UPDATES

ട്രെന്‍ഡിങ്ങ്

ചീട്ടുകളിക്കുന്നവനേ കളിയുടെ കാഠിന്യമറിയൂ; മാണിയുമായുള്ള സിപിഎം കൂട്ടുകെട്ടിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം

കോട്ടയത്ത് അട്ടിമറിക്കു കൂട്ടു നിന്നതു വഴി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ് സിപിഎം ചെയ്തത്

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണച്ച സിപിഎം നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപി ഐ മുഖപത്രമായ ജനയുഗം. സിപിഎം നിലപാട് രാഷ്ട്രീയ അധാര്‍മികതയും അവസരവാദവുമാണെന്നാണു ജനയുഗത്തിന്റെ എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അഴിമതി സ്ഥാപനവത്കരിച്ച മാണി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ സിപിഎം അംഗങ്ങള്‍ നല്‍കിയ വോട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച് അധികാരത്തില്‍ എത്തിച്ച സമാന്യജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രാഷ്ട്രീയ അധാര്‍മികതയും അവസരവാദവുമായേ വിലയിരുത്താനാവൂ എന്നാണ് ജനയുഗം എഡിറ്റോറിയയില്‍ പറഞ്ഞു തുടങ്ങുന്നത്.

മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ കേരള നിയമസഭയില്‍ ഉണ്ടായ പ്രതിഷേധം കേരള ജനതയുടെ മനസില്‍ മായാചിത്രമായി ഇന്നും നിലനില്‍ക്കുന്നു. അത്തരമൊരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ ഘടകകക്ഷി തയ്യാറാവുമെന്ന് ജനാധിപത്യത്തിലും രാഷ്ട്രീയധാര്‍മികതയിലും വിശ്വസിക്കുന്ന കേരളജനത സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്കു വിശ്വസിക്കാനാവാത്ത ഇരുട്ടടിയും തികഞ്ഞ അവസരവാദവുമായേ കാണാനാവൂ. പ്രാദേശികമായ താത്കാലിക നേട്ടങ്ങളാണ് അതിനു പിന്നിലെ ചേതോവികാരമെന്നുള്ള ന്യായീകരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്.

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രാദേശികമായോ സംസ്ഥാനതലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കോ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങള്‍ക്കോ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയം എന്തു സംഭാവനയാണ് നല്‍കുക എന്നത് വിശദീകരിക്കാന്‍ അട്ടിമറിക്ക് ഒത്താശ ചെയ്ത സിപിഎം നേതാക്കള്‍ ബാധ്യസ്ഥരാണ്; ജനയുഗം വിമര്‍ശിക്കുന്നു.

ഈ അവസരവാദ നിലപാട് പൊതുജനസാമാന്യത്തിനു മുന്നില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമെ ഉതകൂ എന്നും അഴിമതിക്കെതിരായ കേരള ജനതയുടെ പോരാട്ടവീര്യത്തിനു മേല്‍ വെള്ളമൊഴിച്ചു കെടുത്തുന്ന നടപടിയാകുമെന്നും ജനയുഗം സിപിഎമ്മിനെ ഉപദേശിക്കുന്നു.

സിപിഎം ഉള്ളില്‍ വിചാരിക്കുന്ന ഒരു തന്ത്രത്തെ മുന്‍കൂട്ടി കണ്ട് വിമര്‍ശിക്കാനും ജനയുഗം തയ്യാറാകുന്നുണ്ട്. അതിപ്രകാരമാണ്; കേരള കോണ്‍ഗ്രസുകാരുടെ പുനരേകീകരണത്തെക്കുറിച്ചും അത്തരമൊരു പാര്‍ട്ടിയെ ഇടതുപക്ഷത്തേക്ക് ആനയിക്കണമെന്നും മനപ്പായസമുണ്ണുന്നവര്‍ ജീവിക്കുന്നത് വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നുവേണം കരുതാന്‍. അവരുടെ മനോനില ചീട്ടുകളി കണ്ടുനില്‍ക്കുന്ന കാണികളുടേതാണ്. കാണികള്‍ക്ക് അവന്റെ മനോധര്‍മം അനുസരിച്ച് ഓണേഴ്‌സ് വിളിക്കാം. ചീട്ടുകളിക്കുന്നവനേ കളിയുടെ കാഠിന്യം അറിയൂ. അത്തരം കാണികളുടെ വികലോപദേശമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികള്‍ അവലംബിക്കാന്‍ മുതിരുന്നതെങ്കില്‍ അത്തരക്കാര്‍ക്ക് ഹാ കഷ്ടമെന്നു വിലപിക്കുകയേ നിവൃത്തിയുള്ളൂ; സിപിഐ മുഖപത്രം മുന്നറിയിപ്പ് നല്‍കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍