെ പേരില്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ കോടതി ഇക്കാര്യം വിശദമായി പരിശോധിച്ചു. കോടതി സംശയം പ്രകടിപ്പിച്ചതോടെ അപേക്ഷ നല്‍കിയ കന്യാസ്ത്രീ തനിക്ക് ‘നെക്സ്റ്റ് ഫ്രണ്ട്’ ആയി തുടരാന്‍ താത്പര്യമില്ലെന്ന് കോടതിയെ അറിയിച്ചു. പണം തട്ടിപ്പാണെന്ന് മനസ്സിലായതോടെ അവര്‍ തന്റെ ആവശ്യത്തില്‍ നിന്നും ഒഴിയുമെന്ന് വ്യക്തമാക്കി. എന്നാല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയുടെ സുരക്ഷയെക്കരുതി അവരോട് ‘നെക്‌സ്റ്റ് ഫ്രണ്ട്’ ആയി തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചു. പിന്നീട് മുമ്പ് നടന്ന സാമ്പത്തിക ഇടപാടുകളിലും സംശയം തോന്നിയ കോടതി സത്തുക്കളുടെ അവകാശിയായ സ്ത്രീയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം ബന്ധുക്കള്‍ അതിന് തയ്യാറായില്ല. എന്നാല്‍ കോടതി സ്വമേധയാ താത്പര്യമെടുത്ത് ലിസിയെ കാണുകയും അവരോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനോ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാനോ അവര്‍ പ്രാപ്തയല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. നിയമാനുസൃതമായ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാനുള്ള ബുദ്ധിവളര്‍ച്ച അവര്‍ക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ട് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പുറമെ നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം, മാനസിക വെല്ലുവിളി നേരിടുന്നവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കോടതി ജില്ലാ കളക്ടര്‍ക്കും കത്തയച്ചിട്ടുണ്ട്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചതായി ചേര്‍ത്തല പോലീസ് പറഞ്ഞു. കേസ് വളരെ ഗൗരവമേറിയതാണെന്നും കോടതി നിര്‍ദ്ദേശിച്ച കേസ് ആയതിനാല്‍ പ്രാധാന്യത്തോടെയാണ് അന്വേഷണം നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍