UPDATES

ഹാദിയ, കര്‍സേവ, ആര്‍എസ്എസ്, ശബരിമല, പിണറായി, ഹിന്ദു പാര്‍ലമെന്റ്: കാലം ചിന്തിപ്പിച്ചു, തിരിച്ചറിഞ്ഞു, തെറ്റുതിരുത്തി- സി.പി സുഗതന്‍/അഭിമുഖം

അച്യുതമേനോന് ശേഷം കേരളം കണ്ട മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സി.പി സുഗതന്‍

ഹിന്ദുപാര്‍ലമെന്റ് നേതാവായ സി.പി സുഗതന്‍ കഴിഞ്ഞ ഒരാഴ്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നവോത്ഥാന വനിതാ മതിലിലും സുഗതന്റെ നിലപാട് മാറ്റം വളരെ ശ്രദ്ധേയമായിരുന്നു. യുവതീ പ്രവേശനത്തിനെതിരെ ശബരിമലയില്‍ യുവതികളെ തടയാനെത്തിയവരുടെ കൂട്ടത്തിലും ഉണ്ടായിരുന്നയാളാണ് സുഗതന്‍. ഹാദിയ വിഷയത്തില്‍ ഇദ്ദേഹം എടുത്ത നിലപാട് മുമ്പ് തന്നെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരാളെ നവോത്ഥാന സംരക്ഷണ സമിതി ജോയിന്റ് കണ്‍വീനറാക്കുക വഴി സര്‍ക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. യുവതീ പ്രവേശന വിഷയമാണ് വനിതാ മതിലിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ താന്‍ പിന്‍മാറുമെന്ന് സുഗതന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം നിലപാടുകളില്‍ ഒന്നടങ്കം മാറ്റം വരുത്തി ഇദ്ദേഹം രംഗത്തെത്തി. താന്‍ മുമ്പ് കര്‍സേവയില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു എന്നും ഇന്നത് തെറ്റാണെന്ന് തിരിച്ചറിയുന്നു എന്ന വാക്കുകളും ഏറെ ചര്‍ച്ചയായി. വനിതാ മതിലിനെ ചുറ്റിപ്പറ്റിയും സുഗതന്റെ നിലപാട് മാറ്റത്തെപ്പറ്റിയും ചര്‍ച്ചകളും വിവാദങ്ങളും കൊഴുക്കുകയാണ്. ഈ സാഹചര്യത്തില്‍ സി.പി സുഗതന്‍ സംസാരിക്കുന്നു.

ഹിന്ദു പാര്‍ലമെന്റ്

ഹിന്ദു പാര്‍ലമെന്റ് എന്ന് പറഞ്ഞാല്‍ 2010-ല്‍ രണ്ടാം നവോത്ഥാന പ്രസ്ഥാനമായിട്ടാണ് തുടങ്ങിയത്. അത് വ്യക്തികള്‍ക്ക് ചേരാവുന്ന ഒരു സംഘടനയല്ല. ഹിന്ദു സമുദായ സംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും ചേരാവുന്ന കേരളത്തിലെ ഏക സംഘടനയാണ്. ആ സംഘടനയില്‍ 108 ഹിന്ദു സമുദായ സംഘടനകളുണ്ട്. ആ സമുദായ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നയാളുകള്‍ക്ക് പല രാഷ്ട്രീയമുണ്ട്. ഇതൊന്നും സംഘടനയ്ക്ക് ബാധകമല്ല. നമ്മള്‍ പൂന്തോട്ടത്തിലെ പുഷ്പങ്ങളെപ്പോലെ, വൈവിധ്യങ്ങളുള്ള ഹിന്ദു സമുദായ സംഘടനകള്‍ ഒന്നിച്ചിരുന്ന് ഹിന്ദുസമൂഹത്തിലെ ജാതിയും മറ്റും ഇല്ലാതാക്കാണം എന്ന ഉദ്ദേശത്തോടെ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തുടങ്ങിയ സംഘടനയാണ്. അതിന് ആത്മീയ സഭയും ഹിന്ദുജന സഭയും ഉണ്ട്. ആത്മീയ കാര്യങ്ങള്‍ നോക്കുന്നതാണ് ആത്മീയസഭ.

വനിതാ മതില്‍

മുഖ്യമന്ത്രി നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ആലോചനായോഗം വിളിച്ചുകഴിഞ്ഞാല്‍ സ്വാഭാവികമായും ഹിന്ദു പാര്‍ലമെന്റിനെ ക്ഷണിക്കും. ക്ഷണിച്ചു കഴിഞ്ഞപ്പോള്‍ ഇങ്ങനെയൊരു നല്ല കാര്യം നടക്കാന്‍ പോവുന്നുണ്ടെന്ന് സമുദായസംഘടനകളോട് ഞങ്ങള്‍ പറഞ്ഞു. തന്നെയുമല്ല, സര്‍ക്കാര്‍ ആണ് ക്ഷണിച്ചത്. പാര്‍ട്ടിയൊന്നുമല്ല. ഇടതുപക്ഷ സര്‍ക്കാരാണെങ്കിലും സര്‍ക്കാര്‍ തലത്തില്‍ യോഗത്തിന് ക്ഷണിച്ചതുകൊണ്ട് ആര്‍ക്കും അവിടെ പോകാം. എല്ലാ സമുദായ സംഘടനകളേയും ക്ഷണിക്കുകയും ചെയ്തു. 193 സംഘടനകളെ ആകെ ക്ഷണിച്ചു. ഹിന്ദു പാര്‍ലമെന്റിലുള്ള 108 സംഘടനകളേയും ക്ഷണിച്ചു. ഞങ്ങളുടെ സംഘടനയിലെ 97 സംഘടനകള്‍ അവിടെയുണ്ടായിരുന്നു. ആകെ 173 സംഘടനകളും പങ്കെടുത്തു. സാമുദായിക സംഘടനകളെ മാത്രമല്ല, സാമൂഹികമായ ഇടപെടല്‍ നടത്തുന്ന എന്‍ജിഒകളേയും വിളിച്ചിരുന്നു. വലുതും ചെറുതുമായ സംഘടനകളുണ്ടായിരുന്നു.

ശബരിമല വിഷയം ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകത ഭാവി തലമുറക്ക് പകര്‍ന്നുകൊടുക്കാന്‍ സര്‍ക്കാരിന്റെ ഒരു പരിപാടിയായിട്ട് വിളിച്ചപ്പോള്‍ നമ്മള്‍ അവിടെപ്പോയി. സ്വാഭാവികമായും ഒരു പ്രധാനപ്പെട്ടയാള്‍ എന്ന നിലയ്ക്ക് എന്നെ വേദിയിലേക്ക് വിളിച്ചു. അവിടെ ഓരോ സമുദായങ്ങള്‍ അഭിപ്രായം പറഞ്ഞു. ശബരിമല വിഷയത്തില്‍ യുവതികളെ കയറ്റണം എന്നും പറഞ്ഞവരും വേണ്ട എന്ന് പറഞ്ഞവരുമുണ്ട്. അപ്പോള്‍ ശബരിമല വിഷയത്തില്‍ മാത്രമല്ലല്ലോ നവോത്ഥാനം. നിരവധി വിഷയങ്ങളില്‍ മാറ്റം വരേണ്ടതുണ്ടല്ലോ. അതുകൊണ്ട് ശബരിമല വിഷയമവിടെ നില്‍ക്കട്ടെ, നമുക്ക് യോജിക്കാവുന്ന മേഖലകളിലൊക്കെ യോജിക്കാം എന്ന ഒരു അഭിപ്രായമാണ് അവിടെ പൊതുവായി ഉരുത്തിരിഞ്ഞ് വന്നത്. ചര്‍ച്ചയുടെ അവസാനത്തില്‍ യോഗത്തിന്റെ തുടര്‍ച്ചയായി ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് മുന്നോട്ട് പോവാം എന്നുപറഞ്ഞു. അതിനെതുടര്‍ന്നുണ്ടായ ചര്‍ച്ചയിലാണ് വനിതാ മതില്‍ തീര്‍ക്കാമെന്ന് അഭിപ്രായം വരുന്നത്. മുഖ്യമന്ത്രി അത് സ്വാഗതം ചെയ്തു. നല്ലൊരു കാര്യമാണ് എന്ന് പറഞ്ഞപ്പോള്‍ യോഗത്തില്‍ വന്ന പലരും അത് അംഗീകരിച്ചു. അതിനായി കമ്മറ്റിയില്‍ വരേണ്ടവരുടെ പേരുകള്‍ അവിടെത്തന്നെ എല്ലാവരും ഇരുന്ന് തയ്യാറാക്കിയപ്പോഴാണ് എന്റെ പേര് അതില്‍ ജോയിന്റ് കണ്‍വീനറായി വന്നത്. എന്റെ പേര് വന്നപ്പോഴാണ് പലയിടത്തുനിന്നും അപസ്വരങ്ങള്‍ ഉയര്‍ന്നത്.

യുവതീ പ്രവേശന വിധി

ഞാന്‍ രാഷ്ട്രീയക്കാരനല്ലാത്തതുകൊണ്ട് സത്യമേ പറയാറുള്ളൂ. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നുകഴിഞ്ഞപ്പോള്‍ ഹിന്ദുപാര്‍ലമെന്റിന്റെ നേതൃത്വത്തിലുള്ള സമുദായ സംഘടനകളാണ് വിധിയെ അംഗീകരിക്കാത, അവരുടെ വികാരം പ്രകടിപ്പിക്കാന്‍ ആദ്യമായി രംഗത്ത് വന്നത്. ഒക്ടോബര്‍ രണ്ടിന് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ കക്ഷിരാഷ്ട്രീയ, ജാതിഭേദമന്യേ തിരുവനന്തപുരത്ത് ഒത്തുകൂടി. ആ സമ്മേളനത്തില്‍ രാഷ്ട്രീയമില്ലായിരുന്നു. കോണ്‍ഗ്രസുകാരും ബിജെപിക്കാരും ഉണ്ടായിരുന്നു. സുപ്രീം കോടതി പലവിഷയങ്ങളും പരിഗണിച്ചിട്ടില്ല എന്ന് ആ സമ്മേളനത്തില്‍ ആദ്യമായി ഞങ്ങള്‍ പറഞ്ഞു. അയ്യപ്പന്‍ എന്നത് കേരളത്തിന്റേതായ ഒരു ദൈവമാണ്. നൂറ് കണക്കിന് ശാസ്താക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പന് പ്രത്യേകതകളുണ്ട്. ഹിന്ദുമതമെന്നാല്‍ സ്വാതന്ത്ര്യം തരുന്ന ഒരു മതമാണ്. മുപ്പത്തിമുക്കോടി ദേവതകളുണ്ട്. ഇതില്‍ ആരുടെ അടുത്ത് വേണമെങ്കിലും പോവാം, പോവാതെയുമിരിക്കാം. ഇതില്‍ അയ്യപ്പന് ചില പ്രത്യേകതകള്‍ ഉണ്ട് എന്നുപറഞ്ഞുകൊണ്ട്, ആ പ്രത്യേകതകള്‍ അംഗീകരിക്കുന്നവര്‍ പോയാല്‍ മതി എന്നുള്ളതായിരുന്നു നമ്മുടെ അഭിപ്രായം. അവിടെ സ്ത്രീ-പുരുഷ സമത്വത്തിന്റെ വേദിയാക്കണ്ട എന്ന രീതിയിലാണ് ഭക്തജനങ്ങളെടുത്തത്. ആചാരങ്ങളും അനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ശബരിമലയിലേത് അനാചാരമല്ല, ഒരു വിശ്വാസമാണ്. അനാചാരങ്ങള്‍ ഹിന്ദുസമൂഹം എക്കാലത്തും മാറ്റാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ശബരിമലയിലേത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് ഉന്നയിച്ചുകൊണ്ടായിരുന്നു സമ്മേളനം.

അതേദിവസം തന്നെ എന്‍എസ്എസിന്റെ നേതൃത്വത്തിലാണ് പന്തളത്ത് വലിയൊരു ജനക്കൂട്ടം കണ്ടത്. അതിന് തലേന്ന് വരെ ബിജെപി, സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിലപാട് വേറെയായിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കട്ടെയെന്നായിരുന്നു. ശശികലയും ഞാനും തമ്മില്‍ നടന്ന ഫേസ്ബുക്ക് സംവാദത്തില്‍ തന്നെ ശശികല പറയുന്നുണ്ട്, സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന്. പക്ഷെ ജനങ്ങളുടെ, ഭക്തരുടെ മനോവികാരം സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നതായിരുന്നില്ല. സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്നു എന്ന് നമുക്ക് പറയാനാവില്ല. നമ്മുടെ ലോ ഓഫ് ദി ലാന്‍ഡ് ആണ് സുപ്രീം കോടതി. പക്ഷെ വിധിയില്‍ ദു:ഖമുണ്ടെന്ന് പറഞ്ഞിട്ടാണ് എന്‍എസ്എസിന്റെയും ഞങ്ങളുടെയും നേതൃത്വത്തില്‍ ജനങ്ങള്‍ പ്രതിഷേധിച്ചത്. അങ്ങനെയിരിക്കെ, ആള്‍ക്കൂട്ടമാണല്ലോ വോട്ട് എന്ന് ധരിച്ചിട്ടാണ് സംഘപരിവാര്‍, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളും എല്ലാം ഈയാംപാറ്റകളെപ്പോലെ ചാടിയടുത്തത്. പ്രശ്‌നം അവിടെ നിന്നാണ് തുടങ്ങുന്നത്.

ശബരിമല അക്രമം

ഹിന്ദു പാര്‍ലമെന്റിന്റെ നിലപാട് ഭക്തജനങ്ങളുടെ ആശങ്കയില്‍ നിന്നുണ്ടായത് തന്നെയായിരുന്നു. സര്‍ക്കാരിന്റെ നിലപാട് അന്ന് എന്തായിരുന്നു? മുഖ്യമന്ത്രിയുമായി ഹിന്ദു പാര്‍ലമെന്റ് നേതാക്കള്‍ ചര്‍ച്ച നടത്തി. സാവകാശ ഹര്‍ജി കൊടുക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. എന്‍എസ്എസ് റിവ്യൂഹര്‍ജി കൊടുക്കുന്നത് വരെ സര്‍ക്കാര്‍ കാത്തിരിക്കണം. എന്തോ കാരണവശാല്‍ ദേവസ്വം ബോര്‍ഡിന് അത് അന്ന് കൊടുക്കാന്‍ സാധിച്ചില്ല. അതോടെ ഭക്തജനങ്ങള്‍ കൂടുതല്‍ പ്രതിഷേധത്തിലായി. അന്ന് ഹിന്ദു പാര്‍ലമെന്റ്, എന്റെയൊക്കെ നേതൃത്വത്തിലാണ് അവിടെ യുവതികളെ തടഞ്ഞത്. രാഷ്ട്രീയക്കാരന്റെ കപടമുഖം ഇല്ലാത്തതുകൊണ്ട് ഞാനത് അംഗീകരിക്കുന്നു. പക്ഷെ അങ്ങനെ തടഞ്ഞുകഴിഞ്ഞപ്പോള്‍ അവിടെ അന്ന് ആരേയും കണ്ടില്ല. നിലയ്ക്കല്‍ അന്ന് അക്രമം നടത്തിയത് ഹിന്ദു പാര്‍ലമെന്റിന്റെ ആളുകളല്ല. ഞങ്ങള്‍ സന്നിധാനത്താണ് തടഞ്ഞത്. തടഞ്ഞത് ഭക്തരെയല്ല, ആക്ടിവിസ്റ്റുകളെയാണ്. ഭക്തരായിട്ടുള്ള യുവതികള്‍ അവിടെ വന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കത് മനസ്സിലാവുമായിരുന്നു. ഞങ്ങള്‍ അവരുമായി ചര്‍ച്ച നടത്തിയേനെ. പക്ഷെ ആക്ടിവിസ്റ്റുകള്‍ പേരെടുക്കാന്‍ വേണ്ടി വന്നതുകൊണ്ടാണ് അവരെ തടയേണ്ടി വന്നത്. അല്ലാതെ ഞങ്ങള്‍ അവിടെ നിയമലംഘനം നടത്തുകയോ അക്രമം കാണിക്കുകയോ ചെയ്തില്ല. പക്ഷെ വേറെ ഏതൊക്കെയോ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലയ്ക്കലില്‍ നിന്നിട്ട് അക്രമം നടത്തി. അതിന് ഞങ്ങള്‍ ഉത്തരവാദിയല്ല. തുലാംമാസ പൂജയ്ക്ക് മാത്രമാണ് ഞങ്ങള്‍ ഒരു ആക്ടിവിസ്റ്റ് ആക്ഷന്‍ അവിടെ നടത്തിയത്.

ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം

മുഖ്യമന്ത്രി, കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ഉടന്‍ തന്നെ കാര്യങ്ങള്‍ പിടികിട്ടി. തുടര്‍ന്ന് എല്ലാവരുമായും ചര്‍ച്ച ചെയ്ത് അദ്ദേഹം നിലപാടെടുത്തു. സുപ്രീംകോടതി വിധി ഒരു സര്‍ക്കാരിന് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. അത് ബിജെപിയായാലും മോദിയായാലും എല്ലാവര്‍ക്കും അതറിയാവുന്നതണ്. വിധി നടപ്പിലാക്കാനുള്ള ചുമതല തങ്ങള്‍ക്കാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. പക്ഷെ ഞങ്ങളായിട്ട് ആക്ടിവിസ്റ്റുകളെ അവിടെ കൊണ്ടുപോവില്ല എന്ന് പറഞ്ഞപ്പോള്‍ അവിടെ സാഹചര്യങ്ങള്‍ ക്ലിയര്‍ ആയി. അതിന് ശേഷം ആ നിലപാടില്‍ സിപിഎമ്മും എല്ലാം ഉറച്ച് നില്‍ക്കുകയാണ്. സിപിഎം കേരളത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയാണ്, അവര്‍ക്ക് ശക്തിയുമുണ്ട്. അവര്‍ ഒരു നിമിഷം വിചാരിച്ചാല്‍ നൂറ് സ്ത്രീകള്‍ അവിടെ കയറുമല്ലോ? പക്ഷെ അവര്‍ എത്ര സംയമനത്തോടുകൂടിയാണ് ഇക്കാര്യത്തില്‍ ഭക്തജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. അവര്‍ വിചാരിച്ചാല്‍ മതി അവിടെ യുവതികള്‍ക്ക് കയറാന്‍. അത് സി.പി സുഗതനോ ബിജെപിക്കോ ആര്‍ക്കും തടയാനാവില്ല. ഡിവൈഎഫ്‌ഐയുടെ ജില്ലാ ഘടകം തീരുമാനിച്ചാല്‍ യുവതികള്‍ അവിടെ കയറും. അപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ മുഖ്യമന്ത്രി എത്ര മനോഹരമായിട്ടാണ് അക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വിധി വന്നതിന് ശേഷം അവരുടെ ഭാഗത്തു നിന്ന് രാഷ്ട്രീയപരമായൊന്നും അവര്‍ ചെയ്യുന്നില്ല. അവരുടെ വിശ്വാസം അങ്ങനെയെങ്കില്‍ ഞങ്ങളുടെ വിശ്വാസം ഇങ്ങനെ. അങ്ങനെയാണ് ഞങ്ങള്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നത്. നേരത്തെ യുവതികളെ തടയും എന്നതായിരുന്നു ഞങ്ങളുടെ നിലപാടെങ്കില്‍ ഇപ്പോള്‍ തടയില്ല എന്ന് നയത്തില്‍ മാറ്റം വരുത്തി. സര്‍ക്കാരിന്റെ നയത്തോടൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നത്. സുപ്രീം കോടതി വിധി എന്താണോ അതനുസരിച്ച് നില്‍ക്കുക എന്ന തരത്തില്‍ ഹിന്ദു പാര്‍ലമെന്റ് നയം പരിഷ്‌കരിച്ചു.

പ്രശ്‌നമുണ്ടാക്കിയത് ബിജെപി

അവിടെ പ്രശ്‌നമുണ്ടാക്കിയതാരാണ്? ബിജെപിക്കാര്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തിയതാണ് ഇവിടെ പ്രശ്‌നം. ബിജെപി മറ്റ് രാഷ്ട്രീയപാര്‍ട്ടികളെപ്പോലെ തന്നെയൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അവര്‍ക്ക് ഭക്തജനങ്ങളുടെ വികാരത്തെ ചൂഷണം ചെയ്യാനുള്ള അധികാരം ഇല്ല എന്നാണ് ഹിന്ദു പാര്‍ലമെന്റ് പറയുന്നത്. ഹിന്ദു പാര്‍ലമെന്റ് സംഘപരിവാറിതര ഹൈന്ദവ സംഘടനയാണ്. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ശബരിമലയില്‍ അനാവശ്യമായ രാഷ്ട്രീയ ഇടപെടല്‍ നടത്താനിറങ്ങിയത് ബിജെപിയായതുകൊണ്ട് ഞങ്ങള്‍ ബിജെപിയെ എതിര്‍ത്തു. പക്ഷെ ആ ബിജെപി തന്നെ ജന്മഭൂമിയിലും മറ്റും വലിയ വാര്‍ത്ത കൊടുത്തു. ഹിന്ദു പാര്‍ലമെന്റും മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തിയിട്ടാണ് ശബരിമല അക്രമം നടത്തിയതെന്നായിരുന്നു പ്രചരണം. അവര്‍ അത്തരത്തില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതിന്റെ ഭാഗമായാണ് എന്നെ നവോത്ഥാന സംരക്ഷണ സമിതിയില്‍ ഒരു പോസ്റ്റിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ ചില ദുഷ്ട ശക്തികള്‍ എനിക്കെതിരെ പ്രചരണങ്ങള്‍ തുടങ്ങിയത്. സുപ്രീം കോടതി ജനുവരി 22ന് വിധി പറയുകയോ പറയാതിരിക്കുകയോ ചെയ്യും. ഇപ്പോള്‍ തന്നെ ശബരിമല നോക്കൂ. അവിടെ ഒരാളെയും തടയുന്നില്ല. ഇനി ഒരു ആക്ടിവിസം അവിടെ വേണ്ട. യുവതികള്‍ വരുന്നില്ലല്ലോ, യുവതികള്‍ വരാത്ത സ്ഥിതിക്ക് ഞങ്ങളുടെ ആ തടയല്‍ നയം, യുവതികള്‍ വന്നാല്‍ തടയും എന്ന നയം ഞങ്ങള്‍ ഉപേക്ഷിച്ചു. അതേ നിലപാട് തന്നെയാണ് എന്‍എസ്എസും എസ്എന്‍ഡിപിയും എല്ലാം സ്വീകരിച്ചത്. അവര്‍ അവിടെ തടയാനിറങ്ങിയില്ലല്ലോ. ഇപ്പോള്‍ ബിജെപിയും മലയിറങ്ങി.

നിലപാട് മാറ്റം കാലമുണ്ടാക്കിയ തിരിച്ചറിവില്‍ നിന്ന്

എല്ലാവരും നിലപാട് മാറ്റി. യുവതികളെ തടയില്ല എന്ന് ഞങ്ങള്‍ നിലപാട് മാറ്റി. ദേവസ്വം ബോര്‍ഡ് സാവകാശം തേടില്ല എന്ന മുന്‍നിലപാട് മാറ്റി സുപ്രീംകോടതിയില്‍ സാവകാശം തേടി. സര്‍ക്കാരാണെങ്കിലും വിധി വന്നയുടനെ അത് നടപ്പാക്കും എന്ന് പറഞ്ഞു. ഇപ്പോള്‍ അവര്‍ സാവകാശം തേടിയിരിക്കുകയാണ്. ഭക്തരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയായാലും ഒന്നും ചെയ്യുന്നില്ല. അതുകണ്ടുകൊണ്ടാണ് സാഹചര്യങ്ങള്‍ മാറിയപ്പോള്‍ ഞങ്ങളും നിലപാടില്‍ മാറ്റം വരുത്തിയത്. എനിക്ക് വന്നത്, രണ്ട് ദിവസം മുമ്പത്തേതില്‍ നിന്ന് ഇന്നലെ വന്ന വ്യതിയാനമാണ്. അത് അവിടെ ഏതെങ്കിലും ഒരു പോസ്റ്റ് കിട്ടാന്‍ വേണ്ടിയിട്ടുള്ളതല്ല. സാഹചര്യങ്ങളിലെ മാറ്റം തന്നെയാണ് അതിന് കാരണം. ഹിന്ദു പാര്‍ലമെന്റ് കേരളത്തിലുള്ള വ്യത്യസ്തതയുള്ള സംഘടനയാണ്. അതില്‍ വ്യക്തികളല്ല ചേരുന്നത്. എസ്എന്‍ഡിപിയുണ്ട്, കേരളത്തിലെ മൂന്നാമത്തെ വലിയ സമുദായമായ വിശ്വകര്‍മ്മ സമുദായം ചേര്‍ന്നിട്ടുണ്ട്. ഈ സമുദായങ്ങളുടേയും ട്രസ്റ്റുകളുടേയും സംഗമമാണത്. ഇതില്‍ സമുദായ നേതാവ് അല്ലാത്ത ഏക നേതാവ് ഞാന്‍ മാത്രമാണ്. പക്ഷെ ഞാന്‍ ഒരു കോര്‍ഡിനേറ്റര്‍ ആണ്. എല്ലാ കാര്യങ്ങളേയും എക്‌സിക്യൂട്ടീവ് കമ്മറ്റി വഴി നടപ്പാക്കുന്നയാളാണ്. ഇന്നലെ വൈകിട്ട് ഞങ്ങളുടെ കോര്‍കമ്മിറ്റി ചേര്‍ന്നിരുന്നു. ചെയര്‍മാന്‍, ചീഫ്‌ കോര്‍ഡിനേറ്റര്‍ അടക്കം ഇന്നാട്ടിലെ പ്രബലമായിട്ടുള്ള എട്ടോളം സംഘടനകള്‍ ഇന്നലെ നവോത്ഥാനമതിലിന്റെ സമിതി യോഗം ചേരുന്നതിന് അര മണിക്കൂര്‍ മുമ്പ് യോഗം ചേര്‍ന്നു. ചെയര്‍മാനുള്‍പ്പെടെ എല്ലാ സമുദായപ്രതിനിധികളും യോഗത്തില്‍ പറഞ്ഞത് ഈ തീരുമാനങ്ങളാണ്. യുവതികളെ തടയാന്‍ പോവുന്നില്ല എന്ന ജനറല്‍ സെക്രട്ടറിയുടെ തീരുമാനത്തെ എല്ലാവരും അംഗീകരിച്ചു. രണ്ടാമത്, നവോത്ഥാനമെന്നാല്‍ ശബരിമല മാത്രമല്ല. അതുകൊണ്ട് എല്ലാ കാര്യങ്ങളും മാറ്റിവച്ച്, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തലത്തിലാണ് ഇത് നടക്കുന്നത് എന്നതുകൊണ്ട് എല്ലാവരും അതുമായി സഹകരിക്കണം എന്ന തീരുമാനവും വന്നു. ഹിന്ദു പാര്‍ലമെന്റ് യോഗത്തിലെ ആ തീരുമാനമാണ് അവസാന നിമിഷത്തിലെ നിലപാട് മാറ്റത്തിന് പിന്നില്‍. സമുദായ സംഘടനകളുടെ എക്‌സിക്യൂട്ടീവ് എടുക്കുന്ന തീരുമാനം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഞാന്‍ ഒരു വ്യത്യസ്ത അഭിപ്രായം അവിടെ പറയുന്നത് ശരിയല്ല. ഒന്നുകില്‍ എനിക്ക് അവരുടെ അഭിപ്രായത്തില്‍ നിന്ന് മാറി നില്‍ക്കാനേ പറ്റുകയുള്ളൂ. അവരുടെ തീരുമാനം നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട ജനറല്‍ സെക്രട്ടറി അതില്‍ നിന്ന് മാറിനില്‍ക്കുക എന്ന് പറഞ്ഞാല്‍ അപ്പഴേ ഞാന്‍ പുറത്തുപൊയ്‌ക്കൊള്ളണം. അല്ലെങ്കില്‍ അവരെടുത്ത നല്ല തീരുമാനത്തോടൊപ്പം നില്‍ക്കണം. സമുദായ സംഘടനകളുടെ തീരുമാനം നടപ്പാക്കേണ്ട ചുമതല മാത്രമേ എനിക്കുള്ളൂ. ഞങ്ങള്‍ തീരുമാനമെടുത്തതിന് ശേഷമാണ് സമിതി യോഗത്തിന് പോയത്. നിങ്ങള്‍ വ്യക്തമായ തീരുമാനവുമായി വരണമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞിരുന്നു.

അതുപോലെ എന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ മിക്കതിലും ഭാഷ നല്ലതല്ല ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെയുള്ള ആളുടെ കൃത്യമായ നിര്‍വ്വചനവും അവിടെ കൊടുക്കേണ്ടതുണ്ടായിരുന്നു. എനിക്ക് സംഘപരിവാര്‍ ബാക്ഗ്രൗണ്ട് ഉണ്ട്. അതില്‍ ഞാനിപ്പോഴും തുടരുന്നുണ്ടോ? അങ്ങനെ തുടരുന്നുണ്ടെങ്കില്‍ ഒരിക്കലും നവോത്ഥാന സംഗമത്തില്‍ പങ്കെടുക്കാന്‍ എനിക്ക് യോഗ്യതയില്ല. അപ്പോള്‍ എന്നോട് സമുദായ സംഘടനകള്‍ അഭിപ്രായമാരാഞ്ഞു. താങ്കള്‍ക്ക് ഒരു സംഘപരിവാര്‍ പശ്ചാത്തലമാണുള്ളത്. സംഘപരിവാറുമായി അഭേദ്യ ബന്ധമുണ്ടായിരുന്നയാളാണ്. അപ്പോള്‍ അതിനകത്തുള്ള നിലപാടെന്താണ്? എന്നവര്‍ ചോദിച്ചു. സംഘപരിവാര്‍ തന്നെയാണ് ഇപ്പോള്‍ താങ്കളെ ടാര്‍ണിഷ് ചെയ്യാനും മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാക്കാനും, കര്‍സേവ ചെയ്തിട്ടുള്ളയാളാണെന്ന് പറയുന്നത്. ഹാദിയ വിഷയത്തില്‍ കടുത്ത നിലപാടെടുത്തിട്ടുള്ളയാളാണെന്ന് സംഘപരിവാറിന്റെ ആളുകള്‍ തന്നെയാണ് പല മാധ്യമങ്ങള്‍ക്കും വിവിരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത്. അതുകൊണ്ട് താങ്കള്‍ക്ക് അതിനെപ്പറ്റിയുള്ള അഭിപ്രായം എന്താണെന്നും ചോദിച്ചു.

ഞാന്‍ പറഞ്ഞ മറുപടി ഇതാണ്, ‘എനിക്ക് 28 വയസ്സുള്ളപ്പോള്‍ ഞാന്‍ കര്‍സേവയില്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ ദേശീതയില്‍ വിശ്വസിക്കുന്നയാളാണ്. ഏതോ ഒരു അക്രമി വന്നിട്ട് ഒരു സ്മാരകം പണിതു. അതില്ലാതാക്കിയാല്‍ നമുക്ക് ദേശീയാഭിമാനം വര്‍ധിക്കും എന്നാണ് അവര്‍ എന്നെ പറഞ്ഞ് മനസ്സിലാക്കിച്ചിരുന്നത്. അതുകൊണ്ട് ആ പ്രായത്തില്‍ ഞാനിറങ്ങിത്തിരിച്ചു. ദേശീയതയ്ക്ക് വേണ്ടിയുള്ള ഒരു പ്രവൃത്തി ചെയ്തതായിട്ടാണ് അന്ന് ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഇന്നെനിക്ക് അത്രയും പ്രായം കൂടിയായി. 26 വര്‍ഷത്തിന് ശേഷം എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യം, അത് ഒരു ദേശീയതയ്ക്ക് വേണ്ടിയുള്ളതല്ല, മറിച്ച് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് നേടാനുള്ള സംവിധാനമായിട്ടാണ് അത് ഉപയോഗിക്കപ്പെട്ടത് എന്നാണ്. അല്ലെങ്കില്‍ ഇത്രയും കാലമായിട്ടും ആ ക്ഷേത്രം പണിയണ്ടേ? ഇപ്പോള്‍ തിരഞ്ഞെടുപ്പ് വരുന്നു. അപ്പോള്‍ അത് വീണ്ടും പൊക്കിക്കൊണ്ട് വരുന്നു. ഇപ്പോള്‍ എന്ന ഒരു കര്‍സേവയ്ക്ക് വിളിക്കുകയാണെങ്കില്‍ ഞാന്‍ പറയും, അത് ദേശീയതയുടെ പ്രശ്‌നമല്ല, മറിച്ച് രാഷ്ട്രീയപ്രശ്‌നമായതുകൊണ്ട് എനിക്ക് അവിടേക്ക് വരാന്‍ സാധ്യമല്ല എന്ന്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വ്യക്തികള്‍ക്ക് തിരിച്ചറിവുണ്ടാവും. ആ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ നമ്മള്‍ അഭിപ്രായങ്ങള്‍ മാറ്റും. ഇതെല്ലാം ഒരു പറ്റിപ്പാണെന്നും രാഷ്ട്രീയത്തിന് വേണ്ടിയിട്ടുള്ളതാണെന്നും മനസ്സിലാക്കിയതുകൊണ്ട് ആ വിഭാഗവുമായിട്ട് ഭാവിയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ല’.

ആഹാരം കഴിച്ച് ഛര്‍ദ്ദിച്ചാല്‍, എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയാല്‍ പിന്നീട് ആ ഭക്ഷണം കഴിക്കില്ലല്ലോ. പക്ഷെ ദേശീയതയില്‍ ഇന്നും ഞാന്‍ വിശ്വസിക്കുന്നു. കശ്മീരില്‍ നാളെ നമുക്കൊരു യുദ്ധം ചെയ്യേണ്ടി വരുന്നു എന്നാല്‍, എനിക്ക് ഒരു തോക്കെടുത്ത് തരൂ, പാന്റ്‌സ് എടുത്ത് തരൂ, ഈ മുണ്ട് അഴിച്ചിട്ടിട്ട് അവിടെ പോയി യുദ്ധം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. രാജ്യത്തിനായി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറായിട്ടുള്ള എന്നെപ്പോലുള്ളവരുടെ മന:സ്ഥിതി ചൂഷണം ചെയ്യുകയാണ് പലപ്പോഴും രാഷ്ട്രീയപരമായി എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
പക്ഷെ പലപ്പോഴും ഞാന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത് സി.പി സുഗതന്‍ എന്ന വ്യക്തി എന്ന നിലയിലാണ്. പക്ഷെ അത് ഒരുപാട് ആളുകള്‍ക്ക് വേദനയുണ്ടാക്കുന്നു എന്ന് മനസ്സിലായി. ഞാനൊരു സാധാരണക്കാരനാണ്. രാഷ്ട്രീയക്കാരനൊന്നുമല്ല. ഞാനെന്റെ വീട്ടില്‍ സംസാരിക്കുന്ന പോലെ ഫേസ്ബുക്കിലും പോസ്റ്റിടും. അതൊക്കെ ആളുകളെ ഹര്‍ട്ട് ചെയ്യുന്നു എന്ന തോന്നല്‍ എനിക്ക് വന്നിട്ടുണ്ട്. അതുകൊണ്ട് ഇനി വളരെ ശ്രദ്ധയോടെയായിരിക്കും അത് ചെയ്യുക.

ഹാദിയ

ഹാദിയ വിഷയത്തിലും ദേശീയതയുടെ പ്രശ്‌നമുണ്ട്. ഒന്നാമത്തെ കാര്യം ഹാദിയ എന്നുള്ള പെണ്‍കുട്ടിയോട് എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ഞാനും അച്ഛനാണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍. ആ ഞാന്‍ ഹാദിയയുടെ അച്ഛനായ അശോകനായിട്ട്, ഒരച്ഛന്റെ സ്ഥാനത്തു നിന്ന് ചിന്തിച്ചു. അദ്ദേഹത്തിന് ഒറ്റക്കുട്ടിയാണ്. എന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനം ആളുകള്‍ വ്യജമായി പ്രചരിപ്പിക്കുന്നതല്ല. 17 വയസ്സും 364 ദിവസവും എന്റെ മകള്‍ ഞാന്‍ പറയുന്നത് കേട്ട് ജീവിക്കുന്നു. ഞാന്‍ അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നു, അവള്‍ എന്നെ സ്‌നേഹിക്കുന്നു. 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 18 വയസ്സ് തികഞ്ഞു എന്നുപറഞ്ഞ് ഈ മകളോടുള്ള അച്ഛന്റേയും അമ്മയുടേയും വികാരം മാറുന്നില്ല. അച്ഛനേയും അമ്മയേയും നമ്മള്‍ ദു:ഖിപ്പിക്കരുത്. ഹാദിയ എന്ന പെണ്‍കുട്ടി അവളുടെ മതം മാറിയത് ആ അച്ഛനും അമ്മയ്ക്കും ഒരുപാട് ദു:ഖമുണ്ടാക്കുന്നു. ആ അച്ഛന്റെ സ്ഥാനത്തു നിന്ന് ഹൈപ്പോത്തെറ്റിക്കല്‍ ആയ ഒരു ചിന്തയാണ് ഞാനവിടെ പ്രകടിപ്പിച്ചത്. ഒരിക്കല്‍ പോലും ഹാദിയ എന്ന പെണ്‍കുട്ടിയുടെ അവകാശം ധ്വംസിക്കണമെന്നില്ലായിരുന്നു.

അതില്‍ മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു. ചില ഫണ്ടമെന്റലിസ്റ്റ് ശക്തികള്‍ ഈ കേസില്‍ ഇടപെട്ടിട്ടുണ്ട്, ഹാദിയയെ സഹായിക്കുന്നത് അവരാണ്, എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷെ ആ പെണ്‍കുട്ടി സുപ്രീം കോടതിയിലെത്തി. സുപ്രീം കോടതി കാര്യങ്ങളെല്ലാം പരിശോധിച്ചുകഴിഞ്ഞപ്പോള്‍ ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കുക എന്നത് ആ പെണ്‍കുട്ടിയുടെ അവകാശമാണ് എന്ന് പറഞ്ഞു. ഞാനിപ്പോള്‍ വലിയ സന്തോഷത്തിലാണ്. എന്റെ മകള്‍ക്ക് തുല്യയായ ഒരു കുട്ടിക്ക് നല്ല ഒരു ജീവിതം കിട്ടിയല്ലോ. തെറ്റിദ്ധാരണ മാറിക്കഴിഞ്ഞപ്പോഴും എന്റെ പോസ്റ്റില്‍ അച്ഛന്റെ ഭാഗത്തുനിന്ന് ഞാന്‍ പ്രകടിപ്പിച്ച കാര്യങ്ങള്‍ക്ക് എനിക്ക് ഖേദമൊന്നുമില്ല. കാരണം ഏതൊരച്ഛനും മക്കളുടെ കാര്യത്തില്‍ ഒരു ആശങ്കയുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞ വാക്കുകള്‍ ഒരു പെണ്‍കുട്ടിക്ക് ഹര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍, അവളുടെ അവകാശം ധ്വംസിക്കുന്നു എന്ന് ആ കുട്ടിക്ക് തോന്നിയിട്ടുണ്ടെങ്കില്‍, ആ ഭാഷയുപയോഗിച്ചത് ശരിയായില്ലെങ്കില്‍ അതിന് തീര്‍ച്ചയായും ഞാന്‍ മാപ്പ് ചോദിക്കണം. കാരണം എപ്പോഴും തെറ്റുതിരുത്താന്‍ നമ്മള്‍ തയ്യാറാവണമല്ലോ? അല്ലാതെ ആ കുട്ടിയോട് എനിക്ക് വിരോധമില്ല. പക്ഷെ ആ ഒരു വശം കണക്കിലെടുത്ത് മാപ്പ് പറഞ്ഞതുകൊണ്ട്, സി.പി സുഗതന്‍ മൊത്തത്തില്‍ മാപ്പ് പറഞ്ഞിരിക്കുന്നു, അല്ലെങ്കില്‍ ഹാദിയ ചെയ്തതും ജഹാന്‍ ചെയ്തതുമെല്ലാം ശരിയാണ്, അല്ലെങ്കില്‍ എയും ബിയും ചെയ്തത് ശരിയാണ് സി ചെയ്തത് തെറ്റാണ് എന്നൊന്നുമല്ല. എനിക്ക് ശരി എന്ന് തോന്നുന്നതേ എനിക്ക് പറയാന്‍ പറ്റൂ. ഒരു പെണ്‍കുട്ടിയുടെ അവകാശം എന്ന നിലയ്ക്ക് ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമ ചോദിക്കും. പക്ഷെ ഒരച്ഛന്റെ അവകാശത്തിന് വേണ്ടി ഹൈപ്പോത്തറ്റിക്കല്‍ ആയിട്ടുള്ള കാര്യം പറഞ്ഞു. ആ അച്ഛന്റെ ഹൃദയം ഇപ്പോഴും വേദനിക്കുന്നുണ്ടാവുമായിരിക്കാം. വേദനിക്കുന്ന അച്ഛന്‍മാര്‍ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. നാളെ എന്റെ മകളും എനിക്ക് ഇന്നയാളെയാണ് ഇഷ്ടം എന്ന് പറഞ്ഞാല്‍, അപകടമൊന്നുമില്ലെങ്കില്‍, ജാതിയും മതവും നോക്കാതെ വിടാനുള്ള മാനസികാവസ്ഥയുള്ളയാളാണ് ഞാന്‍.

ഹിന്ദു പാര്‍ലമെന്റിന്റെ നിലപാട്, രാഹുല്‍ ഈശ്വര്‍

ഹിന്ദു പാര്‍ലമെന്റിന്റെ ആത്മീയസഭയുണ്ട്. അതില്‍ സന്ന്യാസിമാരാണ്. അവരില്‍ പലര്‍ക്കും എന്റെ നിലപാടിനോട് യോജിപ്പുണ്ടാവില്ലായിരിക്കും. അതില്‍ യുവതിയെ തടയണമെന്നുള്ളവര്‍ കാണും. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ളവരുടെ ഒരു അപ്പെക്‌സ് ബോഡിയാണിത്. സംവരണ വിഷയം വരുമ്പോള്‍ ചില മുന്നോക്കക്കാര്‍ക്ക് പിന്നോക്കക്കാരോട് യോജിക്കാനാവില്ല. പക്ഷെ യോജിക്കാവുന്ന മേഖലകളിലൊക്കെ യോജിച്ച് മുന്നോട്ട് പോവുന്ന ഒരു ഹൈന്ദവ ഏകീകരണ ബോഡിയാണ് ഹിന്ദു പാര്‍ലമെന്റ്. രാഹുല്‍ ഈശ്വറിനെ സംബന്ധിച്ചിടത്തോളം അയാള്‍ ഹിന്ദു പാര്‍ലമെന്റിന്റെ ഭാരവാഹിയല്ല. ഒരു വ്യക്തിയാണ്. സമുദായമല്ലാത്തതുകൊണ്ട് അതില്‍ അദ്ദേഹത്തിന് യാതൊരു സ്ഥാനവുമില്ല. നേരത്തെ അദ്ദേഹം അസോസിയേറ്റ് ചെയ്തിരുന്നത് ആത്മീയ സഭയുമായിട്ടാണ്. പക്ഷെ ശബരിമല വിഷയം വന്നപ്പോള്‍ ഞങ്ങള്‍ ആചാരസംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. അതില്‍ അദ്ദേഹം അംഗമായിരുന്നു. അദ്ദേഹത്തിനൊപ്പമാണ് ഞങ്ങള്‍ ശബരിമലയില്‍ പ്രവര്‍ത്തിച്ചത്. നല്ല ഹിന്ദു കാഴ്ചപ്പാടുള്ളയാള്‍ എന്ന നിലയില്‍ എനിക്ക് രാഹുല്‍ ഈശ്വറിനെ വലിയ ഇഷ്ടമാണ്. അതേപോലെ ചില കാര്യങ്ങളില്‍ പല വളയത്തില്‍ കൂടി അദ്ദേഹം പോകുന്നു എന്ന് തോന്നുന്നുണ്ട്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. എനിക്ക് അതില്‍ ഒന്നും പറയാന്‍ പറ്റില്ല.

ഒരുദാഹരണം പറഞ്ഞാല്‍, ശബരിമല വിഷയത്തില്‍ ചോര ചിന്താനോ അവിടെ അശുദ്ധമാക്കാനോ ഒന്നും ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നില്ല. അവിടെ യുവതീപ്രവേശനം തടയുക എന്നത് മാത്രമായിരുന്നു. തടയാന്‍ പറ്റിയില്ലെങ്കില്‍, സര്‍ക്കാര്‍ ഞങ്ങളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് കൊണ്ട്‌പൊക്കോട്ടെ എന്നായിരുന്നു. അല്ലാതെ നമുക്കവിടെ ആറ്റംബോംബ് ഒന്നും ഇടാന്‍ പറ്റില്ലല്ലോ. അദ്ദേഹം ജയിലില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞ് ഞങ്ങളോടൊന്നും പറയാതെ ഒറ്റക്ക് പത്രസമ്മേളനം നടത്തിയിട്ട് എനിക്ക് ഇങ്ങനെയൊരു ബി പ്ലാന്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞു. ആ പറഞ്ഞതിന് ഒരു ബാഡ് ടേസ്റ്റ് ആയിരുന്നു. അദ്ദേഹം പറഞ്ഞതിനെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തില്‍ വിടുന്നു. പക്ഷെ ഞങ്ങള്‍ക്ക് അതിനോടൊന്നും ഒരു യോജിപ്പുമില്ല. ശബരിമല പവിത്രമായ സ്ഥലമാണ്. യുവതികള്‍ കയറരുതെന്ന് പറയുമ്പോള്‍ തന്നെ അവിടെ ഒരു പ്രത്യേകത ഉള്ളയിടമെന്നാണ്. ആ പ്രത്യേകതയുള്ളയിടത്ത് മൂത്രമൊഴിച്ച് അശുദ്ധമാക്കാന്‍ പ്ലാനുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അതിനോടൊന്നും യോജിക്കാന്‍ കഴിയില്ല. ശബരിമലയിലെ വിഷയങ്ങള്‍ രാഹുല്‍ ഈശ്വറിന് മാത്രം പറയാനുള്ളതല്ലല്ലോ. അദ്ദേഹം പറയുന്നതില്‍ സന്തോഷമേയുള്ളൂ. ഹിന്ദു പാര്‍ലമെന്റ് രൂപീകരിക്കുന്ന സമയത്ത് അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹം സംഘടനാപരമായ സെറ്റപ്പിലൊന്നും ഇല്ലായിരുന്നു. വെള്ളാപ്പള്ളി സാറ് ഇതിന്റെ ചെയര്‍മാനായിരുന്നു. അദ്ദേഹം സമത്വയാത്രയൊക്കെ നടത്തിയപ്പോള്‍ ബിഡിജെഎസ് രൂപീകരിക്കാന്‍ ബിജെപിയുടെ കൂടെ പോയി. നമുക്ക് ബിജെപി രാഷ്ട്രീയമില്ലാത്തുകൊണ്ട് അദ്ദേഹത്തെ നമ്മള്‍ മാറ്റി നിര്‍ത്തി. പക്ഷെ ഇപ്പോള്‍ അദ്ദേഹം തിരിച്ചുവരുന്നു. നവോത്ഥാന മൂല്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം മുഖ്യമന്ത്രിയോടൊപ്പമിരിക്കുന്നത് ഞാന്‍ കണ്ടു. ഹിന്ദു പാര്‍ലമെന്റില്‍ നിന്ന് പേയതിന് ശേഷം എനിക്ക് അദ്ദേഹവുമായി ബന്ധമില്ല. പക്ഷെ ഞാനദ്ദേഹത്തെ ബഹുമാനിക്കുന്നത് വെള്ളാപ്പള്ളിയെന്ന വ്യക്തിയെന്ന നിലയിലല്ല. ഗുരുദേവനും കുമാരനാശാനും ഇരുന്ന കസേരയില്‍ അദ്ദേഹം ഇരിക്കുന്നു എന്നതുകൊണ്ടുള്ള പ്രാമുഖ്യമുണ്ട്. അദ്ദേഹം ഇപ്പോള്‍ ശരിയായ നിലപാടെടുത്താണോ നില്‍ക്കുന്നത് എന്ന കാര്യം മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ.

പേരും നവോത്ഥാനത്തിന്റെ ബാക്കി

എന്റെ അച്ഛന്‍ മന്നത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. എനിക്ക് പേരിടുമ്പോള്‍ നായര്‍ വാല് പാടില്ല എന്ന് മന്നം അച്ഛനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് എനിക്ക് സി.പി സുഗതന്‍ എന്ന് പേരിട്ടു. എന്നെ പലരും എസ്എന്‍ഡിപിയായി കണക്കാക്കും. തടിക്കച്ചവടം ഉള്ളതുകൊണ്ട് ആശാരിയാണെന്ന് പറയും. അതിലൊന്നും എനിക്കൊരു കുഴപ്പവുമില്ല. എന്റെ അച്ഛന്‍ വലിയ പുരോഗമവാദിയായിരുന്നു. വാല് ഉപേക്ഷിച്ചതില്‍ സന്തോഷമുള്ളയാളാണ് ഞാന്‍. ആദിവാസികളുടെ യോഗത്തില്‍ പോവുമ്പോള്‍ ഞാന്‍ ആദിവാസിയാണ്. എസ്എന്‍ഡിപിയുടെ യോഗത്തില്‍ പോവുമ്പോള്‍ എസ്എന്‍ഡിപിയാണ്. ഞാന്‍ ഒരു ഹിന്ദു എന്ന വികാരമുള്ളയാളാണ്. എനിക്ക് അതിന്റേതായ മന:ശാസ്ത്രവുമുണ്ട്.

മുഖ്യമന്ത്രിയെ കുറ്റം പറയരുത്

ഇത്രയും പുരോഗമനപരമായിട്ടുള്ള നടപടി മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവുകയാണ്. പ്രളയകാലത്തൊക്കെ എന്തുമാത്രം നല്ല കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം മുഖ്യമന്ത്രിയായതിന് ശേഷം ഒരു വാക്ക് അധികമായിട്ട് പറഞ്ഞിട്ടുണ്ടോ? അദ്ദേഹത്തിന്റെ രാഷ്ട്രീയമെനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലായിരിക്കാം. ഒരുപക്ഷേ ആ രാഷ്ട്രീയക്കാരനല്ലായിരിക്കാം ഞാന്‍. പക്ഷെയെങ്കില്‍ അച്യുതമേനോന് ശേഷം കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തെ നമുക്ക് കുറ്റംപറയാനാവില്ല. നവോത്ഥാന യോഗം വിളിച്ചുവരുത്തിയതില്‍ അദ്ദേഹത്തിന് ദുരുദ്ദേശമൊന്നും ഉണ്ടായിരിക്കില്ല. ദുരുദ്ദേശമുണ്ടെന്നുണ്ടെങ്കില്‍ അത് അപ്പോള്‍ പറയാം. പക്ഷെ ഇപ്പോള്‍ എനിക്ക് പറയാനുള്ളത് അദ്ദേഹം നവോത്ഥാന മൂല്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ വേണ്ടി ആത്മാര്‍ഥമായി, മുഖ്യമന്ത്രി എന്ന നിലയിലാണ് വിളിച്ചത്. അതിനകത്ത് എല്ലാവരും പോവണമെന്നാണ് എന്റെ അഭിപ്രായം. പിന്നീട് അത് മോശമാണെന്ന് തോന്നിയാല്‍, ഇത് ജനാധിപത്യ രാജ്യമല്ലേ, നമുക്ക് പിന്‍മാറാം.

വ്യാജപ്രചരണം നടത്തുന്നത് സംഘപരിവാര്‍

ബിജെപി, സംഘപരിവാര്‍ പ്രസ്ഥാനം ഒരു ഹിന്ദു പ്രസ്ഥാനമാണ്. ഞാന്‍ 35 വര്‍ഷം ജീവന്‍ പണയം വച്ച് കൊല്ലാനും കൊല്ലപ്പെടാനും അതിന്റെ കൂടെ നിന്നയാളാണ്. അയോധ്യയില്‍ കര്‍സേവ നടത്തി എന്ന് പറഞ്ഞാല്‍, അവര്‍ എന്നെ വിളിച്ചുകൊണ്ട് പോയതല്ലേ? ഞാനവര്‍ക്ക് യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. ഹിന്ദു പാര്‍ലമെന്റ് രൂപീകരിച്ച്, വെള്ളാപ്പള്ളി സാറിനെ ഇതിന്റെ ചെയര്‍മാനാക്കിയപ്പോള്‍, അങ്ങനെ വേണ്ട, ആര്‍എസ്എസുകാര്‍ക്ക് ആ പോസ്റ്റ് കൊടുക്കണം എന്ന് പറഞ്ഞതുകൊണ്ടുള്ള അഭിപ്രായ വ്യത്യാസത്തിന് ശേഷം സംഘപരിവാറും ഹിന്ദു പാര്‍ലമെന്റും തമ്മില്‍ യാതൊരു ബന്ധവുമില്ല. സംഘപരിവാറുകാരുടെ ഇന്നര്‍ ഡൈനാമിക്‌സ് മറ്റാരേക്കാളും അറിയാവുന്നത് എനിക്കാണ്. ഞാനേറെക്കാലം വടക്കേന്ത്യയിലായിരുന്നു. അവിടെ സംഘപരിവാറുകാര്‍ നല്ല മനുഷ്യരാണ്. പക്ഷെ കേരളത്തില്‍ വന്നുകഴിയുമ്പോള്‍ ഇവരുടെ വലിയ പ്രശ്‌നം എന്നുവച്ചാല്‍, ഹിന്ദുക്കള്‍ കൂടുന്നിടത്തെല്ലാം മൊത്തക്കച്ചവടം അവര്‍ക്കാണ്. അവര്‍ അല്ലാതെ ആരെയും അവര്‍ അംഗീകരിക്കില്ല. അതുകൊണ്ട് തന്നെയാണ് അവര്‍ വളരാതിരിക്കുന്നത്. ഇവിടെ അവര്‍ പത്ത് ശതമാനമേയുള്ളൂ. അതും വെള്ളാപ്പള്ളിയൊക്കെ ചേര്‍ന്നതിന് ശേഷമാണ് പത്തായത്. ഈ പാര്‍ട്ടിക്ക് ജന്‍മം കൊടുത്ത് വളര്‍ത്തിക്കൊണ്ട് വന്ന രാമന്‍പിള്ള ഇന്ന് അവിടെ ആളല്ല, പി പി മുകുന്ദന്‍ ആളല്ല. ഒരു ബിജെപിക്കാരന്‍ ഇന്നിവിടെയുണ്ടെങ്കില്‍ നാല് ബിജെപിക്കാര്‍ അവര്‍ക്ക് ശത്രുവായിട്ട് ഇവിടെയുണ്ട്. ഹിന്ദു പാര്‍ലമെന്റ് രൂപീകരിച്ചപ്പോള്‍ അവരുടെ വരുതിക്ക് നില്‍ക്കാത്തതുകൊണ്ട് അവരുടെ ശത്രുവാക്കി നമ്മളെ പരിഗണിച്ചു. നവംബര്‍ പത്താം തീയതിയിലെ ജന്‍മഭൂമി എടുത്ത് നോക്കിയാല്‍, അവര്‍ക്ക് അവരുടെ വീഴ്ചകളെ മറച്ചുവയ്ക്കാന്‍ വേണ്ടി ചെയ്തത് കാണാം. ഹിന്ദു പാര്‍ലമെന്റും മുഖ്യമന്ത്രിയും ഗൂഢാലോചന നടത്തിയിട്ടാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയിരിക്കുന്നത് എന്നാണ്. ഇന്നലത്തെ ജന്‍മഭൂമിയില്‍ പറഞ്ഞിരിക്കുന്നത്, ഹിന്ദു പാര്‍ലമെന്റ് ഒരു കടലാസ് പുലിയാണെന്നാണ്. കടലാസ് പുലിയാണെങ്കില്‍ കേരളത്തിലെ മൂന്നാമത്തെ വലിയ സമുദായം എങ്ങനെ ഇതില്‍ വന്നു ചേര്‍ന്നു? ഇവിടെ ചെയര്‍മാനായിരിക്കുമ്പോഴാണ് വെള്ളാപ്പള്ളിയെ അവര്‍ വിളിച്ചുകൊണ്ട് പോവുന്നത്. ഹിന്ദു പാര്‍ലമെന്റ് കടലാസ് പുലിയാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ഹിന്ദു പാര്‍ലമെന്റിനെ വിളിക്കണം? കടലാസ് പുലിയെന്നാല്‍ സി.പി സുഗതനും ഭാര്യയും മാത്രമുള്ളതോ അല്ലെങ്കില്‍ സി.പി സുഗതന്‍ മാത്രമുള്ള സംഘടനയോ ആണെന്നാണല്ലോ. പക്ഷെ സി.പി സുഗതന്റെ കൂടെ 98 ഹിന്ദുസംഘടനകളുണ്ടെന്നുള്ളത് അവര്‍ ജന്മത്ത് അംഗീകരിക്കില്ല. അത് അവരുടെ വലിയ പ്രശ്‌നമാണ്. ഈ മന:ശാസ്ത്രത്തില്‍ നിന്നുണ്ടാവുന്ന വലിയ കുത്തിത്തിരുപ്പുകളാണ് സി.പി സുഗതന്‍ കര്‍സേവ ചെയ്തു എന്നത്, പഴയത് ചികഞ്ഞെടുത്ത് മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നത്.

ഭാരതീയ വിചാരകേന്ദ്രത്തില്‍ നിന്ന് എന്നെ പുറത്താക്കി എന്നാണ് പ്രചരണം. ഞാന്‍ പരമേശ്വര്‍ജിയുടെ കൂടെ വളരെ നന്നായി അവിടെ വര്‍ക്ക് ചെയ്തിരുന്നയാളാണ്. ഹിന്ദു പാര്‍ലമെന്റ് ഉണ്ടാക്കിയതിലുള്ള അഭിപ്രായ വ്യത്യാസം വന്നതിന് ശേഷമാണ് അവിടേക്ക് പോവാത്തത്. പിന്നെ, ഞാന്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിആര്‍എസ് എടുത്തയാളാണ്. ഒരു ലൈബ്രറി ബുക്ക് തിരിച്ചുകൊടുക്കാനുണ്ടെങ്കില്‍ വിആര്‍എസ് കിട്ടില്ല. ഞാന്‍ ഏജീസ് ഓഫീസില്‍ നിന്ന് വിആര്‍എസ് എടുത്തതിന് ശേഷം എന്നെപ്പറ്റി എന്തെല്ലാം മോശം അഭിപ്രായങ്ങളാണ് പറയുന്നത്. അതുകൊണ്ട് അവര്‍ക്കിഷ്ടമില്ലാത്തവരെപ്പറ്റി അവര്‍ എന്ത് ദുരാരോപണവും പറയും.ആ ദുരാരോപണം പറയുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നവംബര്‍ പത്തിലേയും ഇന്നലത്തെയും ജന്‍മഭൂമി പത്രം.

മുഖ്യമന്ത്രി എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് നിലപാട് മാറ്റിച്ചതെന്ന് പറയുന്നു. എന്നെ ഭീഷണിപ്പെടുത്താനുള്ള ഒരു വകുപ്പും ഇല്ലല്ലോ. ഞാന്‍ ശബരിമലയില്‍ പോയിട്ട് യുവതികളെ തടഞ്ഞു എന്ന പറഞ്ഞാല്‍, ഞാന്‍ അല്ല തടഞ്ഞത്. തടഞ്ഞിരുന്നു എങ്കില്‍ അവര്‍ അപ്പോള്‍ എന്നെ അറസ്റ്റ് ചെയ്യണ്ടേ? ഇനി അന്ന് തടഞ്ഞു എന്ന് പറഞ്ഞ് ഇന്ന് അറസ്റ്റ് ചെയ്യാന്‍ കഴിയുമോ? അന്ന് കര്‍സേവ നടത്തിയെന്ന് പറഞ്ഞാല്‍ അതിന് ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലല്ലോ? അപ്പോള്‍ എന്നെ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞാല്‍ അതിനുള്ള ഒരു സാഹചര്യവും ഇപ്പോള്‍ ഇല്ല. പിന്നെ, മുഖ്യമന്ത്രി അങ്ങനെ തരംതാണ പരിപാടികള്‍ കാണിക്കുന്നയാളൊന്നുമല്ല. അദ്ദേഹം എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരനെ ഭീഷണിപ്പെടുത്തിയിട്ട് ഒരു കാര്യം ചെയ്യിക്കുമെന്ന് പറഞ്ഞാല്‍ അത് പറയുന്നവര്‍ ശുദ്ധഭോഷ്‌ക്കനാണ്. ഞാന്‍ ആവര്‍ത്തിക്കുന്നു, അച്യുതമേനോന്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് അദ്ദേഹം. സംഘപരിവാര്‍ പറയുന്നത് കേള്‍ക്കാത്ത, അവര്‍ക്കെതിര് നില്‍ക്കുന്ന ഹിന്ദുക്കള്‍ക്കെതിരെ അവര്‍ വലിയ ഒരു കാമ്പയിന്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രചരണങ്ങള്‍ വരുന്നത്. അല്ലെങ്കില്‍ മനോരമ എനിക്കെതിരെ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ജന്‍മഭൂമി മാത്രമാണ് ചെയ്യുന്നത്. അപ്പോള്‍ ഹിന്ദുക്കള്‍ക്കിടയില്‍ വേറൊരു വിഭാഗം ഇവിടെ ഉണ്ടായി വരരുത്. അത് അവരുടെ നിര്‍ബന്ധമാണ്. അതുകൊണ്ട് മാത്രമാണ് അവര്‍ നന്നാകാതെ കിടക്കുന്നത്.

ഇപ്പോള്‍ അവര്‍ എന്‍എസ്എസിന്റെ തോളില്‍ കയറിയിരുന്നല്ലേ യാത്ര ചെയ്യുന്നത്? എന്‍എസ്എസിന്റെ നിലപാട് വളരെ കൃത്യമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ എല്ലാവരും വിമര്‍ശിക്കുമായിരിക്കും. പക്ഷെ മന്നത്ത ആചാര്യന് ശേഷം എന്‍എസ്എസിനെ ഇത്രയും നല്ല നിലയിലാക്കിയ ഒരു മഹാമനുഷ്യനാണ് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി. അദ്ദേഹവുമായി ഒരുപാട്‌ പേര്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ കാണുമായിരിക്കും. സമത്വയാത്രയുടെ കാലത്ത് എന്തെല്ലാം തെറികളാണ് അദ്ദേഹത്തെ സംഘപരിവാര്‍ വിളിച്ചത്. അവരുടെ നേതൃത്വം വിളിച്ചിട്ടില്ലായിരിക്കാം. പക്ഷെ അണികള്‍ അത് ചെയ്തിട്ടുണ്ട്. നാമജപ പ്രതിഷേധത്തില്‍ സുകുമാരന്‍ നായരുടെ നിലപാടുകള്‍ വളരെ ശരിയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ തോളില്‍ കയറിയിരുന്നിട്ടാണ് അവര്‍ മുന്നോട്ട് പോവുന്നത്. കഴിഞ്ഞകാലത്ത് വെള്ളാപ്പള്ളിയുടെ തോളില്‍ കയറിയിരുന്നു, ഇപ്പോള്‍ സുകുമാരന്‍ ചേട്ടന്റെ തോളില്‍ കയറിയിരിക്കുന്നു. തോളില്‍ കയറിയിരുന്ന് യാത്ര ചെയ്യുന്ന ഒരു പാര്‍ട്ടിയാണോ ബിജെപി? ഇവരാണ് ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ അപവാദം പ്രചരിപ്പിക്കുന്നത്. എനിക്കെതിരെ ഒരു എസ്ഡിപിഐക്കാരനും അപവാദം പ്രചരിപ്പിക്കുമെന്ന് എനിക്ക് തോന്നിയിട്ടില്ല. ബിജെപിക്കുള്ളില്‍ തന്നെ ഐക്യമില്ലല്ലോ. മുരളീധരന്‍ ഗ്രൂപ്പ് പാര വച്ചിട്ട് പിള്ളയെ പുറത്താക്കാന്‍ ശ്രമിക്കുന്ന വാര്‍ത്ത ഞാനും മാധ്യമങ്ങളിലൂടെ കേള്‍ക്കുന്നു. ഒരു നാഴിയില്‍ വേറൊരു നാഴി കൊള്ളിക്കാത്തയാളുകളാണ് അവരെന്ന് എനിക്ക് നേരിട്ടും അറിയാവുന്നാണ്.

പിണറായി വിജയൻ അച്യുതമേനോനു ശേഷം കേരളം കണ്ട മികച്ച മുഖ്യമന്ത്രി -സി പി സുഗതന്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍