UPDATES

ട്രെന്‍ഡിങ്ങ്

‘ഒക്കെ ജോയ് എബ്രഹാമിന്റെ കുടിലബുദ്ധി’; എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന അവസ്ഥയില്‍ കേരള കോണ്‍ഗ്രസ്

സംസ്ഥാന സമിതി വിളിച്ചുചേർക്കാൻ‍ പി.ജെ ജോസഫിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരിക്കുകയാണ്

ചെയർമാൻ‍ സ്ഥാനത്തെ ചൊല്ലി പോര് കനത്തതോടെ കേരള കോണ്‍ഗ്രസ് (എം) ലെ പ്രതിസന്ധി രൂക്ഷമാവുന്നു. സംസ്ഥാന സമിതി വിളിച്ചുചേർക്കാൻ‍ പി.ജെ ജോസഫിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. രണ്ട് എം.പിമാരും രണ്ട് എംഎൽഎമാരും ഒപ്പുവെച്ച കത്താണ് കമ്മീഷന് നല്‍കിയിരിക്കുന്നത്. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ റോഷി അഗസ്റ്റിൻ‍, എൻ‍ ജയരാജ് എന്നിവരാണ് കത്തിൽ‍ ഒപ്പുവച്ചത്.

ജോയ് എബ്രഹാമിന് പ്രത്യേക അധികാരങ്ങളില്ലെന്നും പാർട്ടിയുടെ 25 ജനറൽ‍ സെക്രട്ടറിമാരിൽ‍ ഒരാൾ‍ മാത്രമാണ് ജോയ് എബ്രഹാം എന്നുമാണ് ഇപ്പോൾ‍ നല്കിയ കത്തില്‍ പറയുന്നുണ്ട്. ജോയി എബ്രഹാം നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്ത് കേരള കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

ജോസ് കെ. മാണി കേരളാ കോൺഗ്രസ്സ് (എം) ചെയർമാനാകണമെന്ന് ആവർത്തിച്ച് ജില്ലാ പ്രസിഡന്റുമാരും രംഗത്തെത്തി‍. നിലവിലെ മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാരും ഏതാനും മുൻ ജില്ലാ പ്രസിഡന്റുമാരുമാണ് പാലായിലെത്തി പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന കമ്മറ്റി ഉടൻ‍ വിളിച്ചുചേർക്കാൻ‍ നടപടി ഉണ്ടാകണമെന്നും ചർച്ചയിൽ‍ ആവശ്യമുയർന്നു.

എല്ലാത്തിനും പിന്നില്‍ ജോയ് എബ്രഹാമിന്റെ കുടിലബുദ്ധി

ലയനസമയത്തെ ധാരണകളെ പൂർണ്ണമായും അട്ടിമറിച്ചുകൊണ്ടാണ് ജോസഫ് വിഭാഗം മുന്നോട്ടു നീങ്ങുന്നത്. ലയന സമയത്തെ ധാരണപ്രകാരം പാർട്ടി ചെയർമാൻ‍, പാർലമെന്ററി പാർട്ടി പദവികൾ‍ മാണി വിഭാഗത്തിനാണെന്നും അതാരാണെന്ന് നിശ്ചിക്കാനുള്ള പൂർണ്ണ അധികാരം അവരിൽ‍ നിക്ഷിപ്തമാണെന്നും, ജോസഫ് വിഭാഗത്തിന്  നിശ്ചിക്കപ്പെട്ട പദവികളിൽ‍ ആരെ നിയോഗിക്കണം എന്നതിന്റെ പൂർണ്ണ അധികാരം അവർക്കായിരിക്കുമെന്നുമാണ് ലയന സമയത്തെ ധാരണ. 

ഇത് ലംഘിച്ചുകൊണ്ടാണ് മാണി വിഭാഗത്തിന് അവകാശപ്പെട്ട ചെയർമാൻ‍, പാർലമെന്ററി പാർട്ടി പദവികളിൽ‍ പി.ജെ ജോസഫ് സ്വയം അവരോധിക്കുന്നത്. കെ.എം മാണി ജീവിച്ചിരിക്കുമ്പോൾ‍ തന്നെ കഴിഞ്ഞ കുറെ കാലങ്ങളായി ജോസഫ് വിഭാഗം പാർട്ടിയില്‍ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പാർട്ടിയുടെ സുവർണ്ണജൂബിലിയുടെ ഭാഗമായി നടത്തിയ സമൂഹവിവാഹം, മഹാസമ്മേളനം തുടങ്ങിയ ചടങ്ങിന്റെയെല്ലാം ശോഭകെടുത്തുന്ന തരത്തിൽ‍ വിവാദ പ്രസ്താവനകളിലൂടെ പി.ജെ ജോസഫ് രംഗത്ത് വന്നിരുന്നു. ചരൽക്കുന്നിൽ‍ ചേർന്ന പാർട്ടി സംസ്ഥാന ക്യാമ്പിൽ‍ 14 ജില്ലാ പ്രസിഡന്റുമാരും ഏകകണ്ഠമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാർട്ടി തീരുമാനിച്ച കേരളയാത്രയുടെ പതാക ജോസ് കെ. മാണിക്ക് കൈമാറിയതിന് ശേഷം ആ യാത്രയ്ക്ക് എതിരായും ജോസഫ് തുടർച്ചയായ പ്രസ്താവനകളുമായി രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവിൽ‍ കെ.എം മാണിയോടോ പാർട്ടി നേതൃത്തോടെ ആലോചിക്കാതെ കോട്ടയം പാർലമെന്റ് സീറ്റിൽ‍ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും, മതമേലധ്യക്ഷന്മാരെയും, മാധ്യമസ്ഥാപനങ്ങളിലും സന്ദർശിച്ച് സ്ഥാനാർത്ഥിത്വം ആവർത്തിക്കുകയും ചെയ്തു. ഇത്തരം വിഭാഗീയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ‍ സംഭവിക്കുന്നത്. കെ.എം മാണിയുടെ വിയോഗത്തെത്തുടർന്ന് പാർട്ടി ഒറ്റക്കെട്ടായി പോകണം എന്ന പൊതുവികാരം തകർത്തത് ജോസഫ് ഗ്രൂപ്പിന്റെ ഏകാധിപത്യ നിലപാടുകളാണ്.

പാർട്ടി ചെയർമാൻ‍ സ്ഥാനത്തേയ്ക്ക് സി.എഫ് തോമസിനെ ഉയർത്തികാട്ടുന്നതിന് പിന്നിൽ‍ പി.ജെ ജോസഫിന് വ്യക്തമായ അജണ്ടയുണ്ട്. സി.എഫ് തോമസ് ചെയർമാൻ‍ ആകുന്നതിനേക്കാൾ‍ ജോസ് കെ. മാണിയെ ഒരു കാരണവശാലും ചെയർമാൻ‍ ആക്കരുത് എന്ന ഗൂഡലക്ഷ്യമാണ് ജോസഫ് വിഭാഗത്തിന്റെ നീക്കത്തിന് പിന്നിൽ‍. അനാരോഗ്യം കാരണം ബുദ്ധിമുട്ട് നേരിടുന്ന സി.എഫ് തോമസ് ചെയര്‍മാനായാൽ‍ ഇത് മുതലെടുത്ത് പാർട്ടിയിലെ സമ്പൂർണ്ണ അധികാരകേന്ദ്രമാകാനും പാർട്ടി പൂർണ്ണമായി കൈപ്പിടിയിലാക്കാനും വഴിയൊരുക്കുന്ന ഈ തന്ത്രത്തിന് പിന്നിൽ‍ ജോയ് എബ്രഹാമിന്റെ കുടില ബുദ്ധിയാണ്”, മാണി വിഭാഗത്തിലെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി.

അമേരിക്കന്‍ കേരള കോണ്‍ഗ്രസുകാര്‍ മാണി വിഭാഗത്തിനൊപ്പം

അതിനിടെ, കേരളാ കോൺഗ്രസ് ചെയർമാൻ‍ കെ.എം മാണിയുടെ വിടവാങ്ങലിനു ശേഷം ആരെന്നുള്ള ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരം കണ്ടുപിടിക്കുവാൻ‍ ഇത്രയധികം പാടുപെടേണ്ടതില്ലെന്നും സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു കൂട്ടി തെരഞ്ഞെടുക്കണമെന്നുള്ള ആവശ്യം ന്യായവും അവസരോചിതവുമാണെന്ന് പ്രവാസി കേരളാ കോൺ‌ഗ്രസ്സ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, നാഷണ‍ വർക്കിംഗ് പ്രസിഡന്റ് പി.സി മാത്യു, മാത്തുക്കുട്ടി ആലുംപറമ്പിൽ‍, ന്യൂയോർക് ചാപ്റ്റർ പ്രസിഡന്റ് ജോൺ‍ സി. വർഗീസ്, സജി പുതൃകയിൽ‍, സണ്ണി വള്ളിക്കളം, സണ്ണി കാരിക്കൽ‍, ഫ്രാൻസിസ് ചെറുകര, തോമസ് എബ്രഹാം, ബാബു പടവത്തില്‍, വറുഗീസ് കയ്യാലക്കകം എന്നീ അമേരിക്കൻ‍ പ്രവാസി കേരളാ കോൺഗ്രസ് നേതാക്കൾ‍ ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

“കേരളാ കൊൺഗ്രസ് (എം) എന്ന് പറഞ്ഞാൽ‍ അത് മാണിസാർ‍ രജിസ്റ്റർ‍ ചെയ്തു പടുത്തുയർത്തിയ പാർട്ടിതന്നെയെന്നുള്ള കാര്യത്തിൽ‍ ആർക്കും സംശയമില്ലാത്ത സ്ഥിതിക്ക് പാർട്ടിയുടെ വൈസ് ചെയർമാൻ‍ ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുക്കപ്പെടുമെന്ന സത്യത്തെ ഭയപ്പെടുന്നതിനാലാണ് അത് വിളിച്ചുകൂട്ടാൻ‍ ആവശ്യപ്പെട്ടിട്ടും വിളിച്ചു കൂട്ടാത്തതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉറങ്ങി കിടക്കുന്നവരെ ഉണർത്താൻ‍ കഴിയും എന്നാല്‍ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ‍ പാടാണ് എന്നതാണ് സത്യം”, എന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.

ഇടപെടല്‍ നടത്താമെന്ന് പിസി തോമസ്‌

അതിനിടെ, കേരള കോൺഗ്രസിന്റെ സമ്പൂർണ്ണ ഐക്യത്തിനുവേണ്ടി കെ.എം മാണി ജീവിച്ചിരുന്നപ്പോൾ താൻ മുൻകൈ എടുത്തിരുന്നതായും അത് വിജയം കാണാതെ പോയതാണ് ഇന്നത്തെ പ്രതിസന്ധികൾക്കുള്ള മൂലകാരണം എന്നും പി.സി തോമസ് അഴിമുഖത്തോട് പറഞ്ഞു. കേരള കോൺഗ്രസുകളുടെ ഐക്യത്തിനുവേണ്ടി ഇന്നും താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നതായും മാണി-ജോസഫ് വിഭാഗങ്ങളിലെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ അവരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല എന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു.

“പി ടി ചാക്കോയുടെ ചരമവാർഷികദിനം ആയിരുന്ന കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തീയതി കേരള കോൺഗ്രസിന്റെ ഒരു സംയുക്ത യോഗം വിളിച്ചിരുന്നു. കെഎം മാണി, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു. ആർ ബാലകൃഷ്ണപിള്ള മാത്രമാണ് ചില അസൗകര്യങ്ങൾ മുൻനിർത്തി വരാൻ ആവില്ല എന്ന് അറിയിച്ചത്. ആ യോഗത്തിൽ വച്ച് കേരള കോൺഗ്രസുകളുടെ സമവായത്തിന് വേണ്ടി ശ്രമിക്കാം എന്നും അതിന്റെ ചുമതല എന്നെ ഏൽപ്പിക്കുന്നതായും സംയുക്ത തീരുമാനം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വം ഞാൻ സന്തോഷപൂർവ്വം ഏറ്റെടുക്കുകയും ചെയ്തതാണ്. പക്ഷേ ചില രാഷ്ട്രീയ കാരണങ്ങളാൽ അത് നടന്നില്ല”. പാർട്ടി പിളർത്തി കോൺഗ്രസിലെ നല്ല കുട്ടിയാകാൻ ആര് ഒരുങ്ങിയാലും അത് ആശാസ്യമല്ലെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“1964 ഓഗസ്റ്റ് ഒന്നിനാണ് പി ടി ചാക്കോ മരിക്കുന്നത്. അദ്ദേഹത്തിൻറെ മരണശേഷം ഒക്ടോബറിലാണ് കേരള കോൺഗ്രസ് രൂപീകരിക്കുന്നത്. അന്നാകെ കേരളത്തിൽ 110-ലേറെ നിയമസഭാമണ്ഡലങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസിന് 65- നോട് അടുത്ത സീറ്റുകളാണ് ഉണ്ടായിരുന്നതും. അതിൽ 40- 41 പേർ പി ടി ചാക്കോ അനുയായികളായിരുന്നു. അവർ കേരള കോൺഗ്രസ് ചേരിയിലാണ് തുടർന്ന് നിന്നത്. ഇത്രയും സുവർണമായ ഒരു ഭൂതകാലമുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്ന് ബോധ്യമുള്ളതുകൊണ്ട് തന്നെ ഡൽഹിയിൽ നിന്ന് എത്തിയാലുടൻ ഈ വിഷയത്തിൽ തന്നാൽ കഴിയുന്ന ഇടപെടലുകൾ നടത്തും” എന്നും പിസി തോമസ് പറഞ്ഞു.

വിട്ടുവീഴ്ചയില്ലാതെ ജോസഫ്, ‘നിക്ഷ്പക്ഷരായി’ കൂടുതല്‍ നേതാക്കള്‍

അതേസമയം, കേരള കോൺഗ്രസിനുള്ളിലെ പ്രതിസന്ധികൾ തുടരുമ്പോൾ മാണി വിഭാഗം ദുർബലമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ആരംഭിച്ച കേരള കോൺഗ്രസിനുള്ളിലെ വഴക്കുകൾ മാണിയുടെ മരണത്തോടെ രൂക്ഷമായ അധികാര തർക്കമായി മാറുകയായിരുന്നു. സീറ്റിനെ ചൊല്ലി മാണിയും ജോസഫും തമ്മിലുണ്ടായ തർക്കം മാണിയുടെ മരണത്തോടെ കേരള കോൺഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തേക്കും പാർലമെന്ററി പാർട്ടി നേതാവിന്റെ സ്ഥാനത്തേക്കുമുള്ള മൂപ്പിളമ തർക്കമായി  മാറി.

മാണിയുടെ മരണത്തോടെ മാണിഗ്രൂപ്പ് നാഥനില്ലാ കളരിയാണെന്നു വരുത്തിത്തീർത്ത് പാർട്ടി പിടിച്ചടക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു ജോസഫ് എന്നാരോപിച്ച് പാർട്ടിയിലെ മറുപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ഏതു സ്ഥാനത്ത് ഇരുന്നാലും കേരള കോൺഗ്രസിന് അധികാരം ഇനി പിജെ ജോസഫിനെ കൈകളിൽ ഭദ്രമാണ് എന്ന പ്രസ്താവനയുമായി ജോയ് എബ്രഹാം രംഗത്ത് വന്നത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി.  ചെയർമാന്റെ അധികാരങ്ങൾ വർക്കിംഗ് ചെയർമാന് ആണെന്നും ഇനി ഏത് സ്ഥാനപ്പേരിൽ വിളിച്ചാലും അധികാരം ജോസഫിന്റെ കയ്യിൽ ഭദ്രമാണെന്നുമായിരുന്നു ജോയി എബ്രഹാമിന്റെ വാർത്താക്കുറിപ്പ്.

പിജെ ജോസഫ് ആകട്ടെ, ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാൻ പാർട്ടിയെ നയിക്കുന്നത് ജനാധിപത്യവിരുദ്ധമല്ല എന്ന് മറുപടിയുമായി ജോസ് കെ മാണിയുടെ നിലപാടുകൾക്കെതിരെ രംഗത്ത് വന്നിരുന്നു. താനൊരു കത്തയച്ചതിന്റെ പേരിൽ ഭീകരമായ പൊല്ലാപ്പുകൾ ഉണ്ടാക്കിയ മാണി പക്ഷം വസ്തുതകൾ മനസ്സിലാക്കാതെയാണ് പ്രതികരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കത്തുകളെ കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കുകയിരുന്നു ജോസ് കെ മാണി ചെയ്യേണ്ടിയിരുന്നതെന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ജോസഫ് കത്ത് നൽകിയത് പാർട്ടിയോട് ആലോചിക്കാതെ ആണെന്നും കമ്മിറ്റികൾ വിളിച്ച് തീരുമാനം എടുക്കുക എന്ന ജനാധിപത്യ മര്യാദ ജോസഫ് പാലിച്ചില്ല എന്നുമായിരുന്നു ജോസ് കെ. മാണിയുടെ നിലപാട്. പാർട്ടിയുടെ ബൈലോ പ്രകാരം ആക്ടിംഗ് ചെയർമാൻ, ടെമ്പററി ചെയർമാൻ, ചെയർമാൻ ഇന്‍-ചാർജ് തുടങ്ങിയ സ്ഥാനങ്ങൾ ഇല്ലെന്നും ഇത്തരം സ്ഥാനങ്ങൾ അലങ്കരിക്കുന്നതായി നടിക്കുന്നത് പാർട്ടി മര്യാദകൾക്ക് നിരക്കുന്നത് അല്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

പാർട്ടി സെക്രട്ടറിയായ മുൻ എംപി ജോയി എബ്രഹാമിനെ ഒപ്പം കൂട്ടിയാണ് പി ജെ ജോസഫ് താത്കാലിക ചെയർമാൻ സ്ഥാനം കൈക്കലാക്കിയത്. അധികാരം നഷ്ടപ്പെടുന്നു എന്ന് കണ്ടതോടെ മാണി ഗ്രൂപ്പ് വിഭാഗം നേതാക്കളും അനുയായികളും പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

പാലായിലും കടുത്തുരുത്തിയിലും തൊടുപുഴയിലും ജോസ് കെ മാണിയുടെയും മോൻസ് ജോസഫിന്റെയും ജോയ് അബ്രഹാമിന്റെയും കോലം പ്രവർത്തകർ‍ ചേരി തിരിഞ്ഞ് കത്തിച്ചതോടെ പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ‍ അണികളിലേക്ക് ആളിപ്പടർന്നു.
തങ്ങളുടെ ആരാധ്യനായ കെഎം മാണി സാറിനെ അധിക്ഷേപിക്കുന്ന രീതിയിൽ മുൻപോട്ട് പോകുകയാണ് ജോസഫും ഒപ്പം നിൽക്കുന്ന മോൻസും ജോയ് അബ്രഹാമും എന്നാരോപിച്ച് വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തുണ്ട്.

ജോസഫ് ചെയർമാൻ‍ സ്ഥാനം ഏറ്റെടുക്കുവാൻ‍ ശ്രമം തുടങ്ങിയപ്പോൾ‍ മുതൽ‍ മുതിർന്ന നേതാവായ സിഎഫ് തോമസിന്റെ നേതൃത്വത്തിൽ‍ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ‍ ആരംഭിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ സീറ്റ് കൈവിട്ട പോയ ജോസഫ് പിന്നീട് നിയമസഭാ കക്ഷിനേതാവിന്റെ സ്ഥാനം കൂടി കണ്ണുവച്ചതോടെയാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ‍ പോലും പരാജയപ്പെടുന്ന സ്ഥിതിയായത്.

ജൂൺ 9-നകം പാർലമെന്ററി  പാർട്ടി യോഗം ചേരുമെന്നും നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുമെന്നുമാണ് ജോസഫ് വ്യക്തമാക്കിയിട്ടുള്ളത്. സമവായം ഉണ്ടാകാതെ സംസ്ഥാന കമ്മിറ്റി വിളിക്കില്ല എന്ന നിലപാടില്‍ ഇപ്പോഴും അദ്ദേഹം ഉറച്ചു നിൽക്കുകയും ചെയ്യുന്നു.

നേതാക്കൾ തമ്മിലുള്ള പോര് തെരുവിലേക്ക് പടർന്നതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനകളും ശക്തമാണ്. ജോസ് കെ മാണിയുമായി സഹകരിക്കാൻ‍ തയ്യാറല്ലാത്ത ഒരു വിഭാഗം നേതാക്കളെ കയ്യിലെടുത്ത് ജോസഫ് പടപ്പുറപ്പാട് തുടങ്ങി കഴിഞ്ഞു.
യൂത്ത് ഫ്രണ്ട് നേതാവായ സജി മഞ്ഞക്കടമ്പില്‍ ഉൾപ്പെടെയുള്ളവർ‍ ഇപ്പോൾ‍ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കുന്നുണ്ട് എങ്കിലും ഭാവിയിൽ ഇവരും‍ ജോസഫിനൊപ്പം പോയേക്കും എന്നാണ് വിവരം. ജോസഫിനെതിരെ രംഗത്തുവന്ന റോഷി അഗസ്റ്റിൻ എംഎൽഎ തന്നെ ഇപ്പോള്‍സമവായ ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളതായും അറിയുന്നു. പാലായിലെ ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംയമനം പാലിക്കാനായിരുന്നു ജോസ് കെ. മാണിയും സംഘവും തീരുമാനിച്ചിരുന്നത് എങ്കിലും ജോസഫ് ഗ്രൂപ്പ് സമ്മർദ്ദം ഉണ്ടാക്കി പാർട്ടിയിലെ ആഭ്യന്തര കലാപം ആളിക്കത്തിച്ചതോടെ മാണി ഗ്രൂപ്പ് ശക്തമായ പ്രതിരോധവുമായി നിലയുറപ്പിക്കുകയായിരുന്നു.

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍