UPDATES

ട്രെന്‍ഡിങ്ങ്

‘ഇക്കണക്കിന് ചൈത്ര ഇനി നാട്ടുകാര്‍ക്ക് കൂടി വിശദീകരണം നല്‍കേണ്ടി വരുമല്ലോ’, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

യാഥാര്‍ഥ്യം അറിയാവുന്ന മേലുദ്യോഗസ്ഥരും ഞാന്‍ ഉള്‍പ്പെടെയുള്ളവരും പരിചയമുള്ളവരെ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് തെറ്റായ കാര്യങ്ങളാണെന്ന് പറഞ്ഞെങ്കിലും അവര്‍ വാര്‍ത്തകള്‍ നല്‍കിക്കൊണ്ടേയിരിക്കുകയാണ്

“ഇക്കണക്കിന് ആ കുട്ടി ഇനി നാട്ടുകാര്‍ക്ക് കൂടി വിശദീകരണം കൂടി നല്‍കേണ്ടി വരുമല്ലോ, അതുപോലെ അല്ലേ മാധ്യമങ്ങള്‍ എല്ലാം കൂടി കഥകള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. സ്ഥലംമാറ്റം, വിശദീകരണം ചോദിക്കല്‍, വകുപ്പുതല അന്വേഷണം അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ നടന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്… ഇതൊന്നുമല്ല ശരിയായ കാര്യങ്ങള്‍”,  ഇപ്പോള്‍ തിരുവനന്തപുരം വനിതാ സെല്‍ എസ് പിയായ ഐപിഎസ് ഓഫീസര്‍ ചൈത്ര തെരേസ ജോണ്‍ രണ്ടു ദിവസം മുമ്പ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ നടത്തിയ പരിശോധനയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വാര്‍ത്തകളായി തുടരുന്ന സാഹചര്യത്തില്‍ എന്താണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം  എന്നന്വേഷിക്കുകയായിരുന്നു ഞങ്ങള്‍. ഇതിനായി സമീപിച്ച നിരവധി പോലീസ് ഉദ്യോഗസ്ഥരിലൊരാളുടെ പ്രതികരണമാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്.

ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെയും അവരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെയുമാണ്‌ റെയ്ഡ് ചെയ്തത് എന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ശബരിമല ഡ്യൂട്ടി കഴിഞ്ഞ്  ഡിസിപി ആദിത്യ തിരികെ ചുമതലേയേല്‍ക്കുമ്പോള്‍ ചൈത്രയുടെ ചുമതല സ്വാഭാവികമായി ഒഴിഞ്ഞു. ഈ സംഭവം നടക്കുമ്പോ അവര്‍ക്കായിരുന്നു ഡിസിപിയുടെ ചുമതല. അന്ന് പരിശോധന കഴിഞ്ഞയുടന്‍ തന്നെ അക്കാര്യങ്ങളെല്ലാം മേലുദ്യോഗസ്ഥരെ അവര്‍ അറിയിച്ചതാണ്. കൂടാതെ അവരുടെ ടീമിലുണ്ടായിരുന്നവര്‍ക്കും മാത്രമേ  സിപിഎം ഓഫീസില്‍ പരിശോധന നടത്തിയ കാര്യം അറിയുമായിരുന്നുള്ളൂ. ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിശദീകരണം തേടിയെന്നും ഇതിനു പിന്നാലെ വാര്‍ത്തകള്‍ കണ്ടു. എന്റെ അറിവില്‍ ഇതുവരെ അവരോട് ആരും വിശദീകരണം ചോദിച്ചിട്ടില്ല. വകുപ്പ് തല അന്വേഷണമുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതതും കണ്ടിരുന്നു. എന്റെ അറിവില്‍ ഇതുവരെ അത്തരമൊരു നടപടിയും ഉണ്ടായിട്ടില്ല. പിന്നെ, ഇത്രയധികം കോലാഹലം മാധ്യമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതിനു പിന്നില്‍ എന്താണ് ഉണ്ടായിരിക്കുന്നത് എന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ തിരക്കാതിരിക്കില്ലല്ലോ. അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഇക്കണക്കിന് മാധ്യമങ്ങള്‍ ഇങ്ങനെ ശരിയല്ലാതെ വാര്‍ത്ത‍ നല്‍കിയാല്‍ ആ കുട്ടി ഇനി നാട്ടുകാരോട് വിശദീകരണം നല്‍കേണ്ടി വരുമല്ലോ”, അദ്ദേഹം പറഞ്ഞു.

ഇനി റെയ്ഡ് നടന്ന ദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്: “അവരുടെ ജോലിയുടെ ഭാഗമായി തന്നെയാണ് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച രണ്ട് പേരെ അന്വേഷിച്ചിറങ്ങിയത്. അത് ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ. ചൈത്ര ഉള്‍പ്പെടുന്ന സംഘം 24-ാം തീയതി രാത്രി പതിനൊന്ന് മണിയോടെ സ്‌റ്റേഷനില്‍ നിന്നിറങ്ങി. ആദ്യം ചെന്നത് പ്രതികളായ നിഥിന്റേയും മനോജിന്റേയും വീടുകളിലേക്കാണ്. എന്നാല്‍ അവര്‍ വീട്ടിലുണ്ടായിരുന്നില്ല. മനോജ് എവിടെയാണെന്ന് വീട്ടുകാര്‍ക്കും അറിയുമായിരുന്നില്ല. നിഥിന്റെ ഭാര്യയെക്കൊണ്ട് അയാളെ വിളിപ്പിച്ചപ്പോള്‍ ഡിസി ഓഫീസിലാണെന്നാണ് അയാള്‍ പറഞ്ഞത്. അതനുസരിച്ചാണ് പോലീസ് സംഘം ഡിസി ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയത്. 11.40 ആയിക്കാണും അപ്പോള്‍ സമയം. മാധ്യമങ്ങള്‍ ഒക്കെ റിപ്പോര്‍ട്ട് ചെയ്തത് പോലെ സിപിഎമ്മിന്റെ ജില്ല സെക്രട്ടറി ഒന്നും അവിടെ ഉണ്ടായിരുന്നില്ല. രണ്ട് പേരായിരുന്നു അവിടെയുണ്ടായിരുന്നത്. ഒരു പയ്യനും കുറച്ച് പ്രായമുള്ള ഒരാളും. പയ്യന്‍ എവിടേക്കാ കയറുന്നതെന്നൊക്കെ ചോദിച്ചെങ്കിലും പ്രായമുള്ള അയാള്‍ അവനെ സമാധാനപ്പെടുത്തി. പിന്നീട് ചില മുറികളിലൊക്കെ നോക്കിയ ശേഷം അവര്‍ ഇറങ്ങുകയും ചെയ്തു. അവര്‍ ഇക്കാര്യങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഇത്രയുമാണ് അന്ന് നടന്നത്”, അദ്ദേഹം പറഞ്ഞു.

“എന്നാല്‍ ഇത് അന്ന് ആരും അറിഞ്ഞിരുന്നില്ല. പിറ്റേന്ന് രാത്രി ഏഴ് മണി കഴിഞ്ഞാണ് ഒരു മാധ്യമത്തില്‍ ഞങ്ങള്‍ ഈ വാര്‍ത്ത കാണുന്നത്. യാഥാര്‍ഥ്യം അറിയാവുന്ന മേലുദ്യോഗസ്ഥരും ഞാന്‍ ഉള്‍പ്പെടെയുള്ളവരും പരിചയമുള്ളവരെ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് തെറ്റായ കാര്യങ്ങളാണെന്നും വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കരുതെന്നും വ്യക്തിപരമായി  പറഞ്ഞെങ്കിലും അവര്‍ വാര്‍ത്തകള്‍ നല്‍കിക്കൊണ്ടേയിരിക്കുകയാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈത്ര തെരേസ ജോണ്‍ തലശ്ശേരിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് കാര്യങ്ങള്‍ അറിയാവുന്ന ചിലരുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെ: “നിറം പിടിപ്പിച്ച കഥകളാണ് രണ്ടു ദിവസമായി ചില മാധ്യമങ്ങള്‍ നല്‍കുന്നത്. അതില്‍ അവരെക്കുറിച്ച് പറഞ്ഞ പല കാര്യങ്ങളും വസ്തുതാവിരുദ്ധവുമാണ്. തലശേരിയില്‍ ഷുഹൈബിന്റെ കൊലപാതകമോ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമ പ്രസാദിന്റെ കൊലപാതകമോ അവരല്ല അന്വേഷിച്ചത്. ഷമേജ് എന്ന ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും, അച്ഛനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സൗമ്യയുടെ കേസിലും അവര്‍ ഇന്‍വോള്‍വ്ഡ് ആയി എന്നല്ലാതെ അവരല്ല അതും അന്വേഷിച്ചത്. അവര്‍ പോലും ഇക്കാര്യങ്ങള്‍ ഒന്നും അവകാശപ്പെടുകയില്ല. പക്ഷേ, മാധ്യമങ്ങള്‍ ഇതൊക്കെ അവരുടെ തലയില്‍ വച്ചു കൊടുക്കുകയായിരുന്നു”.

പോലീസ് സേനയിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെ: “സാധാരണ രീതിയില്‍ ജോലിയുടെ ഭാഗമായി നടന്ന ഒരു പ്രവര്‍ത്തിയെ അനാവശ്യമായി വലുതാക്കി കാണിക്കുകയാണ് മിക്ക മാധ്യമങ്ങളും. ശരിക്കും മാധ്യമങ്ങള്‍ പറയുന്നത് പോലെ ഒന്നും ഉണ്ടായിട്ടില്ല. വളരെ ന്യൂട്രല്‍ ആയി ജോലി ചെയ്യുന്നയാളാണ് ചൈത്ര. അതുകൊണ്ട് അവരെ ഉപയോഗിച്ച് ആര്‍ക്കെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കാര്യങ്ങള്‍ക്കൊന്നും അവര്‍ കൂട്ടുനില്‍ക്കില്ല. അവര്‍ സര്‍ക്കാരിന് എന്തെങ്കിലും മോശമുണ്ടാക്കണമെന്ന് ആലോചിക്കുന്ന ആള്‍ പോലുമല്ല, എന്റെ അറിവില്‍. അവരുടെ ഉത്തരവാദിത്തത്തില്‍ വരുന്ന ജോലി ചെയ്യുക മാത്രമാണ് സാധാരണ ചെയ്യാറ്. എനിക്കറിയില്ല മാധ്യമങ്ങള്‍ എന്തിനാണ് പിന്നെ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന്”.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍