UPDATES

എ പ്രദീപ് കുമാര്‍; ഒരു തനി കോഴിക്കോടന്‍

വീരേന്ദ്ര കുമാറും പാര്‍ട്ടിയും മടങ്ങിയെത്തിയതും ഏഴില്‍ ആറു നിയസഭ മണ്ഡലങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നതും വിജയം കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും പ്രധാന പ്രതീക്ഷ പ്രദീപ് കുമാര്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ ജനകീയ പരിവേഷത്തില്‍ തന്നെയാണ്.

കെ എ ആന്റണി

കെ എ ആന്റണി

എന്തുകൊണ്ട് സിപിഎം നിലവില്‍ എംഎല്‍എ ആയ എ പ്രദീപ് കുമാറിനെ തന്നെ കോഴിക്കോട് മത്സരിപ്പിക്കുന്നു എന്ന ചോദ്യത്തിന് അവര്‍ക്ക് ഒറ്റ മറുപടിയെ ഉള്ളു. കോഴിക്കോടുകാര്‍ക്ക് ഏറെ പ്രിയങ്കരനാണ് പ്രദീപ് കുമാര്‍ എന്ന്. എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നിട്ടും കഴിഞ്ഞ രണ്ടു തവണയും കൈവിട്ടുപോയ മണ്ഡലമാണ് കോഴിക്കോട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവില്‍ എംപിയായ എം കെ രാഘവന് തന്നെയാണ് നറുക്കുവീഴാന്‍ സാധ്യത. രണ്ടു തവണ വിജയിച്ച രാഘവന് ഒരു ജനകീയ പരിവേഷമുണ്ട്. അങ്ങിനെയുള്ള ഒരാളോട് ഏറ്റുമുട്ടാന്‍ കോഴിക്കോട്ടുകാരുടെ ജനകീയ എംഎല്‍എ ആയ പ്രദീപ് കുമാറിന് കഴിയും എന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് ഇക്കുറി പ്രദീപ് കുമാറിനെ കളത്തിലിറക്കാന്‍ തീരുമാനിച്ചതെന്ന് സാരം.

നിലവില്‍ കോഴിക്കോട് നോര്‍ത്ത് എംഎല്‍എ ആണ് 54 കാരനായ എ പ്രദീപ് കുമാര്‍. കഴിഞ്ഞ 13 വര്‍ഷമായി കോഴിക്കോട് നോര്‍ത്തിനെ പ്രധിനിധീകരിക്കുന്ന പ്രദീപ് കുമാര്‍ അതിനു മുന്‍പ് കോഴിക്കോട് സൗത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. നാദാപുരം ചേലക്കാട് പരേതനായ ആനാറാന്‍പത്ത് ഗോപാലകൃഷ്ണ കുറുപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകനായി ജനിച്ച പ്രദീപ് കുമാര്‍ എസ് എഫ് ഐ യിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രദീപ് ആ കാലയളവില്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. എസിഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രദീപ് നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. വേങ്ങേരി സഹകരണ ബാങ്ക് സെക്രട്ടറി അഖിലയാണ് ഭാര്യ. ഏക മകള്‍ അമിത ആര്‍ക്കിടെക്ട ആണ്.

കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ക്കു തന്നെ പ്രദീപ് കുമാറിന് കോഴിക്കോടിനേയും കോഴിക്കോടുകാര്‍ക്ക് പ്രദീപിനെയും അറിയാം എന്നതും ഈ തിരഞ്ഞെടുപ്പില്‍ ഒരു പ്ലസ് പോയിന്റ് ആയി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും കരുതുന്നു. ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കൊടുവള്ളി, എലത്തൂര്‍, ബേപ്പൂര്‍, കുന്നമംഗലം എന്നീ ഏഴു മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴിക്കോട് ലോക് സഭ മണ്ഡലം. ഇതില്‍ കോഴിക്കോട് സൗത്ത് ഒഴികെയുള്ള മറ്റ് ആറിടത്തുനിന്നും ഇക്കഴിഞ്ഞ അസംബ്ലി തിരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. കോഴിക്കോട് ലോക് സഭ മണ്ഡലത്തെ മുന്‍പ് പലതവണ പ്രതിനിധീകരിച്ച എംപി വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ജനത ദള്‍ ഇക്കുറി എല്‍ഡിഎഫിനൊപ്പമാണെന്നതും അനുകൂലഘടകമായി ഇടതു പക്ഷം വിലയിരുതുന്നു. 2009ലെ പരാജയത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് എം പി വീരേന്ദ്രകുമാറിന് സീറ്റു നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹവും പാര്‍ട്ടിയും മുന്നണി വിട്ടതാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. വീരേന്ദ്ര കുമാറും പാര്‍ട്ടിയും മടങ്ങിയെത്തിയതും ഏഴില്‍ ആറു നിയസഭ മണ്ഡലങ്ങളും തങ്ങള്‍ക്കൊപ്പമാണെന്നതും വിജയം കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും പ്രധാന പ്രതീക്ഷ പ്രദീപ് കുമാര്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ ജനകീയ പരിവേഷത്തില്‍ തന്നെയാണ്. അതുകൊണ്ടു തന്നെ പ്രചാരണ രംഗത്ത് എല്‍ഡിഎഫ് ഊന്നല്‍ നല്‍കുന്നതും തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ ഈ ജനകീയ പരിവേക്ഷത്തിനു തന്നെയാണ്.

പ്രദീപ് കുമാറിന്റെ ജനകീയത ഊതിവീര്‍പ്പിച്ച ഒന്നല്ലെന്ന് കോഴിക്കോട്ടെ ആരും സമ്മതിക്കുന്ന കാര്യമാണ്. കാരണം സ്വന്തം ഭാവനയില്‍ വിരിഞ്ഞ ‘പ്രിസം’ എന്ന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മാത്രം മക്കള്‍ പഠിക്കുന്ന നടക്കാവ് ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മുഖഛായ മാറ്റി എഴുതുക വഴി കോഴിക്കോട് നോര്‍ത്ത് എംഎല്‍എ, പ്രദീപ് കുമാര്‍ അര്‍ഥം നഷ്ടമായ വികസനം എന്ന വാക്കിന് പുതിയ അര്‍ത്ഥവും ഭാവവുമാണ് നല്‍കിയത്. ഇന്നിപ്പോള്‍ അന്താരാഷ്ട്ര അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ഇന്ത്യയിലെ തന്നെ ഏക സ്‌കൂള്‍ എന്ന ബഹുമതി പണ്ട് വെറുമൊരു സാദാ സര്‍ക്കാര്‍ സ്‌കൂള്‍ ആയിരുന്ന നടക്കാവ് സ്‌കൂളിന് സ്വന്തം. പ്രവാസി വ്യവസായിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഇതേ പദ്ധതി പദ്ധതി ഉപയോഗിച്ച് തന്റെ മണ്ഡലത്തില്‍ തന്നെ പെട്ട കാരപ്പറമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ സംസ്ഥാനത്തെ ആദ്യ ഹരിത സൗഹൃദ ക്യാംപസ് എന്ന പദവിയിലേക്ക് ഉയര്‍ത്തിയ പ്രദീപ് കുമാര്‍ എല്‍പി – യുപി അടക്കമുള്ള മറ്റു എട്ടു സ്‌കൂളുകള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

സ്‌കൂളുകളുടെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല സ്ഥലം എംഎല്‍എ എന്ന നിലയില്‍ പ്രദീപ് കുമാറിന്റെ വികസന മാതൃകകള്‍. നാശോന്മുഖമായികൊണ്ടിരുന്ന കോട്ടപ്പറമ്പ് സര്‍ക്കാര്‍ എന്‍ബിഎച്ച് അക്രെഡിറ്റേഷനോട് കൂടി സ്റ്റാര്‍ പദവിയിലെത്തിച്ചതും ബീച്ച് ആശുപത്രിയുടെ വികസനത്തിനായി 164 കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചതും കോഴിക്കോട് മെഡിക്കല്‍ കോളജിനായി 3000 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചതും കോഴിക്കോട് നഗരത്തില്‍ ആറു പുതിയ നഗര പാതകളില്‍ നാലെണ്ണവും തന്റെ സ്വന്തം മണ്ഡലത്തിലാണെന്നതും കഴിഞ്ഞ 13 വര്‍ഷമായി കോഴിക്കോട് നോര്‍ത്തിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എ എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തന നേട്ടമായി പ്രദീപ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുകൂടാതെ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡിനു 234 .5 കോടി രൂപയുടെ ഭരണാനുമതി, നടക്കാവിലെ ദേശീയ നിലവാരത്തിലുള്ള നീന്തല്‍ക്കുളം, പുതിയാപ്പയിലെ ഗാലറിയോടുകൂടിയ ഫുട്ബാള്‍ സ്റ്റേഡിയം, ചെലവൂരില്‍ പൂനൂര്‍ പുഴയുടെ തീരത്ത് നിര്‍മിച്ച സ്‌പോര്‍ട്‌സ് പാര്‍ക് തുടങ്ങിയവും പ്രദീപ് കുമാറിന്റെ പ്രവര്‍ത്തന നേട്ടങ്ങളുടെ പട്ടികയില്‍ പെടും.

Read: സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷം; എന്നാല്‍ കണ്ണൂരിന് ആരോടും അമിത മമതയില്ലെന്നത് ചരിത്രം/ മണ്ഡലങ്ങളിലൂടെ ഒരു യാത്ര

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍