UPDATES

ലോംഗ് മാര്‍ച്ച് പൊളിക്കാന്‍ സിപിഎമ്മിന്റെ അപ്രതീക്ഷിത നീക്കം; വയല്‍ക്കിളികളേ, നിങ്ങള്‍ പാര്‍ട്ടി വിരുദ്ധരല്ല

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെ വീട്ടില്‍ പോയി കണ്ട് പി ജയരാജന്റെ നേതൃത്വത്തില്‍ തിരികെ ക്ഷണിക്കുന്നു

പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് പാര്‍ട്ടിക്ക് പുറത്താക്കിയ വയല്‍ക്കിളികളോട് ആവശ്യപ്പെട്ട് സിപിഎം. വയല്‍ക്കിളി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അച്ചടക്ക നടപടിക്ക് വിധേയരായവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി സിപിഎം നേതാക്കള്‍. ഒരിക്കല്‍ പാര്‍ട്ടി പുറത്താക്കിയ പതിനൊന്ന് പേരേയും അവരുടെ കുടുംബാംഗങ്ങളേയും അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം കീഴാറ്റൂരിലെത്തിയത്. സിപിഎം പാര്‍ട്ടിയുടെ ചരിത്രത്തില്‍ അത്യപൂര്‍വമായ സംഗതിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ നേരില്‍ കണ്ട് പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ബുധനാഴ്ച രാവിലെ തുടങ്ങിയ വീടുകയറി സന്ദര്‍ശനം രാത്രി പതിനൊന്ന് മണിവരെ തുടര്‍ന്നു. സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും വയല്‍ക്കിളികള്‍ നടത്താനിരിക്കുന്ന ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്നും പാര്‍ട്ടിയുമായി സഹകരിക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ടായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടേയും സംഘത്തിന്റേയും സന്ദര്‍ശനം.

പാര്‍ട്ടിയുമായി പിണങ്ങുകയോ വിമര്‍ശനമുന്നയിക്കുകയോ ചെയ്യുന്നവരെ ‘കുലംകുത്തി’ കളായി കാണാറുള്ള സിപിഎമ്മില്‍ നിന്നാണ് ഇത്തരത്തില്‍ അപ്രതീക്ഷിതമായ നീക്കമുണ്ടായിരിക്കുന്നത്. അതും വിമര്‍ശനങ്ങളെ വകവക്കാത്ത, വഴങ്ങാത്ത കണ്ണൂര്‍ പാര്‍ട്ടിയില്‍ നിന്നുണ്ടായതാണ് വയല്‍ക്കിളികളെപ്പോലും അത്ഭുതപ്പെടുത്തുന്നത്. എന്നാല്‍ ഈ സന്ദര്‍ശനത്തിന് പിന്നില്‍ മറ്റ പല ഉദ്ദേശങ്ങളുണ്ടെന്നും പാര്‍ട്ടി ഗ്രാമത്തില്‍ അടിക്കല്ലിളകുന്നത് മനസ്സിലാക്കിയാണ് പി.ജയരാജന്റെ നേതൃത്വത്തില്‍ തന്നെ അനുനയശ്രമം നടക്കുന്നതെന്നുമാണ് വയല്‍ക്കിളി സമരനേതാക്കളുടെ അഭിപ്രായം. പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായാണ് വയല്‍ക്കിളി സമരത്തില്‍ പങ്കെടുത്ത കീഴാറ്റൂര്‍ വടക്ക്, തെക്ക്, സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റികളില്‍ നിന്നായി പതിനൊന്ന് പേരെ പുറത്താക്കുന്നത്. ഇവരെ തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്ന തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന തളിപ്പറമ്പ് ഏരിയാകമ്മറ്റി അടിയന്തിര യോഗത്തില്‍ തീരുമാനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് നടത്തിയ അനുനയ നീക്കത്തോടെ പാര്‍ട്ടി ഇക്കാര്യം തീരുമാനിച്ചതായുള്ള സൂചനയാണ് നല്‍കുന്നത്. എന്നാല്‍ പാര്‍ട്ടി ഭരണഘടന പ്രകാരം പുറത്താക്കിയ ഒരാളെ തിരിച്ചെടുക്കണമെങ്കില്‍ അയാള്‍ പാര്‍ട്ടി അനുഭാവിയായി പ്രവര്‍ത്തിച്ച് അംഗത്വത്തിന് യോഗ്യനായാല്‍ മാത്രമേ പിന്നീട് അംഗത്വം നല്‍കുകയുള്ളൂ. എന്നിരിക്കെ പുറത്താക്കിയ പതിനൊന്ന് പേരേയും തിരിച്ചെടുക്കുക എന്ന തീരുമാനമാണ് സിപിഎം എടുത്തിട്ടുള്ളതെങ്കില്‍ അത് പാര്‍ട്ടി ഭരണഘടന ലംഘനമാവുമെന്ന വിലയിരുത്തലാണുള്ളത്.

എന്നാല്‍ പാര്‍ട്ടി പുറത്താക്കിയ പതിനൊന്ന് പേരുടെ അംഗത്വ പുന:സ്ഥാപനം സംബന്ധിച്ച് യാതൊരു തീരുമാനങ്ങളുമില്ലെന്നും പാര്‍ട്ടിയുമായി ചേര്‍ന്ന് നില്‍ക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്നും സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍ പറയുന്നു. ‘ഇവരെല്ലാം നമ്മുടെ കുടുംബങ്ങളാണ്. പാര്‍ട്ടി കുടുംബങ്ങളാണ്. അവര്‍ ആ സമരത്തില്‍ സഹകരിച്ചു എന്ന് മാത്രമേയുള്ളൂ. ആ കുടുംബങ്ങളില്‍ പോയിട്ട് ഈ പാര്‍ട്ടിയുമായി ബന്ധം നിലനിര്‍ത്തിപ്പോവണമെന്ന് പറയുന്നത് മാത്രമേയുള്ളൂ. പാര്‍ട്ടിയുമായുള്ള അകല്‍ച്ച മാറ്റുക എന്നത് മാത്രമേയുള്ളൂ ഉദ്ദേശം. അവര്‍ക്ക് പറയാനുള്ളത് പറയാനും കേള്‍ക്കാനുള്ളത് കേള്‍ക്കാനുമുള്ള ഒരവസരം. പാര്‍ട്ടിയുടെ വിപുലീകരണമാണല്ലോ ലക്ഷ്യമിടുന്നത്. അപ്പോള്‍ ഒരു രീതിയിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാകുന്ന കാര്യമുണ്ടാവരുതെന്നാണല്ലോ പാര്‍ട്ടി ആഗ്രഹിക്കുക. ഒരാളും ഇതിന്റെ ഭാഗമായി പാര്‍ട്ടിക്ക് നഷ്ടപ്പെടാന്‍ പാടില്ല. എന്നാല്‍ അവരെ പുറത്താക്കിയത് തെറ്റായിപ്പോയി എന്ന ഒരു ആലോചനപോലുമില്ല. കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി എടുക്കേണ്ട തീരുമാനങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളൂ. എന്നാല്‍ അതിന്റെ പേരില്‍ അവരും അവരുടെ കുടുംബങ്ങളും പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോവാന്‍ പാടില്ല. ഇവരെ റാഞ്ചാന്‍ പലരും തയ്യാറായി നില്‍ക്കുമ്പോള്‍ അവരെ പാര്‍ട്ടിയോടൊപ്പം ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഒരിക്കല്‍ നടപടിയെടുത്തു എന്ന് കരുതി പിന്നീട് പാര്‍ട്ടിയിലേക്ക് വരാന്‍ പറ്റില്ലെന്നില്ലല്ലോ. അവര്‍ പാര്‍ട്ടി ലൈനിലേക്ക് വന്നാല്‍ അത് സാധ്യമാവും. എത്രയോപേര്‍ ഇതിന് മുമ്പും അങ്ങനെ വന്നിട്ടുണ്ട്. അവരില്‍ ചിലര്‍ പാര്‍ട്ടി നേതൃസ്ഥാനത്തിലേക്ക് വരെ എത്തിയിട്ടുണ്ട്. ലോംഗ് മാര്‍ച്ച് നടത്തുന്നതോടെ സമരം ഇപ്പോള്‍ പ്രത്യേക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അങ്ങനെ വരുന്നതോടെ പൂര്‍ണമായും മറ്റു പലരും ഇത് ഏറ്റെടുക്കുന്ന അവസ്ഥവരും. ജമാ അത്തെ ഇസ്ലാമിയും മാവോയിസ്റ്റുമെല്ലാം. ഇവര്‍ ലോംഗ് മാര്‍ച്ച് നടത്തി തിരുവനന്തപുരത്തെത്തിക്കാന്‍ മാത്രമുള്ള ആളുകളില്ല. അപ്പോള്‍ അവര്‍ ഈ സംഘടനകളെയൊക്കെയാണ് ആശ്രയിക്കുക. അങ്ങനെപോയാല്‍ എന്നന്നേക്കുമായി ഇവരെ നഷ്ടപ്പെട്ടുപോവും. അതിലേക്കെത്തിക്കാതെ പാര്‍ട്ടിയോടൊപ്പം നിര്‍ത്താനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്.’

വയല്‍ക്കിളികള്‍; രാഷ്ട്രീയം കവിതയല്ല, ഗദ്യത്തില്‍ ഒരു തീരുമാനമായാല്‍ മതി

പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരിലെ വയല്‍ക്കിളി സമരവും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുള്ളവരുടെ ഇടപെടലുകളും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഏരിയ സെക്രട്ടറിയുടെ വാക്കുകള്‍. വയല്‍ക്കിളികള്‍ തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് ഉള്‍പ്പെടെ സമരം ശക്തിപ്പെടുത്താനുള്ള വഴികളുമായി മുന്നോട്ട് പോവുമ്പോഴാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. പരിസ്ഥിതി പ്രവര്‍ത്തകരും വയല്‍ക്കിളികളും യോജിച്ച് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സമരത്തെ പിന്തുണച്ചെത്തിയിരിക്കുന്ന ബിജെപിയും കോണ്‍ഗ്രസുമുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മാര്‍ച്ചിന്റെ ഭാഗമാകാനിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് ലോംഗ് മാര്‍ച്ചിന് പങ്കെടുക്കരുതെന്ന കാര്യം മാത്രമാണ് ജയരാജനും സംഘവും ആവശ്യപ്പെട്ടതെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ബൈജു പറയുന്നു. ബൈജുവിന്റെ വീട്ടില്‍ ബുധനാഴ്ച ഒമ്പതരയോടെ എത്തിയ സിപിഎം നേതാക്കള്‍ ഒന്നരമണിക്കൂറോളം ചെലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്.

കിളികളുടേതല്ല, കീഴാറ്റൂരില്‍ ഇനി ‘കഴുകന്‍’മാരുടെ രാഷ്ട്രീയമോ?

പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ച് ബൈജു പറയുന്നതിങ്ങനെ; ‘ലോംഗ് മാര്‍ച്ചിന് പങ്കെടുക്കരുതെന്നതായിരുന്നു അവരുടെ ആവശ്യം. പാര്‍ട്ടിയോട് ചേര്‍ന്നു നിലക്കണം എന്നാണ് പി.ജയരാജന്‍ ആവശ്യപ്പെട്ടത്. വയല്‍ക്കിളികളോട് പാര്‍ട്ടി എതിരാണ്, ഞങ്ങളോടല്ല എന്ന്. ഞാന്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും അവര്‍ ഒരുത്തരവും പറഞ്ഞിട്ടില്ല. നിങ്ങള്‍ പാര്‍ട്ടി വിരുദ്ധരല്ലേ എന്നാണ് ചോദ്യം. ‘സഖാവേ, ആരാണ് പാര്‍ട്ടി വിരുദ്ധര്‍, എന്താണ് പാര്‍ട്ടി വിരുദ്ധത കൊണ്ട് ഉദ്ദേശിക്കുന്നത്? ഞങ്ങള്‍ പാര്‍ട്ടി വിട്ടുപോയോ? നിങ്ങളല്ലേ ഞങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്? എന്തിനാണ് ഞങ്ങളെ പുറത്താക്കിയത്? മദ്യപാനത്തിനോ, സ്ത്രീവിരുദ്ധമായി പ്രവര്‍ത്തിച്ചതിനോ, അതോ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനോ? ഈ സമരം നടത്തിയത് പാര്‍ട്ടി മുന്നിട്ടിറങ്ങിയാണ്. ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം, എന്റെ അമ്മയേയും ചേച്ചിയേയും പോലീസ് സ്‌റ്റേഷനില്‍ ആദ്യമായിട്ട് കയറ്റിയത് ലോക്കല്‍ സെക്രട്ടറിയും ലോക്കല്‍ കമ്മറ്റി അംഗവുമെല്ലാം പറഞ്ഞിട്ടാണ്. പിന്നെ എന്തുകൊണ്ട് പാര്‍ട്ടി അതില്‍ നിന്ന് പിന്‍മാറി? അതിന് ഞങ്ങള്‍ക്ക് വിശദീകരണം നല്‍കട്ടെ. നിങ്ങള്‍ അത് നല്‍കിയോ? എന്ത് കാര്യമാണ് ഈ വയലില്‍ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടത്? ഈ വയല്‍ മണ്ണിട്ട് മൂടില്ലേ?’ ഇത്രയും ചേദിച്ചപ്പോള്‍ ‘അല്ല, മണ്ണിട്ട് മൂടില്ല എന്നല്ല. ഒരു വികസനം വരുമ്പോള്‍ പലതും നിങ്ങള്‍ സഹിക്കേണ്ടി വരും എന്നായിരുന്നു മറുപടി. ഇത് സഹിക്കാതെ വികസനം നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ലേ? എന്ന് ഞാന്‍ ചോദിച്ചു. അത് ഹൈവേ അതോറിറ്റിയാണ് തീരുമാനിക്കുന്നത്, കേരള സര്‍ക്കാരല്ല, നിങ്ങള്‍ അലൈന്‍മെന്റ് കാണിച്ചുതന്നാല്‍ ബുദ്ധിമുട്ടില്ലെങ്കില്‍ അത് പരിഗണിക്കേണ്ട കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. ‘എന്തായാലും നമുക്ക് ആ കാര്യങ്ങള്‍ ഒന്നുകൂടി പരിഹരിക്കാം. ഞാനിപ്പോള്‍ ഒന്ന് പറയാന്ന് വച്ചാല്‍ നിങ്ങളാരും പാര്‍ട്ടി വിരുദ്ധരല്ല, അതുകൊണ്ട് എന്റെ ഒരഭ്യര്‍ഥന, അഭ്യര്‍ഥനയാണ്, നിങ്ങള്‍ പാര്‍ട്ടിയുമായി സഹകരിച്ച് പോണം. അതാണ് ഇപ്പഴത്തെ തീരുമാനം’ എന്ന് സെക്രട്ടറി പറഞ്ഞു. ഞങ്ങള്‍ പാര്‍ട്ടി വിരുദ്ധരല്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയിട്ട് വേറെ ഏതെങ്കിലും പാര്‍ട്ടിയുടെ കൊടിപിടിച്ച് നടക്കുന്നതുകണ്ടോ? ഒരു സമരമാവുമ്പോള്‍ എത്രപേര് വരും. അങ്ങനെ എത്ര പരിപാടിക്ക് സിപിഎം പോയിട്ടുണ്ട്? ആര് പിന്തുണച്ചാലും ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കും. അതല്ലാതെ ഒരു ആശയം വിട്ടിട്ട് വേറൊരു പാര്‍ട്ടിയിലേക്കും നമ്മള്‍ പോവുകയുമില്ല. അവര്‍ സ്വീകരിക്കാമെന്ന് അവരും പറഞ്ഞിട്ടില്ല എന്നൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നായി. അവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവും. അതുണ്ടാവാന്‍ ആരാണ് അവസരമുണ്ടാക്കിക്കൊടുത്തത്? എന്ന് ഞാന്‍ ചോദിച്ചു. വയല്‍ മാത്രമല്ല, വികസനം കൂടി നമ്മുടെ പ്രകടന പത്രികയിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വികസനം വരുമ്പോള്‍ സ്വാഭാവികമായും നമ്മളതൊക്കെ സഹിക്കേണ്ടി വരുമെന്ന്. വയല്‍ നികത്താം, പക്ഷെ മറ്റ് സാധ്യതകളില്ലെങ്കില്‍ മാത്രം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ബൈജു കുറേ പഠിച്ചുവച്ചിട്ടുണ്ടല്ലോ എന്നായിരുന്നു അടുത്ത ചോദ്യം. എനിക്ക് ഈ വയലിനെക്കുറിച്ചും തണ്ണീര്‍ത്തടത്തെക്കുറിച്ചും ഇതുവരെ എനിക്കൊന്നും അറിയില്ലായിരുന്നു. പക്ഷെ ഓരോ സാഹചര്യത്തിലും ഓരോന്നും നമ്മള്‍ പഠിക്കുകയാണെന്ന് ഞാനും പറഞ്ഞു. അതോടെ വയല്‍ക്കിളികള്‍ ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കണം, അത് പറ്റില്ല, അതാണ് പാര്‍ട്ടി നിലപാട്, നിങ്ങള്‍ പാര്‍ട്ടിയുമായി സഹകരിച്ച് നില്‍ക്കണമെന്ന് പറഞ്ഞിട്ടാണ് അവര്‍ പോയത്.’

കീഴാറ്റൂരിനെയും തളിപ്പറമ്പ് നഗരത്തെയും രക്ഷിക്കണം; ബിജെപിയുടെ ഹൈജാക്കിംഗ് രാഷ്ട്രീയത്തില്‍ പ്രതിസന്ധിയിലായ കീഴാറ്റൂര്‍ സമരം

ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കീഴാറ്റൂരില്‍ വയല്‍നികത്തിയുള്ള ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരമാരംഭിക്കുന്നത്. ആദ്യം സിപിഎം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നിന്ന് പിന്നീട് പാര്‍ട്ടി നേതാക്കള്‍ പിന്‍വലിഞ്ഞു. അതോടെ പിന്‍നിരയില്‍ നിന്ന ചിലര്‍ ചേര്‍ന്ന് സമരം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. സമരത്തിന്റെ ഭാഗമായി നില്‍ക്കുന്നതിനാണ് പതിനൊന്ന് പേരെ പാര്‍ട്ടി പുറത്താക്കിയത്. അന്ന് പ്രാദേശിക വിഷയമായി മാത്രം നിന്നിരുന്ന വയല്‍ക്കിളി സമരം പിന്നീട് സംസ്ഥാനത്തെ തന്നെ വലിയ വിഷയമായി ഉയര്‍ന്നു. വയല്‍ക്കിളികള്‍ നടത്താനിരിക്കുന്ന ലോംഗ് മാര്‍ച്ചും, മറ്റ് രാഷ്ട്രീയ കക്ഷികളുടെ ഇടപെടലും സിപിഎമ്മിന് ക്ഷീണമാവുമെന്ന വിലയിരുത്തല്‍ ഉണ്ടായതാണ് സിപിഎം നേതാക്കളുടെ മനംമാറ്റത്തിന് പിന്നിലെന്നാണ് കണക്കാക്കപ്പെടുന്നത്. സിപിഎം ഏരിയ സെക്രട്ടറി പി.മുകുന്ദന്‍, ജില്ലാ കമ്മറ്റി അംഗം കെ.സന്തോഷ്, ലോക്കല്‍ കമ്മറ്റി അംഗം ബിജുമോന്‍, ബ്രാഞ്ച് സെക്രട്ടറി രാഘവന്‍ എന്നിവരാണ് ജില്ലാ സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടില്‍ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം കയറിയില്ല. ‘എല്ലാവരുടേയും വീട്ടില്‍ ഇന്ന് ഒരു ദിവസം കൊണ്ട് ചെല്ലാന്‍ കഴിയില്ല. പിന്നീട് അതും ഉണ്ടാവും.’ എന്നാണ് ഏരിയാ സെക്രട്ടറി മുകുന്ദന്‍ ഇതിനോട് പ്രതികരിച്ചത്. സമരത്തില്‍ നിന്ന് പിന്‍മാറിയാല്‍ തിരിച്ചെടുക്കാമെന്ന ഉറപ്പ് പലര്‍ക്കും നല്‍കിയതായാണ് അറിവെന്ന് സമരനേതാവ് മനോഹരന്‍ പറഞ്ഞു. തെറ്റുതിരിത്തിയെന്ന് എഴുതി ഒപ്പിട്ടുനല്‍കാന്‍ പറഞ്ഞിട്ട് ആരും അതിന് വഴങ്ങിയിട്ടില്ല എന്ന് തന്നെയാണ് ഇതുവരെയുള്ള അറിവെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരെ തമ്മില്‍ അകറ്റാനുള്ള സിപിഎമ്മിന്റെ പുതി തന്ത്രമായിട്ടും ഈ അനുനയ നീക്കത്തെ വായിക്കണമെന്നും മനോഹരന്‍ പറയുന്നു. ‘ ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ചത് അവര്‍ക്ക് വലിയ പ്രശ്‌നമായിട്ടുണ്ട്. സമരക്കാര്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയിട്ട് സമരം തകര്‍ക്കാനാണ് അവരുടെ ശ്രമം എന്നാണ് മനസ്സിലാവുന്നത്. ലോംഗ് മാര്‍ച്ചില്‍ സുരേഷിന്റെ കൂടെ കുറേ തീവ്രവാദികള്‍ വരും, അതുകൊണ്ട് അതില്‍ നിന്ന് പിന്‍മാറണം എന്നാണ് പറയുന്നത്. പക്ഷെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യങ്ങളല്ലാതെ വയലിനെക്കുറിച്ചോ, ഇവിടെ നിന്ന് പദ്ധതി മാറ്റുന്നതിനെക്കുറിച്ചോ അവര്‍ ഒന്നും പറയുന്നില്ല. പക്ഷെ അതൊന്നും വിലപ്പോവില്ല. പാര്‍ട്ടി സെക്രട്ടറിയൊക്കെ ഏത് തലത്തിലേക്ക് അധഃപതിച്ചു എന്നതാണ്. പുറത്താക്കിയയാളുകളുടെ വീട്ടില്‍ പോയിട്ട് ഇങ്ങനെയൊരു പരിപാടി ചരിത്രത്തിലുണ്ടാവില്ല. കീഴാറ്റൂരുകാര്‍ക്ക് ഈ പാര്‍ട്ടിയോടുള്ള സ്‌നേഹം ഇവര്‍ക്കുണ്ടോ എന്നാണ് ഞങ്ങള്‍ക്ക് സംശയം. പിന്നെ ഇവരുടെ കളികൊണ്ട് ആരൊക്കെ പിന്‍മാറിയാലും ഒരാള്‍ മാത്രമാണെങ്കിലും ഈ സമരം തുടരും.’

ബുധനാഴ്ച കാണാന്‍ പറ്റാത്തവരെ പിന്നീട് സന്ദര്‍ശിക്കുമെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

സുരേഷ് ഗോപിയെ ഒളിച്ചുകടത്തിയ കീഴാറ്റൂരിലെ ട്രോജന്‍ ജനത

കീഴാറ്റൂരിലെ ഭൂരിപക്ഷ സിദ്ധാന്തം; അങ്ങനെയെങ്കില്‍ ത്രിപുരയിലെ പുതിയ ശരിയെ സിപിഎം അംഗീകരിക്കുമോ?

വയൽക്കിളികളെ വിഴുങ്ങാൻ വെട്ടുക്കിളികളെ അനുവദിക്കാതിരിക്കുക

കീഴാറ്റൂര്‍; ബദലുകളുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം

ഒരു റോഡും എട്ടേക്കര്‍ വയലും എന്ന കണ്ണുപൊത്തിക്കളിയല്ല കീഴാറ്റൂര്‍

ടാറും മെറ്റലും പുഴുങ്ങി തിന്നുന്ന കാലം വരുമോ ‘വികസന പൈങ്കിളി’യേ?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍