UPDATES

മൂന്നാര്‍: സമരപ്പന്തല്‍ പൊളിക്കാന്‍ സിപിഎം ശ്രമം; ആം ആദ്മി പിന്തുണ മതി, നിരാഹാരം വേണ്ടെന്ന് ഗോമതി

മണി മാപ്പ് പറയാതെ സമരം അവസാനിപ്പിക്കില്ലെന്നും ഗോമതി

മൂന്നാറില്‍ മന്ത്രി എം.എം മണിക്കെതിരെ പൊമ്പിളൈ ഒരുമൈ സമരം നടത്തുന്ന പന്തല്‍ പൊളിക്കാന്‍ സി.പി.എം ശ്രമം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. അതിനിടെ, പൊമ്പിളൈ ഒരുമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു നടത്തുന്ന നിരാഹാര സമരത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിന്‍മാറണമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആവശ്യപ്പെട്ടു. അവരുടെ പിന്തുണ മാത്രം മതിയെന്നും നിരാഹാരമിരിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോമതി വ്യക്തമാക്കി.

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ ഭിന്നത ഉടലെടുത്തതോടെ സി.പി.എം പ്രവര്‍ത്തകരായ സാജന്‍, അബ്ബാസ്, ബാലചന്ദ്രന്‍ തുടങ്ങി 25-ഓളം വരുന്നവര്‍ ചേര്‍ന്ന് സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ തുടങ്ങുകയായിരുന്നു. തോട്ടം തൊഴിലാളികള്‍ക്കു പുറമെ റിസോര്‍ട്ട് ഉടമകളും വ്യാപരികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കസേരകള്‍ വലിച്ചെറിഞ്ഞും ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തും പൊടുന്നനെയുണ്ടായ സംഘര്‍ഷം ആദ്യം പോലീസിനു നിയന്ത്രിക്കാനായില്ല. എന്നാല്‍ കൂടുതല്‍ പോലീസ് രംഗത്തെത്തുകയും സംഘര്‍ഷം നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. ഇതിനിടെ, നിരാഹാര സമരം നടത്തിയിരുന്ന ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാധ്യമങ്ങളുമായി ഗോമതിയും ആം ആദ്മി പ്രവര്‍ത്തകരും വെവ്വേറെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ കടന്നുകയറ്റമുണ്ടായത്. ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ തങ്ങള്‍ക്കു വേണമെന്നും എന്നാല്‍ നിരാഹാരം ഇരിക്കേണ്ടതില്ലെന്നും ഗോമതി വ്യക്തമാക്കിയതോടെ ടി.വി ചാനലുകള്‍ ഇക്കാര്യം വാര്‍ത്തയാക്കി. ഇതിനു പിന്നാലെ സി.പി.എം പ്രവര്‍ത്തകര്‍ സംഘടിക്കുകയായിരുന്നു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം.

നേരത്തെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനേയും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാര വേദിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ വേണമെന്നും എന്നാല്‍ നിരാഹാരം ഇരിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് വേറെ പന്തല്‍ കെട്ടി സമരം നടത്താമെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ സമരം അവസാനിപ്പിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എം.എം മണി സമരപ്പന്തലിലെത്തി മാപ്പു പറയുന്നതു വരെ സമരം തുടരുമെന്നുമാണ് നിലപാട് എന്നും ഗോമതി വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍