UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ട് ആലിബാബമാരും നൂറിലേറെ കള്ളന്‍മാരും

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നശേഷമുള്ള കേരളത്തിന്റെ ഒരു സര്‍റിയലിസ്റ്റിക് ചിത്രമിതാണ്. ഒരു കൊട്ടാരത്തിന്റെ വലതുവശത്തുകൂടി കള്ളമുതലുമായി ഒരു കൂട്ടം കള്ളന്‍മാര്‍ പടിയിറങ്ങുന്നു. ഇടതുവശത്തുകൂടി മറ്റൊരു കൂട്ടം കള്ളന്‍മാര്‍ കൊട്ടാരപ്പടികള്‍ കയറുന്നു.  പകുതിവഴിയ്ക്കുവച്ച് ഇരുവരും കണ്ടുമുട്ടുന്നു. പരസ്പരം അഭിവാദ്യങ്ങളും വിജയാശംസകളും നേരുന്നു. ഈ രാത്രി വെളുക്കുന്നതുവരെ മാത്രമേ തങ്ങള്‍ക്ക് കക്കാന്‍ കഴിയൂ എന്ന് പടി കയറുന്നവര്‍ക്ക് അറിയാം. അടുത്ത ഊഴം തങ്ങളുടേതാണെന്ന് പടി ഇറങ്ങുന്നവര്‍ക്കും അറിയാം. കള്ളന്‍മാര്‍ മാറിമാറി കട്ടുമുടിച്ച് വഴിയാധാരമായി നില്‍ക്കുന്ന കൊട്ടാരത്തിന് മോക്ഷത്തിന്റെ വഴികാട്ടാനായി കോണകം ഉടുത്ത ഒരു എച്ച്.ഐ.വി. അണു യോഗാഭ്യാസം ചെയ്തുകൊണ്ട് നില്‍ക്കുന്നു.

പടിയിറങ്ങുന്നവരെ നമുക്ക് വലതുപക്ഷം എന്നു വിളിക്കാം. ഇടതു വാതില്‍ തുറന്നു കിടന്നാലും അവര്‍ വലതു വശത്തെ വാതില്‍ പൊളിച്ചു മാത്രമേ അകത്തു കടക്കുകയുള്ളു. പടികയറുന്നവരെ നമുക്ക് ഇടതുപക്ഷം എന്ന് വിളിക്കാം. വലതു വശത്തെ വാതില്‍ തുറന്നു കിടന്നാലും ഇടതു വാതില്‍ പൊളിച്ചു മാത്രമേ അവര്‍ അകത്തുകടക്കുകയുള്ളു. ഓരോ കള്ളന്മാര്‍ക്കും മോഷണത്തിന് ഓരോ രീതികള്‍ ഉണ്ടെന്നാണ് പ്രമുഖ ക്രിമിനോളജിസ്റ്റായ ജയിംസ് വടക്കുഞ്ചേരി പറയുന്നത്. യോഗാഭ്യാസം ചെയ്യുന്ന എച്ച്.ഐ.വി. അണുവിന്റെ പേര് പ്രത്യേകം പറയണ്ടല്ലോ. അവര്‍ക്ക് കൊട്ടാരത്തിന് പുറത്ത് ഇതിനേക്കാള്‍ എത്രയോ മുന്തിയ കൊട്ടാരങ്ങള്‍ കൊള്ളയടിച്ച് പരിചയമുണ്ട്.  അവരില്‍ ഇടതു വാതില്‍ വഴി കയറുന്നവരും വലതു വാതില്‍ വഴി കയറുന്നവരും നടുവിലത്തെ വാതില്‍ വഴി കയറുന്നവരും നടുവിലത്തെ വാതില്‍ വഴി കയറുന്നവരും ഓടുപൊളിച്ചിറങ്ങുന്നവരും ഒക്കെയുണ്ട്. സ്ഥലത്തെ പ്രധാന പയ്യന്‍സ്. ”കര്‍മ്മേണ്യ വാധികാരസ്‌തെ മാഫലേഷ്ഠുകഥാചന” എന്നതാണ് അവരുടെ മോഷണമന്ത്രം. (അധികാരത്തിലെത്താന്‍ കര്‍മ്മം ചെയ്യണം. അതിനുവേണ്ടി ആരുടെയും കഥ കഴിയ്ക്കാം എന്നാണര്‍ത്ഥം.)

വലതുപക്ഷത്തിന്റെ നേതാവ് കള്ളന്‍മാര്‍ക്കു പോലും അത്ഭുതമാണ്. നുണയുടെ ആഴവും പരപ്പും ഇത്രമേല്‍ അറിഞ്ഞ മറ്റാരും ഭൂമിമലയാളത്തിലുണ്ടായില്ല. ”നുണയാണഖിലസാരമൂഴിയില്‍” എന്നൊരു കവിതാസമാഹാരം അദ്ദേഹത്തിന്റെ പേരിലുണ്ട്. പക്ഷെ, സ്വന്തം പേരില്‍ തന്നെ അര കഴഞ്ച് നുണകൂടി അരച്ചുചേര്‍ത്തതിനാല്‍ പലര്‍ക്കും ഇദ്ദേഹമാണോ അദ്ദേഹം എന്ന് തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ് സത്യം. ഏതൊരു കലാകാരനും ആദ്യപാഠങ്ങളാണ് അടിത്തറ. അത് ഇദ്ദേഹത്തിന് നല്ല ബലത്തതാണ്. ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തത്  മനോരമയുടെ ബാലജനസഖ്യത്തില്‍ വച്ചാണ്. കറകളഞ്ഞ പാഠാവലി. പണിക്കുറ്റം ഇല്ലാത്ത അധ്യാപകര്‍. ആ കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയ ആരും മോശം കള്ളന്‍മാരല്ല. എല്ലാം ഊതിക്കാച്ചിയ പൊന്ന്.

താടിക്കാരന്‍ ബുദ്ധിജീവി കുറിച്ചിട്ട പുസ്തകം വായിക്കുകയോ വായിച്ചിട്ടു മനസ്സിലാകുകയോ ചെയ്യാത്ത കുറച്ചുപേര്‍ എഴുത്തും വായനയും ഇല്ലാതിരുന്ന കര്‍ഷകര്‍ക്ക് ഇരുട്ടത്ത് ഓതിക്കൊടുത്ത് ഉണ്ടാക്കിയെടുത്ത സംഘമാണ് ഇടതുപക്ഷം. പഠനം ഇരുട്ടത്തായതുകൊണ്ടാകാം ഇരുട്ടില്‍ നടത്തേണ്ടതും നടക്കേണ്ടതുമൊക്കെ സംഘാംഗങ്ങള്‍ പകല്‍വെളിച്ചത്തില്‍ പോലും നടത്തുന്നത്. നക്‌സല്‍ബാരികള്‍ പോലും ഇരുട്ടത്ത് നടത്തിയ കൊലപാതകങ്ങള്‍ ഇടതുസംഘം പകല്‍വെളിച്ചത്തില്‍ നടത്തും. ഒരാളെക്കൊല്ലാന്‍ മര്‍മ്മസ്ഥാനത്ത് ഒരു കുത്തുകൊടുത്താല്‍ പോല 51 വെട്ടുകള്‍ വെട്ടണമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അടുത്ത വെട്ടിനായി അവര്‍ക്ക് നേരെ സംഘം നീങ്ങും. ഇക്കാരണങ്ങള്‍ കൊണ്ടാണ് തൊഴിലില്‍ കള്ളന്‍മാര്‍ മാത്രമായ ഇടതുപക്ഷത്തിന് അവരുടെ രീതികളിലുള്ള കാര്‍ക്കശ്യം കാരണം കൊള്ളസംഘം എന്നും പര്യായമുണ്ടായത്. ഇവരുടെ നേതാവ് മഹാമാന്ത്രികനാണ്. കടമറ്റത്തു കത്തനാരെക്കാളും മാന്‍ഡ്രേക്കിനേക്കാളും എന്തിനേറെ സാക്ഷാല്‍ മുതുകാടിനേക്കാളും മഹാന്‍. ഒന്നരവിനാഴിക കൊണ്ട് കൊട്ടാരത്തിലെ മുന്നൂറുകോടിയിലേറെ രൂപ അപ്രത്യക്ഷമാക്കിയ വീരന്‍. മോഷണതുകയില്‍ ചെറിയ ഒരു തുക മാത്രം സഹമോഷ്ടാക്കള്‍ക്ക് വീതിച്ചുകൊടുത്തശേഷം ബാക്കിതുക വായുവില്‍ മുക്കിക്കളഞ്ഞ കൊടുംജാലവിദ്യക്കാരന്‍. കോടതിയില്‍ കേസുവന്നപ്പോള്‍ കേസും കെട്ടും കോടതിയും തന്നെ അപ്രത്യക്ഷമായ ഇരട്ടചങ്കുള്ള ഹൗഡിനി.

ഇതൊക്കെയാണെങ്കിലും വലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കളെ തിരിച്ചറിയാന്‍ കഴിയില്ല. ട്വിന്‍സ്. തിരിച്ചറിയാന്‍ ഒരു ക്ലൂ തരാം. ഒരാള്‍ തലമുടി ജെല്‍ തേയ്പ്പിച്ച്  കോതിവച്ചിരിക്കും. ഏത് കൊടുങ്കാറ്റിലും ഒരു മുടി പോലും സ്വതന്ത്രമായി ചിന്തിയ്ക്കില്ല. എല്ലാ മുടികളേയും ഏകശിലാ രൂപത്തില്‍ ആക്കിയതാണ്. മറ്റേയാളുടെ തലമുടി എത്ര കോതിവച്ചാലും നേരെ ഇരിയ്ക്കില്ല. പല ബാര്‍ബര്‍മാരും പലതരം കത്രിക്കപ്പണിയും ചെയ്തുനോക്കിയതാണ്. ഓരോ മുടിയും ഓരോ മുടിയനായ പുത്രനാണ്.

ഇത്രയും കള്ളന്‍മാരെക്കുറിച്ചുള്ള വിവരണം. ഇനി രണ്ട് ആലിബാബമാരെക്കുറിച്ചല്‍പ്പം. ഒരാള്‍ വലതുപക്ഷത്തുനിന്ന് പിണ്ഡംവച്ച് പുറത്താക്കിയവന്‍. മറ്റേയാള്‍ ഇടതുപക്ഷത്തുവച്ചുതന്നെ കശാപ്പുചെയ്യപ്പെട്ടവന്‍. ഇരുവരും കള്ളന്‍മാരെ പിടിക്കാന്‍ വിരുതുകാട്ടുന്നവരായതുകൊണ്ട് രഹസ്യം ആവശ്യമില്ല. (പോലീസ് വേഷം മാറിവരുന്നത് സി.ഐ.ഡി. നസീര്‍ ചിത്രങ്ങളില്‍ മാത്രം). പിണ്ഡം വച്ച് പുറത്താക്കിയവന്‍ പി.സി., കശാപ്പുചെയ്യപ്പെട്ടവന്‍ വി.എസ്.

മോഷ്ടിച്ച് മോഷ്ടിച്ച് വലതുപക്ഷം കൊട്ടാരത്തിലെ കക്കൂസുവരെ മോഷ്ടിയ്ക്കുന്ന ഘട്ടമായപ്പോഴാണ് പി.സി. നാളിതുവരെ നടന്ന മോഷണങ്ങളുടെയും വഷളത്തരങ്ങളുടെയും കൊട്ടാരത്തിന്റെ കല്ലുകള്‍ പോലും വിറ്റുകാശാക്കാനുള്ള നീക്കത്തിന്റെയും ഒക്കെ അമ്പരപ്പിക്കുന്ന കഥകളുടെ ചെപ്പ് തുറന്നത്. വലതുപക്ഷത്തെ കള്ളന്മാരുടെ തനിനിറം ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലൂടെയും വാര്‍ത്തകളിലൂടെയും പുറത്തുവന്നു. വലതുപക്ഷത്തിന്റെ നേതാവിന്റെ നേതൃത്വത്തില്‍ നടന്ന സംഘടിത മോഷണപരമ്പരയ്ക്കിടയില്‍ ചില സഹനടന്‍മാര്‍ നായകനെ പാരവയ്ക്കുന്നതിന്റെയും മോഷണവസ്തുക്കള്‍ തന്നെ കയ്യിട്ടുവാരുന്നതിന്റെയും നേര്‍രേഖകള്‍ പി.സി. പുറത്താക്കിയതോടെ ഘട്ടംഘട്ടമായി മദ്യവര്‍ജ്ജനം നടത്താനിരുന്ന വലതുപക്ഷം ഘട്ടംഘട്ടമായി പി.സി.യെ വര്‍ജ്ജിച്ചു. പിണ്ഡം വച്ച് പുറത്താക്കി.

ഇക്കാലമത്രയും പി.സി.യുടെ ചെയ്തികളെ ഇടതുപക്ഷം കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. എന്തിനാണ് അവര്‍ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് പി.സി.ക്ക് മനസ്സിലായി. പി.സി. വഴി കൊട്ടാരം ഉണര്‍ന്ന് വലതന്‍മാര്‍ കൊട്ടാരത്തിന് പുറത്തുകടന്നാല്‍, ആ തക്കം നോക്കി  ഇടതുവാതിലിലൂടെ കൊട്ടാരത്തിനകത്തു കടന്ന്  തങ്ങളുടെ മോഷണം കുറച്ചുകൂടെ നേരത്തെയാക്കാമല്ലോ എന്നത് മാത്രമായിരുന്നു ഈ പ്രോത്സാഹന കയ്യടിയുടെ പിന്നില്‍ എന്ന് പി.സി.യ്ക്ക് മനസ്സിലായത് പിണ്ഡം വച്ച ചോറ് ഉണ്ട ശേഷമാണ്. വലതുപക്ഷത്തെ നടകൊട്ടിയടയ്ക്കുന്നതിന് മുമ്പ് തന്നെ ഇടതുപക്ഷത്തെ നട നായകന്‍ നേരിട്ടുതന്നെ വന്ന് അടച്ചുകളഞ്ഞു. ഏറെ താമസിയാതെ, സ്വന്തം കുഞ്ഞുഗ്രൂപ്പായ സെക്കുലറില്‍ നിന്ന് പി.സി.യെ പുറത്താക്കി. അക്ഷരാര്‍ത്ഥത്തില്‍ വലതു പക്ഷത്തെ ആലിബാബ വഴിയാധാരമായി. പി.സി.യ്ക്ക് പെരുവഴി സ്വന്തമായപ്പോള്‍ വി.എസിന് അതുപോലും ഇല്ലാതായി. ആരും പിണ്ഡം വച്ചില്ല. പുറത്താക്കിയതുമില്ല. എല്ലാം അകത്തുവച്ചു തന്നെ നടത്തി.

പത്തുകൊല്ലത്തിനു മുമ്പുതന്നെ തലയില്‍ ജല്ലുതേയ്ച്ച ഇടതുനായകന്‍ വി.എസിന്റെ ശേഷക്രിയ നടത്താന്‍ തീയതി നിശ്ചയിച്ചതായിരുന്നു. അന്നത് നടന്നില്ല. ഇടതു താവളത്തില്‍ എന്തോ ആഭിചാരകര്‍മ്മം നടക്കുന്നു എന്നറിഞ്ഞ വഴിപോക്കന്‍ താവളത്തിനു ചുറ്റും കൂടി. അതോടെ വി.എസിനെ ഇടതുപക്ഷത്തിന്റെ മുത്താണെന്ന് നായകന്‍ തന്നെ വിനീത് ശ്രീനിവാസന്റെ ടേപ്പ് വലിഞ്ഞതുമാതിരിയുള്ള ശബ്ദത്തില്‍ ഉറക്കെ പാടിനടന്നു. പക്ഷെ, മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ വി.എസ്. നടപടി തുടങ്ങിയതോടെ നായകന്‍ വി.എസിനെ കൊളുത്തില്‍ തൂക്കി ഗരുഢനെ പറപ്പിച്ചു. താഴെയിറക്കിയ വി.എസിന്റെ ചിറകുകള്‍ ഒന്നൊന്നായി അരിഞ്ഞു.  എന്നിട്ടും വി.എസിന്റെ എതിര്‍പ്പു തുടര്‍ന്നു. അങ്ങനെയാണ് നായകന്‍ വിഭാവന ചെയ്ത വന്‍ കൊള്ളകള്‍ നടക്കാതെ പോയത്. മോഷണം നടത്തുന്നതുമുഴുവന്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ മോചനത്തിനാണെന്ന് ഇടതുനായകന്‍ പറഞ്ഞു നടന്നെങ്കിലും അടിസ്ഥാന വര്‍ഗ്ഗം നില്‍പ്പുസമരം നടത്തിയപ്പോഴും ചെങ്ങറയില്‍ സമരം നടത്തിയപ്പോഴും നേതാവ് അടിസ്ഥാനവര്‍ഗ്ഗത്തെ സന്ദര്‍ശിച്ചില്ല. തലമുടി ജെല്ലുതേയ്ച്ച് ഉണങ്ങാനുള്ള സമയമായതുകൊണ്ടാണ് അതിനൊന്നും സമയം കിട്ടാതിരുന്നത്. സമരപ്പന്തലില്‍ ചെല്ലാന്‍ സമയം ഇല്ലാതിരുന്ന നേതാവ് ഫാരീസുമാരും യൂസഫ്മാരും രവിമാരും ഒത്ത് ലീലാ ഹോട്ടലില്‍ ഇരുന്ന് അടുത്ത അഞ്ചുവര്‍ഷത്തെ വന്‍കൊള്ളയുടെ ബ്ലൂപ്രിന്റ് തയ്യാറാക്കുകയായിരുന്നു. ”കൊള്ളമുതലെല്ലാം അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിന്” എന്ന് ബ്ലൂപ്രിന്റിന്റെ മുകളില്‍ കടും ചുവപ്പുമഷി കൊണ്ട് അദ്ദേഹം തന്നെ എഴുതി വയ്ക്കുകയും ചെയ്തു.

2011- 16 കാലയളവില്‍ വി.എസിനെ പാര്‍ട്ടിയില്‍ സം’പൂജ്യ’നാക്കാനുള്ള നീക്കങ്ങള്‍ ഫലം കണ്ടു. ഇരിയ്ക്കാന ഒരു സീറ്റുപോലും കമ്മിറ്റിയിലും കൊടുക്കാതെ വി.എസിനെ പാര്‍ട്ടിയില്‍ തന്നെ ‘അമൂല്യമുത്താ’യി നിലനിര്‍ത്തി. 2016 മുതല്‍ ലഭിക്കാന്‍ പോകുന്ന മോഷണ അവസരത്തിന് വെള്ളപ്പള്ളി തടയിടുമോ എന്ന് ഇടതുപക്ഷം ഭയന്നപ്പോള്‍, യുദ്ധം ഒറ്റയ്ക്കു നടത്തിയാണ് വി.എസ്. വെള്ളാപ്പള്ളിയുടെ കഥ കഴിച്ചത്. അതോടെ പാര്‍ട്ടിയില്‍ ‘മുത്തി’ന്റെ മതിപ്പ് വര്‍ദ്ധിച്ചു എന്ന് കൈരളിചാനല്‍ വിലയിരുത്തി.

തുടര്‍ന്നുള്ള നീക്കം നേതാവിന്റെ കൂര്‍മ്മബുദ്ധിയുടെ തെളിവായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് 93 വയസ്സായ വി.എസ്. തന്നെ ചുക്കാന്‍ പിടിയ്ക്കട്ടെ എന്നു തീരുമാനമെടുത്തു.  താന്‍ മുഖ്യമന്ത്രിയായി വരുമെന്നറിഞ്ഞാല്‍ മലയാളികള്‍ ഇതിനേക്കാള്‍ ഭേദം വലതുനേതാവാണെന്ന് തീരുമാനിയ്ക്കും എന്ന് ഇടതുനേതാവിന് നല്ലവണ്ണം അറിയാമായിരുന്നു. അഭിപ്രായസര്‍വ്വേകളും ആ വഴിയ്ക്കായിരുന്നു. 35 ശതമാനം പേര്‍ അടുത്ത മുഖ്യമന്ത്രിയായി വി.എസ്. വരണമെന്ന് പറഞ്ഞപ്പോള്‍ കാര്‍ക്കശ്യക്കാരനായ ഡിങ്കനെ മുഖ്യമന്ത്രിയായി വേണമെന്ന് പറഞ്ഞത് 12 ശതമാനം പേര്‍ മാത്രം. വലതുനേതാവിനെ വേണമെന്നു പറഞ്ഞവര്‍ 24 ശതമാനവും. അങ്ങനെയാണ് 140 നിയമസഭാ മണ്ഡലങ്ങളിലും 93 കാരനായ വി.എസ്. പ്രസംഗിച്ചു നടന്നത്.

ഇതിനിടയില്‍ പഴയ മാരാരിക്കുളം മോഡലില്‍ വി.എസിനെ മലമ്പുഴയില്‍ തോല്‍പ്പിക്കാനുള്ള നീക്കങ്ങളും നടന്നു. പക്ഷെ, സംശയത്തിന്റെ കുന്തമുന തന്റെ നെഞ്ചിനുള്ളില്‍ തന്നെ  തറയ്ക്കും എന്നതുകൊണ്ടു മാത്രമാണ് ഇടതുനായകന്‍ ആ നീക്കം ഉപേക്ഷിച്ചത്.

പൂഞ്ഞാറില്‍ പി.സി.യ്‌ക്കെതിരെ ഇടതു – വലത് – എച്ച്.ഐ.വി. അണു എന്നിവരുടെ സുശക്തവും സംഘടിതവുമായ യുദ്ധമായിരുന്നു. വലതുനായകന്‍മാരും ഇടതുനായകന്‍മാരും പി.സി.യെ തോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്തി. ഇടതുനേതാവാകട്ടെ, ഉറഞ്ഞുതുള്ളി. എന്നിട്ടും പി.സി.കുലുങ്ങിയില്ല. പി.സി. മണ്ടനായതുകൊണ്ടാണോ ഇങ്ങനെ കുലുങ്ങാതെ നില്‍ക്കുന്നത് എന്ന് സാമാന്യബുദ്ധിയുള്ള ഏവരും സംശയിച്ചു. ഇടതിനും വലതിനും വേണ്ടാതായ പി.സി. യെ പക്ഷെ, നാട്ടുകാര്‍ക്ക് വേണമായിരുന്നു. അതാണ് ശരാശരി മലയാളിയുടെ മനസ്സ്. ജനനായകന്‍മാര്‍ അറിയാന്‍ വിസ്സമ്മതിക്കുന്ന മനസ്സ്.

വി.എസിനെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്തു ജയിച്ചുകഴിഞ്ഞ് നേരം വെളുക്കുന്നതിനു മുമ്പ് തന്നെ ഇടതുനായകന്‍ അടുത്ത മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു. (സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി, പി.ബി.എന്നൊക്കെ വെറും തമാശക്കൂട്ടങ്ങള്‍ മാത്രമാണെന്ന് ആര്‍ക്കാണ് അറിയാത്തത്?) പിലാത്തോസിനെപ്പോലെ യെച്ചൂരിയും കൈകഴുകിയതോടെ വി.എസ്. ശവമായി മാറി. ഇനിയുള്ളത് ശവമടക്കവും അനുഷ്ടാനചടങ്ങുകളും. അതിന്റെ ഭാഗമായി ആദ്യം  മംഗളപത്രം യെച്ചൂരി തന്നെ എഴുതിതയ്യാറാക്കി വായിച്ചു. വി.എസ്. പുതിയ ഫിഡല്‍ കാസ്‌ട്രോ. ഉപദേശി.

കാസ്‌ട്രോയെ കൊല്ലാന്‍ നടന്നത് സി.ഐ.എ. ആയിരുന്നില്ലേ? സ്വന്തം സഖാക്കള്‍ ആയിരുന്നോ? വി.എസിനെ കൊല്ലാന്‍ നടന്നതും കൊന്നതും സ്വന്തം സഖാക്കള്‍ തന്നെയല്ലേ? അത് വി.എസ്.മുതലാളിത്തം പറഞ്ഞതിനല്ല; കമ്മ്യൂണിസം പറഞ്ഞതിനാണ്. യച്ചൂരി നല്ല വായനയുള്ളയാളാണ് എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. Regis Debray-യുടെ ‘Revolution in the Revolution?’-ലെ ആ വാചകം ഓര്‍മ്മയില്ലേ? ‘The Past is superimposed on the present even when the Present is a revolution.’ കാസ്‌ട്രോ എന്ന Past-ഉം വി.എസ് എന്ന Present-ഉം തമ്മില്‍ എന്ത് ബന്ധം?  വി.എസിനെതിരെ നടന്നതാണ് കഴിഞ്ഞ 20 കൊല്ലത്തിനിടയ്ക്ക് പാര്‍ട്ടി നടത്തിയ ഏറ്റവും വലിയ വിപ്ലവം. അത് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അവസാനത്തെ വിപ്ലവജ്വാല അണച്ചുകളഞ്ഞ നവ- ലിബറല്‍ – കമ്മ്യൂണിസ്റ്റുകാരുടെ വിപ്ലവമാണ്. ആ മഹത്തായ വിപ്ലവത്തിന്റെ ഇരയെ പഴയകാല കമ്മ്യൂണിസം നടപ്പിലാക്കാന്‍ പരിശ്രമിച്ച ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതവുമായി താരതമ്യപ്പെടുത്തരുത്. അത് ഇരുവരേയും അപമാനിക്കലാണ്. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കള്‍ സാധാരണക്കാരോട് സ്ഥരം പറയുന്ന ഒരു വാചകമുണ്ട്: ‘നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.’ ഈ പാര്‍ട്ടിയെക്കുറിച്ച് ഒന്നും ഞങ്ങള്‍ അറിയാതിരിക്കട്ടെ. കാരണം, പാര്‍ട്ടിയെക്കുറിച്ചുള്ള ഓരോ അറിവും സാധാരണക്കാരനെ തളര്‍ത്തുന്നതാണ്. അവന്റെ വിശ്വാസത്തെപ്പോലും കൊള്ളയടിക്കുന്നതാണ്.

അടിക്കുറിപ്പ്

പിണറായിയെക്കുറിച്ചുള്ള പ്രശംസാവചനങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് മാധ്യമങ്ങള്‍. അതില്‍ എല്ലാത്തിലും ഉള്ള ചില പദങ്ങളുണ്ട്. കാര്‍ക്കശ്യക്കാരന്‍, കരുത്തന്‍, മുഖത്തുനോക്കി കാര്യങ്ങള്‍ പറയുന്നവന്‍, ആരേയും കൂസാത്തവന്‍…

 

ജനാധിപത്യവ്യവസ്ഥയില്‍ ഒരു നേതാവ് കരുത്തനാകണമെന്ന് ആരാണ് പറഞ്ഞത്? നേതാവിന് കരുത്തല്ല, കരുണയാണ് വേണ്ടത്. മൂന്നുവര്‍ഷത്തിലേറെയായി ഭൂമിക്കുവേണ്ടി നില്‍പ്പുസമരം നടത്തുന്നവരോട്; ചെങ്ങറയിലെ സാധാരണ മനുഷ്യരോട്; തോട്ടം തൊഴിലാളികളോട്;  കയര്‍തൊഴിലാളികളോട്; കശുവണ്ടി തൊഴിലാളികളോട്; അടിസ്ഥാന സൗകര്യമില്ലാത്തവരോട്;  നിരാലംബരോട്; മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരോട്; മിച്ചമുള്ള കാടുകള്‍ നശിപ്പിക്കരുതേ എന്ന് പറയുന്നവരോട്… അങ്ങനെ പലരോടും.

 

കൂടാതെ, സഹജീവിയെ കൊല്ലാതിരിക്കാനുള്ള കരുണ; കൊന്നാല്‍ത്തന്നെ ഒറ്റക്കുത്തില്‍ തന്നെ കൊല്ലാനുള്ള കരുണ; 51 വെട്ട് വെട്ടാതിരിക്കാനുള്ള കരുണ… അങ്ങനെ പലതും.

 

കാര്‍ക്കശ്യക്കാരനെ ആര്‍ക്കുവേണം? മറ്റുള്ളവര്‍ പറയുന്നതൊന്നും കേള്‍ക്കാത്ത മുരട്ടുകാളയാണോ ഭരിക്കേണ്ടത്? ആരെയും കൂസാത്തവന്‍ എന്നാല്‍ ജനങ്ങളേയും കൂസാത്തവന്‍ എന്നല്ലേ അര്‍ത്ഥം? സഹജീവികളെ കുലംകുത്തിയെന്നും പരനാറിയെന്നും നികൃഷ്ടജീവിയെന്നും വിളിക്കുന്നതാണോ മുഖത്തുനോക്കി കാര്യങ്ങള്‍ പറയുന്ന ഗുണം?

 

സ്റ്റാലിന്റെ മനുഷ്യത്വരഹിതമായ ചെയ്തികളെ തള്ളിക്കളയുന്ന നമ്മുടെ മനസ്സില്‍ ഒരു സ്റ്റാലിനിസ്റ്റിന് എന്താകണം സ്ഥാനം?

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍