UPDATES

ട്രെന്‍ഡിങ്ങ്

വെട്ടേറ്റു തൂങ്ങിയ കാലുമായി എത്തിയ തമിഴ്‌നാട് സ്വദേശിക്ക് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ നിഷേധിച്ചതായി പരാതി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ എന്നയാള്‍ മെഡിക്കല്‍ കോളേജില്‍ നിന്നടക്കം ചികിത്സ കിട്ടാതെ മരണപ്പെട്ടത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ എന്നയാള്‍ മെഡിക്കല്‍ കോളേജില്‍ നിന്നടക്കം ചികിത്സ കിട്ടാതെ മരണപ്പെട്ടത് കേരളത്തില്‍ വലിയ വിവാദമായി ഇന്നും തുടരുകയാണ്. ആ സംഭവം ഉണ്ടായപ്പോള്‍ പരസ്യമായി മുരുകന്റെ കുടുംബത്തോട് കേരളത്തിന്റെ മുഖ്യമന്ത്രി മാപ്പ് പറയുകയും ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് വരുന്ന ഈ വാര്‍ത്ത മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിക്കുന്നതാണ്.

സുഹൃത്തിന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി രാജേന്ദ്രന് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ നിഷേധിച്ചതായാണ് പരാതി. വെട്ടേറ്റു തൂങ്ങിയ കാലുമായി രാജേന്ദ്രനെയും കൊണ്ട് കോയമ്പത്തൂരിലെ ആശുപത്രിയില്‍ വരെ പോകേണ്ടി വന്നു. ഇവിടെ എത്തിച്ചശേഷം രാജേന്ദ്രനെ അടിയന്തിര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള വാടകക്വാര്‍ട്ടേഴ്‌സില്‍ ശനിയാഴ്ച രാത്രിയാണ് രാജേന്ദ്രന് വെട്ടേല്‍ക്കുന്നത്. കൂലിപ്പണിക്കാരനാണ് 36 കാരനായ രാജേന്ദ്രന്‍. സുഹൃത്ത് കോടീശ്വരനുമൊത്തു മദ്യപിക്കുകയും തുടര്‍ന്ന് ഇവര്‍ക്കിടയില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. ഇതോടെ കോടീശ്വരന്‍ രാജേന്ദ്രനെ വെട്ടുകയായിരുന്നു. കാലിനു ഗുരുതരമായി വെട്ടേറ്റു. കൈയിലും വെട്ടുകൊണ്ടു. കാലിന്റെ ഞെരിയാണി മുതല്‍ വെട്ടേറ്റു തൂങ്ങി.

ഉടന്‍ തന്നെ ബന്ധുക്കള്‍ രാജേന്ദ്രനെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ അവിടെ നിന്നും ആവശ്യപ്പെട്ടു. എന്നാല്‍ തൃശൂരില്‍ കുറച്ചു സമയം അത്യാഹിതത്തില്‍ കിടത്തിയശേഷം ഡോക്ടര്‍മാരില്ല, കോഴിക്കോട്ടേക്ക് കൊണ്ടുപോക്കോളാന്‍ പറയുകയായിരുന്നുവെന്നു രാജേന്ദ്രനൊപ്പം ഉള്ള ബന്ധുക്കള്‍ പറയുന്നു. വീണ്ടും കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രിയില്‍ ശസ്ത്രക്രിയ നടക്കില്ലെന്നും കൊണ്ടുപൊയ്‌ക്കോളാനുമായിരുന്നു മെഡിക്കല്‍ കോളേജില്‍ നിന്നും അറിയിച്ചത്.

ഇതോടെ രാജേന്ദ്രനുമായി തമിഴ്‌നാട്ടിലെ സ്വന്തം നാട്ടിലേക്ക് പോകാന്‍ ബന്ധുക്കള്‍ തീരുമാനം എടുത്തു. എന്നാല്‍ പൊലീസ് ആ സമയത്ത് ഇടപെടുകയും കേസ് ഉള്ളതിനാല്‍ ഇവിടെ തന്നെ ചികിത്സിക്കണമെന്നും പറഞ്ഞു. എന്നാല്‍ ഈ സമയം രാജേന്ദ്രനുമായി ആംബുലന്‍സ് കോയമ്പത്തൂരില്‍ എത്തിയിരുന്നു. എങ്കില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവിടെ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെയും കൊണ്ട് കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ മാറി മാറി ഏതാണ്ട് 50 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടി വന്നതിനുശേഷമാണ് കോയമ്പത്തൂരില്‍ എത്തിച്ചത്.

എന്നാല്‍ ചികിത്സ സൗകര്യം ഇല്ലാതിരുന്നതിനാലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതെന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡെ. സൂപ്രണ്ട് പറയുന്നത്. വെട്ടേറ്റ് എത്തിയ രോഗിക്ക് രക്തക്കുഴലിന് ശസ്ത്രക്രിയ വേണ്ടിയിരുന്നു. അതിനുള്ള സൗകര്യം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇല്ലായിരുന്നുവെന്നാണ് പറയുന്നത്. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാജേന്ദ്രന് ചികിത്സ നിഷേധിക്കപ്പെട്ടിട്ടില്ല എന്നാണ് സൂപ്രണ്ട് ഡോ. കെ ജി സജിത് കുമാര്‍ മാധ്യമങ്ങളോട് പറയുന്നത്. രോഗിയുടെ ബന്ധുക്കളാണ് ഇവിടെ നിന്നും കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചതെന്നുമാണ് സൂപ്രണ്ട് പറയുന്നത്.

ഞായറാഴ്ച രാവിലെ ആറരയോടെയാണ് രാജേന്ദ്രനെ കൊണ്ടുവന്നത്. ശസ്ത്രക്രിയ- അസ്ഥിരോഗം വിഭാഗം ഡോക്ടര്‍മാര്‍ തീവ്രപരിശോധന വിഭാഗത്തില്‍വെച്ച് ഉടന്‍ തന്നെ പരിശോധിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോള്‍ തമിഴ്‌നാട്ടില്‍ ചികിത്സ സൗജന്യമാണെന്നും അവിടേക്ക് രോഗി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് സൂപ്രണ്ട് പറയുന്നത്. കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പാടാക്കിയതും തങ്ങളാണെന്നും സൂപ്രണ്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍