UPDATES

വാര്‍ത്തകള്‍

മോദിയുടെ ശബരിമല പ്രസംഗത്തിനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

പ്രധാനമന്ത്രി ബെംഗളൂരുവിലും തേനിയിലും നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ഹേതുവായിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബരിമല പരാമർശങ്ങൾക്കെതിരെ സിപിഎം തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകി. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി തന്റെ പ്രസ്താവനയിലൂടെ നടത്തുന്നതെന്ന് സിപിഎം ആരോപിച്ചു. എൽ‌ഡിഎഫ് മണ്ഡലം കമ്മറ്റികളും സിപിഎമ്മും പ്രത്യേകമായി പരാതികൾ നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി ബെംഗളൂരുവിലും തേനിയിലും നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ഹേതുവായിരിക്കുന്നത്. ‘കേരളത്തില്‍ അയ്യപ്പന്റെ പേര് പോലും മിണ്ടാനാകാത്ത അവസ്ഥയാണെ’ന്ന് പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു. ശബരിമലയുടെ പേര് പറയുന്നവരെ ജയിലിലിടുകയാണ്. ഒരു സ്ഥാനാര്‍ത്ഥിക്ക് ശബരിമലയുടെ പേര് പരാമർശിച്ചതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നുവെന്നും മോദി ആരോപിക്കുകയുണ്ടായി.

തമിഴ്നാട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലും മോദി ശബരിമല വിഷയം ഉന്നയിക്കുകയുണ്ടായി. അതെസമയം വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന പ്രചാരണ പരിപാടിയിൽ ശബരിമലയെക്കുറിച്ച് ഒരക്ഷരം പോലും മോദി ഉച്ചരിക്കുകയുണ്ടായില്ല. ശബരിമല വിഷയം ചർച്ചയാക്കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നതാണ്. ഇത് സംസ്ഥാനത്ത് വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ടെന്ന് ആരോപണമുണ്ട്.

കർമസമിതിയുടെ ശബരിമല ഫ്ലക്സുകൾ നീക്കം ചെയ്യുന്നു

ശബരിമല കര്‍മസമിതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകൾ തെരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കം ചെയ്തു തുടങ്ങി. ‘മണ്ഡലമേതായാലും മണ്ഡലകാലം ഓർക്കണം’ എന്നെഴുതിയ ഫ്ലക്സുകളാണ് നീക്കം ചെയ്യുന്നത്. തിരുവനന്തപുരം പേരൂർക്കടയിൽ ഇത്തരമൊരു ഫ്ലക്സ് നീക്കം ചെയ്യവെ ബിജെപി പ്രവർത്തകർ ചെറുക്കാനെത്തിയത് സംഘർഷത്തിനിടയാക്കി. പൊലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. അനുമതിയില്ലാതെ സ്ഥാപിച്ച എല്ലാ പരസ്യങ്ങളും നീക്കം ചെയ്യുമെന്ന് കമ്മീഷൻ അറിയിച്ചു.

ശബരിമല വിഷയം വ്യംഗ്യമായി സൂചിപ്പിക്കുന്ന ഫ്ലക്സുകൾ കഴിഞ്ഞയാഴ്ചയാണ് ആർഎസ്എസ് സ്വാധീനമുള്ള ശബരിമല കർമസമിതി എന്ന സംഘടന തിരുവനന്തപുരം നഗരത്തിലും പുറത്തും സ്ഥാപിച്ചത്. ഇതിനെ ന്യായീകരിച്ച് സംഘപരിവാർ അനുഭാവിയായ ചിദാനന്ദപുരി രംഗത്തെത്തുകയും ചെയ്തിരുന്നു. ശബരിമല കർമസമിതിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ലെന്ന വിചിത്രമായ ന്യായം ഇദ്ദേഹം പറയുകയുണ്ടായി.
ഇതെത്തുടർന്ന് ചിദാനന്ദപുരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. സന്യാസിവേഷം കെട്ടിയ ആർഎസ്എസ്സുകാരനാണ് ചിദാനന്ദപുരിയെയും അദ്ദേഹം സന്യാസിയല്ലെന്നും കോടിയേരി പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍