UPDATES

ട്രെന്‍ഡിങ്ങ്

സി എം സ്റ്റീഫന് സ്മാരകം ഉണ്ടാക്കാന്‍ പിരിച്ച പണം നക്കി തിന്നവരാണ് കോണ്‍ഗ്രസുകാര്‍; അഭിമന്യു ഫണ്ടിനെക്കുറിച്ചുള്ള ആരോപണത്തിനു മുല്ലപ്പള്ളിക്കു മറുപടിയുമായി സിപിഎം

അഭിമന്യുവിന്റെ പേരില്‍ 4 കോടി രൂപ പിരിച്ചെന്നും എന്നാല്‍ വെറും 35 ലക്ഷം രൂപയാണ് അഭിമന്യുവിന്റെ വീട്ടില്‍ കൊടുത്തതെന്നും ഒരു രാഷ്ട്രീയ വധം പോലും പാര്‍ട്ടിക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമായി കണ്ട സിപിഎം തരംതാഴ്ന്നിരിക്കുകയാണെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തള്ളി സിപിഎം. മുല്ലപ്പള്ളിയുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്നാണ് സിപിഎം പ്രതികരിക്കുന്നത്. പണം പിരിച്ച് സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിനാണ് ഉള്ളതെന്നും സിപിഎം ഇടുക്കി, എറണാകുലം ജില്ല സെക്രട്ടറിമാര്‍ ആക്ഷേപം ഉന്നയിക്കുന്നു.

മുല്ലപ്പള്ളിക്ക് ഇത്തരം വ്യാജ ആരോപണങ്ങള്‍ കൊണ്ട് ആരെയെങ്കിലുമൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമായിരിക്കാം. പക്ഷേ, പാര്‍ട്ടിക്കും പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നവര്‍ക്കും ഇന്നാട്ടിലെ ഞങ്ങളുടെ എതിരാളികളായവര്‍ പോലും ഇത്തരം ആരോപണങ്ങളില്‍ യാതൊരു കഴമ്പും ഇല്ലെന്നു പറയും; സിപിഎം ഇടുക്കി ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറയുന്നു. ഇടുക്കി ജില്ലയില്‍ അഭിമന്യു ഫണ്ടിലേക്ക് വന്ന പണവും അതിന്റെ പലിശയും ചെലവാക്കിയ തുകയും കൃത്യമായ കണക്കോടെ പത്രമാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതാണ്. പാര്‍ട്ടി ഒരു പൈസയും എടുത്തിട്ടില്ല; ജയചന്ദ്രന്‍ വ്യക്തമാക്കുന്നു.

ഇടുക്കി ജില്ലയില്‍ 71 ലക്ഷം രൂപയാണ് അഭിമന്യു ഫണ്ടിലേക്ക് വന്നത്. രണ്ടു മാസത്തെ പലിശ സഹിതം ആ തുക എന്തിനൊക്കെ ഉപയോഗിച്ചു എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. സ്ഥലം വാങ്ങിയതും വീട് നിര്‍മിച്ചതും, സഹോദരിയുടെ വിവാഹം നടത്തിയതുമൊക്കെ ഈ തുക വിനോയിഗിച്ചാണ്. അതിലൊന്നും ഒരു കള്ളത്തരവും തിരിമറിയും നടന്നിട്ടില്ല. അതിവിടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളുമാണ്. എന്ത് ആരോപണങ്ങളും ഇപ്പോള്‍ സിപിഎമ്മിന്റെ നേരെ ഉയയര്‍ത്തിയാല്‍ എല്ലാവരും വിശ്വാസിക്കുമെന്നു കരുതരുത്. ജനങ്ങളെ പൂര്‍ണമായി വിഡ്ഢികളാക്കാന്‍ കഴിയില്ലെന്നു കെപിസിസി പ്രസിഡന്റ് മനസിലാക്കണം.

പത്തര സെന്റ് സ്ഥലമാണ് വീട് നിര്‍മാണത്തിനായി വാങ്ങിയത്. സ്ഥലം വാങ്ങിയതിനും വീട് നിര്‍മാണത്തിനും കൂടി 40 ലക്ഷം രൂപ ചെലവായി. സഹോദരി കൗസല്യയുടെ വിവാഹത്തിനായി 10 ലക്ഷം രൂപയാണ് മാറ്റിവച്ചിരുന്നത്. വിവാഹാവശ്യങ്ങള്‍ക്ക് ചെലവഴിച്ചതിന്റെ ബാക്കി തുകയായ ഒന്നര ലക്ഷം രൂപ കൗസല്യയുടെ പേരില്‍ അകൗണ്ടില്‍ നിക്ഷേപിച്ചു. വിവാഹവേദിയില്‍ വച്ചു തന്നെ ഇക്കാര്യം ചെയ്തതാണ്. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ 23,75,000 രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇടുക്കിയില്‍ കിട്ടിയ തുകയും അതിന്റെ രണ്ടു മാസത്തെ പലിശയും അടക്കം പൂര്‍ണമായ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരാതിക്ക് ഇവിടെ അടിസ്ഥാനമില്ല. ഇപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഎമ്മിനെതിരേ ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കില്‍ അതിന്റെ ഉദ്ദേശ്യം എന്താണെന്നു മനസിലാക്കാവുന്നതേയുള്ളൂ; കെ കെ ജയചന്ദ്രന്‍ പറയുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തെ തള്ളിയാണ് എറണാകുളം ജില്ല സെക്രട്ടറി സി എന്‍ മോഹനനും പ്രതികരിച്ചത്. സ്മാരക കേന്ദ്രം നിര്‍മിക്കാനുള്ള സ്ഥലം അന്വേഷിച്ചു വരികയാണെന്നാണ് ജില്ല സെക്രട്ടറി പറയുന്നത്. കൊച്ചിപോലൊരു സ്ഥലത്ത് നമ്മള്‍ ഉദ്ദേിക്കുന്ന തരത്തിലുള്ള സ്ഥലം കിട്ടുക കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇക്കാര്യം പത്രസമ്മേളനത്തില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. അതുമാത്രമാണ് മുന്നിലുള്ള തടസം. സ്ഥലം ശരിയായാല്‍ എങ്ങനെയുള്ള സ്മാരക കേന്ദ്രമാണോ നിര്‍മിക്കുമെന്ന് പറഞ്ഞത് അതിലൊരു മാറ്റവുമില്ലാതെ തന്നെ അഭിമന്യുവിന്റെ സ്മരണ എക്കാലത്തും നിലനിര്‍ത്തുന്ന തരത്തിലൊരു കേന്ദ്രം നിര്‍മിച്ചിരിക്കും. അതിലാര്‍ക്കും സംശയം വേണ്ട. എത്ര തുകയാണോ അഭിമന്യുവിന്റെ പേരില്‍ കിട്ടിയത്, അതില്‍ നിന്നും നയാപൈസപോലും എടുത്തിട്ടുമില്ല, എടുക്കുകയുമില്ല; സി എന്‍ മോഹനന്‍ പറയുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലവാരത്തിന് അനുസരിച്ചുള്ള ആരോപണമാണ് അദ്ദേഹം ഉന്നയിച്ചതെന്നും സി എന്‍ മോഹനന്‍ തിരിച്ചടിക്കുന്നു. ഈ ആരോപണം ഉന്നയിക്കുന്ന മുല്ലപ്പള്ളിയുടെ പാര്‍ട്ടിയാണ് അവരുടെ നേതാക്കന്മാരുടെ സ്മാരകം നിര്‍മിക്കാന്‍ വേണ്ടി പണം പിരിക്കുകയും പിന്നെയത് സ്വന്തം കീശയിലാക്കുന്നതെന്നും അദ്ദേഹം പരിഹസിക്കുന്നു. കോണ്‍ഗ്രസുകാരുടെ സംസ്‌കാരം അങ്ങനെയാണ്. സിപിഎം അങ്ങനെയൊരിക്കലും ചെയ്യില്ല. പ്രതിപക്ഷ നേതാവായിരുന്ന സി എം സ്റ്റീഫന്റെ പേരില്‍ കൊല്ലത്ത് സ്മാരകം പണിയാന്‍ പണം പിരിക്കുകയും ആ തുക മുഴുവന്‍ നക്കി തിന്നുകയും ചെയ്തവരാണ് കോണ്‍ഗ്രസുകാര്‍. അഭിമന്യുവിന്റെ പേരില്‍ പണം പിരിച്ചിട്ടുണ്ടെങ്കില്‍ അത് മറ്റൊരു കാര്യത്തിനും ഞങ്ങള്‍ ഉപയോഗിക്കില്ല, പണം മുഴുവനും ബാങ്കില്‍ കിടപ്പുണ്ട്. സ്ഥലം കിട്ടിയാല്‍ ഉടനെ സ്മാരക കേന്ദ്രം നിര്‍മാണം ആരംഭിക്കുകയും ചെയ്യും; സി എന്‍ മോഹനന്‍ പറയുന്നു.

എറണാകുളത്ത് അഭിമന്യു സ്മാരകമായി വിദ്യാര്‍ത്ഥി സേവന കേന്ദ്രം ആരംഭിക്കുമെന്നാണ് സിപിഎം പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗീയ വിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സ്മാരക കേന്ദ്രമാണ് നിര്‍മിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍