UPDATES

ട്രെന്‍ഡിങ്ങ്

പാര്‍ട്ടി ശശിക്കൊപ്പമോ? പികെ ശശിയോടൊപ്പം വേദി പങ്കിട്ട മുഖ്യമന്ത്രിയുടെയും എകെ ബാലന്റെയും നടപടിക്കെതിരെ പ്രതിഷേധം

ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയംഗമായ യുവതി പരാതി നല്‍കിയപ്പോള്‍ പിന്തുണച്ചില്ലെന്ന ആരോപണം നേരിട്ട അതേ ഭാരവാഹികളെ തന്നെ വീണ്ടും ജില്ലാ ഭാരവാഹിത്വം ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ട്ടി പികെ ശശി എംഎല്‍എയ്‌ക്കൊപ്പമെന്ന് സൂചന നല്‍കി നേതാക്കള്‍. പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ പീഡനാരോപണക്കേസില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്‌ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും വേദി പങ്കിട്ടതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായതായാണ് വിവരം. കഴിഞ്ഞ ദിവസം മന്ത്രി എ കെ ബാലനുമൊത്ത് പൊതുപരിപാടിയില്‍ പി കെ ശശി പങ്കെടുത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ തോതില്‍ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്നും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളന വേദിയില്‍ ശശി പങ്കെടുത്തതിനെ നല്ല സൂചനയായല്ല പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ ചിലര്‍ കാണുന്നത്. ആരോപണവിധേയനൊപ്പമാണ് നേതാക്കള്‍ എന്ന് തെളിയിക്കുന്നതാണ് ഇതെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. എന്നാല്‍ പരാതിയും നടപടിയും പാര്‍ട്ടിക്കുള്ളില്‍ തന്നെ നിന്നാല്‍ മതിയെന്ന് ആരോപണമുന്നയിച്ച യുവതി സമ്മതിച്ചതായാണ് പുതിയ വിവരം. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച വരികയും പരാതിയുമായി പുറത്തേക്ക് പോവണ്ടെന്ന നിര്‍ദ്ദേശം യുവതി അംഗീകരിച്ചതായുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ ദിവസം തച്ചമ്പാറയില്‍ പാര്‍ട്ടി പരിപാടിക്ക് മന്ത്രി എകെ ബാലനൊപ്പം പി കെ ശശി പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. ആരോപണ വിധേയനായ പി കെ ശശി എംഎല്‍എയും അരോപണ അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച കമ്മീഷന്‍ അംഗമായ മന്ത്രി എ കെ ബാലനും ഒന്നിച്ച് വേദി പങ്കിടുന്നതിനെതിരെ മണ്ണാര്‍ക്കാട് മേഖലകളില്‍ പോസ്റ്ററുകളും ഉയര്‍ന്നു. സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് വന്നവര്‍ക്ക് സ്വീകരണം നല്‍കുന്ന യോഗത്തിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. പരിപാടിയില്‍ പ്രസംഗത്തിനിടെ ‘മറ്റേ പ്രശ്‌നം ഒന്നുമല്ലെന്ന’ എ കെ ബാലന്റെ പരാമര്‍ശം പി കെ ശശിയുടെ കേസിനെക്കുറിച്ച് പേരെടുത്ത് പറയാതെ പറഞ്ഞതാണെന്ന ആക്ഷേപവുമുണ്ടായിരുന്നു. ‘വിവാദമുണ്ടാക്കാതിരിക്കാനാണ് താന്‍ പരിപാടിക്കെത്തിയത്’ എന്ന് മന്ത്രി ബാലന്‍ പിന്നീട് ഇതിനെക്കുറിച്ച് പ്രതികരിച്ചു. ഒന്നിച്ച് വേദി പങ്കിടുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ശശിയോട് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും പ്രചരണമുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും ഇതര ജില്ലാ നേതാക്കള്‍ക്കുമൊപ്പമാണ് പി കെ ശശിയും അന്ന് പാര്‍ട്ടിപരിപാടിയില്‍ പങ്കെടുത്തത്. പീഡന ആരോപണ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിയില്‍ എത്തുന്നതിന് മുമ്പ് ഇവര്‍ ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ശശി മുന്‍കയ്യെടുത്താണ് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെ സിപിഎമ്മിലേക്ക് എത്തിക്കുന്നതെന്നും അതിനാല്‍ ചടങ്ങില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാതിരിക്കുന്നത് ഉചിതമല്ല എന്നുമായിരുന്നു ജില്ലാ നേതൃത്വത്തിലെ ചിലര്‍ വാദിച്ചത്.

എന്നാല്‍ പാര്‍ട്ടി പരിപാടി കഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോഴാണ് പൊതുപരിപാടിയില്‍ മുഖ്യമന്ത്രിക്കും മന്ത്രി എകെ ബാലനുമൊപ്പം വീണ്ടും പികെ ശശി എംഎല്‍എ വേദി പങ്കുവച്ചത്. ഇതോടെ പാര്‍ട്ടി ശശിയ്‌ക്കൊപ്പമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നതായാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചില്ല. പാര്‍ട്ടിതല അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. പി കെ ശശിയെ പാര്‍ട്ടിയുടെ കാല്‍നടജാഥയുടെ നേതൃത്വം ഏല്‍പ്പിക്കാന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അക്കാര്യം തീരുമാനമായിട്ടില്ല എന്നായിരുന്നു എസ്ആര്‍പിയുടെ മറുപടി. പാര്‍ട്ടി പ്രചരണത്തില്‍ പി കെ ശശി പങ്കെടുക്കുമോ എന്ന ചോദ്യത്തിനും ഒന്നും പറയാനാകില്ല എന്ന ഉത്തരമാണ് അദ്ദേഹം നല്‍കിയത്. ഈ മറുപടിയും നേതാക്കള്‍ ആരോപണവിധേയനൊപ്പമാണെന്ന സൂചന നല്‍കുന്നതാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം കണക്കാക്കുന്നു.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയംഗമായ യുവതി പരാതി നല്‍കിയപ്പോള്‍ പിന്തുണച്ചില്ലെന്ന ആരോപണം നേരിട്ട അതേ ഭാരവാഹികളെ തന്നെ വീണ്ടും ജില്ലാ ഭാരവാഹിത്വം ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുവതിയുടെ പരാതി ഒതുക്കാന്‍ ശ്രമിച്ചു എന്ന ആരോപണം നേരിടുന്നവരാണ് നിലവിലെ ഭാരവാഹികള്‍. ഞായറാഴ്ച സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ പി കെ ശശിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് നിര്‍ദ്ദേശമുണ്ടായെങ്കിലും വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള പ്രതിനിധികള്‍ വിഷയം ഉന്നയിച്ചു. വലിയ തോതില്‍ ചര്‍ച്ചയുണ്ടാവുകയും ജില്ലാ നേതൃത്വത്തിനെതിരെ വന്‍തോതില്‍ വിമര്‍ശനമുണ്ടാവുകയും ചെയ്തതായാണ് പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. പാര്‍ട്ടിക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ യുവതി നിയമനടപടികളിലേക്ക് കടക്കുമെന്ന സൂചന നേരത്തെയുണ്ടായിരുന്നെങ്കിലും അത്തരം നടപടികളിലേക്ക് തല്‍ക്കാലം പോവേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയതായാണ് അറിവ്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായില്ല. ‘പാര്‍ട്ടിയുടെ അന്വേഷണം നടക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയാനില്ല’ എന്ന നിലപാടാണ് ഏവരും സ്വീകരിച്ചത്.

പാർട്ടി സിപിഎമ്മാണ്, അത് തന്നെയാണ് പ്രശ്നവും പ്രതീക്ഷയും; വീണ്ടും വീണ്ടും പി കെ ശശി ആകരുത്

നമ്മുടെ നാട്ടിലെ ‘ശശി’ക്കേസുകളില്‍ സംഭവിക്കുന്നത്

പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

സിപിഎമ്മിനെ കുഴപ്പത്തിലാക്കി ‘ഷൊര്‍ണൂരിന്റെ തമ്പുരാന്‍’; തുടക്കം ‘എന്ത് ഒലയ്ക്കാണ് പോലീസെ’ന്നാക്രോശിച്ച്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍