UPDATES

ട്രെന്‍ഡിങ്ങ്

ആറ്റിങ്ങലില്‍ സുരക്ഷ ശക്തമാക്കണം, സിപിഎം-സംഘപരിവാര്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നു: രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീടും എബിവിപി ആറ്റിങ്ങല്‍ നഗരം സെക്രട്ടറി ശ്യാം മോഹന്റെ വീടുമാണ് അടിച്ച് തകര്‍ത്തത്

ഗോപിക

ഗോപിക

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ കലഹങ്ങളാല്‍ കലുഷിതമാവുകയാണ് ആറ്റിങ്ങലും പരിസരപ്രദേശങ്ങളും. സമാധാനാന്തരീക്ഷം ആറ്റിങ്ങലില്‍ തകരുന്നതായും ഉടന്‍തന്നെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടാകുമെന്നുമുള്ള രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍. പ്രധാനമായും എല്‍ഡിഎഫ് – സംഘപരിവാര്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം എസ്എഫ്ഐ- എബിവിപി നേതാക്കളുടെ വീടാക്രമണത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് പ്രദേശത്ത് സംഘര്‍ഷം കൂടുതല്‍വഷളായത്. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് സുരക്ഷ ശക്തമാക്കാന്‍ ഉന്നതതലങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 24-ന് ആറ്റിങ്ങല്‍ ഭജനമഠം പൊളിച്ചതുമായി ബന്ധപ്പെട്ടാണ് ഇവിടെ സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. ആറ്റിങ്ങല്‍ കൊട്ടിയോടിനടുത്ത് സ്ഥാപിച്ചിരുന്ന ഭജനമഠം നഗരസഭാധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധവുമായി ചില സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയും പ്രതിഷേധത്തിന്റെ ഭാഗമായി അന്ന് തന്നെ ഭജനമഠം ഇവര്‍ പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പുന:സ്ഥാപിച്ച ഭജനമഠം സെപ്റ്റംബര്‍ 30-ന് തന്നെ കനത്ത പൊലീസ് കാവലോടെ നഗരസഭാ അധികൃതര്‍ പൊളിച്ചു മാറ്റുകയും പ്രദേശത്ത് ബോര്‍ഡ് വെയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നിരവധി സംഘര്‍ഷങ്ങള്‍ ഉണ്ടായെങ്കിലും അവ പൊലീസ് ഇടപെടലോടെ ഒരുവിധം ശാന്തമായ നിലയില്‍ പോകുകയായിരുന്നു.

എന്നാല്‍ തോന്നയ്ക്കല്‍ സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പോടെ സംഘപരിവാര്‍- സിപിഎം സംഘര്‍ഷങ്ങള്‍ വീണ്ടും പ്രദേശത്ത് ആരംഭിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ എസ്എഫ്ഐ- എബിവിപി സംഘര്‍ഷമുണ്ടായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐ, എബിവിപി നേതാക്കളുടെ വീടാക്രമണത്തിലേക്ക് വഴിവെച്ചതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീടും എബിവിപി ആറ്റിങ്ങല്‍ നഗരം സെക്രട്ടറി ശ്യാം മോഹന്റെ വീടുമാണ് അടിച്ച് തകര്‍ത്തത്. ആക്രമണത്തില്‍ ഇരുവരുടെയും കുടുംബാഗംങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം തോന്നയ്ക്കല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ പ്രദേശം ഇപ്പോള്‍ ശാന്തമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നുമാണ് മംഗലപുരം എസ്‌ഐ വ്യക്തമാക്കിയത്. തോന്നയ്ക്കല്‍ സ്‌കൂള്‍ ഇലക്ഷനില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തില്‍ പുറത്ത് നിന്നുള്ള ചിലര്‍ ഇടപെട്ടിരുന്നു. ഇതാണ് പ്രശ്‌നമുണ്ടാകാന്‍ കാരണം. പുറത്ത് നിന്നുള്ള ചിലര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു. അതില്‍ പ്രതികളായവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ആറ്റിങ്ങലില്‍ എസ്എഫ്ഐ നേതാവിന്റെയും എബിവിപി നേതാവിന്റെയും വീടുകള്‍ തകര്‍ത്ത വിഷയം കൃത്യമായി ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും എസ്.ഐ വ്യക്തമാക്കി.

“കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീട് തകര്‍ക്കപ്പെടുന്നത്. സ്വാഭാവികമായിട്ടും സംസ്ഥാന പ്രസിഡന്റിന്റെ തന്നെ വീട് ആക്രമിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ച് ബോധപൂര്‍വ്വം നാട്ടില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയെന്ന ആര്‍എസ്എസ്- സംഘപരിവാര്‍ അജണ്ടയാണ് കഴിഞ്ഞ ദിവസത്തെ സംഭവം ഓര്‍മ്മിപ്പിക്കുന്നതെ”ന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പ്രതികരിച്ചു.

ഒരു പ്രകോപനത്തിന്റെ ഭാഗമായിട്ടല്ല, അതിനപ്പുറം ഏകപക്ഷീയമായിട്ടാണ് എസ്എഫ്‌ഐ നേതാവിന്റെ വീട് ആക്രമണത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍എസ്എസ് – സംഘപരിവാര്‍ സംഘടനകള്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇടതുപക്ഷ നേതാക്കള്‍ക്ക് നേരേയുണ്ടാകുന്ന ആക്രമങ്ങളെന്ന് നിസ്സംശയം പറയാവുന്നതാണ്. ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വളരെ പുരോഗമനപരമായ നിലപാടാണ് എസ്എഫ്ഐ എടുത്തിരിക്കുന്നത്. ഈ നിലപാടുകളില്‍ ഉറച്ച് നിന്ന് വിവിധ ക്യാംപെയ്‌നുകളില്‍ നേതൃത്വം നല്‍കിയ പ്രധാന വ്യക്തിയാണ് വിനീഷ്. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്, അദ്ദേഹത്തിന്റ വീടിന് നേരേ സംഭവിച്ചത്, വെറുമൊരു സ്‌കൂള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെത്തുടര്‍ന്നുള്ള എതിര്‍പ്പുകളല്ലെന്നത്.

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇതാദ്യമായിട്ടല്ല നടക്കുന്നത്. ഈ തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടു മുന്നോടിയായി ക്യാംപസ് തെരഞ്ഞെടുപ്പുകള്‍ നടന്നതാണ്. മംഗലപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ക്യാംപസുകളില്‍ എസ്എഫ്ഐക്ക് മുന്നേറ്റം ഉണ്ടാവുകയും അത്തരത്തില്‍ ക്യാംപസുകളില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പലയിടത്തും ഉണ്ടാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതില്‍ പിന്‍പറ്റി നേതാക്കളുടെ വീടുകള്‍ ആക്രമിക്കുന്നതുവരെ എത്തുന്ന സംഭവങ്ങള്‍ അപലപനീയമാണ്. അതിന് കൃത്യമായ രഹസ്യ അജണ്ടകള്‍ നിലനില്‍ക്കുന്നുണ്ട്”– സച്ചിന്‍ ദേവ് പറഞ്ഞു.

ഇക്കാര്യത്തില്‍ പ്രതികരണത്തിന് എബിവിപി നേതൃത്വത്തെ സമീപിച്ചെങ്കിലും പ്രതികരിക്കാനില്ല എന്നാണ് അവര്‍ വ്യകതമാക്കിയത്.

നേതാക്കളുടെ വീടുകള്‍ അടിച്ച് തകര്‍ത്തതിന് പിന്നില്‍ രാഷ്ട്രീയ സംഘര്‍ഷമാണെന്ന് ഡിവൈഎസ്പി പി. അനില്‍കുമാര്‍ പറഞ്ഞു. ആക്രമണത്തില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. എസ്എഫ്‌ഐ നേതാവ് വിനീഷിന്റെ വീട് ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഘടനകള്‍ തമ്മിലുള്ള പകവീട്ടല്‍ മനോഭാവമാണ് ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണമെന്നാണ് പൊലീസ് നിഗമനം.

കോളേജ് തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്ഐ-എബിവിപി സാന്നിധ്യങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ തോന്നയ്ക്കലില്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പിന് ശേഷം പുറത്ത് നിന്നുള്ളവരുടെ ഇടപെലുകള്‍ ഇരുവിഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്, ഇതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത് എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടത്തല്‍. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇതുപോലെ പുറത്ത് നിന്നുണ്ടാകുന്ന പിന്തുണകള്‍ ക്യാംപസുകള്‍ക്കുള്ളിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കുമെന്നും അതിനാല്‍ സുരക്ഷ ശക്തമാക്കണമെന്നും രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടുതന്നെ പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്നും ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കണമെന്നും അന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശമുണ്ട്.

ഗോപിക

ഗോപിക

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍