UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓഖി ദുരിതാശ്വാസം: വരവുചെലവ് കണക്കുകള്‍ അക്കമിട്ട് നിരത്തി മന്ത്രി മേഴ്സിക്കുട്ടിയമ്മ

ഓഖി ഫണ്ടിലേക്ക് ലഭിച്ച തുകയൊന്നും തന്നെ വകമാറ്റിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ഓഖി ഫണ്ട് ചെലവഴിച്ചില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് കണക്കുകൾ സഹിതം വിശദമായി മറുപടി പറഞ്ഞ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 107 കോടി രൂപയും സംസ്ഥാന ഡിസാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് 111 കോടി രൂപയുമാണ് കിട്ടിയത്. ആകെ 218 കോടി രൂപ. ഇതിൽ 116.79 കോടി രൂപയാണ് ചെലവഴിച്ചത്.

ഇപ്പോൾ നടപ്പിലാക്കി വരുന്ന പദ്ധതികൾക്കായി 84.90 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇതോടെ ആകെ ലഭിച്ച തുകയുടെ 92.51 ശതമാനവും ചെലവാകുമെന്നും മന്ത്രി അറിയിച്ചു.

ഓഖി ഫണ്ടിലേക്ക് ലഭിച്ച തുകയൊന്നും തന്നെ വകമാറ്റിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ മൊത്തം ബാധിച്ച പ്രളയത്തിലേക്കുള്ള ദുരിതാശ്വാസനിധി ശേഖരിക്കാൻ സർക്കാർ ശ്രമം നടത്തുമ്പോൾ അതിലേക്കുള്ള വരവുകളെ ഇല്ലാതാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് സംശയിക്കേണ്ടി വരുമെന്ന് മേഴ്സിക്കുട്ടിയമ്മ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ഓഖി ദുരിതാശ്വാസമായി ബന്ധപ്പെട്ട് ലഭിച്ച തുക ചെലവഴിച്ചില്ലയെന്ന രീതിയിലുളള പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിരുന്നു. ഒാഖിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 107 കോടി രൂപയും സംസ്ഥാന ഡിസ്സ്സാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് 111 കോടി രൂപയും ചേർത്ത് ആകെ 218 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ ഉത്തരവായി ചെലവഴിച്ച തുക 116.79 കോടി രൂപയാണ്. ഇപ്പോൾ നടപടി സ്വീകരിച്ചുവരുന്ന സഹായപദ്ധതികൾക്കായി 84.90 കോടി രൂപ ചെലവഴിക്കേണ്ടിവരും.

അങ്ങനെ നോക്കിയാൽ ഇതുവരെ ചെലവഴിച്ച 116.79 കോടി രൂപയും നടപ്പായി വരുന്ന പദ്ധതികൾക്കുള്ള 84.9 കോടി രൂപയും ചേർത്ത് ആകെ ലഭിച്ചതിന്റെ 92.51% തുകയുടെ ചെലവാകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച തുകയോ സംസ്ഥാന ഡിസ്സ്സാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് ലഭിച്ച തുകയോ ഇതുവരെ വകമാറ്റി ചെലവഴിച്ചിട്ടില്ല.

സ്റ്റേറ്റ് ഡിസ്സ്സാസ്റ്റർ റിലീഫ് ഫണ്ടിൽ ലഭിച്ച കേന്ദ്ര സർക്കാർ സഹായം പ്രത്യേക മാനദണ്ഡ പ്രകാരം മാത്രമേ ചെലവഴിക്കാൻ കഴിയുകയുള്ളൂ. കേരളത്തിന്റെ പ്രത്യേകത അനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താത്തതു കൊണ്ടാണ് 111 കോടി രൂപയിൽ 51.11 കോടി രൂപാ മാത്രം ചെലവായത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച തുകയിൽ (107 കോടി രൂപ) 3.08 കോടി രൂപ ബോട്ടുകൾക്കുളള നഷ്ടപരിഹാരമായും, 1.65 കോടി മത്സ്യബന്ധന ഉപാധികൾക്കുളള നഷ്ടപരിഹാരം, 7.36 കോടി മറൈൻ ആംബുലൻസ്, 7.15 കോടി റസ്ക്യൂ സ്കോഡ്, 13.92 കോടി സൗജന്യ വിദ്യാഭ്യാസം (ഒാഖി ദുരന്തത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുളള 2037 വരെയുള്ള സൗജന്യ വിദ്യാഭ്യാസം) 22.88 കോടി മരണപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം, 7.62 കോടി ഭൂമിയും വീടും നഷ്ടപ്പെട്ടവർക്കുളള ഭവന നിർമ്മാണം, 2.02 കോടി രൂപ വീടുകൾക്കുളള അറ്റകുറ്റപ്പണി എന്നിവയ്ക്കാണ് ചെലവഴിച്ചുട്ടുളളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നടപ്പാക്കിവരുന്ന 5 പദ്ധതികൾക്ക് 84.90 കോടി രൂപ വേണ്ടിവരും. 9.50 കോടി രൂപയ്ക്ക് മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ്, 2.02 കോടി രൂപയ്ക്കുളള മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണം, 13.5 കോടി രൂപയുടെ നാവിക്, 9.88 കോടി രൂപയുടെ ഫൈബർ റീഇൻഫോസ്ഡ് ബോട്ടുകൾ വാങ്ങുന്നതിനുളള സഹായം, 50 കോടി രൂപ ആഴക്കടൽ മത്സ്യത്തൊഴിലാളികളുടെ ഫിഷറീസ് സ്റ്റേഷനുകൾക്കുളള ആശയ വിനിമയ സംവിധാനം എന്നിവയ്ക്കാണ്.

സംസ്ഥാന ഡിസ്സ്സാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് ലഭിച്ച 111 കോടി രൂപയും 5.72 കോടി രൂപ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുളള നഷ്ടപരിഹാരം, 28.61 കോടി രൂപ 1,43,032 മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാതിരുന്ന സമയത്ത് നൽകിയ സഹായം (2000 രൂപ വീതം), 24 ലക്ഷം രൂപ 74 പേർക്ക് 3000 രൂപാവീതം 12 മാസത്തേക്കുളള വീട്ടുവാടക, 5.72 കോടി രൂപ 143 പേർക്ക് 10000 രൂപാവീതം 4 മാസത്തെ ചെലവിനുളള തുക, 8.31 കോടി രൂപ സൗജന്യ റേഷൻ, 31 ലക്ഷം രൂപ ഗുജറാത്ത് , ഗോവ, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുളള മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കുന്നതിനുളള ചെലവ്, 2.18 കോടി അവസാനഘട്ട തിരിച്ചിൽ നടത്തിയ 105 ബോട്ടുകൾക്കുളള ചെലവ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അതായത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച 107 കോടി രൂപയിൽ 65.68 കോടി രൂപയും, സ്റ്റേറ്റ് സിസ്സാസ്റ്റർ റിലീഫ് ഫണ്ടിൽ ലഭിച്ച 111 കോടി രൂപയിൽ 51.11 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.
കൂടാതെ 5 പദ്ധതികളിലായി 84.9 കോടി രൂപ ചെലവിലുള്ള 5 പദ്ധതി പ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ നടന്നു വരുന്നു. അവ പൂർത്തീകരിക്കുന്നതിലൂടെ ഒാഖിയുമായി ബന്ധപ്പെട്ട് ലഭിച്ച തുകയിലെ 92.51% തുകയും ചെലവഴിക്കാനാകും.

പേമാരിയും വെളളപ്പൊക്കവും ദുരിതമാക്കിയ ഒരു സംസ്ഥാനത്തിന്റെ രക്ഷാപ്രവർത്തനങ്ങളും അതിനാവശ്യമായ ഫണ്ട് സമാഹരണവും സത്യസന്ധമായും, സാമൂഹ്യ പ്രതിബദ്ധതയോടെയും നടപ്പാക്കിവരുന്ന ഒരു ഘട്ടത്തിൽ ഒാഖി ഫണ്ട് ചെലവഴിച്ചില്ല എന്ന വാദം ഇപ്പോൾ ഉയർത്തുമ്പോൾ അത് സംശയ ദൃഷ്ടിയോടെ മാത്രമേ കാണാൻ കഴിയുകയുള്ളു. ഇപ്പോൾ നടക്കുന്ന നവകേരള നിർമ്മാണ പ്രവർത്തനങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കാനെ ഇത് ഉപകരിക്കുകയുള്ളു.

പ്രകൃതി കലിതുള്ളി നടുക്കിയ മനുഷ്യ ജീവിതങ്ങളെയും അവരുടെ ഉയർത്തേഴുന്നേഴ്പ്പിനുള്ള ശ്രമങ്ങളെയും ലോകം ആകാംഷയോടെ ശ്രദ്ധിക്കുന്ന ഈ അവസരത്തിൽ ബഹു. മുഖ്യമന്ത്രി പറഞ്ഞതു പോലെ ഒരു നവ കേരള സൃഷ്ടിക്കായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതായിരിക്കും ഉചിതമെന്ന് അവരൊർക്കുന്നത് നാടിന് ഗുണമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍