UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം-സിപിഐ പോര്; പുന്നപ്ര-വയലാര്‍ വാര്‍ഷികാഘോഷം ഇക്കുറി വെവ്വേറെ

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും കഞ്ഞിക്കുഴി മേഖലയില്‍ സിപിഎം-സിപിഐ പോര് മുന്നണിക്ക് തലവേദനയുണ്ടാക്കിയിരുന്നു

കേരള നവോത്ഥാന ചരിത്രത്തിന്റെ നിര്‍ണായക അധ്യായങ്ങളിലൊന്നായ പുന്നപ്ര – വയലാര്‍ സമരത്തിന്റെ എഴുപത്തൊന്നാം വാര്‍ഷികാഘോഷത്തിന് ഇന്ന് തുടക്കമാവും. വിപ്ലവ സ്മരണകളുമായി പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണം തുടങ്ങുമ്പോള്‍ ഇക്കുറി വെളിവാകുന്നത് സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതയുടെ പുതിയ രൂപമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയിലെ ഭിന്നത വെളിപ്പെടുത്തി സിപിഎമ്മും സിപിഐയും രണ്ട് തട്ടില്‍ നിന്ന് ആഘോഷങ്ങള്‍ നടത്തുന്ന കാഴ്ചയാവും ഇത്തവണ കാണാനാവുക. ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സിപിഎം-സിപിഐ സംഘര്‍ഷം നിത്യസംഭവമായതോടെയാണ് സംയുക്തമായ ആഘോഷങ്ങളില്‍ നിന്ന് സിപിഐ പിന്‍മാറാന്‍ തീരുമാനിച്ചത്. പി.കൃഷ്ണപിള്ള സ്മാരകം നിലകൊള്ളുന്ന, ജില്ലയിലെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കഞ്ഞിക്കുഴിയിലാണ് ഇക്കുറി രണ്ട് പാര്‍ട്ടികളും വേറിട്ട് ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സി.പി.ഐ. ജില്ലാ നേതൃത്വത്തിന്റെ അനുവാദം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്ന വിവരമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്നത്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഇരുപാര്‍ട്ടികളും രണ്ടായി പുന്നപ്ര വയലാര്‍ വാരാഘോഷം സംഘടിപ്പിച്ചതൊഴിച്ചാല്‍ ഇക്കുറിയാണ് ഇത്തരത്തില്‍ പാര്‍ട്ടികളുടെ ഭിന്നത വെളിവാക്കി വാരാഘോഷം സംഘടിപ്പിക്കുന്നത്. 1964 ലെ പിളര്‍പ്പിനെ തുടര്‍ന്ന് ചുരുങ്ങിയ കാലയളവിനുള്ളില്‍ പുന്നപ്ര – വയലാര്‍ വാരാചരണത്തിന്റെ കാര്യത്തില്‍ ഇരുപാര്‍ട്ടികളും യോജിപ്പിലെത്തിയിരുന്നു. സിപിഎമ്മും സിപിഐയും രണ്ട് മുന്നണികളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ പോലും ഒരുമിച്ചിരുന്ന പുന്നപ്ര-വയലാര്‍ വാരാഘോഷമാണ് ഇപ്പോള്‍ ഒരുമുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ രണ്ടായി നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. ആലപ്പുഴ വലിയചുടുകാടിലെ രക്തസാക്ഷി സ്മാരകവും സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരുടെ കൂട്ടുടമസ്ഥതയിലാണ്.

കഞ്ഞിക്കുഴി മേഖലയില്‍ നിലനില്‍ക്കുന്ന സിപിഎം -സിപിഐ പോരിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനം കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി കഞ്ഞിക്കുഴിയിലെ ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ തമ്മിലും സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മിലും പല വിഷയങ്ങളിലും ശക്തമായ പോര് നടക്കുകയും പലപ്പോഴും ഇത് അക്രമസംഭവങ്ങളിലേക്ക് എത്തുകയും ചെയ്യാറുണ്ട്. കഞ്ഞിക്കുഴിയില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ഡി.അനില്‍കുമാറിനും കുടുംബത്തിനും നേരെയുണ്ടായ അക്രമങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സിപിഐ പ്രവര്‍ത്തകര്‍ നടത്തിയത്. അനില്‍കുമാറിനെ അക്രമിച്ചതിനെ തുടര്‍ന്ന് സിപിഐ നടത്തിയ പ്രതിഷേധ യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് നടത്തിയ പ്രഖ്യാപനം സിപിഎം കഞ്ഞിക്കുഴി ഏരിയാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

പിന്നീട് വാരാചരണ കമ്മിറ്റി ഭാരവാഹിത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഇരു വിഭാഗങ്ങളും വേര്‍തിരിഞ്ഞ് വാരാചരണം നടത്താനുള്ള തീരുമാനത്തിലേക്കെത്തിച്ചത്. ഇരുപാര്‍ട്ടികളില്‍ നിന്നും ഒരാള്‍ വീതം മേഖലാ കമ്മിറ്റികളുടെ ഭാരവാഹികളാവുന്നതാണ് നടന്നുവരുന്ന രീതി. കഞ്ഞിക്കുഴി മേഖലാ സംയുക്ത വാരാചരണ കമ്മിറ്റി പ്രസിഡന്റായി വി. പ്രസന്നന്റെ പേരാണ് സിപിഐ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സിപിഐയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മുഖ്യപങ്ക് വഹിച്ചു എന്ന് ആരോപിക്കപ്പെടുന്ന പ്രസന്നന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് അംഗീകരിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ തയ്യാറായില്ല. തുടര്‍ന്ന് സിപിഐ പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും കഞ്ഞിക്കുഴിയില്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി സ്വന്തം നിലയ്ക്ക് വാരാചരണം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ അനുവാദം ഇതിന് ലഭിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഇക്കാര്യം നിഷേധിച്ചു. ‘കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി മാത്രമാണ് ഇത്തരത്തില്‍ തീരുമാനമെടുത്തിട്ടുള്ളത്. ഇത് ജില്ലാ നേതൃത്വത്തിന്റെ സമ്മതത്തോടെയല്ല. ജില്ലയില്‍ മറ്റൊരിടത്തും ഇത് പിന്തുടരുന്നുമില്ല’- എന്ന് ആഞ്ചലോസ് പറയുന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും കഞ്ഞിക്കുഴി മേഖലയില്‍ സിപിഎം, സിപിഐ പോര് മുന്നണിക്ക് തലവേദനയുണ്ടാക്കിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നെ തര്‍ക്കങ്ങള്‍ തുടങ്ങുകയും പിന്നീട് സി.പിഐ സ്ഥാനാര്‍ഥികള്‍ കൂട്ടത്തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. പി്ന്നീട് മേഖലയില്‍ പല സംഭവങ്ങളിലും ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ ഭിന്നത പ്രകടമായിരുന്നു. ഈ പോര് ഇപ്പോള്‍ പുന്നപ്ര-വയലാര്‍ സ്മരണയിലും തുടരുന്ന കാഴ്ചയാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍