UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ പി യോഹന്നാനെ അംഗീകരിക്കില്ല; കേരള ചര്‍ച്ച് കൗണ്‍സിലില്‍ നിന്നും സിഎസ്‌ഐ പിന്മാറുന്നു

കെ പി യോഹന്നാനെ ബിഷപ്പ് ആയി വാഴിച്ചത് തങ്ങളാണെന്ന വാദവും സി എസ് ഐ തള്ളിക്കളഞ്ഞു

കേരള ചര്‍ച്ചസ് കൗണ്‍സിലില്‍ (കെസിസി) നിന്നും പിന്മാറാന്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്‌ഐ) തീരുമാനിച്ചു. ബിലീവേഴ്‌സ് ചര്‍ച്ചിന് അംഗത്വം നല്‍കാനുള്ള കെസിസിയുടെ നടപടിയല്‍ പ്രതിഷേധിച്ചാണ് തീരുമാനം. തങ്ങളുടെ തലവന്‍ കെപി യോഹന്നാന് ബിഷപ്പായി വാഴിച്ചത് സിഎസ്‌ഐ പള്ളിയാണെന്ന് നേരത്തെ ബിലീവേഴ്‌സ് ചര്‍ച്ച് അവകാശപ്പെട്ടത് വിവാദമായിരുന്നു. ഈ വിവാദത്തിന്റെ തുടര്‍ച്ചയാണ് സിഎസ്‌ഐയുടെ പിന്മാറ്റ തീരുമാനവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേരത്തെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അവകാശവാദം സിഎസ്‌ഐ നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. കെസിസിയുമായുള്ള ബന്ധം വിച്ഛേദിക്കാനും അവരുടെ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനും സിഎസ്‌ഐ പുരോഹിതസഭ അംഗങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചതായി സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍ ഹിന്ദു ദിനപത്രത്തോട് പറഞ്ഞു. സിഎസ്‌ഐ സഭ യോഹന്നാനെ ഒരിക്കലും അഭിഷേകം നടത്തിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിലീവേഴ്‌സ് ചര്‍ച്ച് ഒരു എപ്പികോസ്പല്‍ സഭയാണെന്നും കെ പി യോഹന്നാന്‍ ബിഷപ്പാണെന്നും തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ബിഷപ്പ് തോമസ് പറഞ്ഞു. ആത്മീയകാര്യങ്ങളില്‍ അശിക്ഷിതനായ ഒരാളാണ് കെ പി യോഹന്നാന്‍ എന്നും സിഎസ്‌ഐയുടെ എതിര്‍പ്പിനെ മറികടന്ന് ബിലീവേഴ്‌സ് ചര്‍ച്ചിന് കെസിസിയില്‍ അംഗത്വം നല്‍കാനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഎസ്‌ഐ സഭയുടെ ഭരണഘടനാപരമായ അധിപന്‍ ബിഷപ്പാണ്. സഭയുടെ ഭരണഘടന പ്രകാരം ഒരു പുരോഹിതനെ ബിഷപ്പായി വാഴിക്കണമെങ്കില്‍ പുരോഹിതസഭ ഇതിനായി മോഡറേറ്ററെ ചുമതലപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കെപി യോഹന്നാനെ ബിഷപ്പായി വാഴിക്കാന്‍ സിഎസ്‌ഐ പുരോഹിത സഭ എക്‌സിക്യൂട്ടീവ് ഒരിക്കലും മോഡറേറ്ററോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ കെസിസിയുടെ സ്ഥാപക അംഗം എന്ന നിലയില്‍ കൗണ്‍സിലുമായുള്ള ബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിക്കാന്‍ സിഎസ്‌ഐ സഭ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് സഭയുടെ കാഴ്ചപ്പാടിനും ദൗത്യങ്ങള്‍ക്കും എതിരാണ്. എന്നാല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് കെസിസിയില്‍ അംഗത്വം നല്‍കാനുള്ള തീരുമാനം ധാര്‍മ്മികമായും നീതിശാസ്ത്രപരമായ തങ്ങള്‍ എതിര്‍ക്കുമെന്നും ബിഷപ്പ് തോമസ് കെ ഉമ്മന്‍ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍