UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം സംസ്ഥാന സമ്മേളനം; ആകെ ചെലവ് 10 കോടിയെന്ന്, അസംതൃപ്തിയോടെ സാധാരണ സഖാക്കള്‍

അഞ്ചു കോടി രൂപ സമ്മേളന നടത്തിപ്പിനായി ചെലവിടുമ്പോള്‍ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് ബാക്കി തുക

ഹൈദരാബാദില്‍ നടക്കുന്ന 22ആം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ തുടക്കം. 37 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മറ്റൊരു സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന തൃശൂരില്‍, തേക്കിന്‍കാട് മൈതാനിയില്‍ ബുധനാഴ്ച വൈകുന്നേരം സമ്മേളന പതാക ഉയര്‍ന്നു. പ്രതിനിധി സമ്മേളനം വ്യാഴാഴ്ച രാവിലെ പത്തിന് വി ദക്ഷിണാമൂര്‍ത്തി നഗറില്‍ (റീജണല്‍ തിയേറ്റര്‍) ആരംഭിക്കും. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും നടക്കും. 25 വരെ പൊതുസമ്മേളനം തുടരും.

25ന് ഉച്ച കഴിഞ്ഞ് കാല്‍ ലക്ഷം റെഡ് വാളണ്ടിയര്‍മാരുടെ മാര്‍ച്ചും തുടര്‍ന്ന് രണ്ടരലക്ഷത്തോളം പേര്‍ അണിനിരക്കുന്ന പൊതുസമ്മേളനവും നടക്കും. തിരഞ്ഞെടുക്കപ്പെട്ട 475 പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റിയിലെ നാല് ക്ഷണിതാക്കളും ഉള്‍പ്പെടെ 582 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഏറെ നിര്‍ണായകമായ സാഹചര്യത്തിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കടന്നുപോകുമ്പോള്‍ സിപിഎമ്മിന്റെ ഈ സംസ്ഥാന സമ്മേളനത്തിനും രാഷ്ട്രീയനിരീക്ഷകര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രത്യേകിച്ച് കേരളത്തില്‍ പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുന്ന സമയം കൂടിയാണിത്. ഭരണവും പാര്‍ട്ടി പ്രവര്‍ത്തനവും ചര്‍ച്ചയാകും. പാര്‍ട്ടിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന കൊലപാതകങ്ങള്‍ മുതല്‍ സംസ്ഥാന സെക്രട്ടറിയുടെ മക്കളുടെ പേര് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് വിവാദങ്ങളും സിപിഎമ്മിനെ ഒട്ടൊന്നുമല്ല വലച്ചിരിക്കുന്നത്. വിഭാഗീയ പ്രവര്‍ത്തനങ്ങളും ഗ്രൂപ്പുകളികളും പ്രത്യക്ഷത്തില്‍ ഇല്ലെന്നു പറയുമ്പോഴും ഭരണവും പാര്‍ട്ടിയും ഒരുമിച്ചു കൊണ്ടുപോകാന്‍ ഒരു കേന്ദ്രത്തില്‍ നിന്നുണ്ടാകുന്ന ശ്രമവും അതിനെ ചെറുക്കാന്‍ മറുവിഭാഗവും നടത്തുന്ന നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിഴല്‍യുദ്ധങ്ങള്‍ വലുതാക്കുന്നുവെന്ന സംഭാഷണവും ഉണ്ട്. ഇവയെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയായി ഉയരാനും സാധ്യതയേറെയാണ്.

എന്നാല്‍ സമ്മേളനം തുടങ്ങും മുന്നെ അണികള്‍ക്കിടയില്‍ ഉടലെടുത്ത മുറുമുറുപ്പ് മറ്റൊരു കാര്യത്തിന്റെ പേരിലാണെന്നാണ് അറിയുന്നത്. കോടികള്‍ മുടക്കി സംസ്ഥാന സമ്മേളനം ആഘോഷമാക്കുന്നതിനെതിരേ. മൊത്തം 10 കോടി രൂപയാണ് ഇത്തവണ സംസ്ഥാന സമ്മേളത്തിന്റെ ചെലവ് എന്നാണ് വിവരം. അഞ്ചു കോടി രൂപ സമ്മേളന നടത്തിപ്പിനായി ചെലവിടുമ്പോള്‍ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് ബാക്കി തുക. കുടിലുകെട്ടല്‍, കലാകായികമത്സരങ്ങള്‍ സംഘടിപ്പിക്കല്‍, ഗ്രീന്‍പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രതിനിധികള്‍ക്ക് മുളയില്‍ നിര്‍മിച്ച ബാഡ്ജുകള്‍ തയ്യാറാക്കല്‍, ജൈവഭക്ഷണം ഒരുക്കല്‍ തുടങ്ങിയവയ്ക്കാണ് ബാക്കി തുക ചെലവഴിക്കുന്നത്.

സംസ്ഥാന സമ്മേളന വേദിയായ തൃശൂര്‍ ജില്ലയിലെ ബ്രാഞ്ചുകളില്‍ ചെറുതും വലുതുമായി 2875 കുടിലുകളാണ് ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിന് സ്വാഗതമേകി 12,110 ബോര്‍ഡുകളും 120 സ്തൂപങ്ങളും 500 കമാനങ്ങളും തയ്യാറാക്കി. എല്ലാ ബ്രാഞ്ചുകളിലും കലാകായിക മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കണം.

തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 42,000 ത്തോളം പാര്‍ട്ടി മെംബര്‍മാരില്‍ നിന്നും അഞ്ഞൂറു രൂപാവീതവും പാര്‍ട്ടിയുടെ വര്‍ഗബഹുജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഓരു ദിവസത്തെ വേതനവും ജനങ്ങളില്‍ നിന്നുള്ള പിരിവുമാണ് തുക സമാഹരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വന്‍ ആഘോഷമായും ആവേശമായുമൊക്കെ പാര്‍ട്ടി നേതൃത്വം ഈ പരിപാടികളും പണം ചെലവഴിക്കലുമെല്ലാം ന്യായീകരിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഇത്രയും പണം ചെലവഴിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം നടത്തണമോ എന്നാണ് സാധാരണ സഖാക്കള്‍ ചോദിക്കുന്നത്.

ഒരുപക്ഷേ മറ്റു വിഷയങ്ങള്‍ക്കിടയില്‍ ഈ ‘ആര്‍ഭാടം’ ഒരു ചര്‍ച്ച വിഷയമാകില്ലെങ്കിലും കലുഷിതമായൊരു രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെതിരേ പൊരുതുന്നൂവെന്നു പറയുന്നൊരു പ്രസ്ഥാനം തന്നെ-അതും ജനകീയാടിത്തറയില്‍ നിന്നുള്ളതെന്ന പേരില്‍-സാധാരണ ജനങ്ങള്‍ക്ക് അസംതൃപ്തി വരുത്തുന്ന തരത്തില്‍ അതിന്റെ സമ്മേളനം നടത്തുന്നുവെന്നത് സ്വയം പരിശോധനയ്ക്ക് വിധേയമാക്കേണ്ട, ഗൗരവമേറിയ വിഷയം തന്നെയാണെന്നതില്‍ സംശയമില്ല.

അതേസമയം തന്നെ കേരളത്തിന്റെ രാഷ്ട്രീയതലസ്ഥാനമായി അടുത്ത അഞ്ചുനാളിലേക്ക് നിറം മാറുന്ന സാംസ്‌കാരിക തലസ്ഥാനത്തേക്ക് ഏവരും ശ്രദ്ധിക്കുന്നത് ഇടതു പൊതുബോധത്തിലൂന്നിയ വിശ്വാസത്തോടെയുമായിരിക്കും. എതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും സിപിഎമ്മിനെതിരേ ശക്തമാകുന്നുവെന്ന തോന്നല്‍ ഉണ്ടാകുമ്പോഴും രാഷ്ട്രീയമായും സംഘടനപരമായും പ്രസ്ഥാനം കൂടുതല്‍ ശക്തിപ്രാപിച്ചു എന്നാണ് അതിന്റെ അമരക്കാര്‍ പറയുന്നത്.

അംഗസംഖ്യയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതാണ് പാര്‍ട്ടി വലിയ നേട്ടമായി പറയുന്നത്. കഴിഞ്ഞ സമ്മേളനഘട്ടത്തില്‍ 29,841 ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നത് ഇത്തവണ 31,767 ആയി. 1992ല്‍ നിന്നും ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം 2093 ആയി. 202 ഏരിയാ കമ്മിറ്റികള്‍ 209 ആയി. ഈ കണക്കുകള്‍ വച്ചാണ് പാര്‍ട്ടിയിലേക്ക് ആളുകൂടിയതിന് അടിസ്ഥാനം പറയുന്നത്. ഇതോടൊപ്പം തന്നെ വര്‍ഗ-ബഹുജന സംഘടനകളിലെ അംഗത്വവും കൂടിയിരിക്കുന്നു. സംഘടനാപരമായി കൂടുതല്‍ ശക്തമാകാന്‍ സഹായകമായ കൂടുതല്‍ തീരുമാനങ്ങള്‍ തൃശൂര്‍ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതോടൊപ്പം തന്നെ പാര്‍ട്ടിക്കെതിരേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങളെ പൊളിച്ച് സിപിഎമ്മിന്റെ സ്വതന്ത്രമായ സ്വാധീനശക്തി വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമ്മേളനം ആസൂത്രണം ചെയ്യുമെന്നും സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു.

പാര്‍ട്ടിക്കൊപ്പം ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള തുടര്‍പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നതുമായും സമ്മേളനത്തില്‍ തീരുമാനമുണ്ടാകുമെന്ന് നേതൃത്വം അറിയിക്കുന്നു. കേരളത്തിന്റെ ഭാവിരാഷ്ട്രീയം രൂപപ്പെടുത്താന്‍ വേണ്ടുന്ന നടപടികളുമായി സിപിഎം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമെന്ന വാഗ്ദാനം മുന്നില്‍ വച്ചുകൊണ്ടാണ് ഈ സംസ്ഥാന സമ്മേളനം നടക്കുന്നതെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍