UPDATES

‘ഈ പബ്ലിക് സര്‍വ്വീസ് കമ്മീഷനെ പിരിച്ചുവിടണ’മെന്ന് അടൂര്‍, ‘പെറ്റമ്മയെ അറിഞ്ഞുകൂടാത്ത പിഎസ്‌സി നമുക്ക് വേണ്ടാ’യെന്ന് സുഗതകുമാരി

വിഷയത്തില്‍ 16-ന് പിഎസ്‌സിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുന്നുണ്ട്.

പിഎസ്‌സി പരീക്ഷയില്‍ മലയാളവും കൂടി ഉള്‍പ്പെടുത്താത്തതിനെതിരെ നിരാഹാര സമരത്തിനും തിരുവോണനാളിലെ പ്രതിഷേധത്തിനും വന്‍ പിന്തുണയുമായിട്ടാണ് മലയാളത്തിലെ പ്രമുഖ സാഹിത്യസാംസ്‌കാരിക നായകരും രാഷ്ട്രീയ നേതാക്കളും എത്തിയത്. ചലച്ചിത്ര സംവിധാകന്‍ അടൂര്‍ ഗോപാലാകൃഷ്ണന്‍, കവി സുഗതകുമാരി, കവി വി മധുസൂദനന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, മധുപാല്‍,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തുടങ്ങി നിരവധി പ്രമുഖര്‍ തിരുവനന്തപുരത്തെ നിരാഹാര പന്തലില്‍ പിന്തുണയുമായി എത്തിയപ്പോള്‍ സംസ്ഥാനത്തെ 16 കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ മറ്റ് സാംസ്‌കാരിക നായകന്മാരും എത്തി.

എം ടി വാസുദേവന്‍ നായര്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ പ്രതിഷേധ കേന്ദ്രത്തിലും, കുരീപ്പുഴ ശ്രീകുമാര്‍ കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫിസിന് മുന്നിലും, ബാലചന്ദ്രന്‍ ചുള്ളിക്കാട് എറണാകുളം അങ്കമാലി പഴയ മുനിസിപ്പല്‍ ഓഫീസ് പരിസരത്തും, സി കെ ശശീന്ദ്രന്‍ എംഎല്‍എ വയനാട് കല്‍പറ്റ ബസ്റ്റാന്‍ഡിലും ഉപവാസമിരുന്നു. സംസ്ഥാനത്തെ 17 കേന്ദ്രങ്ങള്‍ക്ക് പുറമേ മുംബൈയിലെ മലയാള സാഹിത്യകൂട്ടായ്മയില്‍ തിരുവോണ ദിവസം സമരം നടന്നിരുന്നു.

കെഎഎസ് ഉള്‍പ്പടെ പിഎസ്സി പരീക്ഷകള്‍ മലയാളത്തിലും മറ്റു ന്യൂനപക്ഷ ഭാഷകളിലും നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ പിഎസ്സി ആസ്ഥാനത്തിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യവുമായിട്ടാണ് തിരുവോണ നാളിലെ പ്രമുഖരുടെ ഉപവാസം സമരം. പിഎസ്‌സിക്കെതിരെ വന്‍ വിമര്‍ശനമാണ് അടൂരും സുഗതകുമാരിയും നടത്തിയത്.

‘എഴുത്തുകാരുടെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒക്കെ ചിന്തയ്ക്ക് എതിരായിട്ടാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നില്‍കുന്നതെങ്കില്‍ ആ പബ്ലിക് സര്‍വീസ് കമ്മീഷന് നിലനില്‍ക്കാന്‍ അവകാശമില്ല. ഗവണ്‍മെന്റ് ചുരുക്കം ചെയ്യേണ്ടത് ഈ പബ്ലിക് സര്‍വ്വീസ് കമ്മീഷനെ പിരിച്ചുവിടണം.’ എന്ന് അടൂര്‍ പറഞ്ഞപ്പോള്‍ സുഗതകുമാരി പ്രതികരിച്ചത്, ‘പെറ്റമ്മയെ അറിഞ്ഞുകൂടാത്ത ഒരു പബ്ലിക് സര്‍വീസ് കമ്മീഷന്‍ നമുക്ക് വേണ്ട.’ എന്നാണ്.

വിഷയത്തില്‍ 16-ന് പിഎസ്‌സിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുന്നുണ്ട്. തിങ്കളാഴ്ച മുഖ്യമന്ത്രി പിഎസ്സിയുമായി നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.

Read: മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. മിന്നി മിന്നി കത്തുമ്പോള്‍.. തലസ്ഥാനത്തെ ഓണ രാത്രി / വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍