രക്ഷപ്പെട്ട പ്രതിയെ 24 വര്‍ഷങ്ങള്‍ക്കു ശേഷം വലയിലാക്കിയതിന്റെ അപൂര്‍വത കൂടി കേരള പോലീസിന് ലഭിച്ചിരിക്കുകയാണ്
കെട്ടിട നിര്‍മാണത്തൊഴിലാളിയായിരുന്നു പ്രസാദ്. വയനാടിന്റെ പല ഭാഗങ്ങളിലും കെട്ടിട നിര്‍മാണസംഘങ്ങള്‍ക്കൊപ്പം കയ്യാളായും ഉത്സവസ്ഥലങ്ങളിലെ കച്ചവടക്കാരനായുമെല്ലാം പലതവണ പ്രസാദിനെ പലരും കണ്ടിട്ടുണ്ട്. ചോദിച്ചവരോടെല്ലാം വെള്ളമുണ്ടയിലാണ് വീടെന്നു മാത്രം പ്രസാദ് പറഞ്ഞു. എന്നാല്‍, പലയിടങ്ങളിലായി ചുറ്റിനടന്നു ജോലി ചെയ്യുന്ന, ഇടക്കിടെ എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷനാകുന്ന പ്രസാദിനെ വെള്ളമുണ്ടയിലെ തൊട്ടടുത്ത അയല്‍വാസികള്‍ക്കു പോലും പരിചയമില്ലായിരുന്നു. നാടുചുറ്റി ജോലികള്‍ ചെയ്യുന്ന, ആര്‍ക്കും പിടികൊടുക്കാത്ത പ്രസാദിനെ വെള്ളമുണ്ടക്കാര്‍ കണ്ടിട്ടുണ്ട്. എന്നാല്‍, വര്‍ഷങ്ങളായി തങ്ങളുടെ നാട്ടില്‍ താമസക്കാരനായ പ്രസാദിനെക്കുറിച്ച് കൂടുതലൊന്നും പ്രദേശവാസികള്‍ക്കു പോലുമറിയില്ല.
പതിവുപോലെ ജോലിക്കായും മറ്റും യാത്രയിലായിരുന്നു എന്ന് അയല്‍വാസികള്‍ ധരിച്ച പ്രസാദിനെ കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. കുറച്ചുമാസങ്ങളായി പുല്‍പ്പള്ളിയില്‍ തൊഴിലാളി സംഘത്തിനൊപ്പം ജോലിചെയ്തു പോന്നിരുന്ന പ്രസാദിനെ പുല്‍പ്പള്ളി ബസ് സ്റ്റാന്റില്‍വച്ച് പൊലീസ് അറസ്റ്റു ചെയ്തതോടെയാണ് 24 വര്‍ഷങ്ങളായി മൂടിവച്ച കൊലപാതക കഥയെക്കുറിച്ച് നാട്ടുകാര്‍ അറിയുന്നത്. 1995ല്‍ തൃശ്ശൂര്‍ ടൗണില്‍ വയോധികയായ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയാണ് പ്രസാദ്. കേസില്‍ അന്ന് ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞ പ്രസാദിനെ 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തൃശ്ശൂര്‍ പൊലീസ് അറസ്റ്റു ചെയ്യുന്നത്. കടന്നു കളഞ്ഞതിനു ശേഷമുള്ള 24 വര്‍ഷങ്ങളിലും പലയിടങ്ങളിലായി കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ വെള്ളമുണ്ടയിലെത്തി പുതിയ കുടുംബവും ഉണ്ടാക്കിയെടുത്ത ശേഷമാണ് പ്രസാദിനെ പോലീസ് കണ്ടെത്തുന്നത്. കണ്ടെത്താന്‍ കാരണമായതാകട്ടെ, ഇടക്കിടെ എങ്ങോട്ടെന്നില്ലാതെ കാണാതെയാകുന്ന പ്രസാദിന്റെ ശീലവും.
കൊലപാതകക്കേസില്‍ ജാമ്യമെടുക്കാന്‍ സഹായിച്ച ആദ്യഭാര്യയെ കബളിപ്പിച്ചാണ് പ്രസാദ് തൃശ്ശൂരില്‍ നിന്നും ഒളിവില്‍ പോകുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. അല്പകാലത്തിനു ശേഷം വെള്ളമുണ്ടയിലെത്തി അവിടെ നിന്നും രണ്ടാമതും വിവാഹം കഴിച്ച പ്രസാദിനെക്കുറിച്ച് അവ്യക്തമായ ചില വിവരങ്ങളല്ലാതെ ഏറ്റവുമടുത്ത അയല്‍വാസികള്‍ക്കു പോലും അധികമൊന്നുമറിയില്ലായിരുന്നു. നാട്ടില്‍ ആരുമായും ബന്ധങ്ങളില്ലെന്നും പലയിടത്തായി സഞ്ചരിച്ച് ജോലി ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നും ആര്‍ക്കുമറിയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. വെള്ളമുണ്ടയില്‍ പ്രസാദ് താമസിച്ചിരുന്ന എട്ടേനാല് വാര്‍ഡിലുള്ളവര്‍ക്കു പോലും പ്രസാദിനെ അറിയില്ല. സ്ഥിരമായി ഇവിടെ താമസിക്കുന്നയാളല്ലെന്നും ഇവിടെ ഒരു ഭാര്യയുണ്ടെന്നതൊഴിച്ചാല്‍ മറ്റു ബന്ധങ്ങളില്ലെന്നുമാണ് നാട്ടുകാരുടെ പക്ഷം. രണ്ടു മാസക്കാലത്തിലേറെയായി പ്രസാദ് വീട്ടിലെത്താതിരുന്നതോടെ, രണ്ടാം ഭാര്യ വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കി. തന്റെ ഭര്‍ത്താവിനെ കാണാതായിരിക്കുന്നു എന്നു കാണിച്ച് പ്രസാദിന്റെ ഭാര്യ നല്‍കിയ ഈ പരാതിയാണ് 24 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതകക്കേസിന്റെ ചുരുളഴിച്ചത്.
വെള്ളമുണ്ട പോലീസ് കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും, ഈ അന്വേഷണ സംഘം പ്രസാദിന്റെ പശ്ചാത്തലമടക്കം പല കാര്യങ്ങളും തേടിപ്പിടിക്കുകയും ചെയ്തിരുന്നു. അങ്ങനെ നടന്ന അന്വേഷണത്തിനിടെയാണ് പ്രസാദ് ചാലക്കുടി സ്വദേശിയാണെന്നും തൃശ്ശൂരില്‍ ഒരു കൊലപാതകക്കേസിലെ പ്രതിയാണെന്നും വെള്ളമുണ്ട പോലീസ് തിരിച്ചറിയുന്നത്. വിശദമായ വിവരങ്ങള്‍ ശേഖരിച്ചതോടെ മറ്റു സ്‌റ്റേഷനുകളിലേക്കും പോലീസ് വിവരം കൈമാറി. തുടര്‍ന്നാണ് പുല്‍പ്പള്ളിയില്‍ പ്രസാദിനെ കണ്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. പുല്‍പ്പള്ളി പോലീസ് ഉടനെ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തതോടെയാണ് ഒപ്പം ജോലിചെയ്യുന്നവര്‍ക്കു പോലും കാര്യം മനസ്സിലാകുന്നത്.
പ്രസാദിനെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രജീഷ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: “പ്രസാദിന്റെ ആദ്യഭാര്യയാണ് കൊലപാതകക്കേസില്‍ അകപ്പെട്ട സമയത്ത് പ്രസാദിനെ ജാമ്യത്തിലെടുക്കാനും മറ്റും സഹായിച്ചത്. പിന്നീട് ആ സ്ത്രീയെ ഉപേക്ഷിച്ച് ഇയാള്‍ വെള്ളമുണ്ടയില്‍ നിന്നും മറ്റൊരു വിവാഹം കഴിച്ചിരുന്നു. രണ്ടാമതു വിവാഹം ചെയ്ത സ്ത്രീയെയും ഉപേക്ഷിച്ചു കടന്നുകളഞ്ഞതോടെ അവര്‍ വെള്ളമുണ്ട സ്‌റ്റേഷനില്‍ പരാതി കൊടുക്കുകയായിരുന്നു. ആ പരാതിയില്‍ മിസ്സിംഗിനു കേസെടുക്കയും ചെയ്തിരുന്നു. അതേസമയം, ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായതുകൊണ്ട്, ജാമ്യത്തിലെടുത്ത ആദ്യഭാര്യക്ക് ഇതിനിടെ കോടതിയില്‍ നിന്നും നോട്ടീസൊക്കെ വന്നിരുന്നു. കെട്ടിവയ്ക്കാനുള്ള തുക കൈയിലില്ലാത്തതിനാല്‍ അവരും ഇയാളെ അന്വേഷിച്ച് നടക്കുകയായിരുന്നു. പ്രസാദ് പുല്‍പ്പള്ളിയിലുണ്ടെന്ന് ഇവര്‍ക്ക് നേരത്തേ വിവരം കിട്ടിയിരുന്നു. ഇവര്‍ കുറേ ദിവസങ്ങളായി പുല്‍പ്പള്ളിയിലും പരിസരപ്രദേശത്തും അന്വേഷണം തുടരുകയായിരുന്നു. അതിനിടെയാണ് പുല്‍പ്പള്ളി അഡീഷനല്‍ എസ്.ഐക്ക് പ്രസാദിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. അങ്ങനെയാണ് ബസ് സ്റ്റാന്റ് പരിസരത്തുനിന്നും കസ്റ്റഡിയിലെടുക്കുന്നതും. തേപ്പു പണിയുമായി കൂടുകയായിരുന്നു ഇവിടെ. ഇപ്പോള്‍ തൃശ്ശൂര്‍ പോലീസെത്തി കൊണ്ടുപോയിട്ടുണ്ട്.”
തങ്ങള്‍ക്ക് പരിചയമോ സമ്പര്‍ക്കമോ ഇല്ലാത്തയാളാണെങ്കില്‍ക്കൂടി, അരുംകൊല ചെയ്ത ശേഷം കടന്നുകളഞ്ഞ ഒരു വ്യക്തിയാണ് തങ്ങളുടെ നാട്ടില്‍ ഇത്രനാളും ജീവിച്ചതെന്ന തിരിച്ചറിവിന്റെ ഞെട്ടല്‍ വെള്ളമുണ്ടക്കാര്‍ക്കുണ്ട്. ഇത്രനാള്‍ തുമ്പില്ലാത്ത കിടന്ന കേസില്‍ ഇത്ര പെട്ടന്നു തീര്‍പ്പായതിന്റെ അമ്പരപ്പാണ് പോലീസുദ്യോഗസ്ഥര്‍ക്കു പങ്കുവയ്ക്കാനുള്ളത്. ആദ്യഭാര്യയെ ഉപേക്ഷിച്ചതു പോലെ രണ്ടാമത്തെ ഭാര്യയെയും ഉപേക്ഷിച്ച്, മറ്റൊരിടം കണ്ടെത്താനാണ് പ്രസാദ് പുല്‍പ്പള്ളിയിലെത്തിയതെന്നും, അതല്ല എപ്പോഴത്തേയും പോലെ ജോലിക്കായുള്ള യാത്രകളിലായിരുന്നുവെന്നും പ്രദേശവാസികളും പോലീസും പറയുന്നുണ്ട്. എങ്കിലും, ഭാര്യയുടെ പരാതി ലഭിച്ചില്ലായിരുന്നെങ്കില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കൊലപാതകക്കേസിലെ പ്രതി ഇനിയും ഏറെ വര്‍ഷങ്ങള്‍ സ്വതന്ത്രജീവിതം നയിച്ചേനെ എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.
കൊലപാതകം പോലൊരു ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യം നടത്തി പിടിക്കപ്പെട്ടയാള്‍, ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞയാള്‍, എങ്ങനെ ഇത്രയുംനാള്‍ നിയമവ്യവസ്ഥയുടെ പിടിയില്‍പ്പെടാതെ സ്വൈര്യജീവിതം നയിച്ചു എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം. വയനാട്ടിലെ കുടിയേറ്റ ഗ്രാമങ്ങളില്‍ ജോലിക്കായും കാര്‍ഷികവൃത്തിക്കായും ഇപ്പോഴും പുറത്തുനിന്നും എത്തിച്ചേരുന്നവര്‍ അനവധിയാണ്. ഇങ്ങനെ എത്തിപ്പെടുന്നവരില്‍ പലരും ജോലി ചെയ്യുന്നിടങ്ങളില്‍ കുടുംബജീവിതം ആരംഭിച്ചും, സ്ഥലവും വീടും വാങ്ങിച്ചും വേരുറപ്പിക്കുന്നതും പതിവാണ്. അത്തരം പതിവുകള്‍ നിലനില്‍ക്കുന്നയിടമായതിനാല്‍ത്തന്നെ, പുറത്തുനിന്നുമെത്തുന്നവരെക്കുറിച്ച് ഒരു പരിധിയില്‍ കവിഞ്ഞ് ആശങ്കപ്പെടുകയോ അന്വേഷിക്കുകയോ ചെയ്യേണ്ടിവരാറുമില്ല. വയനാടന്‍ ഗ്രാമങ്ങളുടെ ഈ പ്രത്യേകതകള്‍ തന്നെയാണ് പ്രസാദിനെ ഇത്രനാളും പോലീസിന്റെ പിടിയിലകപ്പെടാതെ സുരക്ഷിതനാക്കി വച്ചതും. ജോലി ചെയ്ത് ജീവിക്കാന്‍ വയനാട്ടിലെത്തുന്നവരുടെ എണ്ണം വളരെയധികമായതിനാലും, അധ്വാനിക്കുന്നവര്‍ക്ക് എല്ലാക്കാലത്തും ഇടമുള്ള സ്ഥലമായതിനാലും താന്‍ ഇവിടെ സുരക്ഷിതനാണ് എന്ന് പ്രസാദും കരുതിയിരിക്കണം. ഏതായാലും രക്ഷപ്പെട്ട പ്രതിയെ 24 വര്‍ഷങ്ങള്‍ക്കു ശേഷം വലയിലാക്കിയതിന്റെ അപൂര്‍വത കൂടി കേരള പോലീസിന് അവകാശപ്പെടാനായിരിക്കുകയാണ്.