UPDATES

മകന്‍ പോയത് കഞ്ചാവ് അടിച്ച് നടക്കുന്നവരുടെയോ സ്ത്രീ പീഡകരുടെയോ ഇടയിലെക്കല്ലല്ലോ? എം എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ് സംസാരിക്കുന്നു

എന്റെ അപ്പന്‍ 15-ാം വയസ്സില്‍ സിപിഎം തിരഞ്ഞെടുത്ത് പോയപ്പോള്‍ അപ്പന്റെ അമ്മ എതിര്‍ത്തിട്ടുണ്ടോ? സിപിഎമ്മിന്റെ പലരും വിളിച്ച് ഭീഷണിപ്പെടുത്തുന്നു

സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്‌കോയില്‍ (Kerala Small Industries Development Corporation Ltd – SIDCO) നിന്ന് പിരിച്ചുവിട്ടതായി മലയാള മനോരമ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആശാ ലോറന്‍സിന്റെ മകന്‍ മിലന്‍ ഇമ്മാനുവല്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നയിച്ച ഡി ജി പി ഓഫീസിന് മുന്‍പിലെ ശബരിമല സമരത്തില്‍ പങ്കെടുത്തതാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നതിന് കാരണമായി റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം പാളയത്തെ സിഡ്‌കോ എംപോറിയത്തിലെ സെയില്‍സ് അസിസ്റ്റായയ ആശാ ലോറന്‍സിന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടോ ഇല്ലയോ എന്നതിന്റെ നിജസ്ഥിതി അറിയില്ല. കഴിഞ്ഞ ദിവസം ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ആശ തിരുവനന്തപുരം ഹൗസിങ്‌ബോര്‍ഡിലുള്ള സിഡ്‌കോ എംഡിയുടെ ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.

സംഭവത്തെ കുറിച്ച് ആശാ ലോറന്‍സ് അഴിമുഖത്തോട് പ്രതികരിക്കുന്നു; ‘ഇന്നലെയും (01-11-2018) ഇന്നും (02-11-2018) ഹാജര്‍ വയ്ക്കാന്‍ അനുവദിച്ചിട്ടില്ല. ഇന്നലെ ജോലിയില്‍ നിന്നും പറഞ്ഞുവിടുമെന്നതൊക്കെ കേട്ടിരുന്നു. ജോലിയില്‍ നിന്ന് പരിച്ചുവിട്ടുവെന്നതിന് രേഖാ മൂലം ഒന്നും ലഭിച്ചിട്ടില്ല. ഇവിടുത്തെ (സിഡ്‌കോ) അധിക്ഷേപങ്ങളും ഭീഷണിയും കാരണം ഒരു പരാതി നേരത്തെ കൊടുത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ അനിയത്തിയൊക്കെ സഹപ്രവര്‍ത്തകരാണ്. അവരുടെയൊക്കെ മോശം പെരുമാറ്റം കാരണമാണ് പരാതി നല്‍കിയത്. എന്നെ എടീ, പോടീ എന്ന് വിളിക്കുകയും മോശമായ തരത്തില്‍ ആംഗ്യം കാട്ടുകയുമൊക്കെ ചെയ്തിരുന്നു. ഞാന്‍ ഡിവോഴ്‌സിയായതുകൊണ്ട് ചെറുപ്പക്കാരെ എന്റെ വീട്ടില്‍ വിളിച്ചുകയറ്റുന്നു എന്നാണ് അവരൊക്കെ പറഞ്ഞു നടക്കുന്നത്.

ഒക്ടോബര്‍ 26-ാം തീയതി ഓഫീസില്‍ പതിവുപോലെ ജോലിക്കെത്തിയപ്പോള്‍ അറ്റന്‍ഡസ് ബുക്ക് തന്നില്ല. അപ്പോ ഭയം തോന്നിയിട്ട് പോലീസിനെ വിളിച്ചു. പക്ഷെ അന്വേഷിക്കാന്‍ വന്ന പോലീസും അപമാനിക്കുന്ന തരത്തിലാണ് പെരുമാറിയത്. എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ അവിടെ എത്തിയിട്ടില്ല എന്ന് അവര്‍ക്ക് കാണിക്കാന്‍ തെളിവുണ്ടല്ലോ. സംരക്ഷണത്തിനായി വിളിച്ചപ്പോള്‍ മോശമായി പെരുമാറിയ പോലീസ് നടപടിയെക്കുറിച്ച് മുഖ്യമന്ത്രിക്കും, ഇ പി ജയരാജനും, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും, ഡിജിപിക്കുമൊക്കെ പരാതി നല്‍കിയിട്ടുണ്ട്.

ബിജെപിയുംടെ സമരത്തില്‍ മകന്‍ പോയതിലും അവര്‍ക്കൊക്കെ അമര്‍ഷമുണ്ടായിരുന്നു. അവന്‍ അവിടെ പോയതിന് കാരണം, അയ്യപ്പന്റെ ഒരു വിശ്വാസിയായതുകൊണ്ടാണ്. ഞാനുമതെ. മോന്‍ ശ്രീധരന്‍ പിള്ള സാറിന്റെ പ്രസംഗം ഒക്കെ കേള്‍ക്കാറുണ്ട്. കഴിഞ്ഞ ദിവസം ബിജെപിയുടെ സമരത്തില്‍ പോവണമെന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാനാണ് അവനെക്കൊണ്ടാക്കി കൊടുത്തത്. അതു കഴിഞ്ഞ് ഓഫീസിലെ ആ വിഷയവുമായി (അധിക്ഷേപ പരാതി) ബന്ധപ്പെട്ട എംഡിയെ കാണാന്‍ എത്തിയപ്പോള്‍ പറഞ്ഞത് ഇപ്പോള്‍ സാഹചര്യം മാറിയെന്നും ബിജെപിയുടെ സമരത്തില്‍ പോയതൊക്കെ എന്തിനാണെന്ന തരത്തില്‍ പാര്‍ട്ടി ഒക്കെ അറിഞ്ഞിട്ടാണോ അവിടെ പോയതെന്നുമൊക്കെ ചോദിക്കുകയും ചെയ്തു. എന്റെ പരാതിയില്‍ നടപടിയെടുത്താല്‍ പാര്‍ട്ടിക്കാര്‍ ഇടപെടുമെന്ന് ഭയന്നായിരിക്കാം ഇത് നീട്ടികൊണ്ടുപോകുന്നത്. ഇപ്പോള്‍ ബിജെപിയുടെ കൂടെ പോയി എന്ന സാഹചര്യവും പ്രതികൂലമായിട്ടാണ് വന്നിരിക്കുന്നത്. കൊടിയേരിയുടെ ഭാര്യ സഹോദരി അടക്കമുള്ളവരെ അവര്‍ (സിഡ്‌കോ അധികൃതര്‍) സംരക്ഷിക്കുമോ? അതോ ആരുമില്ലാത്ത എന്റെ കൂടെ നില്‍ക്കുമോ? എനിക്ക് വേണ്ടത് ഇവിടെയുള്ള അധിക്ഷേപങ്ങള്‍ ഒന്നു നിര്‍ത്തി തരുകയാണ്. എത്ര നാളായി ഞാനത് അനുഭവിക്കുന്നു.

ഈ പരാതി കൊടുത്തതിനെ എന്നെ നടത്തിക്കുകയല്ലാതെ ഒരു നടപടിയും അധികൃതര്‍ എടുത്തിട്ടില്ല. അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥരുടെ മുമ്പില്‍വെച്ച് പോലും എടി, പോടീ എന്നോക്കെ വിളിച്ച് അധിക്ഷേപിക്കുകയും, മോശം ആംഗ്യം കാട്ടുകയുമൊക്കെ ചെയ്യുന്ന ഇവരുടെ കൂടെ എത്ര നാള്‍ നില്‍ക്കും. ഇപ്പോള്‍ ഒരു വീട്ടു ജോലിക്കാര്‍ പോലും ഇതൊക്കെ കേട്ട് ജോലിക്ക് നില്‍ക്കുമോ? ഈ വിഷയങ്ങളുടെ ഒക്കെ കൂട്ടത്തില്‍ ബിജെപി പരിപാടിയില്‍ പോയി എന്നത് ഒരു കാരണവും കൂടി ആക്കിയതാണ് അവര്‍. ബിജെപി പരിപാടിയില്‍ പോയതിന് ശേഷം സിപിഎമ്മിന്റെ പലരും വിളിച്ച് ഭീഷണിപ്പെടുത്താനൊക്കെ തുടങ്ങി. പലരും വിളിച്ച് ചോദിക്കുന്നത് എന്തിനാണ് മോന്‍ പോയതെന്നാണ്? എന്നിട്ട് അവനെ വഴക്ക് പറയുന്ന രീതിയില്‍ സംസാരിക്കുകയാണ്. സിഡ്‌കോയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കൊക്കെ അതിന് എന്ത് അവകാശമാണുള്ളത്? അല്ലേല്‍ തന്നെ അവന്‍ എന്തു തെറ്റ് ചെയ്തു. സാമൂഹത്തിന് ദ്രോഹമുള്ള തെറ്റ് എന്തെങ്കിലും ചെയ്‌തെങ്കില്‍ ഇതിന് അര്‍ത്ഥം ഉണ്ടെന്ന് പറയാം.

ബിജെപിയില്‍ ഞങ്ങളാരും മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല. നാളെ ഇനി എടുക്കണോ വേണ്ടായോ എന്നത് ഞങ്ങളുടെ തീരുമാനമാണ്. എന്റെ മോന്‍ അവരുടെ കൂടെ പോയാല്‍ എതിര്‍ക്കാന്‍ എനിക്ക് ഒരു അവകാശവുമില്ല. വരുന്ന ജൂണില്‍ അവന് 18 വയസ്സാകും. എന്റെ അപ്പന്‍ 15-ാം വയസ്സില്‍ സിപിഎം തിരഞ്ഞെടുത്ത് പോയപ്പോള്‍ അപ്പന്റെ അമ്മ എതിര്‍ത്തിട്ടുണ്ടോ? ഇല്ലല്ലോ? അപ്പന്‍ പോയി. അപ്പന്‍ അന്ന് പോയപ്പോള്‍ മോശമാണെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അന്ന് വെറുത്തിരുന്ന ലോകമായിരുന്നു ചുറ്റിനുമുണ്ടായിരുന്നത്. ഇന്നിപ്പോള്‍ സെക്യൂറിലിസം അതുമിതുമൊക്കെ പറഞ്ഞ് പാര്‍ട്ടിയിലുള്ളവരും അല്ലാത്തവരും ബിജെപിയെ പറയുന്നതുപോലെ തന്നെ.. കമ്മ്യൂണിസ്റ്റുകാരെ കാത്തോലിക്ക സഭ ഒക്കെ ചെകുത്താന്മാരെ പോലെ കണ്ടിരുന്ന കാലത്താണ് എന്റെ അമ്മ, അപ്പനെ വിവാഹം കഴിച്ചത്. അപ്പന്‍ കമ്മ്യൂണിസ്റ്റായതിന് എന്റെ അമ്മയൊക്കെ എത്രമാത്രം ഒറ്റപ്പെട്ടിട്ടുണ്ടെന്ന് അറിയാമോ?

ഇപ്പോള്‍ എന്റെ മകന്‍ പോയത് അവന് ബോധ്യമുള്ള കാര്യത്തിനാണ്. അതിന് ഞാന്‍ എന്തിന് എതിര്‍ക്കണം? അവന്‍ പോയത് കഞ്ചാവ് അടിച്ച് നടക്കുന്നവരുടെ ഇടയിലോ സ്ത്രീ പീഡകരുടെ ഇടയിലേക്കൊ അല്ലല്ലോ.. ഈ ജനം മുഴുവന്‍ കാണ്‍കെ തന്നെയല്ലെ അവന്‍ പോയത്. അയ്യപ്പ വിശ്വാസിയായതുകൊണ്ടാണ് അവന്‍ പോയത്. എനിക്ക് ഒരു അശ്രേയമുള്ളത് ഈ ജോലിയാണ്. എനിക്ക് മുമ്പോട്ട് പോകാന്‍ ഒരു വരുമാനം ആവിശ്യമാണ്. എന്ന് വച്ച് ഒരു അടിമ മനോഭാവത്തിലേക്ക് എത്തുമെന്ന് കരുതരുത്.’ ആശ പറഞ്ഞു നിര്‍ത്തി.

സിഡ്‌കോ എംഡി കെ ബി വിജയ് കുമാറിന്റെ പ്രതികരണത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹവുമായി ബന്ധപ്പെടാന്‍ അഴിമുഖത്തിന് സാധിച്ചില്ല.

ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത എം എം ലോറന്‍സിന്റെ കൊച്ചുമകനില്‍ നിന്നും ബിജെപി പഠിക്കുന്ന രാഷ്ട്രീയം

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ബിജെപിയുടെ ഉപവാസ വേദിയില്‍

ശിവദാസന്റെ മരണം; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ആദ്യത്തെ കേസ് ഈ നേതാക്കള്‍ക്കെതിരെ തന്നെ വേണം

നെഹ്റു വിരുദ്ധ പട്ടേൽ പ്രേമ രാഷ്ട്രീയത്തിന്റെ 182 മീറ്റര്‍

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍