UPDATES

വായന/സംസ്കാരം

മലകളുടെ നിലവിളികള്‍ ഏറ്റെടുത്ത് ‘മുറിവേറ്റ മലയാഴം’

കേരളത്തിലെ പാറമടകള്‍ സൃഷ്ടിക്കുന്ന സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന നബീല്‍ സികെഎമിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നു

‘വലക്കാവുകാര്‍ വീണ്ടും സമരം തുടങ്ങിയിട്ടുണ്ട്, വരുന്നില്ലേ… റിപ്പോര്‍ട്ട് ചെയ്യുന്നില്ലേ… പലരും വിളിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ മലയോര സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കളക്ട്രറ്റിന് മുന്നിലാണ് സമരം. ഏറെകാലമായി ഇവര്‍ സമരത്തിലാണ്. കളക്ട്രറ്റ് പടിക്കല്‍ ഇത് രണ്ടാം വട്ടവും. എല്ലാ സമരങ്ങളും ഒരേ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. സമരം ചെയ്യുന്നവര്‍ക്കും സമരത്തിനെതിരായി നില്‍ക്കുന്നവര്‍ക്കും എല്ലായിടത്തും ഒരേ രൂപം. മലകളുടെ നിലവിളികള്‍ക്ക് ഒരേ ശബ്ദം. പ്രക്യതിയുടെ മരണവേഗത്തിന് ഒരേ താളം, ഇരകളുടെ പരിവേദനങ്ങള്‍ക്ക് ഒരേ ഭാഷ. അതേ, എല്ലാ ക്വാറി വിരുദ്ധ സമരങ്ങളും കടന്നുപോകുന്നത് ഈ വഴികളിലൂടെ തന്നെയാണ്. ഏതു സമരത്തെക്കുറിച്ച് എഴുതിയാലും പേരുകള്‍ മാത്രം മാറുന്നു.‘ ഇവരെക്കുറിച്ചാണ് ‘മുറിവേറ്റ മലയാഴം’ പറയുന്നത്.

കേരളത്തിലെ പാറമടകള്‍ സൃഷ്ടിക്കുന്ന സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങളുടെ നേര്‍കാഴ്ചകളുമായിട്ടാണ് ‘മുറിവേറ്റ മലയാഴം’ എത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനും സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ നബീല്‍ സികെഎം രചിച്ച ‘മുറിവേറ്റ മലയാഴം’ ജനുവരി 9-ന് പ്രകാശനം ചെയ്യുന്നു. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ വൈകിട്ട് അഞ്ചുമണിക്കാണ് കേരളീയം പുസ്തകശാല പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം. പ്രൊഫ. എ. അച്യൂതന്‍, എം. സുചിത്ര എന്നിവരുടെ സാന്നിദ്ധയത്തിലാണ് പുസ്തക പ്രകാശനം നടക്കുന്നത്.

കേരളീയം മാസിക 19-ാം വര്‍ഷത്തിലേക്ക് കടക്കുന്നത്തിന്റെയും വാര്‍ഷികാചരണത്തിന്റെയും ഭാഗമായിട്ടുള്ള പരിപാടികളുടെ കൂടെയാണ് ‘മുറിവേറ്റ മലയാഴം’-ന്റെയും പ്രകാശനം. 2017 ജനുവരി 8 മുതല്‍ 12 വരെ കോഴിക്കോട് നഗരത്തില്‍ വച്ച് വിവിധ ആവിഷ്‌കരണങ്ങളോടെ ആദ്യഘട്ടത്തിന് തുടക്കമാകും. അതിരില്ലാതെ അഞ്ചുനാള്‍ (5 days of endless expressions) എന്നാണ് പരിപാടിയുടെ പേര്. ലളിതകലാ അക്കാദമി ആര്‍ട് ഗാലറി പരിസരമാണ് മുഖ്യവേദി. കരിങ്കല്‍മടയുടെ കലി എന്ന പേരില്‍ ജനുവരി 8 മുതല്‍ 12 വരെ ആര്‍ട് ഗാലറിയില്‍ വച്ച് കേരളത്തിലെ പാറമടകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള ഫോട്ടോപ്രദര്‍ശനം നടക്കും. വിവിധ തലമുറകളില്‍ നിന്നുള്ള പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങളുമായി പങ്കുചേരുന്നു. ഇക്കോളജിയും വികസനവും മനുഷ്യനും രാഷ്ട്രീയവും കടന്നുവരുന്ന സംവാദങ്ങളുമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍