ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ അനധികൃത പണപ്പിരിവ്. ചേര്‍ത്തല കുറുപ്പന്‍ കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെയാണ് ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങളില്‍ നിന്നും അനധികൃതമായി പണം വാങ്ങിയെന്ന ആരോപണം ഉയർന്നിരിക്കുന്നത്. ആരോപണം പുറത്തു വന്നതോടെ ഇദ്ദേഹത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് റവന്യു വിഭാഗം.
കുറുപ്പന്‍കുളങ്ങരയിലെ കണ്ണികാട് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന അംബേദ്കര്‍ കോളനിയില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് വീടുകള്‍ വാസയോഗ്യമല്ലാതയതോടെയാണ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. സിപിഎം നേതാവായ ഒമനക്കുട്ടന്റെ കുടുംബവും ക്യാമ്പില്‍ എത്തിയിരുന്നു. ക്യാമ്പ് തുടങ്ങിയ ദിവസമാണ് ഓമനക്കുട്ടന്‍ ദുരിതബാധിതരില്‍ നിന്നും പണം പിരിച്ചത്. നൂറും എഴുപതും അമ്പതും രൂപയൊക്കെ വച്ചാണ് ഓരോരുത്തരില്‍ നിന്നും വാങ്ങിയതെന്നാണ് ആരോപണം.
ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഹാളില്‍ വൈദ്യുതി ബന്ധം ഇല്ലാത്തതിനാല്‍ അടുത്ത വീട്ടില്‍ നിന്നുമാണ് ഇങ്ങോട്ടേയ്ക്കുള്ള വൈദ്യുതി കണക്ഷന്‍ എടുത്തിരിക്കുന്നത്. ഓമനക്കുട്ടന്‍ പണം പിരിക്കാന്‍ പറഞ്ഞ കാരണവും വൈദ്യുതിയുടെ പേരിലായിരുന്നു. സ്വകാര്യ വ്യക്തികളില്‍ നിന്നാണ് വൈദ്യുതി എടുക്കുന്നതെന്നും അതിനുള്ള പണം നമ്മള്‍ തന്നെ കൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് ക്യാമ്പിലുള്ളവരോട് എഴുപത് രൂപ വീതം വാങ്ങിയത്. അടുത്ത കാരണം ക്യാമ്പിലേക്ക് ആവശ്യമായ ആഹാര സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവ് ആയിരുന്നു. സപ്ലൈകോയില്‍ നിന്നും സാധാനങ്ങള്‍ നല്‍കുമെന്നാല്ലാതെ അവ ക്യാമ്പില്‍ എത്തിച്ചു തരില്ലെന്നും സാധനങ്ങള്‍ ഓട്ടോയില്‍ കയറ്റി ക്യാമ്പില്‍ എത്തിക്കാന്‍ നമ്മള്‍ തന്നെ പണം ചെലവാക്കണമെന്നുമായിരുന്നു സിപിഎം നേതാവ് ക്യാമ്പിലുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. സാധനങ്ങള്‍ എത്തിക്കാനുള്ള ഓട്ടോച്ചാര്‍ജ് കൊടുക്കാന്‍ വേണ്ടിയാണെന്നു പറഞ്ഞായിരുന്നു വീണ്ടും ക്യാമ്പ് അംഗങ്ങളില്‍ നിന്നും പണം പിരിച്ചത്.
ഓമനക്കുട്ടന്‍ പണം വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ അവരോടും സിപിഎം നേതാവ് പറഞ്ഞ ന്യായം ക്യാമ്പ് നടത്തിപ്പിനുള്ള ചെലവ് ക്യാമ്പിലുള്ളവര്‍ സ്വയം വഹിക്കേണ്ട സാഹചര്യമാണെന്നാണ്. മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശമാണ് കണ്ണികടും അംബേദ്കര്‍ കോളനിയും. അതിനാല്‍ കാലവര്‍ഷ സമയത്ത് ഇവിടെ ദുരിതാശ്വാസ ക്യാമ്പ് സ്ഥിരമായി പ്രവര്‍ത്തിക്കാറുമുണ്ട്. എല്ലാവര്‍ഷവും ഇത്തരത്തില്‍ പണം പിരിച്ചു തന്നെയാണ് ക്യാമ്പ് നടത്തുന്നതെന്നും ഓമനക്കുട്ടന്‍ പറയുന്നു.
എന്നാല്‍ ഓമനക്കുട്ടന്റെ വാദങ്ങളെല്ലാം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നാണ് ചേര്‍ത്തല തഹസില്‍ദാര്‍ പറയുന്നത്. ദുരിതാശ്വാസ ക്യാമ്പ് നടത്തിപ്പിന്റെ ചുമതല അതാത് വില്ലേജ് ഓഫിസര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. വ്യക്തികളെയോ രാഷ്ട്രീയ നേതാക്കളെയോ ജനപ്രതിനിധികളെയോ ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല. അധികാരപ്പെട്ടവര്‍ ആരും തന്നെ അറിയാതെയാണ് ഓമനക്കുട്ടന്‍ ക്യാമ്പില്‍ അനധികൃതമായി പണം പിരിച്ചത്. പണം പിരിക്കുന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെട്ടു. വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസും വില്ലേജ് ഓഫിസറും ക്യാമ്പില്‍ എത്തുകയും അവിടെ വച്ച് തന്നെ ഓമനക്കുട്ടന്‍ ദുരിതബാധിതരില്‍ നിന്നും വാങ്ങിയ തുക മുഴുവന്‍ തിരിച്ചു കൊടുപ്പിക്കുകയും ചെയ്തു. ഓമനക്കുട്ടനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്; ചേര്‍ത്തല തഹസില്‍ദാര്‍ അഴിമുഖത്തോട് പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങള്‍ക്കായി ക്യാമ്പിനകത്തോ പുറത്തോ പണപ്പിരിവ് നടത്തേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും തഹസില്‍ദാര്‍ വ്യക്തമാക്കുന്നു. ക്യാമ്പ് എന്നത് സര്‍ക്കാര്‍ സംവിധാനമാണ്. ഇവിടുത്തെ എല്ലാ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. അവശ്യ സാധനങ്ങള്‍ വില്ലേജ് ഓഫിസര്‍ നിര്‍ദേശിക്കുന്ന പ്രകാരം സപ്ലൈകോയില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും ലഭ്യമാക്കും. അവ ക്യാമ്പുകളില്‍ എത്തിച്ചും നല്‍കും. അതിനായി ക്യാമ്പില്‍ ഉള്ളവരില്‍ നിന്നും ഒരു രൂപ പോലും വാങ്ങില്ല. സാധനങ്ങള്‍ ക്യാമ്പില്‍ എത്തിക്കുന്നതിന്റെ വാഹന ചെലവും സര്‍ക്കാര്‍ വകയായാണ് കൊടുക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം. അതല്ലാതെ, ക്യാമ്പംഗങ്ങള്‍ പിരിവെടുത്ത് ക്യാമ്പ് നടത്തേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ല. പ്രൈവറ്റ് കറന്റ് ആണ് എടുക്കുന്നത്, അതിന് ക്യാമ്പ് അംഗങ്ങള്‍ പണം നല്‍കണമെന്ന പ്രചാരണവും തെറ്റാണ്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വൈദ്യുതി ഇല്ലെന്നത് വാസ്തവമാണ്. എന്നാല്‍ ക്യാമ്പ് തുടങ്ങിയതോടെ അടുത്ത വീട്ടില്‍ നിന്നും വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ച് വൈദ്യുതി കണക്ഷന്‍ ക്യാമ്പിലേക്ക് എടുപ്പിച്ചിരുന്നു. ക്യാമ്പ് കഴിയുമ്പോള്‍ അതുവരെയുള്ള എല്ലാ ചെലവുകളുടെയും ഇടപാടുകള്‍ തീര്‍ക്കുന്നതിനൊപ്പം വൈദ്യുതി ചാര്‍ജും സര്‍ക്കാര്‍ തന്നെ നല്‍കും. ഇതുവരെയും ഇതിനൊന്നിനുമായി ക്യാമ്പില്‍ കഴിയുന്നവരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. പ്രസ്തുത വ്യക്തി, ഉത്തരവാദിത്വപ്പെട്ടവര്‍ ആരും തന്നെ അറിയാതെ സ്വന്തം നിലയ്ക്ക് പണം പിരിക്കുകയാണ് ചെയ്തത്. ഇതിനേതിരേ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും; തഹസില്‍ദാര്‍ പറയുന്നു.
അതേസമയം ഈ വിവാദം അനാവശ്യമാണെന്നാണ് സിപിഎം പ്രതികരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി എല്ലാ കാലവര്‍ഷക്കാലത്തും ദുരിതാശ്വാസ ക്യാമ്പിലേക്ക് ജനങ്ങളെ മാറ്റേണ്ടി വരുന്ന സ്ഥലമാണ് കണ്ണികാട് അംബേദ്കര്‍ കോളനി. ഒരു ഷെഡ് കെട്ടി അതിലേക്കായിരുന്നു ജനങ്ങളെ മാറ്റിയിരുന്നത്. കഴിഞ്ഞ തവണ ഇടതുപക്ഷം പഞ്ചായത്ത് ഭരിക്കുമ്പോഴാണ് ഇവിടെയൊരു കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നത്. അതിനുശേഷമാണ് മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പ് ഇങ്ങോട്ട് മാറ്റുന്നത്. ഇപ്പോള്‍ രണ്ടു തവണയായി കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുന്നതുപോലെയല്ല ഇവിടെയുള്ള ക്യാമ്പ്. ഇപ്പോഴുള്ള ക്യാമ്പുകളിലേക്കെല്ലാം ഓരോരോ സ്ഥലങ്ങളില്‍ നിന്നും ഇഷ്ടംപോലെ സാധനങ്ങള്‍ വരുന്നുണ്ട്. അതെല്ലാം കൊണ്ടു വരുന്ന തരാനും ആളുകളുണ്ട്. ഇവിടെയങ്ങനെയല്ല. ഓരോ മഴയ്ക്കും വെള്ളം കേറുന്ന പ്രദേശമാണ്. വെള്ളം ഇറങ്ങുന്നതുവരെ ആളുകള്‍ സുരക്ഷിതമായി ഉണ്ടാക്കുന്ന താത്കാലിക സംവിധാനത്തിലേക്ക് മാറും. ക്യാമ്പില്‍ എത്തുന്നവര്‍ തന്നെയാണ് അവരുടെ കാര്യങ്ങള്‍ നോക്കാനുള്ളത്. അതിനായി ഒന്നോ രണ്ടോപേരെ ബാക്കിയുള്ളവര്‍ ചേര്‍ന്ന് ചുമതലപ്പെടുത്തും. കഴിഞ്ഞ തവണയും ഇതുപോലെ ചുമതലക്കാര്‍ ഉണ്ടായിരുന്നു. അതില്‍ പാര്‍ട്ടിയൊന്നും ആരും നോക്കാറില്ല. ഇപ്പോള്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് അടുത്ത വീടുകളില്‍ നിന്നാണ് വൈദ്യുതി എടുക്കുന്നത്. എല്ലാക്കൊല്ലവും ഇങ്ങനെ കറന്റ് എടുക്കുന്നതിന്റെ ചെലവ് വരുന്ന പണം ക്യാമ്പില്‍ ഉള്ളവര്‍ തന്നെ പിരിച്ചു കൊടുക്കുന്നതാണ് പതിവ്. വില്ലേജ് ഓഫിസില്‍ നിന്നും പണം കിട്ടി വരുമ്പോള്‍ താമസിക്കുന്നതുകൊണ്ടാണ് പിരിവ് എടുത്ത് ജനങ്ങള്‍ തന്നെ നല്‍കുന്നത്. വില്ലേജ് ഓഫിസില്‍ നിന്നും പൈസ കിട്ടുമ്പോള്‍ പിരിച്ച പണം ഓരോരുത്തര്‍ക്കും തിരിച്ചു കൊടുക്കാറുമുണ്ട്. പലവ്യഞ്ജനങ്ങളും പച്ചക്കറികളും ക്യാമ്പില്‍ എത്തിച്ചു കൊടുക്കുന്ന പതിവും കഴിഞ്ഞ കാലങ്ങളിലൊന്നും ഇല്ലായിരുന്നു. വില്ലേജ് ഓഫിസില്‍ ചെന്ന് അന്നത്തെ സാധനങ്ങള്‍ക്കു വേണ്ട ലിസ്റ്റ് കൊടുക്കുകയും അവിടെ നിന്നും അനുവദിച്ചു കിട്ടുന്നതിന്റെ പേപ്പറുമായി ചെന്ന് മാവേലി സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. ആ സാധനങ്ങള്‍ ക്യാമ്പിലേക്ക് കൊണ്ടുവരാന്‍ ഓട്ടോ വിളിക്കണം. അതിന് കാശ് കൊടുക്കണം. അതാത് സമയത്ത് ചെലവാകുന്ന തുക അപ്പോള്‍ തന്നെ വില്ലേജില്‍ നിന്നും കിട്ടാത്തതുകൊണ്ട് ഈ ചെലവൊക്കെ ക്യാമ്പില്‍ ഉള്ളവര്‍ തന്നെ നല്‍കുകയാണ് ചെയ്യുന്ന്ത്. പിന്നീട് പൈസ വില്ലേജില്‍ നിന്നും കിട്ടുമ്പോള്‍ പിരിച്ച പൈസ അതാതാള്‍ക്കാര്‍ക്ക് തിരിച്ചു നല്‍കും. ഇതൊക്കെ ഇവിടെ വര്‍ഷങ്ങളായി നടന്നു വരുന്ന കാര്യമാണ്. ആര്‍ക്കും ഇതിലൊന്നും പരാതിയുമില്ല. ആ ക്യാമ്പില്‍ ഉള്ളവരൊക്കെ തന്നെ ബന്ധുക്കളും അയല്‍ക്കാരുമാണ്. പണം പിരിച്ചെന്ന് ആരോപിക്കുന്ന സഖാവും കുടുംബവും ഇതേ ക്യാമ്പില്‍ ഉള്ളവരാണ്. ഇത്തവണ ആ സഖാവിനെ കാര്യങ്ങള്‍ നടത്താന്‍ എല്ലാവരും കൂടി ചുമതലപ്പെടുത്തിയെന്നു മാത്രം. ഇല്ലാക്കൊല്ലവും ഇതുപോലെ ആരെങ്കിലുമൊക്കെയായിരിക്കും കാര്യങ്ങള്‍ നടത്തിക്കുന്നത്. അവിടെയുള്ള എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അറിയുന്നവര്‍. അവര്‍ തമ്മില്‍ തമ്മില്‍ പറ്റിക്കുമെന്ന് തോന്നുന്നുണ്ടോ? ഇത് വലിയ വിവാദമായിരിക്കുന്നത് സിപിഎമ്മിനെ പ്രതിയാക്കാന്‍ ഒരവസരം കിട്ടിയതുകൊണ്ടാണ്. ഒരാവിശ്യവുമില്ലാത്ത വിവാദമാണ്; സിപിഎം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മഹാദേവന്‍ പറയുന്നു.
തങ്ങളില്‍ നിന്നും ആരും നിര്‍ബന്ധപൂര്‍വം പണം വാങ്ങിയിട്ടില്ലെന്നും തങ്ങളെല്ലാവരും കുടുംബക്കാരാണെന്നുമാണ് ക്യാമ്പിലുള്ളവര്‍ പറയുന്നത്. ഇവിടുത്തെ ആവശ്യങ്ങള്‍ നടത്താന്‍ വേണ്ടിയാണ് പൈസ കൊടുത്തത്. കഴിഞ്ഞകൊല്ലങ്ങളിലും തങ്ങളെല്ലാവരും കൈയില്‍ നിന്നും പൈസ ഇട്ട് തന്നെയാണ് ഓരോരോ കാര്യങ്ങള്‍ നടത്തിയിരുന്നത്. വില്ലേജില്‍ നിന്നും കാശ് കിട്ടുമ്പോള്‍ കൊടുത്ത പൈസ തിരിച്ചു നല്‍കുകയും ചെയ്യും. ഇത്തവണ എന്താണ് വാര്‍ത്തയായതെന്ന് അറിയില്ല; ക്യാമ്പില്‍ ഉള്ളവര്‍ അഴിമുഖത്തോട് പറയുന്നു.
ക്യാമ്പില്‍ നിന്നും അനധികൃതമായി പണം പിരിച്ച സിപിഎം നേതാവിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെടുന്നത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കുമെന്നും നടപടി സ്വീകരിക്കുന്നതുവരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കുന്നു.