UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗ, ഫ്ലാഷ് മോബ്… കാലത്തിനനുസരിച്ച് കോലം കെട്ടി സി പി ഐ എം

Avatar

കെ എ ആന്റണി

യോഗ പരിശീലനം സാന്ത്വന പരിചരണം, ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങള്‍, വനിതാ പാര്‍ലമെന്റ് എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന പരിപാടികളുമായി ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം. സംഘപരിവാറിനെ പ്രതിരോധിക്കുന്നതിന് ഒപ്പം തന്നെ സ്വന്തം അടിത്തറ വിപുലമാക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗം കൂടിയാണിത്. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുമ്പില്‍ കണ്ടുകൊണ്ടുള്ള നീക്കമായിട്ടു കൂടി വേണം ഇതിനെ കാണാന്‍.

എല്ലാ വിഭാഗത്തിലും പെട്ട ആളുകളെ തങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിന് ഒപ്പം സംഘപരിവാര്‍ സംഘടനകളിലേക്കുള്ള ചെറുപ്പക്കാരുടെ ഒഴുക്കിന് തടയിടുക എന്ന ലക്ഷ്യം കൂടിയുണ്ട് സിപിഐഎം മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന യോഗ പരിശീലനത്തിന്.

ഉത്തര മലബാറില്‍ വളരെ കാലം മുമ്പു തന്നെ സിപിഐഎം യുവാക്കള്‍ക്കായി കളരി പരിശീലനം ആരംഭിച്ചിരുന്നുവെങ്കിലും യോഗ പരിശീലനം ഇതാദ്യമായാണ്. അടുത്തകാലത്തായി യോഗയ്ക്ക് വര്‍ദ്ധിച്ചു വരുന്ന പ്രചാരവും ഈ വഴിക്കുള്ള നീക്കത്തിന് പ്രേരണയായിട്ടുണ്ട്. ജനുവരി മൂന്നിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 1200 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗ പ്രദര്‍ശനത്തോടു കൂടിയാണ് പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സിപിഐഎം തന്ന മുന്‍കൈയെടുത്ത് സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയാണ് യോഗ പരിശീലനം നല്‍കുന്നത്. മാനവ ഏകതാ മിഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിനെ ഉദ്ഘാടകന്‍ ആക്കുക വഴി യോഗ എല്ലാ മതത്തിലുംപെട്ടവര്‍ക്ക് അഭ്യസിക്കാവുന്ന ഒന്നാണെന്ന സന്ദേശം നല്‍കാനും സിപിഐഎം ശ്രമിക്കുന്നു.

പതിനഞ്ച് വര്‍ഷം മുമ്പു തന്നെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ക്ഷേത്രങ്ങളുടേയും കോട്ടങ്ങളുടേയും ഉല്‍സവങ്ങളുടേയും നിയന്ത്രണം കൈയടക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് എതിരെ സിപിഐഎം രംഗത്ത് വന്നിരുന്നു. ഇത് വലിയൊരു പരിധിവരെ വിജയിച്ചു എങ്കിലും പാര്‍ട്ടി കുടുംബങ്ങളില്‍ നിന്ന് കുട്ടികള്‍ ബാലഗോകുലത്തിലേക്കും ആര്‍എസ്എസ് ശാഖകളിലേക്കും ഒഴുകുന്നതിനെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ വര്‍ഷം ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചത്.


കണ്ണൂരില്‍ സിപിഐഎം ആരംഭിച്ച ഇനിഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഇതിന്റെ കീഴില്‍ അയ്യപ്പ ഭക്തന്മാര്‍ക്ക് പരിചരണം നല്‍കുന്നതിനുവേണ്ടി തളിപ്പറമ്പില്‍ ഈ വര്‍ഷം ഒരു യൂണിറ്റ് തന്നെ തുറന്നിരുന്നു. ഇതര മതസ്ഥരെ കൂടി ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി ഇനി മുതല്‍ അവരുടെ ആരാധനാലയങ്ങള്‍ക്കു സമീപത്ത് പരിചരണ കേന്ദ്രങ്ങള്‍ തുറക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. പള്ളിപ്പെരുന്നാള്‍, ജാറം തുടങ്ങി എല്ലാ വിധ ആഘോഷ വേളകളിലും ഇത്തരം യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന മദ്യ, മയക്കു മരുന്ന് ഉപയോഗത്തിന് തടയിടാന്‍ കണ്ണൂരില്‍ ഒരു ഡീ അഡിക്ഷന്‍ കേന്ദ്രം തുറക്കാന്‍ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. ആര്‍എസ്എസ് ക്രിസ്ത്യന്‍ മഞ്ച് ആരംഭിക്കാന്‍ ശ്രമം നടത്തുന്നതിന് ഇടയിലാണ് സിപിഐഎം ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങളിലേക്ക് തിരിയുന്നുവെന്നത് ശ്രദ്ധേയമാണ്.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഇന്ന് നടക്കുന്ന വനിതാ പാര്‍ലമെന്റും ഇതിന്റെ പ്രചരണാര്‍ത്ഥം ഇക്കഴിഞ്ഞ ആഴ്ച സംഘടിപ്പിച്ച ഫ്ലാഷ് മോബും മാറുന്ന കാലത്തിന് അനുസരിച്ച് സിപിഐഎം മാറുന്നുവന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ശ്രീകൃഷ്ണ ജയന്തി പോലെ തന്നെ യോഗാഭ്യാസവും വിമര്‍ശന വിധേയമായി കഴിഞ്ഞു. സിപിഐഎം ആര്‍എസ്എസിന്റെ വഴിയേ പോകുന്നുവെന്നാണ് പൊതുവായ വിമര്‍ശനം. ഇങ്ങനെ പോയാല്‍ അധികം വൈകാതെ തന്നെ സിപിഐഎം സമ്മേളനങ്ങള്‍ ഗണപതി ഹോമത്തോടു കൂടിയാകും ആരംഭിക്കുക എന്നാണ് ബിജെപി നേതാവ് എംടി രമേശിന്റെ പരിഹാസം. എന്നാല്‍ യോഗ ആര്‍എസ്എസിന്റെ കുത്തക അല്ലെന്നും നാഗ്പൂരില്‍ ആര്‍എസ്എസ് പിറവിയെടുക്കും മുമ്പു തന്നെ ഭാരതത്തില്‍ യോഗ പ്രചാരത്തില്‍ ഉണ്ടായിരുന്നുവെന്നുമാണ് സിപിഐഎം നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍