UPDATES

ജമാ അത്തെ ഇസ്ലാമിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് സിപിഎം; മാധ്യമവും മീഡിയ വണ്ണും ജന്മഭൂമിയും ജനവുമായെന്ന് ആക്ഷേപം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി ജമാ അത്തെ ഇസ്ലാമി ശക്തമായി രംഗത്തെത്തിയിരുന്നു

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയ ജമാ അത്തെ ഇസ്ലാമിക്കെതിരായ രാഷട്രീയ വിമര്‍ശനം ശക്തമാക്കി സിപിഎം. ഇസ്ലാം മത തീവ്രവാദത്തിന്റെ മുഖ്യ കേന്ദ്രമാണ് ജമാ അത്തെ ഇസ്ലാമിയെന്ന വിമര്‍ശനമാണ് സിപിഎം നടത്തിയത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമാണ് വിമര്‍ശനം ആരംഭിച്ചതെങ്കില്‍ ഇപ്പോഴത് മന്ത്രി കെടി ജലീല്‍ ഏറ്റെടുത്തിരിക്കുകയാണ്.

എളമരം കരീം ജമാ അത്തെ ഇസ്ലാമിക്കെതിരായ രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയപ്പോള്‍, ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയ വണ്‍ ചാനലിനെ ആര്‍എസ്എസ് അനുകൂല ചാനലായ ജനത്തോട് ഉപമിച്ചായിരുന്നു കെടി ജലീലിന്റെ മറുപടി. ജന്മഭൂമിയുടെ ജമാ അത്തെ ഇസ്ലാമി എഡിഷനായി മാധ്യമം മാറിയെന്നും കെ ടി ജലീല്‍ ആക്ഷേപിച്ചത്.

ജമാ അത്തെ ഇസ്ലാമിയുമായി ഒരു കാലത്തും സിപിഎമ്മിന് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നില്ലെങ്കിലും മിക്ക തെരഞ്ഞെടുപ്പുകളിലും ആ സംഘടന സിപിഎമ്മിനെയാണ് പിന്തുണച്ചിരുന്നത്. എന്നാല്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപികരണത്തിന് ശേഷമാണ് ഇതില്‍ കാര്യമായ മാറ്റമുണ്ടാകുന്നത്. എന്നിട്ടും പല മണ്ഡലങ്ങളിലും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന സ്ഥിതി ഉണ്ടായി. ഇതില്‍ നിന്നുളള മാറ്റമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടത്. ജമാ അത്തെ ഇസ്ലാമി ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ചെറുക്കാന്‍ യുഡിഎഫിനെ പിന്തുണച്ചുവെന്നത് മാത്രമല്ല, ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും അവരുടെ രാഷ്ട്രീയ നിലപാടുകളെ തള്ളിയും രംഗത്തെത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. പലയിടങ്ങളിലും യുഡിഎഫിനുവേണ്ടി പരിപാടികളും സംഘടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ജമാ അത്തെ ഇസ്ലാമിക്കെതിരായ രാഷ്ട്രീയ നിലപാട് ശക്തമായി ഉന്നയിക്കാന്‍ സിപിഎം തീരുമാനിച്ചതെന്നാണ് സൂചന.

ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ആശയകേന്ദ്രം ജമാ അത്തെ ഇസ്ലാമിയും അതിന്റെ സ്ഥാപകന്‍ മൗദൂദീയുമാണെന്നായിരുന്നു എളമരം കരീമിന്റെ വിമര്‍ശനം. ജിഹാദ് എന്ന ആശയത്തിന് രാഷട്രീയ മാനവും പ്രചാരണവും നല്‍കിയത് മൗദൂദിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതാദ്യമായല്ല മൗദൂദിയുടെ സംഘടന പുരോഗമന ശക്തികളെ എതിര്‍ക്കുന്നതെന്നും പാകിസ്താനിലെ ദേശസാത്ക്കരണ നടപടികളെ എതിര്‍ത്തത് മൗദൂദിയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഞാന്‍ അനിസ്ലാമികനല്ല, അഞ്ചോ പത്തോ കൊല്ലം മുന്‍പുണ്ടായ അനാചാരമാണ് മുഖാവരണം-ഡോ. ഫസല്‍ ഗഫൂര്‍ സംസാരിക്കുന്നു

ഇതിന് പിന്നാലെയാണ് മന്ത്രി കെ ടി ജലിലും ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ രംഗത്തുവന്നത്. മാധ്യമത്തെയും മീഡിയാ വണ്ണിനെയും പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. അതിതീവ്ര നിലപാടുകാരും ഇടതുപക്ഷ വിരുദ്ധരുമായ ചിലര്‍ ജമാ അത്തിന്റെയും മാധ്യമങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തുവെന്ന ആരോപണമാണ് മന്ത്രി കെ ടി ജലില്‍ പ്രധാനമായും ഉന്നയിച്ചത്. ജമാ അത്തിലെ നാദാപുരം- കുറ്റ്യാടി സംഘം സംഘടന പിടിച്ചെടുത്തുവെന്ന ആരോപണമാണ് ജലീല്‍ ഉന്നയിക്കുന്നത്.

ചേന്ദമംഗല്ലൂര്‍ സംഘത്തിനാണ് ജമാ അത്തെ ഇസ്ലാമിയുടെയും മാധ്യമത്തിന്റെയും നിയന്ത്രണമെന്നായിരുന്നു നേരത്തെയുള്ള ആക്ഷേപം. ഒ അബ്ദുറഹ്മാനെയും മാധ്യമത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുള്ള എന്നിവരുമായി ബന്ധപ്പെടുത്തിയായിരുന്നു ഇത്.

ജമാ അത്തിന്റെ മാധ്യമ സ്ഥാപനങ്ങളില്‍ തീവ്ര നിലപാടുകാര്‍ മിതവാദിയായ ഒ അബ്ദുറഹ്മാനെ അകറ്റി, കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തുവെന്ന സൂചനയാണ് കെ ടി ജലിലിന്റെ വിമര്‍ശനത്തിലുള്ളത്. ഒ അബ്ദുറഹ്മാന്‍ ഇപ്പോഴും മാധ്യമത്തിന്റെ പത്രാധിപരായി തുടരുന്നുണ്ടെങ്കിലും ദൈനംദിന കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് പ്രാമുഖ്യം കിട്ടുന്നില്ലെന്നാണ് ആരോപണം.

തീവ്ര നിലപാടുകള്‍ തുറന്ന് സ്വീകരിക്കുന്ന സമീപനമാണ് ജമാഅത്തെ ഇസ്ലാമിയുടെ യുവ നേതാക്കള്‍ക്കുള്ളതെന്നുമുള്ള വിമര്‍ശനമാണ് ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്നത്. സിപിഎമ്മുമായി രാഷ്ട്രീയ വിമര്‍ശനം നിലനിര്‍ത്തുമ്പോള്‍ തന്നെ ഇടതുപക്ഷത്തിനെതിരെ ശത്രുതാപരമായ സമീപനം നേരത്തെ ജമാ അത്തെ ഇസ്ലാമി സ്വീകരിച്ചിരുന്നില്ലെന്നാണ് ഇടതുപക്ഷത്തിന്റെ ആക്ഷേപം. ഇപ്പോള്‍ അത്തരം നിലപാടുകളിലേക്ക് മാറുന്നത് തീവ്രവാദ സ്വാധീനമാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ ഇടതുപക്ഷ വിരുദ്ധ നിലപാട് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ജയത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. അതുകൊണ്ട് തന്നെ ജമാ അത്ത് വിമര്‍ശനം വരും ദിവസങ്ങളില്‍ സിപിഎം ശക്തമാക്കാനാണ് സാധ്യത. സിപിഎമ്മിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ജമാ അത്തെ ഇസ്ലാമി ഇന്ന് കോഴിക്കോട്, ‘ഫാസിസം, മാര്‍ക്‌സിസം, ജമാ അത്തെ ഇസ്ലാമി’ എന്ന വിഷയത്തില്‍ പൊതുയോഗം സംഘടിപ്പിച്ചിട്ടുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍