UPDATES

വായന/സംസ്കാരം

പറമ്പില്‍ പണിയെടുത്ത് സവര്‍ണ്ണനെ ഊട്ടേണ്ട പറയന്‍ അടിയാളന്റെ ചരിത്രം ശേഖരിക്കാന്‍ നടന്നാല്‍ എന്തു സംഭവിക്കും? വെട്ടിയാര്‍ പ്രേംനാഥിനോട് ജാതികേരളം ചെയ്ത ക്രൂരതകള്‍

‘ആലായാല്‍ തറ വേണം ‘ തുടങ്ങി പ്രേംനാഥ് ശേഖരിച്ച പാട്ടുകള്‍ എങ്ങനെ മറ്റുള്ളവരുടെ പേരില്‍ അറിയപ്പെട്ടു? വെട്ടിയാര്‍ പ്രേംനാഥിന്റെ മകള്‍ പ്രമീള പ്രേംനാഥ് അഴിമുഖത്തോട് സംസാരിക്കുന്നു

കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വെള്ളക്കെട്ടും അതിനിടയില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട ചെറിയ തുരുത്തുകളും ചേര്‍ന്നതായിരുന്നു 1950-കളുടെ തുടക്കത്തിലെ കുട്ടനാട്. ആള്‍പ്പാര്‍പ്പു കുറഞ്ഞ ആ തുരുത്തുകളില്‍ കായലിനോട് പടവെട്ടി മണ്ണില്‍ അന്നം വിളയിച്ചിരുന്ന ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നു. ചോരയും നീരും മണ്ണിനു കൊടുത്ത് പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞിരുന്ന ആ മനുഷ്യരെ തേടി ഒരു പറയനും ഭാര്യയും എന്നും വന്നിരുന്നു. ഒന്നും രണ്ടുമല്ല നീണ്ട ഒന്‍പതു വര്‍ഷക്കാലം. അന്തിമയങ്ങുന്ന നേരത്ത് ചെളി നിറഞ്ഞ വരമ്പിലൂടെ പെരുവിരല്‍ നിലത്തൂന്നി ഏറെ പണിപ്പെട്ട് അടിയാളരുടെ കുടിലുകളില്‍ അവരുടെ കഥകളും പാട്ടും തേടി ചെന്നിരുന്ന ആ രണ്ടു പേര്‍ വെട്ടിയാര്‍ പ്രേംനാഥും അദ്ദേഹത്തിന്റെ ഭാര്യ ഭവാനി പ്രേംനാഥും ആയിരുന്നു.

കേരളത്തിലെ നാടന്‍ കലാ സാഹിത്യത്തിന്റെ തലതൊട്ടപ്പനും അമ്മയുമാവാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍. കൃമി തുല്യരായി ജീവിച്ചു മണ്ണിലൊടുങ്ങി തീര്‍ന്നിരുന്ന അടിയാളരുടെ ചരിത്രം രേഖപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ച പ്രേംനാഥും ഭാര്യയും കുട്ടനാട്ടിലെ പാടവരമ്പില്‍ വച്ച് സവര്‍ണ്ണ പ്രമാണിമാരാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ആ സംഭവം അദ്ദേഹം തന്നെ തന്റെ പുസ്തകത്തില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: “അന്തിമയങ്ങുന്ന നേരത്ത് കുടിലുകളില്‍ ചെന്നെത്താന്‍ പാടവരമ്പിലൂടെ നടക്കുമ്പോള്‍ ആരോ നയന്തിനെന്നെ ആഞ്ഞടിച്ചു. അടുത്ത അടി കൊള്ളുന്നതിനു മുന്‍പ് ഭാര്യ എന്നെ തള്ളി മാറ്റി, അടി അവളുടെ തലയില്‍ കൊണ്ടു, ചോരയില്‍ കുളിച്ച അവള്‍ പാടത്തെ ചെളിയിലേയ്ക്ക് വീണു, ആരിത് ചെയ്തുവെന്നും എന്തിനിത് ചെയ്തുവെന്നും എനിക്കറിയില്ല. ആര്‍ക്കും വേണ്ടാത്ത അടിയാളരുടെ ചരിത്രം തേടിപ്പോയതിനുള്ള ശിക്ഷയാവും. ആ ദാരുണ സംഭവത്തിനു ശേഷം കുറച്ചു മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും നാടന്‍ പാട്ടുകള്‍ തേടി പോവാന്‍ സാധിച്ചത്”. അങ്ങനെ ഒന്‍പതു വര്‍ഷമെടുത്ത് പ്രേം നാഥ് കുട്ടനാട്ടില്‍ നിന്ന് ശേഖരിച്ച പാട്ടുകളാണ് അദ്ദേഹത്തിന്റെ ഇടനാടന്‍ എന്ന സമാഹാരത്തിലുള്ളത്. എന്നാല്‍ കുട്ടനാട്ടില്‍ മാത്രമല്ല കേരളത്തിലും ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചു കൊണ്ട് ശേഖരിച്ച 4000-ത്തിലധികം നാടന്‍ പാട്ടുകളും 350 കലാരൂപങ്ങളും ശേഖരിച്ച, ഇന്ത്യയിലെ എല്ലാ റേഡിയോ സ്‌റ്റേഷനുകളിലും കൂടാതെ ബിബിസി റേഡിയോ, റേഡിയോ ജപ്പാന്‍, റേഡിയോ ഫ്രാന്‍സ്, വോയിസ് ഓഫ് അമേരിക്ക എന്നിവിടങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ച, നാടന്‍ കലകള്‍ക്കും സാഹിത്യത്തിനുമായി ജീവിതം ഉഴിഞ്ഞു വച്ച, ഒടുവില്‍ രോഗബാധിതനായി എല്ലാവരാലും അവഗണിക്കപ്പെട്ടു മരണത്തിനു കീഴടങ്ങിയ ഈ മനുഷ്യന്‍ എങ്ങനെയാണ് സാംസ്‌കാരിക കേരളത്തിന്റെ സ്മൃതിപഥത്തില്‍ നിന്ന് പോലും ഒഴിവാക്കപ്പെട്ടത്?

‘ആലായാല്‍ തറ വേണം’ തുടങ്ങി പ്രേംനാഥ് ശേഖരിച്ച പാട്ടുകള്‍ എങ്ങനെ മറ്റുള്ളവരുടെ പേരില്‍ അറിയപ്പെട്ടു? വെട്ടിയാര്‍ പ്രേംനാഥിന്റെ മകള്‍ പ്രമീള പ്രേംനാഥ് അഴിമുഖത്തോട് സംസാരിക്കുന്നു.

“സവര്‍ണര്‍ക്ക് സാമ്പത്തിക സംവരണം കൊണ്ടു വന്ന് സാമൂഹ്യ അസമത്വം അവസാനിപ്പിക്കാനുള്ള പുതിയ ശ്രമം നടക്കുകയാണല്ലോ ഇപ്പോള്‍. എന്നാല്‍ അവര്‍ണരായതു കൊണ്ട് മാത്രം എല്ലാം നഷ്ടപ്പെട്ട, സമ്പത്തും കഴിവുകളും ചൂഷണം ചെയ്യപ്പെട്ട ഒരു ജനതയുണ്ടിവിടെ. സ്വന്തം ഭൂമിയും കലയും സാഹിത്യവും ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ തട്ടിയെടുക്കപ്പെടുന്നതും ഇല്ലാതാവുന്നതും ഒക്കെ നോക്കി നിസഹായരായി ജീവിക്കേണ്ടി വന്ന കുറേ മനുഷ്യര്‍. അവരിലൊരാളാണ് വെട്ടിയാര്‍ പ്രേംനാഥ്. പേരെടുത്ത ചില അക്കാദമിക് പ്രതിഭകളില്‍ നിന്നും അച്ഛന്‍ അനുഭവിച്ച വിവേചനവും ചതിയുമെല്ലാം ജാതീയമായിരുന്നു. പറമ്പില്‍ പണിയെടുത്ത് ജന്മിയെ ഊട്ടേണ്ട പറയന്‍ അടിയാളന്റെ ചരിത്രം ശേഖരിക്കാന്‍ നടന്നതിന്റെ ശിക്ഷ അന്നത്തെ സവര്‍ണ്ണ മാടമ്പിമാര്‍ കൊടുത്തിരുന്നു. പുതിയ കാലത്തെ ചില അക്കാദമിക്ക് ബുദ്ധിജീവികളാവട്ടെ അച്ഛന്റെ അധ്വാനം പലതും സ്വന്തം പേരിലാക്കി സമൂഹത്തില്‍ അഭിരമിച്ചു നടന്നു.

1947 മുതല്‍ അച്ഛന്‍ നാടന്‍ പാട്ടുകളുടെ ശേഖരണം ആരംഭിച്ചതാണ്. പലരും കരുതും പോലെ ശാരീരിക അധ്വാനം കുറയ്ക്കാന്‍ പാടിയിരുന്ന കൃഷിപ്പാട്ടുകള്‍ മാത്രമല്ലായിരുന്നു നാടന്‍ പാട്ടുകള്‍. ധീര യോദ്ധാക്കളുടെ പാട്ടുകള്‍, കഥാ ഗാനങ്ങള്‍, ചരിത്ര കഥകള്‍, സംഭവ കഥകള്‍ ഇവയെല്ലാം ഉള്‍പ്പെടുന്ന വൈവിധ്യം നിറഞ്ഞ ഗാനങ്ങളാണ് നാടന്‍ പാട്ടുകളിലുള്ളത്. അയിത്തത്തിന്റെയും അടിമത്തത്തിന്റെയും രേഖപ്പെടുത്താതെ പോയ ചരിത്രമാണ് വാമൊഴിയായി കൈമാറി വന്നിരുന്ന ഈ പാട്ടുകളില്‍ ഉള്ളത്. എഴുത്തും വായനയും നിഷേധിക്കപ്പെട്ട അടിയാള സമൂഹത്തിന് തങ്ങളുടെ ചരിത്രവും കഥകളും ഓര്‍മ്മയില്‍ സൂക്ഷിക്കാനും കൈമാറാനുമുള്ള ഏക ഉപാധിയായിരുന്നു നാടന്‍ പാട്ടുകള്‍. അതുകൊണ്ടാണ് ഒരു ദളിതനായി ജനിച്ച് സ്വന്തം സമൂഹം അനുഭവിക്കുന്ന ദുരിതങ്ങളും വേദനകളും കണ്ടും അനുഭവിച്ചും അറിഞ്ഞ അച്ഛന്‍ ഇവയെല്ലാം ശേഖരിച്ചു രേഖപ്പെടുത്തി കേരളത്തിനു കൃത്യമായ ഒരു അടിയാള ചരിത്രം രചിക്കണമെന്നത് തന്റെ ജീവിത ലക്ഷ്യമായി സ്വീകരിച്ചത്. എന്നാല്‍ സമൂഹം വെട്ടിയാര്‍ പ്രേംനാഥ് എന്ന മനുഷ്യന്റെ ശ്രമങ്ങളെ പുച്ഛിച്ചു തള്ളി. അച്ഛന്‍ ഗുരു സ്ഥാനീയനായി കണ്ട ശൂരനാട് കുഞ്ഞന്‍ പിള്ള അച്ഛനെ പരിഹസിച്ചു കൊണ്ട് തന്നെ പുസ്തകത്തിന്റെ അവതാരിക എഴുതി, സവര്‍ണ ഫ്യൂഡല്‍ മന:സ്ഥിതിയുടെ മേലങ്കിയണിഞ്ഞ അക്കാദമിക് പ്രതിഭകള്‍ പലരും പ്രേംനാഥിന്റെ രചനകള്‍ മോഷ്ടിച്ചു തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിച്ചു, ഇപ്പോഴും ചില മലയാളം സാറുമ്മാര്‍ അച്ഛന്റെ ചെങ്ങന്നൂര്‍ കുഞ്ഞാതിയെന്ന കൃതി പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളോട് ഇതൊരു ‘കള്ള നാണയ’മാണെന്ന് പറയുന്നു. സാഹിത്യ മോഷണങ്ങളില്‍ അക്കാദമിക് പ്രതിഭകളുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാന്‍ ഈകാലത്ത് പോലും ഒരു ദളിതന് ബുദ്ധിമുട്ടാണ്, അപ്പോള്‍ പണ്ടത്തെ കാര്യം പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ചും കാവാലം നാരായണ പണിക്കരെയും പ്രൊഫസര്‍ ആനന്ദക്കുട്ടന്‍ നായരെയും പോലുള്ളവരൊക്കെ മറു ഭാഗത്ത് നില്‍ക്കുമ്പോള്‍.

കുട്ടിക്കാലത്തുണ്ടായ ഒരനുഭവം അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. അച്ചന്‍കോവിലാര്‍ കടന്നുവേണമായിരുന്നു സ്‌കൂളിലെത്താന്‍. ഒരിക്കല്‍ പുല്ലമ്പള്ളി ഏമാന്‍ എന്ന പ്രമാണിയുടെ പണിക്കാര്‍ക്ക് കഞ്ഞി കൊണ്ടുപോകുന്ന വഞ്ചിയില്‍ അച്ഛനൊന്ന് കയറി. ‘ഈ പറക്കഴുവേറി മോന്‍ ഏമാന്റെ വള്ളത്തില്‍ കയറുന്നോ ‘ എന്ന് ചോദിച്ചുകൊണ്ട് പണിക്കാര്‍ അച്ഛനെ ചവിട്ടി വെള്ളത്തിലിട്ടു. ഒഴുക്കില്‍ പെട്ട അച്ഛനെ പുഴയില്‍ മീന്‍ പിടിച്ചു കൊണ്ടിരുന്ന ചിലരാണ് രക്ഷപെടുത്തിയത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അച്ഛനെ ഒരു ക്രിസ്ത്യന്‍ മിഷണറിയാണ് കറ്റാനം പോപ്പ് പയസ് സ്‌കൂളില്‍ കൊണ്ടു ചെന്നാക്കുന്നത്. അവിടുത്തെ പുരോഹിതരുടെ സേവകനായി നിന്ന് കൊണ്ട് പഠനം തുടര്‍ന്നു. സ്‌കൂളിലെ ഒഴിവു സമയങ്ങളില്‍ സവര്‍ണ്ണരായ മറ്റു കുട്ടികളുടെ കളിക്കാന്‍ അച്ഛന് അനുവാദമില്ലായിരുന്നു. സവര്‍ണ്ണരുടെ മക്കള്‍ക്ക് കളിക്കാന്‍ ഗ്രൗണ്ടിലെ കല്ലുകള്‍ പെറുക്കിമാറ്റി കൊടുക്കലും പുല്ലു പറിച്ചു വൃത്തിയാക്കലും ഒക്കെയായിരുന്നു അച്ഛന്റെ ജോലി. അങ്ങനെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ 1943 ല്‍ അച്ഛന്‍ അന്നത്തെ പത്താം തരം പരീക്ഷ പാസ്സായി. അതിന് ശേഷം അച്ഛന്‍ പട്ടാളത്തില്‍ ചേരുകയാണുണ്ടായത്. പട്ടാളത്തില്‍ ചേരാന്‍ ചെന്നപ്പോള്‍ അച്ഛന് ആവശ്യത്തിനു തൂക്കമില്ല എന്ന് പറഞ്ഞ് ആദ്യം മടക്കി അയയ്ക്കാന്‍ നോക്കിയതാണ്. പക്ഷെ കണ്ടു നിന്ന ഒരു ഉദ്യോഗസ്ഥന്‍ അച്ഛന് നാലണ കൊടുത്തിട്ട് പോയി പഴവും തിന്ന് വെള്ളവും കുടിച്ചു വരാന്‍ പറഞ്ഞു. അങ്ങനെ അച്ഛന്‍ പട്ടാളത്തില്‍ ചേരുകയും 1948 വരെ അവിടെ ജോലി ചെയ്യുകയും ചെയ്തു. പട്ടാളത്തില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് അടിയാളന്മാരുടെ പാട്ടുകളും കലയും തേടിയുള്ള അന്വേഷണം ആരംഭിച്ചത്.

പുലയരുടെ രാജചരിത്രം രേഖപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതാരാണ്? പുലയനാര്‍കോട്ട സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഇടനാടന്‍
1950 മുതല്‍ ഏതാണ്ട് ഒന്‍പത് വര്‍ഷം കൊണ്ടാണ് ഇടനാടനിലെ പാട്ടുകള്‍ അച്ഛന്‍ ശേഖരിച്ചത്. കായലുകളത്തില്‍ ഇട്ട്യാതി മൂപ്പന്‍ എന്നൊരാളാണ് അച്ഛനെയും അമ്മയെയും കുട്ടനാട്ടിലേയ്ക്ക് വിളിച്ചത് . ഈ പാട്ടു ശേഖരണമെന്നു പറയുന്നത് അത്ര എളുപ്പമായിരുന്നില്ല. പകല്‍ സമയത്ത് പാടത്തും പറമ്പിലും പണിയെടുത്ത് ക്ഷീണിച്ചിരിക്കുന്ന അടിയാളന്മാരുടെ അടുത്ത് രാത്രിയില്‍ ചെന്നാണ് പാട്ടുകള്‍ ശേഖരിച്ചിരുന്നത്. എല്ലാ യാത്രയിലും അമ്മയും അച്ഛനൊപ്പം ഉണ്ടായിരുന്നു. അങ്ങനെയൊരു യാത്രയിലാണ് അവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. മുറിവുകള്‍ ഉണങ്ങിയ ശേഷം അമ്മ വീണ്ടും അച്ഛന്റെ ഒപ്പം പോയിരുന്നു. അന്നത്തെ കാലത്ത് അടിയാള സ്ത്രീകളാരും അന്യപുരുഷന്റെ മുന്നിലേയ്ക്ക് ഇറങ്ങി വരാറില്ലായിരുന്നു. അവരുമായി സംസാരിക്കാനാണ് അമ്മയെയും അച്ഛന്‍ ഒപ്പം കൂട്ടിയിരുന്നത്. യാതൊരു യാത്രാ സൗകര്യങ്ങളുമില്ലാതിരുന്ന ആ കാലത്ത് കുട്ടനാട്ടിലേക്കുള്ള യാത്ര ഏറെ ദുരിതം പിടിച്ചതായിരുന്നു. ദാഹിച്ചു തൊണ്ട പൊട്ടിയാലും ദളിതനാണെന്നറിഞ്ഞാല്‍ ഒരിറ്റു വെള്ളം പോലും ആരും കുടിക്കാന്‍ കൊടുക്കുമായിരുന്നില്ല. അങ്ങനെ അലഞ്ഞു അടിയാളരുടെ കുടിലില്‍ എത്തുമ്പോള്‍ ചിലപ്പോ വിളക്കില്‍ എണ്ണ പോലും ഉണ്ടാവില്ല. ചൂട്ടു കച്ചയുടെ വെളിച്ചത്തിലും മങ്ക് കൂട്ടിയിട്ട് കത്തിച്ചുമൊക്കെയാണ് പലപ്പോഴും പാട്ടുകള്‍ എഴുതിയെടുത്തിരുന്നത്. ആ പാട്ടുകളെ കുറിച്ചുള്ള അച്ഛന്റെ കുറിപ്പ് ഇങ്ങനെയാണ്: ‘നീണ്ട കാലം മറ്റുള്ളവര്‍ക്ക് ആഹാരത്തിനു വേണ്ടി പണിയെടുത്ത് ഒടുവില്‍ അധ്വാന ശേഷി നശിച്ച് ആഹാരത്തിനു പോലും വകയില്ലാതെ നരകിച്ചു മരിച്ച ആ മനുഷ്യരുടെ മുഖമാണ് ഇതെഴുതുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത്’.

ചെങ്ങന്നൂര്‍ കുഞ്ഞാതി

ജന്മിമാര്‍ക്ക് ഇഷ്ടാനുസരണം കന്നുകാലികളെപ്പോലെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും എന്തിന് കൊല്ലുന്നതിനും, മഴയത്തും മഞ്ഞത്തും വെയിലത്തും കണ്ണു കീറി വെളുക്കുന്നത് മുതല്‍ ഇരുട്ടുന്നതുവരെ പണിയെടുപ്പിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു അടിയാളന്‍. അവരില്‍ നിന്നൊരാള്‍ വന്ന് അടിയാള ചരിത്രം രചിക്കുന്നത് അന്നത്തെ സവര്‍ണ്ണ സമൂഹത്തിനു സഹിച്ചില്ല. അവര്‍ അച്ഛനെ കണക്കിന് പരിഹസിച്ചു. അച്ഛന്റെ ‘ചെങ്ങന്നൂര്‍ കുഞ്ഞാതി ‘യെന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ വിറളി പൂണ്ട സവര്‍ണ മാടമ്പിമാര്‍ അച്ഛനെയും അമ്മയെയും പത്തനംതിട്ടയിലെ നിലയ്ക്കലില്‍ വിളിച്ചു വരുത്തി ആ പുസ്തകത്തിന്റെ പ്രതികള്‍ അവരുടെ മുന്നിലിട്ട് തന്നെ കത്തിച്ചു കളഞ്ഞു. ഇന്നിപ്പോള്‍ ശബരിമല വിഷയം കത്തി നില്‍ക്കുന്ന നിലയ്ക്കലില്‍ നിന്ന് ഹിന്ദുക്കളെല്ലാം ഒന്നാണെന്നു ചില നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ആ മണ്ണില്‍ വീണ എന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണീരാണ് എനിക്കോര്‍മ്മ വരുന്നത്. 1956 ല്‍ ചെങ്ങന്നൂര്‍ കുഞ്ഞാതിയുടെ ആദ്യഭാഗം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഇത് പുസ്തകമാക്കിയപ്പോള്‍ പലര്‍ക്കും ചെങ്ങന്നൂര്‍ കുഞ്ഞാതിയുടെ ജാതിയും അത് ശേഖരിച്ച വെട്ടിയാര്‍ പ്രേംനാഥിന്റെ ജാതിയുമൊക്കെ വലിയ പ്രശ്‌നങ്ങളായി. പുസ്തകത്തിന് അവതാരികയെഴുതിയ ശൂരനാട് കുഞ്ഞന്‍ പിള്ള പറയുന്നത് ഇങ്ങനെയാണ്: ”മധ്യതിരുവിതാംകൂറിന്റെ മിക്ക ഭാഗങ്ങളുമായി നേരിട്ട് പരിചയമുണ്ടായിരുന്നിട്ടും എനിക്ക് ഈ പാട്ടിനെപ്പറ്റിയാകട്ടെ, കുഞ്ഞാതിയെപ്പറ്റിയാകട്ടെ യാതൊരു അറിവും ഉണ്ടായിരുന്നില്ല. പാട്ട് പറയരുടെ വകയെന്നോ പഴയതെന്നോ പറയാന്‍ വലിയ വക കാണുന്നില്ല. വടക്കന്‍പാട്ടും മറ്റും കണ്ട ഒരാളിന്റെ കയ്പാടും ഈ പാട്ടില്‍ അങ്ങിങ്ങ് തെളിഞ്ഞു വിളയാടുന്നുണ്ട്.’ ഈ അവതാരികയ്ക്ക് മറുവാദമെന്നോണം പ്രേംനാഥ് എഴുതിയിരിക്കുന്ന മുഖവുര ഇങ്ങനെയാണ്: ‘ഹരിജനങ്ങള്‍ക്ക് ചരിത്രം സൃഷ്ടിക്കുവാന്‍ വേണ്ടി, ഞാന്‍ നിര്‍മ്മിച്ച പാട്ടുകള്‍ ആണെന്നുള്ള ധാരണ വായനക്കാരില്‍ ഉളവാക്കത്തക്കവണ്ണം ‘അജ്ഞാതനെ’ന്ന നാമധേയത്തില്‍ നിരൂപണം എഴുതിയവരും, ആ സരണിയില്‍ കൂടി ചിന്തിക്കുന്നവരും, ഈ പാട്ടിലെ ഈരടികള്‍ സാക്ഷ്യം വഹിക്കുന്ന, നാടുവാഴികളുടേയും, രാജാക്കന്മാരുടെയും കാലഘട്ടങ്ങളും അന്നത്തെ സാമുഹ്യ വൃവസ്ഥിതികളും മറ്റും ഗവേഷണംചെയ്തു വെളിച്ചത്തു കൊണ്ടു വരികയെന്നുളളത് ചരിത്രകാരന്മാരുടെ കടമയാണ്. അക്കാലഘട്ടങ്ങളില്‍ മദ്ധൃതിരുവിതാംകൂറില്‍ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ചരിത്രരേഖകളും, സാഹിത്യ ഗ്രന്ഥങ്ങളും എല്ലാം കണ്ടുപിടിക്കേണ്ടതും അവരുടെ കര്‍ത്തവ്യമത്രേ’. കുഞ്ഞാതിയേയും പ്രേംനാഥിനെയും പരിഹസിച്ചു അവതാരിക എഴുതിയവരും പാട്ടുകള്‍ മോഷ്ടിച്ചു തന്റെതാക്കിയവരും, പ്രേംനാഥിനെ കള്ളനാക്കി പരിഹസിച്ചു ക്ലാസ് എടുത്തവര്‍ക്കും, അറിയാത്ത കഷ്ടപ്പാടിന്റെയും വേദനയുടേതുമായ ഒത്തിരി കാര്യങ്ങള്‍ ഈ പുസ്തകങ്ങളുടെ പിറവിക്ക് പിന്നിലുണ്ട്.

സംഗീത നാടക അക്കാദമിയിലെ ഗവേഷണം

1961 മുതല്‍ 1963 വരെയാണ് അച്ഛന്‍ സംഗീത നാടക അക്കാദമിയില്‍ ഗവേഷണം നടത്തിയിരുന്നത്. 1961 ല്‍ കാവാലം നാരായണ പണിക്കര്‍ അക്കാദമിയില്‍ സെക്രട്ടറിയായി നിയമിതനായിരുന്നു. അച്ഛന്‍ സമര്‍പ്പിച്ച തീസീസ് പ്രസിദ്ധീകരിക്കാനോ അത് മടക്കിത്തരാനോ അക്കാദമി ഭരിച്ചവര്‍ തയ്യാറായില്ല . തീസീസ് പ്രസിദ്ധീകരിക്കാതിരിക്കുക, കാണാതെ പോവുക, പിന്നീട് മൂന്നാമതൊരാള്‍ അത് പ്രസിദ്ധീകരിക്കുക. ഇതിലെ അസ്വാഭാവികത വിരല്‍ ചൂണ്ടുന്നത് ഒരു സാഹിത്യ മോഷണത്തിലേയ്ക്ക് തന്നെയാണ്. അച്ഛന്‍ വലിയ അക്കാദമിക് ബുദ്ധിജീവിയൊന്നുമല്ല. അച്ഛന് ഉന്നത വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളവരുടെ ഗവേഷണ വിവരങ്ങള്‍ തട്ടിയെടുക്കുന്നത് പണ്ടുമുതലേ ഉള്ള കാര്യങ്ങളാണ്. ഇതിന്റെയൊക്കെ തെളിവുകളായി പലതിന്റെയും കയ്യെഴുത്ത് പ്രതികള്‍ ഞങ്ങളുടെ കൈവശമുണ്ട്.

അക്കാദമിയിലെ ഗവേഷണത്തിന് ശേഷവും നാടന്‍ പാട്ടുകള്‍ തേടിയുള്ള യാത്ര അച്ഛന്‍ തുടര്‍ന്നു. കേരളത്തിലെ ഒട്ടു മിക്കവാറും സ്ഥലങ്ങളിലൊക്കെ നടന്നു ചെന്ന് പാട്ടു ശേഖരണം നടത്തിയിട്ടുണ്ട്. അന്നത്തെ സാധാരണ ജനങ്ങള്‍ക്ക് കലാസ്വാദനത്തിനുള്ള ഏക മാര്‍ഗ്ഗമായിരുന്നു നാടന്‍ പാട്ടുകളും കലാ രൂപങ്ങളും. മറ്റു കലകളൊക്കെ സമൂഹത്തിലെ വരേണ്യ വര്‍ഗ്ഗം കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു. ‘നിഘണ്ടുവിന്റെയോ വ്യഖ്യാതാവിന്റെയോ സഹായമില്ലാതെ സാധാരണ ജനങ്ങളുടെ ഉള്ളില്‍ അനുഭൂതികള്‍ സൃഷ്ടിക്കാന്‍ ഇവയ്‌ക്കേ കഴിഞ്ഞിരുന്നുവുള്ളു ‘എന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലൂടെ നടപ്പാക്കിയിരുന്ന ചൂഷണങ്ങളും അടിച്ചമര്‍ത്തലും അടിയാളന്റെ സത്വം ഇല്ലാതാക്കി. അവരുടേതായ എല്ലാം, പാട്ടും കലകളും അനുഷ്ഠാനങ്ങളും നികൃഷ്ടവും അപരിഷ്‌കൃതവുമാക്കി മാറ്റി. ഒരുപക്ഷെ ഈ പാട്ടുകളും കഥകളും കൂടെയുള്‍പ്പെട്ട കേരളത്തിന്റെ പ്രാചീന സാഹിത്യമാണ് പുറത്തു വന്നിരുന്നതെങ്കില്‍ കേരളത്തിന്റെ ചരിത്രത്തില്‍ അടിയാളര്‍ക്കും ഒരിടം കിട്ടിയേനെ. ചമ്പുക്കളിലും, അച്ചീ ചരിതങ്ങളിലും വര്‍ണ്ണിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയോടോ അതിനു ബദലായി വന്ന ഭക്തി സാഹിത്യ പ്രസ്ഥാനങ്ങളോടോ ഒരു തരത്തിലും ബന്ധിപ്പിക്കാവുന്നവയല്ല കേരളത്തിലെ അടിയാള സാഹിത്യം.

പുലയരുടെ കോട്ടങ്ങള്‍ക്കു മേല്‍ ബ്രാഹ്മണന്റെ വെജിറ്റേറിയന്‍ ദൈവങ്ങളെ ഒളിച്ചു കടത്തുന്ന നവഹിന്ദുത്വ

അയിത്തവും അടിമത്തവും കൊടികുത്തി വാണ കേരളത്തിന്റെ ആ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് പ്രേംനാഥ് തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:  ‘വിലയ്ക്ക് വാങ്ങുന്ന അടിമകളെ കഴുത്തില്‍ കയറിട്ടാണ് കൊണ്ടുപോയിരുന്നത്. കോരിച്ചൊരിയുന്ന മഴയിലും മരം കോച്ചുന്ന തണുപ്പത്തും കത്തി ജ്വലിക്കുന്ന വേനലിലും പ്രഭാതം മുതല്‍ പ്രദോഷം വരെ പണിയെടുപ്പിക്കും. ഉടുതുണിക്ക് മറുതുണിയില്ല, വിശപ്പടക്കാന്‍ ആഹാരമില്ല, ഭൂമിയിലൂറും ദാഹജലം കോരിക്കുടിക്കാന്‍ അവകാശമില്ല. പട്ടിണിയും പരിവട്ടവുമായി യാതനയും വേദനയും പേറി കൃമി തുല്യരായി അവര്‍ ഈ മണ്ണില്‍ ജീവിച്ചു. ഈ നാടുവാണ മുഹമ്മദീയരോ റാണിമാരോ ധര്‍മ്മ രാജാക്കന്മാരോ അടിമകളുടെ പരിവേദനം കേട്ടിരുന്നില്ല. അടിമകളുടെ അടിമത്തം കണ്ട് കരളലിഞ്ഞു സ്‌നേഹത്തിന്റെ പേരില്‍ മതം മാറ്റി രക്ഷിക്കാനെന്ന വ്യാജേന വന്നവര്‍ മതം മാറ്റുന്നതിനോടൊപ്പം വന്‍തോതില്‍ ഇവരെ അടിമപ്പണിക്കായി വിദേശീയര്‍ക്കു വിറ്റ് കൊള്ളലാഭം വാങ്ങിച്ചു പോന്നു. 1855 ല്‍ ഉത്രം തിരുനാള്‍ മഹാരാജാവ് തുല്യം ചാര്‍ത്തിയ വിളംബരം അനുസരിച്ച് പറയ, പുലയ, കറവര, വെടര, പള്ളര, മലയര ആദിയായ അടിയാളരെ അടിമക്കച്ചവടത്തില്‍ നിന്നും മോചിപ്പിച്ചു. അടിമക്കച്ചവടം നിര്‍ത്തിയെന്നല്ലാതെ അടിമകളുടെ അടിമത്തത്തിനും യാതനകള്‍ക്കും പരിഹാരമായില്ല. സ്വതന്ത്ര ഭാരതത്തില്‍ ഭരണഘടനയുടെ സംരക്ഷണം നിലവില്‍ വന്ന ശേഷമാണ് ഈ മണ്ണില്‍ അടിയാളര്‍ രക്ഷപെട്ടത്’.

‘മാനം പറക്കണ ചക്കി പരുന്തേലിന്ന് എങ്ങടെ ലപ്പനേം ലമ്മേനേം ലങ്ങാനും കണ്ടോ ‘ എന്നു തുടങ്ങുന്ന പാട്ട് അന്നത്തെ അടിയാള ജീവിതത്തിന്റെ വേദന നിറഞ്ഞ ഒരു ചിത്രമാണ് തരുന്നത്. അച്ഛനെയും അമ്മയെയും കഴുത്തില്‍ കയറിട്ട് തെക്കോട്ടും വടക്കോട്ടും കൊണ്ടു പോവുന്നത് എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ നോക്കി നിന്നു. തിരിച്ചു വരാത്ത അച്ഛനമ്മമാരെ പറ്റി വേറെയാരോടും ചോദിക്കാനില്ല. അതുകൊണ്ട് കുഞ്ഞുങ്ങള്‍, തങ്ങളെ തിരിച്ചു തല്ലാത്ത പക്ഷി മൃഗാദികളോട് അച്ഛനെയും അമ്മയെയും കണ്ടോ എന്നന്വേഷിക്കുന്നതാണ് ഈ പാട്ടിന്റെ ഇതിവൃത്തം.

ഇങ്ങനെ അടിയാള ജീവിതത്തിന്റെ ഓരോ ഏടും പുറത്തു കൊണ്ടുവരാനായിരുന്നു അച്ഛന്റെ ശ്രമങ്ങള്‍. അതിന് വേണ്ടി ദാരിദ്ര്യവും പട്ടിണിയും സഹിച്ചു നിരന്തരമായി യാത്ര ചെയ്തത് അച്ഛന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. ചികിത്സ കിട്ടാന്‍ വൈകിയതു മൂലം ശ്വാസകോശത്തിലെ അണുബാധ ഗുരുതരമാവുകയും ഒരു ശ്വാസകോശം പൂര്‍ണ്ണമായും പഴുപ്പ് നിറയുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും, കിടക്കുന്ന കട്ടിലുള്‍പ്പെടെ വിറ്റു. എന്നിട്ടും ഓപ്പറേഷന് പണം തികഞ്ഞില്ല. എന്ത് ചെയ്യും എന്നാലോചിച്ചു വിഷമിച്ചിരിക്കുന്ന സമയത്താണ് ഒരു ഇംഗ്ലീഷ് പത്രത്തില്‍ അച്ഛനെക്കുറിച്ചുള്ള വാര്‍ത്ത കണ്ട മനോരമ പത്രത്തിന്റെ ഉടമസ്ഥര്‍ ഞങ്ങളെ സഹായിക്കാന്‍ തയ്യാറായത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ പോയി ഓപ്പറേഷന്‍ ചെയ്യുന്നതിനും ഒരു ചെറിയ വീട് വയ്ക്കുന്നതിനുമുള്ള പണം മനോരമ തന്നു. 1969-ലായിരുന്നു അച്ഛന്റെ ഓപ്പറേഷന്‍, അന്ന് അച്ഛന്റെ പഴുപ്പ് നിറഞ്ഞ ശ്വാസകോശത്തിന്റെ നല്ലൊരു ഭാഗം നീക്കം ചെയ്തിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞു വീട്ടില്‍ വന്നപ്പോഴാണ് വേദന കൊണ്ട് അച്ഛന് നിലത്തു കിടക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലായത്. വീട്ടു സാധനങ്ങള്‍ വിറ്റതില്‍ കട്ടില്‍ വാങ്ങിയത് പ്രദേശത്തെ ഒരു സവര്‍ണ ക്രിസ്ത്യന്‍ കുടുംബമായിരുന്നു. എവിടുന്നൊക്കെയോ കടം വാങ്ങിയ പണവുമായി അമ്മ ആ വീട്ടില്‍ ചെന്ന് കട്ടിലിനായി കരഞ്ഞു യാചിച്ചു. പക്ഷേ അവരത് കൊടുത്തില്ല. ആ സമയത്തൊക്കെ ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായത്തിനായി പലവട്ടം അപേക്ഷിച്ചു. പെന്‍ഷന്‍ പോലും അനുവദിച്ചു തന്നില്ല. ഒടുവില്‍ 1973 സെപ്റ്റംബര്‍ 8-ന് അച്ഛന്‍ മരിച്ചു. അമ്മയ്ക്ക് അപ്പോള്‍ പ്രൈമറി സ്‌കൂളില്‍ ടീച്ചറായി ജോലിയുണ്ടായിരുന്നു. അതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഞങ്ങള്‍ നാലു മക്കളെയും വളര്‍ത്തിയിരുന്നത്.

സാഹിത്യ മോഷണം

അച്ഛന്റെ പ്രസിദ്ധീകരിക്കാതെപോയ ചില കൃതികള്‍ പ്രസിദ്ധീകരിക്കണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ അത് സ്വന്തമായി അച്ചടിച്ചിറക്കാനുള്ള പണവും അമ്മയുടെ കയ്യില്‍ ഇല്ലായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ശ്രമിച്ചാല്‍ നടക്കും എന്ന് ആരോ പറഞ്ഞത് കേട്ട അമ്മ ആ വഴിക്ക് ശ്രമിച്ചു. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു അത്. അച്ഛന്റെ കൃതികള്‍ ഒരു വിദഗ്ദ്ധ സമിതിയ്ക്ക് പരിശോധിക്കാന്‍ കൊടുക്കാനായിരുന്നു സര്‍ക്കാര്‍ തലത്തില്‍ ലഭിച്ച നിര്‍ദ്ദേശം. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് കോളേജ് സാറന്മാരുടെ ഒരു (അ)വിദഗ്ധ സമിതിക്കു മുന്നില്‍ ഒരു ജീവിതം മുഴുവന്‍ കൊണ്ട് ശേഖരിച്ച പ്രേംനാഥിന്റെ കയ്യെഴുത്തുപ്രതികള്‍ പരിശോധനയ്ക്കായി സമര്‍പ്പിച്ചു. കാരണം പറയന്റെയും, പുലയന്റെയും ഇടയിലുള്ള പാട്ടുകളും കലകളും ഒക്കെയാണല്ലോ. കൂടാതെ ഒരു പറയന്‍ ശേഖരിച്ചതും അല്ലേ, അപ്പോള്‍ തീര്‍ച്ചയായും വിദഗ്ധസമിതി പരിശോധിക്കണമല്ലോ. സമിതിയുടെ കനിവിനാല്‍ അവര്‍ തെരഞ്ഞെടുത്ത ചിലത് ഒരു പുസ്തകമായി സര്‍ക്കാര്‍ പുറത്തിറക്കി. ഇതിനിടയിലായിരുന്നു സാഹിത്യ മോഷണം. പരിശോധന കമ്മറ്റിയുടെ തലവനായിരുന്ന പി.കെ ശിവശങ്കരപ്പിളള അങ്ങനെ തട്ടിയെടുക്കല്‍ ഒന്നും നടത്തിയില്ല. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍, ചുമ്മാര്‍ ചൂണ്ടലും, പ്രൊഫ. വി. ആനന്ദക്കുട്ടന്‍ നായരും. ചുമ്മാര്‍ ചൂണ്ടലാണ് കൈയ്യെഴുത്തു പ്രതികള്‍ തന്റെ വിദ്യാര്‍ത്ഥികളെക്കൊണ്ട് പകര്‍ത്തിച്ചത്. ഈ കാര്യം പിന്നീട് ഞങ്ങളോട് പറഞ്ഞത് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പികെ വേലായുധനാണ്. ആനന്ദക്കുട്ടന്‍ നായര്‍ പുറത്തിറക്കിയ കേരള ഭാഷാഗാനങ്ങള്‍, അതിന്റെ രണ്ടാം ഭാഗത്തില്‍ ചെങ്ങന്നൂര്‍ കുഞ്ഞാതിയുടെ പാട്ടും ചേര്‍ത്തിട്ടുണ്ട്. കൂടാതെ പ്രേംനാഥിന്റെ ശേഖരത്തിലെ നിരവധി പാട്ടുകള്‍ തന്റെ ശേഖരണമെന്ന പേരിലുണ്ട്. അവയില്‍ ചിലതിനെപ്പറ്റി പറയാം. ‘കോലംതുള്ളല്‍’ അതിലുളള കോലങ്ങളെപ്പറ്റിയുളള പാട്ടുകളും, ഗന്ധര്‍വന്‍പാട്ട്, കൃഷിപ്പാട്ടുകള്‍, അതിലെ എല്ലാപ്പാട്ടുകളും, ഓണപ്പാട്ടുകളിലെ തുംബപ്പൂവേപ്പൂത്തിരളേ, ഓണംവന്നു, പൊന്നരിമാന്‍ കോട്ടയിലെ കുഞ്ഞിക്കണ്ണന്‍, പലവക എന്നതിലെ എല്ലാപ്പാട്ടുകളും. ഒരു സ്വപ്നം, കറുത്തപെണ്ണ്, ആലായാല്‍ തറവേണം.

ചെങ്ങന്നൂര്‍ കുഞ്ഞാതിയില്‍ പ്രേംനാഥ് 21 ആദിമാരെപ്പറ്റിയും, പതിനെട്ടു കളരികളെപ്പറ്റിയും സൂചിപ്പിക്കുന്നുണ്ട്. അതിനെ പറ്റി വ്യക്തമാക്കാത്തതുകൊണ്ട്, മോഷ്ടിച്ചപ്പോള്‍ ആനന്ദകുട്ടന്‍ നായര്‍ക്ക് അതിനെപ്പറ്റി ഒട്ടും വിശദീകരിക്കാന്‍ സാധിച്ചില്ല. പ്രേംനാഥ് തന്റെ പാട്ടുകളില്‍ ചില വാക്കുകളുടെ അര്‍ഥംവരെ രേഖപ്പെടുത്തിയിട്ടുണ്ട് , അതടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. ഇതില്‍ ആലായാല്‍ തറ വേണം…, ആലിയാലി മണപ്പുറത്ത് ഒരു മത്തേം തയ്യും, ഇവ കാവാലം നാരായണ പണിക്കരുടെ രചനകളായി പുറത്തു വന്നു. 1979-ല്‍ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ വെട്ടിയാര്‍ പ്രേംനാഥിന്റെ നാടന്‍ പാട്ടുകളുടെ പുസ്തകത്തിന്റെ ആദ്യ പതിപ്പില്‍, ‘ആലായാല്‍ തറ വേണം’ എന്ന പാട്ടുണ്ട്. പിന്നീട് വന്ന പതിപ്പുകളില്‍ അതും മറ്റ് പല പാട്ടുകളും ഒഴിവാക്കപ്പെട്ടു. ഒടുവില്‍ പുറത്തിറങ്ങിയ ആറാം പതിപ്പില്‍ (2012) നല്ലൊരു ശതമാനം പാട്ടുകളും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

വെട്ടിയാര്‍ പ്രേംനാഥിന്റെ ഭാര്യ ഭവാനി പ്രേംനാഥ്‌

കാവാലത്തെക്കുറിച്ചുള്ള ആരോപണം ഞാന്‍ ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ശാരദാമണി മറുപടി നല്‍കിയത് ആ പാട്ട് കാവാലത്തിന്റേതല്ല, അദ്ദേഹത്തിന്റെ ശിഷ്യന്‍ പി ആര്‍ വാര്യരുടേത് ആയിരുന്നു എന്നാണ്. കാവാലത്തിന് ആ പാട്ട് ഇഷ്ടമുള്ളത് കൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യന്മാരൊക്കെ അത് പാടി നടന്നു എന്നാണ്. അങ്ങനെയെങ്കില്‍ അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ റേഡിയോയിലും മാധ്യമങ്ങളിലും തന്റെ പേരില്‍ ഇത്ര കണ്ട് ആഘോഷിക്കപ്പെട്ട ഒരു ഗാനം തന്റെ സ്വന്തമല്ല എന്ന് ഒരിക്കല്‍ പോലും തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കാതിരുന്നതെന്താണ്? പാട്ട് പി ആര്‍ വാര്യരുടേത് എന്ന് സമ്മതിച്ചാലും ഇവരാരും ഒരിക്കലും പ്രേംനാഥിന്റെ പേരു പറയില്ല. കാരണം വെട്ടിയാര്‍ പ്രേംനാഥിന്റെ ജാതിയാണ്. 1984 ഹരിജന്‍ വര്‍ഷമായി ആചരിച്ചപ്പോള്‍ അച്ഛന്റെ ഒരു ചിത്രം സാഹിത്യ അക്കാദമിയില്‍ വയ്ക്കാമോ എന്ന് ചോദിച്ചു കൊണ്ട് അമ്മ ഒരു കത്തയച്ചിരുന്നു. ഏതാണ്ട് ആറു മാസങ്ങള്‍ക്കു ശേഷം ആ കത്തിനൊരു മറുപടി കിട്ടി, ‘പ്രേം നാഥിന്റെ ചിത്രം വയ്ക്കാന്‍ കമ്മറ്റിയ്ക്ക് താത്പര്യമില്ല’ എന്നു പറഞ്ഞു കൊണ്ട്.

നാടന്‍ പാട്ടുകള്‍ മാത്രമല്ല, ദളിത് ജീവിതത്തെ പറ്റി നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും അച്ഛന്റേതായുണ്ട്; കേരളത്തിലെ അടിമകള്‍, നീറി പുകയുന്ന കേരളം, കേരള ഹരിജന്‍ ഡയറക്ടറി, ഹരിജനങ്ങളും രാഷ്ട്രീയവും, ഹരിജനങ്ങളും മതവും എന്നിവ അവയില്‍ ചിലതാണ്. ഡ്രീം ഓഫ് എ സോള്‍ജ്യര്‍, ഫൈവ് ഇയര്‍ പ്ലാന്‍ ഫോര്‍ അപ് ലിഫ്റ്റ്‌മെന്റ് ഓഫ് ഹരിജന്‍ എന്നിവ അച്ഛന്റെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. ഇതു കൂടാതെ ഫോക്ക് പെയിന്റിങ്ങുകളുടെ ഒരു പുസ്തകവും അച്ഛന്റേതായുണ്ട്. 1957-ല്‍ കല്‍ക്കത്തയില്‍ വച്ച് നടന്ന ഓള്‍ ഇന്ത്യ റൈറ്റേഴ്‌സ് കോണ്‍ഫെറന്‍സ്, 1958-ലെയും 1961-ലെയും ഓള്‍ ഇന്ത്യ ഫോക് കള്‍ച്ചറല്‍ കോണ്‍ഫെറെന്‍സുകള്‍ തുടങ്ങിയവയില്‍ അച്ഛന്‍ പങ്കെടുത്തിട്ടുണ്ട്. കേരള ആര്‍ട്‌സ് ക്ലബ് എന്നൊരു ട്രൂപ്പ് ഉണ്ടാക്കി ഇന്ത്യ മുഴുവനും സഞ്ചരിച്ചു കൊണ്ട് നാടന്‍ കലാരൂപങ്ങള്‍ അച്ഛന്‍ അവതരിപ്പിച്ചിരുന്നു. അച്ഛന്റെ മരണ ശേഷം ആ ട്രൂപ്പിനെ വെട്ടിയാര്‍ പ്രേംനാഥ് മെമ്മോറിയല്‍ ഫോക് ലോര്‍ അക്കാദമി എന്ന് പുനര്‍ നാമകരണം ചെയ്തിരുന്നു. കുറച്ചു കാലമായി ട്രൂപ്പിന്റെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. അതിനെ പുനരുജ്ജീവിപ്പിക്കാനും അച്ഛന്റെ ഇനിയും പ്രസിദ്ധീകരിക്കാത്ത ചില കൃതികള്‍ അച്ചടിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ഞങ്ങള്‍.”

ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ ഒന്നര പേജ് വെട്ടിമാറ്റി പൂർണ്ണ പബ്ലിക്കേഷന്‍സ്; ജന്മിത്തവും പുന:സ്ഥാപിച്ചു

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍