UPDATES

പിണറായി സര്‍ക്കാര്‍ മുതല്‍ കണ്ണൂര്‍ ലോബി വരെ; സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയേറുമ്പോള്‍

സംസ്ഥാന സര്‍ക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെടുമ്പോള്‍ അതില്‍ പ്രധാനമായും വിമര്‍ശനമുയരുക മുഖ്യമന്ത്രിക്കെതിരെ തന്നെയാവും

22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശൂരില്‍ കൊടിയേറുകയാണ്. കഴിഞ്ഞ കുറേ കാലങ്ങളായി പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ച വി.എസ് ഫാക്ടറും വിഭാഗീയതയും അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും ഇല്ല എന്നത് തന്നെയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രത്യേകത. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സമ്മേളനങ്ങളിലൊക്കെ തന്നെ വിഭാഗീയതയും തിരഞ്ഞെടുപ്പും ഏറെക്കുറെ ഒഴിഞ്ഞു നിന്നു. എന്നാല്‍ അധികാരത്തിന്റെ തണലില്‍ നില്‍ക്കുമ്പോള്‍ തന്നെയും പാര്‍ട്ടിയുടെ നിലനില്‍പ്പും മുന്നോട്ട്‌പോക്കും ഏറെ പ്രതിസന്ധിയിലായിട്ടുണ്ട്. ഇതൊക്കെ തന്നെയാകും പാര്‍ട്ടി സമ്മേളനത്തില്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ചകളും. എന്നാല്‍ മൃഗീയ ഭൂരിപക്ഷത്തോടെ സംസ്ഥാന സെക്രട്ടറിയെ മുന്‍കൂട്ടി നിശ്ചയിച്ച് സമ്മേളനമൊരുക്കുമ്പോഴും ഔദ്യോഗിക പക്ഷത്തിന് ഏറെ തലവേദനകള്‍ തൃശൂരിലെ സമ്മേളന നഗരിയിലും ഉണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള പ്രതികരണം.

രാഷ്ട്രീയ വനവാസത്തിലേക്ക് കടക്കുന്ന വി.എസ് അച്യുതാനന്ദന്‍ കേരളത്തിലെ പാര്‍ട്ടി സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷത്തിന് തലവേദനയാവാതെ ഒതുങ്ങി നില്‍ക്കുമ്പോഴും പിണറായിയും കോടിയേരിയുമടക്കമുള്ള പി.ബി അംഗങ്ങളെ അലോസരപ്പെടുത്തുന്ന നിരവധി ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തില്‍ ഉയര്‍ന്നുവരിക എന്നാണ് വിലയിരുത്തല്‍. കണ്ണൂര്‍ ലോബിക്കുള്ളില്‍ തന്നെയുണ്ടായിട്ടുള്ള ശക്തമായ ഭിന്നതയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമാവുക. കോടിയേരിക്കും പിണറായിക്കും തന്നെ ബദലായി കണ്ണൂരില്‍ വളരുന്ന പി. ജയരാജനെ അനുകൂലിച്ച് കണ്ണൂരിലെ സഖാക്കളുടെ ശബ്ദം പ്രതിനിധി സമ്മേളനത്തില്‍ ഉയരുമെന്നത് ഉറപ്പാണ്. അതേസമയം ജയരാജനെ പ്രതിരോധിക്കാന്‍ പിണറായി പക്ഷത്തെ തെക്കന്‍ സഖാക്കള്‍ സമ്മേളനത്തില്‍ വീറോടെ ശബ്ദമുയര്‍ത്തുമെന്നും ഏറെക്കുറെ ഉറപ്പാണ്. പി.ബി. അംഗം എം.എ ബേബിയുടേയും പിണറായിയുടെ കൂച്ചുവിലങ്ങില്‍ നിഷ്പ്രഭനായ ധനമന്ത്രി തോമസ് ഐസക്കിന്റേയും നിലപാടുകളും സമ്മേളനത്തില്‍ ശ്രദ്ധേയമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആലപ്പുഴ ജില്ലയിലെ സുധാകര പക്ഷത്തിന്റെ വിശ്വസ്ത നേതാവായ ഇ.പി ജയരാജന് വേണ്ടി ചില കണ്ണൂര്‍ നേതാക്കള്‍ക്കെതിരെ ഒളിയമ്പെയ്യാന്‍ ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും രംഗത്തെത്തുമെന്നാണ് സൂചന. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെയും ഏകാധിപത്യത്തിനെതിരെയും കൊല്ലം, ആലപ്പുഴ ജില്ലകളിലെ പ്രതിനിധികള്‍ ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശനമുയര്‍ത്തുമെന്നാണ് അറിയുന്നത്. കണ്ണൂരിലെ അക്രമ സംഭവങ്ങളെ പി. ജയരാജന്റെ ചുമലില്‍ കെട്ടിവച്ച് രാഷ്ട്രീയ നേട്ടത്തിനായുള്ള നീക്കം ഔദ്യോഗിക പക്ഷത്തിന്റെ ഭാഗത്തുനിന്ന്‌ ശക്തമായിട്ടുണ്ടെന്ന് ഒരു ആരോപണം കണ്ണൂരിലെ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിക്കുന്നുണ്ട്. കണ്ണൂര്‍ സമ്മേളനത്തില്‍ നടക്കാതെ പോയ സംസ്ഥാന നേതൃത്വത്തിന്റെ അജണ്ടകള്‍ സംസ്ഥാന സമ്മേളനത്തില്‍ മറ്റു ജില്ലകളിലെ പ്രതിനിധികളിലൂടെ നടപ്പാക്കാനുള്ള കരുനീക്കങ്ങളും ആരംഭിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിന് മൂര്‍ച്ചയുള്ള ആയുധമായി ശുഹൈബ് വധം ഉയര്‍ത്താനാണ് പ്രതിനിധികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയെ മൊത്തത്തില്‍ ദുര്‍ബലപ്പെടുത്തുമെന്ന് അഭിപ്രായം ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും പിണറായിയും കോടിയേരിയും അതിനേക്കാള്‍ ഭയപ്പെടുന്നത് പി. ജയരാജന് തങ്ങള്‍ക്ക് ലഭിക്കാത്ത സ്വീകാര്യത കണ്ണൂരില്‍ ലഭിക്കുന്ന ഇന്നത്തെ അന്തരീക്ഷത്തെയാണ്. ഇതുവരെ സാമ്പത്തിക ആരോപണങ്ങള്‍ക്ക് പാത്രമാവാത്ത പി. ജയരാജനെതിരെ ഉയര്‍ന്നിട്ടുള്ള രാഷ്ട്രീയകൊലപാതകങ്ങളും അക്രമങ്ങളുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഒരു തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ജയരാജന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരെ കൃത്യമായ പ്രതിരോധം തീര്‍ത്ത് നില്‍ക്കാന്‍ കണ്ണൂരിലെ മറ്റ് നേതാക്കളേക്കാള്‍ കരുത്തുള്ളത് പി. ജയരാജനാണെന്ന അഭിപ്രായമാണ് കണ്ണൂര്‍ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെടുമ്പോള്‍ അതില്‍ പ്രധാനമായും വിമര്‍ശനമുയരുക മുഖ്യമന്ത്രിക്കെതിരെ തന്നെയാവും. മുഖ്യമന്ത്രിയായിട്ടും പാര്‍ട്ടി സെക്രട്ടറിയെപ്പോലെ നിലകൊള്ളുന്ന പിണറായിയുടെ ശൈലി കോടിയേരിയെ അനുകൂലിക്കുന്നവര്‍ക്കിടയില്‍ പോലും ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുപോവുന്നതിലും പിണറായിയും പാര്‍ട്ടിയും പരാജയമാണെന്ന അഭിപ്രായം തെക്കന്‍ നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. ആരോപണ വിധേയരായ സിപിഎം മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുഷ്‌കാന്തി കാട്ടിയ പിണറായി, തോമസ് ചാണ്ടിക്കെതിരെ ഈ ഉശിര് കാട്ടാതിരുന്നതെന്തെന്ന ചോദ്യവും സമ്മേളനത്തില്‍ ഉയരും. പാര്‍ട്ടി ഭരണത്തില്‍ സഖാക്കള്‍ക്ക് പോലും പോലീസ് അതിക്രമത്തില്‍ നിന്ന് രക്ഷയില്ല എന്നതാകും സംസ്ഥാന ഭരണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ മറ്റൊന്ന്.

കഴിഞ്ഞ സമ്മേളനത്തില്‍ രൂപം കൊണ്ട് വി.എസ് – ഐസക് പക്ഷത്തിന്റെ ശേഷിപ്പും കണ്ണൂരിലെ ശ്രീമതി ടീച്ചറിന്റേയും ഇ.പി ജയരാജന്റേയും നേതൃത്വത്തിലുള്ള ഒരു വിഭാഗവും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ചില നേതാക്കളും ഔദ്യോഗിക പക്ഷത്തിനെതിരെ നിലപാടെടുക്കുന്നതോടെ പുതിയൊരു ഗ്രൂപ്പ് സമവാക്യം രൂപം കൊള്ളാനും ഈ സമ്മേളനം വേദിയായേക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കുറി അത്ഭുതങ്ങള്‍ ഉണ്ടായില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പുതിയ വിപ്ലവങ്ങള്‍ക്ക് വിത്തുപാകുന്നതാവും തൃശൂര്‍ സമ്മേളനത്തില്‍ രൂപംകൊള്ളുന്ന പുതിയ ബദല്‍.
അതേ സമയം, പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ നിരവധിയുണ്ടെങ്കിലും ബംഗാളിന് പിന്നാലെ ത്രിപുരയിലും പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ന്നതോടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിനുള്ള ആഹ്വാനമാവും സമ്മേളനം മുന്നോട്ട് വക്കുക. ഇതേ സാഹചര്യത്തില്‍ മുന്നണിക്കുള്ളില്‍ തന്നെ ബദല്‍ ശക്തിയായി വളരാന്‍ പരിശ്രമിക്കുന്ന സിപിഐയും സമ്മേളനത്തില്‍ വിമര്‍ശനത്തിന് പാത്രമാവും. ആര്‍എസ്എസിന്റേയും ബിജെപിയുടേയും വേരോട്ടത്തെ പ്രതിരോധിക്കാനുള്ള അടവ് നയം, പാര്‍ട്ടി അനുഭാവികളിലെ കൊഴിഞ്ഞുപോക്ക്, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലെല്ലാം ഗൗരവതരമായ ചര്‍ച്ച സമ്മേളനത്തിലുണ്ടാവും.

കേരളത്തില്‍ അനുദിനം ശക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികളോടുള്ള നിലപാട് കടുപ്പിക്കുന്ന കാര്യവും സമ്മേളനത്തില്‍ ചര്‍ച്ചയാവും. കേന്ദ്ര നേതൃത്വം തന്നെ രണ്ടു തട്ടില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് ബാന്ധവം സംബന്ധിച്ച കാര്യങ്ങളും സമ്മേളനം പരിഗണിക്കുമോ എന്ന് ഉറ്റുനോക്കുന്നവയാണ്.

സിപിഎം സംസ്ഥാന സമ്മേളനം നാളെ മുതല്‍; ആകെ ചെലവ് 10 കോടിയെന്ന്, അസംതൃപ്തിയോടെ സാധാരണ സഖാക്കള്‍

സിപിഐയ്ക്കെതിരെ വിമർശനം ഉയരാൻ സാധ്യതയുള്ളപ്പോൾ തന്നെ കെ.എം മാണിയെ മുന്നണിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കാര്യമായുണ്ടാവാൻ സാധ്യതയില്ല. പ്രതിപക്ഷമായിരിക്കുമ്പോൾ കെ.എം മാണിക്കെതിരെ വൻ തോതിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച പാർട്ടി തന്നെ മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ തോതിൽ എതിർപ്പിനിടയാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം ചർച്ചക്ക് വരുന്ന കാര്യം സംശയമാണെന്ന് പ്രതിനിധികളിൽ ചിലർ പറയുന്നു

തൊഴിലാളി വർഗത്തോട് കാണിച്ച വഞ്ചനയായാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ചുമട്ടുതൊഴിലാളി നിയമ ഭേദഗതിയെ പാർട്ടി പ്രവർത്തകരിൽ പലരും കണക്കാക്കുന്നത്. എന്നാൽ സർക്കാരിന്റെ നിയോലിബറൽ പോളിസികളെ വിമർശിക്കാൻ ആരും തയ്യാറാവാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ

കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം സമ്മേളനത്തെക്കുറിച്ച്  അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെ: “22-ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായാണ് ഇന്നു മുതല്‍ സംസ്ഥാന സമ്മേളനം നടക്കുന്നത്. സിപിഎം ഇന്ത്യയിലെ ഏറ്റവും പ്രസക്തമായ പൊളിറ്റിക്കല്‍ പാര്‍ട്ടിയാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നവഉദാരവല്‍ക്കരണത്തിനും, ആര്‍.എസ്.എസ്-സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ ഭീഷണിക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളെ അണിനിരത്തുന്നതില്‍ പ്രമുഖ പങ്കുവഹിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎം രാജ്യത്താകെ ഇടതുപക്ഷ ബദല്‍ ശക്തിപ്പെടത്താനുള്ള പ്രവര്‍ത്തനമാണ് സംഘടിപ്പിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളെ കഴിഞ്ഞ സമ്മേളനത്തിന് ശേഷമുള്ള കാലയളവില്‍ എത്രമാത്രം മുന്നോട്ട്‌ പോയി എന്ന് വിലയിരുത്താനും കൂടുതല്‍ ശക്തമായ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌ക്കരിക്കാനുമായിക്കൂടിയാണ് പാര്‍ട്ടിസമ്മേളനങ്ങള്‍ ചേരുന്നത്. സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തുള്ളതിനേക്കാളും ജനപക്ഷ നയങ്ങള്‍ നടപ്പാക്കി ഇന്ത്യക്കൊരു മാതൃക സൃഷ്ടിച്ച് മുന്നോട്ട് പോവുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വലിയ ജനപങ്കാളിത്തത്തോടെ നടത്തുന്ന പാര്‍ട്ടിയുടെ സമ്മേളനം ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഊര്‍ജ്ജം പകരുന്നതാണ്. സാമ്രാജ്യത്വ, ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായി വിവിധ ജനവിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ട്. ജനങ്ങളെ ഐക്യപ്പെടുത്തുന്നതിലൂടെ ജനവിരുദ്ധ നയങ്ങളെ തോല്‍പ്പിക്കുക എന്ന രാഷ്ട്രീയ ചുമതല നിര്‍വ്വഹിക്കലാണ് സമ്മേളനത്തിന്റെ ഉദ്ദേശം“.

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍