UPDATES

ട്രെന്‍ഡിങ്ങ്

നവഉദാരവത്ക്കരണത്തെക്കുറിച്ച് യെച്ചൂരി പറഞ്ഞത് പിണറായി സര്‍ക്കാരിനോടും കൂടിയാണ്

തൃശൂരില്‍ ഇന്നലെ ആരംഭിച്ച സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് നവഉദാരവല്‍ക്കരണ നയങ്ങളെക്കുറിച്ച് യെച്ചൂരി പ്രതിപാദിച്ചത്

നവ ഉദാരവല്‍ക്കണ സമീപനത്തെക്കുറിച്ചുള്ള യച്ചൂരിയുടെ നിലപാട് കേരളത്തിലെ ഇടത് സര്‍ക്കാരിനെ ഉദ്ദേശിച്ചുള്ളതാണോ? തൃശൂരില്‍ ഇന്നലെ ആരംഭിച്ച സിപിഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് നവഉദാരവല്‍ക്കരണ നയങ്ങളെക്കുറിച്ച് യെച്ചൂരി പ്രതിപാദിച്ചത്. നവഉദാരവത്കരണ നയങ്ങളോട് ഭാഗികമായി എതിര്‍പ്പ് സാധ്യമല്ല. ഒന്നുകില്‍ അതിനെ എതിര്‍ക്കുക, അല്ലെങ്കില്‍ പിന്തുണയ്ക്കുക എന്നതാണ് വഴികള്‍ എന്നായിരുന്നു തന്റെ പ്രസംഗത്തില്‍ യെച്ചൂരി പറഞ്ഞത്. യച്ചൂരിയുടെ വാക്കുകള്‍ ബിജെപിയും കോണ്‍ഗ്രസും നടപ്പാക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങളെ മാത്രമല്ല, കേരളത്തില്‍ ഇടത് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവഉദാരനയങ്ങളെയും വിമര്‍ശിക്കുന്നതാണെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നിട്ടുള്ളത്. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പല നയങ്ങളും പദ്ധതികളും നവഉദാരവല്‍ക്കരണ സമീപനത്തിന്റെ ഭാഗമായാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് യച്ചൂരിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഇടത് നയങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും എതിരായി പ്രകടന പത്രികയെ തന്നെ അട്ടിമറിക്കുകയോ പാടെ അവഗണിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന വ്യാപക വിമര്‍ശനം ഏറെക്കാലമായി ഉയരുന്നുണ്ട്. പരിസ്ഥിതിയെ മറന്നുകൊണ്ടും അടിസ്ഥാനര്‍ഗത്തെ അവഗണിച്ചുകൊണ്ടും നടപ്പാക്കുന്ന നയങ്ങള്‍ പ്രഖ്യാപിത ഇടത് നയങ്ങള്‍ക്ക് യോജിച്ചവയല്ലെന്ന
അഭിപ്രായങ്ങള്‍ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ തന്നെ രൂപപ്പെട്ടിരുന്നു. കഴിഞ്ഞയിടെ വ്യവസായ സംരംഭകര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് തന്നെ ഇതിന് വലിയ ഉദാഹരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് ചുമട്ടുതൊഴിലാളി നിയമമടക്കം ഭേദഗതി ചെയ്തത്. വ്യവസായികള്‍ക്കോ സംരംഭകര്‍ക്കോ മുതലാളിമാര്‍ക്കോ തൊഴിലാളികളെ ചൂഷണം ചെയ്യാനും തൊഴില്‍ നഷ്ടപ്പെടുത്താനും ഉതകുന്ന നിയമഭേദഗതി, തൊഴിലാളികളുടെ നെഞ്ചില്‍ അടിച്ച ആണിയായാണ് പലരും വിലയിരുത്തിയത്.

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ വന്‍കിട വ്യവസായ പദ്ധതികള്‍ക്കും മറ്റുമായി പരിസ്ഥിതിയെ ഇല്ലാതാക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഓര്‍ഡിനന്‍സുകള്‍ വഴി നിയമഭേദഗതി ചെയ്തും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടും വന്‍കിട വ്യവസായ സംരംഭകര്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഉയര്‍ച്ചക്ക് വ്യവസായങ്ങള്‍ ആവശ്യമാണെന്ന് വരികിലും അത്തരം പദ്ധതികള്‍ വഴി ഇരയാക്കപ്പെടുന്നവരുമായി ആശയവിനിമയത്തിന് പോലും തയ്യാറാവാതെ ഏകാധിപത്യമാണ് നടപ്പാക്കുന്നതെന്ന വിമര്‍ശനവും സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ നിലവിലുള്ളതാണ്.

പാര്‍ട്ടിയെക്കുറിച്ച് മാത്രമല്ല, ഈ സര്‍ക്കാരിനെക്കുറിച്ചും ഒരു ചുക്കും അറിയില്ല, ഓര്‍ഡിനന്‍സ് രാജിന്റെ കേരളഭരണം

സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ യെച്ചൂരി ഉദ്ദേശിച്ചത് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് തന്നെയാണെന്ന അഭിപ്രായമാണ് രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി. മാത്യുവിനുള്ളത്. യെച്ചൂരി പറഞ്ഞ ഭാഗിക എതിര്‍പ്പ് എന്നൊന്ന് ഇവിടെയില്ലെന്നും പൂര്‍ണമായും നവഉദാരവല്‍ക്കരണ നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ജോസഫ് സി. മാത്യു പറയുന്നു: “യെച്ചൂരി പറഞ്ഞ കാര്യത്തില്‍ കേരളത്തിലെ സാഹചര്യം വച്ചുനോക്കിയാല്‍
ആര്‍ക്കും എതിരഭിപ്രായം കാണില്ല. കാരണം ഇവിടെ ഇടത് സര്‍ക്കാര്‍ കാലങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് നവഉദാരവല്‍ക്കരണ നയങ്ങള്‍ തന്നെയാണെന്ന് കാണാം. എഡിബി വായ്പ തന്നെ അതിന് ഉദാഹരണമാണ്. കേരളം ഒരു സംസ്ഥാനം മാത്രമാണെന്നും ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ചെറുത്തുനില്‍ക്കുന്നതിന് പരിമിതികളുണ്ടെന്നുമാണ് അന്ന് ഇടത് സര്‍ക്കാര്‍ പറഞ്ഞത്. എഡിബി വായ്പയെടുക്കാന്‍ കരാര്‍ ഒപ്പിട്ടത് കേന്ദ്രസര്‍ക്കാരാണ്. അതില്‍ സംശയമില്ല. പക്ഷെ വായ്പ സംബന്ധിച്ച് ചര്‍ച്ച ചെയ്തതും വായ്പ എടുക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. സംസ്ഥാനത്തിന് അതില്ലാതെ മുന്നോട്ട് പോവാന്‍ പറ്റില്ലെന്നാണ് അന്ന് മന്ത്രിയായിരുന്ന തോമസ് ഐസക് പാര്‍ട്ടിയോട് പറഞ്ഞത്. എന്നാല്‍ അഞ്ച് കൊല്ലം കൊണ്ട് പത്ത് ശതമാനം തുക പോലും അതില്‍ നിന്ന് എടുത്തിരുന്നില്ല.  ഇപ്പോഴും എടുത്തിട്ടില്ല. എന്നാല്‍ അതുവഴി എന്തുഗുണമായുണ്ടായതെന്ന് ഇടതുപക്ഷത്തിന് ഇതേവരെ പറയാനായിട്ടില്ല. നഗരസഭയിലേയും കോര്‍പ്പറേഷനിലേയും മാലിന്യ നിര്‍മ്മാര്‍ജ്ജനം, കുടിവെള്ളം- അങ്ങനെ ഏത് വിഷയത്തിലാണ് ഗുണഫലം പറയാന്‍ ഇടത് നേതാക്കള്‍ക്കോ പാര്‍ട്ടിക്കോ കഴിയുക? പ്രതിപക്ഷത്തിരിക്കുമ്പോള്‍ നവഉദാരവല്‍ക്കരണ സമീപനങ്ങളെ എതിര്‍ക്കുകയും ഭരണത്തില്‍ വരുമ്പോള്‍ അവയൊക്കെ തന്നെ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്ററി വ്യാമോഹം വരുമ്പോള്‍, തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്ന് പറയുന്ന ഘട്ടത്തില്‍ പി.വി അന്‍വറിനേയും തോമസ് ചാണ്ടിയേയും എല്ലാം പിന്തുണക്കേണ്ടി വരും. ഉപദേശകയായ ഗീത ഗോപിനാഥ് ഇത്തവണത്തെ വരവില്‍ മാധ്യമങ്ങളോട് പറഞ്ഞതെന്താണ്? സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയുടെ കാര്യം പറഞ്ഞു. പെന്‍ഷന്‍ നല്‍കുന്ന തുകയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അവര്‍ അത് പറഞ്ഞത്. പൂര്‍ണമായും നിയോ-ലിബറല്‍ നയം നടപ്പാക്കാന്‍ വേണ്ടിയാണ് അവര്‍ വരുന്നത്. അവര്‍ക്ക് വേദയൊരുക്കി കൊടുക്കാന്‍ വേണ്ടിയാണോ ഇടത് ഭരണം? ഭരണം എന്ന് പറയുന്നത് രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കുകയാണ് വേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്താണ്? കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നത് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാല്‍ 15 പേര്‍ ആത്മഹത്യ ചെയ്തും ചികിത്സമുടങ്ങിയും മരിച്ചു. എന്നിട്ടോ സര്‍ക്കാര്‍ ചെയ്യുന്നതെന്താണ്? ആ പണം കൂടി കിഫ്ബിയിലേക്കിടുകയാണ്. സ്വകാര്യ നിക്ഷേപകര്‍ക്ക് ഇരുപത് ശതമാനം റീപേയ്‌മെന്റും ആരംഭിച്ചുകഴിഞ്ഞു. നിക്ഷേപകര്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് തന്നെ. ഗീതാ ഗോപിനാഥ് പറയും മുന്നേ ഐസക് പ്രവര്‍ത്തിച്ചുകഴിഞ്ഞു എന്നുവേണം പറയാന്‍.”

ക്വാറികള്‍ക്ക് വരുത്തിയ ഇളവ് അദാനിയെയും വിഴിഞ്ഞം പദ്ധതിയേയും
ഉദ്ദേശിച്ചുള്ളതാണെന്നുള്ള ആരോപണങ്ങള്‍ കാലമേറെയായി ഉയരുന്നു. ഗെയില്‍ പദ്ധതിയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി സര്‍ക്കാരിന് വയല്‍ നികത്താം എന്ന നിയമഭേദഗതി കൊണ്ടുവന്നതും കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിടവ്യവസായ സംരംഭകര്‍ക്കും ഏറെക്കുറെ സഹായകമായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ പൊതുജനത്തെ, പ്രത്യേകിച്ച്സ സര്‍ക്കാര്‍ നയങ്ങള്‍ക്ക് ഇരയകളായവരുടെ ഭാഗം കേള്‍ക്കാതിരിക്കുകയും ഇടത് നയത്തില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്താല്‍ ബംഗാളിലെ പാര്‍ട്ടിയുടെ ഗതി തന്നെയാവും കേരളത്തിലെ പാര്‍ട്ടിയേയും കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പ് വിമര്‍ശകര്‍ നല്‍കുന്നു.

സിപിഎം സംസ്ഥാന സമ്മേളനം; ആകെ ചെലവ് 10 കോടിയെന്ന്, അസംതൃപ്തിയോടെ സാധാരണ സഖാക്കള്‍

എന്നാല്‍ ഇത്തരം ചിന്തകളെല്ലാം തെറ്റിദ്ധാരണയില്‍ നിന്നുണ്ടാകുന്നതാണെന്നും യച്ചൂരി തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചത് കോണ്‍ഗ്രസും ബിജെപിയും നടപ്പാക്കി വരുന്ന നവഉദാരവല്‍ക്കരണ
നയങ്ങളെയാണെന്നുമുള്ള അഭിപ്രായമാണ് സാമ്പത്തികകാര്യ വിദഗ്ദ്ധന്‍ ഡോ. ഹരിലാല്‍ പറയുന്നത്: “കമ്പോളം എന്ന് പറയുന്നതും, കമ്പോളവുമായി സഹകരിക്കുന്നതും നവഉദാരവല്‍ക്കരണ നയമായി കണക്കാക്കാനാവില്ല. കാരണം കേരളത്തിലെ ഇടതുസര്‍ക്കാരുകളും പാര്‍ട്ടിയും എന്നും അത്തരം നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. എയ്ഡഡ് കോളേജുകളുടെ കാര്യത്തിലാണെങ്കില്‍ പോലും അത് വ്യക്തമാണ്. വ്യവസായം വളരാനും, സ്വകാര്യ നിക്ഷേപവും മൂലധന നിക്ഷേപവും വര്‍ദ്ധിപ്പിക്കുക എന്നത് സിപിഎമ്മിന്റെ മറവില്ലാത്ത പോളിസി തന്നെയാണ്. കേരളത്തിന്റെ പൊതുതാത്പര്യം മുന്‍നിര്‍ത്തി റഗുലേഷന്‍ ഇല്ലാതാവുന്നത് മാത്രമാണ് പ്രശ്‌നമായി വരുന്നത്. മാര്‍ക്കറ്റും മൂലധനവും വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് പാര്‍ട്ടിക്കറിയാം. രാഹുല്‍ വന്നാലും മോദി വന്നാലും ഒരേ കാര്യം തന്നെ എന്ന് യച്ചൂരി പറഞ്ഞതിലെ സാംഗത്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അതിനെ തന്നെയാണ് നിയോ-ലിബറല്‍ പോളിസികളുടെ കാര്യത്തിലും വിമര്‍ശിച്ചത്. അല്ലാതെ അത് കേരളത്തിലെ പാര്‍ട്ടിയേയോ സര്‍ക്കാരിനേയോ ഉദ്ദേശിച്ചല്ല.”

ഈ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണെങ്കിലും ഈ വിഷത്തില്‍ യച്ചൂരി എന്ത് നിലപാടാണ് സ്വീകരിക്കുന്നു എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് ചിന്തകനായ കെ. വേണു അഭിപ്രായപ്പെടുന്നു. “കോര്‍പ്പറേറ്റ് നയത്തെക്കുറിച്ച് പറയുമ്പോള്‍ ബുദ്ധദേവ് ഭട്ടാചാര്യ തന്നെ പറഞ്ഞ കാര്യങ്ങളുണ്ട്. അതായത് കമ്മ്യൂണിസ്റ്റുകാരുടെ മുന്നില്‍ പ്രായോഗികമായ ഒരു ഇക്കണോമിക് ബദല്‍ ഇല്ല, അല്ലെങ്കില്‍ അതിനുള്ള സോഷ്യലിസ്റ്റ് മോഡല്‍ ഇല്ല എന്നാണ്. വലിയ പരിധി വരെ സീതാറാം യച്ചൂരിയും അത് അംഗീകരിക്കുന്നതായാണ് ബോധ്യപ്പെട്ടിട്ടുള്ളത്. പറയുമ്പോള്‍ മറ്റുള്ളവരുടെ നവഉദാര സമീപനങ്ങളെ ചോദ്യം ചെയ്യുകയും ഭരിക്കുമ്പോള്‍ ഇവിടുത്തെ സര്‍ക്കാരും അത് തന്നെ ചെയ്യുന്ന അവസരവാദമാണ് നിലവിലുള്ളത്. യച്ചൂരി പറഞ്ഞതില്‍ പോലും പ്രശ്‌നങ്ങളുള്ളതായിട്ടാണ് തോന്നുന്നത്. അങ്ങനെയൊരു കാര്യമുണ്ടെങ്കില്‍ അതിനെ തുറന്ന് ആക്രമിക്കുകയോ, അല്ലെങ്കില്‍ അതിനെ പൂര്‍ണമായും
എക്‌സ്‌പോസ് ചെയ്യുകയോ ആണ് വേണ്ടത്. അതിന് പകരം എങ്ങും തൊടാത്ത തരത്തിലുള്ള അഭിപ്രായപ്രകടനമാണ് ഉണ്ടായിരിക്കുന്നത്. കമ്പോള സമ്പദ്ഘടനയ്ക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത നയമാണ് നവഉദാരവല്‍ക്കരണം. യാതൊരു നിയന്ത്രണവുമില്ലാത്ത കമ്പോള സമ്പദ്ഘടനയാണ് ചൈന നല്‍കുന്ന അനുഭവവും. പക്ഷെ അതിന് ബദലായി ഒരു സോഷ്യല്‍-ഇക്കണോമിക് മോഡല്‍ കൊണ്ടുവരാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞിട്ടുമില്ല. നവഉദാരവല്‍ക്കരണ നയങ്ങളെ ‘മാര്‍ക്കറ്റ് സോഷ്യലിസം’ എന്ന ഓമനപ്പേരില്‍ അവര്‍ വിളിക്കുമെന്ന് മാത്രമേയുള്ളൂ. തങ്ങളതല്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് നവഉദാരവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുമ്പോഴും അത് തന്നെ നടപ്പാക്കാനാണ് അവരും ശ്രമിക്കുന്നത് എന്നത് വൈരുധ്യമാണ്”.

കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍, ബംഗാള്‍ അനുഭവപാഠം നന്നായി മനസ്സിലാക്കിയ പാര്‍ട്ടി നവഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഇനി എന്തു നിലപാട് സ്വീകരിക്കുമെന്നതും യെച്ചൂരിയുടെ വാക്കുകള്‍ക്കപ്പുറം അറിയേണ്ട കാര്യമാണ്.

ഗീത ഗോപിനാഥിന്റെ ഉപദേശി സ്ഥാനം; കേരളത്തിന് ഗുണകരമോ?

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

പിണറായി സര്‍ക്കാര്‍ മുതല്‍ കണ്ണൂര്‍ ലോബി വരെ; സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയേറുമ്പോള്‍

ഗീത ഗോപിനാഥ് വരട്ടെ

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍