UPDATES

പ്രളയം 2019

ദുരിതാശ്വാസ സഹായമായി അടിവസ്ത്രം വേണമെന്ന് പോസ്റ്റിട്ടെന്ന് പരാതി: സന്നദ്ധ സംഘടനാ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയനായ ദലിത് ആക്ടിവിസ്റ്റ് രഘു ഇരവിപേരൂരിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്കായി അടിവസ്ത്രം ആവശ്യപ്പെട്ട് പോസ്റ്റിട്ടതിന്റെ പേരില്‍ സന്നദ്ധ സംഘടനാ പ്രര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. റൈറ്റ്‌സ് എന്ന സംഘടനയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായ ഇരവിപേരൂര്‍ സ്വദേശി രഘുവിനെയാണ് തിരുവല്ല പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രഘു ഫേസ്ബുക്ക് പോസ്റ്റ് വഴി സ്ത്രീകളെ അപമാനിച്ചെന്നാണ് തിരുവല്ലയിലെ വനിതാ വാര്‍ഡ് കൗണ്‍സിലര്‍ പോലീസിനെ വിളിച്ചറിയിച്ചത്. പിന്നീട് പോലീസ് ഇവരുടെ മൊഴിയെടുത്ത ശേഷം രഘുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ പോലീസ് ഇന്നലെ രാത്രിയോടെ വിട്ടയച്ചു. അറസ്റ്റിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാനിരിക്കെയാണ് റൈറ്റ്‌സ് പ്രവര്‍ത്തകര്‍. അതേസമയം തനിക്കെതിരായ പരാതിയുടെയും പോലീസ് നടപടിയുടെയും പിന്നീട് ദേശാഭിമാനി ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ ഫോട്ടോ സഹിതം വാര്‍ത്ത വന്നതിന്റെയും പിന്നിലെ രാഷ്ട്രീയം തനിക്ക് മനസിലാകുന്നില്ലെന്ന് രഘു അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചു.

‘തിരുവല്ലയ്ക്ക് അടുത്ത് ഇരുവള്ളിപ്ര സെന്റ് തോമസ് സ്‌കൂളില്‍ ഒരു ക്യാമ്പുണ്ട്. അവിടെ 27 സ്ത്രീകളാണ് ഉള്ളത്. അവിടെ താമസിക്കുന്ന ഒരു സ്ത്രീ തന്നെ ഞങ്ങളെ വിളിച്ചിരുന്നു. എന്റെ ഭാര്യയെയാണ് വിളിച്ചത്. രാവിലെയാണ് വിളിച്ചത്. അടിവസ്ത്രമില്ലാതെ സ്ത്രീകള്‍ വിഷമിക്കുന്ന കാര്യമാണ് പറഞ്ഞത്. അതുകൊണ്ടാണ് ഞങ്ങള്‍ ഒരു പബ്ലിക് പോസ്റ്റിട്ടു. ‘തിരുവല്ല ഇരുവള്ളിപ്ര സെന്റ് തോമസ് സ്‌കൂളിലെ ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് ഇന്നര്‍ വെയേഴ്‌സിന്റെ ആവശ്യമുണ്ടെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. സന്മനസുള്ളവര്‍ ഉടന്‍ തന്നെ സഹായിക്കണം’ എന്നായിരുന്നു എന്റെ പോസ്റ്റ് അതിനോടൊപ്പം എന്റെ ഭാര്യയുടെ നമ്പരും അവിടെ പ്രിയ എന്ന ഞങ്ങളുടെ കോര്‍ഡിനേറ്ററുണ്ട് അവരുടെ നമ്പരുമാണ് കോണ്‍ടാക്ട് ആയി വച്ചിരുന്നത്. അതിന് ശേഷം ഞാന്‍ ക്യാമ്പില്‍ ചെന്നു.

എന്റെ ഭാര്യയും പ്രിയയും ഒപ്പമുണ്ടായിരുന്നു. അജിതയെന്ന വാര്‍ഡ് മെമ്പറോട് ഞാന്‍ സംസാരിക്കുകയും ചെയ്തു. അതിന് മുമ്പ് ചിലരോട് സംസാരിച്ച് രണ്ടായിരം രൂപയോളം പിരിച്ചിരുന്നു. അതുകൊണ്ട് തികയത്തില്ലെന്ന് മനസിലായപ്പോളാണ് മെമ്പറോട് സംസാരിച്ചത്. സാധനങ്ങള്‍ വാങ്ങിത്തരാം വിതരണം നിങ്ങള്‍ തന്നെ ചെയ്താല്‍ മതിയെന്നും പറഞ്ഞു. നാളെ(അതായത് ഇന്ന്) സാധനം എത്തിക്കാമെന്നും പറഞ്ഞാണ് മടങ്ങിയത്. അവര്‍ തന്ന ലിസ്റ്റിന്റെ ഫോട്ടോ ഞാന്‍ എടുത്തിരുന്നു. അത് എണ്ണം അറിയുന്നതിന് വേണ്ടിയായിരുന്നു. ഇന്നലെ രാത്രിയോടെ പോലീസ് വീട്ടില്‍ വരുമ്പോഴാണ് ഇവര്‍ക്ക് ഇതില്‍ പരാതിയുണ്ടെന്ന് അറിഞ്ഞത്’ രഘു വ്യക്തമാക്കി.

അജിതയെന്ന മെമ്പര്‍ പരാതിയായല്ല പോലീസില്‍ വിളിച്ച് പറയുകയാണ് ചെയ്തത്. തങ്ങളെ അപമാനിക്കുന്നുവെന്നാണ് അവര്‍ വിളിച്ചു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് അതിന് ശേഷം അവിടെ ചെന്ന് മൊഴിയെടുക്കുകയായിരുന്നു. പോലീസ് രാത്രി തന്നെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുകയും ചെയ്തു. പോലീസിന് തന്റെ നിരപരാധിത്വം മനസിലായതുകൊണ്ടായിരിക്കും വിട്ടതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ പ്രളയകാലത്തും അജിതയുടെ വാര്‍ഡില്‍ ധാരാളം സാധനങ്ങള്‍ തങ്ങള്‍ എത്തിച്ചിരുന്നതായി അദ്ദേഹം പറയുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തനിക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലെന്ന് അവര്‍ അറിയിച്ചതനുസരിച്ചായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട തികച്ചും മാനുഷികമായ പോസ്റ്റാണ് താനിട്ടതെന്നും ഇദ്ദേഹം വ്യക്തമാക്കി.

പ്രളയത്തിന്റെ സമയത്ത് എല്ലാവരും പരസ്പരം സഹായിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് സഹായിക്കാന്‍ താല്‍പര്യമുള്ളവരെ പിന്നോട്ട് വലിയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വ്യവസ്ഥാപിത ഇടത് ബോധത്തില്‍ നിന്നും ദലിത് ആദിവാസി ചിന്തകളിലേക്കും പ്രയോഗത്തിലേക്കും ഡൈനാമിക് ആക്ഷന്‍ സംഘത്തെ ഗതി തിരിച്ചുവിട്ട പില്‍ക്കാല തലമുറയിലെ നിര്‍ണ്ണായക വ്യക്തിയാണ് രഘു ഇരവിപേരൂറെന്നും ഇദ്ദേഹത്തെ വൈരാഗ്യത്തോടെ കാണുന്നവര്‍ക്ക് അപവാദങ്ങള്‍ അല്ലാതെ മറ്റ് പ്രചരണ വഴികള്‍ കാണില്ലെന്ന് ദലിത് ക്രിസ്ത്യന്‍ ആക്ടിവിസ്റ്റായ ഷിബി പീറ്റര്‍ ഇതേക്കുറിച്ച് പ്രതികരിച്ചു. ഷിബി പീറ്ററിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

‘കേരളം വീണ്ടും വലിയൊരു ദുരിതത്തെ ഒറ്റക്കെട്ടായി അതിജീവിക്കാന്‍ ശ്രമിക്കുന്ന വേളയില്‍ അങ്ങേയറ്റം നിരാശാജനകവും അപലപനീയവും ആയ ഒരു വാര്‍ത്തയാണ് ഇന്നലെ വൈകിട്ട് കേട്ടത്. ദലിത് ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ രഘു ഇരവിപേരൂര്‍ തീര്‍ത്തും മാനുഷികമായ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്തിന്റെ പേരില്‍ ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വൈകിട്ട് തന്നെ വിട്ടയക്കപ്പെട്ടെങ്കിലും ദുരിതാശ്വാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പേര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. കഴിഞ്ഞ വര്‍ഷം ദുരിതം ആരംഭിച്ച നാള്‍ മുതല്‍ ഇന്നേ വരെ വിശ്രമ രഹിതമായി പ്രവൃത്തിക്കുന്ന ഒരാള്‍ക്ക് ആണ് ഈ അവസ്ഥ നേരിടേണ്ടി വന്നത് എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. തിരുവല്ല കേന്ദ്രീകരിച്ച് ദുരിതാശ്വാസ/രക്ഷാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച ഒരാള്‍ എന്ന നിലയ്ക്ക് രാവും പകലും നേരിട്ട ബുദ്ധിമുട്ടുകള്‍ എനിക്ക് നേരിട്ട് അറിയാം. പ്രത്യേകിച്ച് ദലിത് ആദിവാസി മേഖലകളില്‍ സഹായവും ആശ്വാസവും എത്തിക്കാന്‍ ഏറ്റവും അധികം പരിശ്രമിച്ചതും ഇന്നും അത് തുടരുന്നതും രഘു ഇരവിപേരൂര്‍ ഉള്‍പ്പെടുന്ന ഞകഏഒഠട എന്ന സംഘമാണ്. സോഷ്യല്‍ മീഡിയ കാമ്പയിന്‍ അതിന് വലിയൊരു അളവില്‍ നിര്‍ണ്ണായകം ആയിട്ടുണ്ട്. അതിന്റെ ഭാഗമായിരുന്നു രഘുവിന്റെ പോസ്റ്റും. ഇതിനെ വക്രീകരിച്ച് ഒരു പൊതു പ്രവര്‍ത്തകന്റെ മനോവീര്യത്തെ ആര് കെടുത്താന്‍ ശ്രമിച്ചാലും അത് വിലപ്പോകില്ല.

കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയനായ ദലിത് സാന്നിധ്യമാണ് രഘു ഇരവിപേരൂര്‍. ഇത് എടുത്ത് പറയുന്നത് ഇടതുപക്ഷത്തിന്റെ ഭാഗമായ ആരെങ്കിലും ഇതിന് പിന്നില്‍ അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിച്ചെങ്കില്‍ ശ്രദ്ധയില്‍ കൊണ്ടുവരാനാണ്. മുന്‍പ് ചെങ്ങറ സമര വേളയില്‍ രഘു ഭാഗമായ ഡൈനാമിക് ആക്ഷന്‍ സംഘത്തിന് എതിരെ വ്യാജ വാര്‍ത്തകള്‍ നിരത്തിയ ചില ഇടത് (?) മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴും സംഘി മനോഭാവത്തില്‍ നിന്നും പുറത്ത് വന്നിട്ടില്ല എങ്കില്‍ ഇടതുപക്ഷം തന്നെ അത് ഗൗരവമായി കാണേണ്ടതാണ്. സാക്ഷാല്‍ ഇ. എം.സും പി. ഗോവിന്ദപ്പിള്ളയും മുതല്‍ ഇന്നത്തെ സംസ്ഥാന/ ദേശീയ രാഷ്ട്രീയത്തില്‍ വരെ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ വരെ ചിന്തയിലും പ്രയോഗത്തിലും സഹകരിച്ചിട്ടുള്ള ഒരു സംഘം കൂടിയാണ് ഡൈനാമിക് ആക്ഷന്‍. സംശയം ഉളളവര്‍ ഈ.എം.എസ്സിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഒന്ന് വായിച്ചാല്‍ മതി. ഇടതുപക്ഷത്തിന്റേയും ഇടതുപക്ഷം ആകണം എന്ന് പറഞ്ഞ ഡോ. എം.എം. തോമസും ജീവിതാന്ത്യം വരെ ഇടതുപക്ഷത്തോട് വിമര്‍ശനാത്മക ബന്ധം പുലര്‍ത്തിയിരുന്ന റവ.എം.ജേ. ജോസഫ്, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്നിവരും നിര്‍ണ്ണയിച്ച ഇടമാണ് ഡൈനാമിക് ആക്ഷന്‍ എന്നോര്‍മ്മിക്കുന്നത് നല്ലതാണ്. വ്യവസ്ഥാപിത ഇടത് ബോധത്തില്‍ നിന്നും ദലിത് ആദിവാസി ചിന്തകളിലേക്കും പ്രയോഗത്തിലേക്കും ഡൈനാമിക് ആക്ഷന്‍ സംഘത്തെ ഗതി തിരിച്ചുവിട്ട പില്‍ക്കാല തലമുറയിലെ നിര്‍ണ്ണായക ധൈഷണിക സാന്നിധ്യമാണ് രഘു ഇരവിപേരൂര്‍. ഈ ജ്ഞാന വ്യതിയാനത്തെ വൈരാഗ്യത്തോടെ ഉള്‍ക്കൊണ്ടവര്‍ക്ക് അപവാദങ്ങള്‍ അല്ലാതെ മറ്റ് പ്രചരണ വഴികള്‍ കാണില്ല. പശ്ചിമഘട്ടസംരക്ഷണത്തിനായി ജനകീയ സംഘങ്ങളെ ഏകോപിപ്പിക്കുന്ന ഒരിടം കൂടിയാണ് ഡൈനാമിക് ആക്ഷന്‍ എന്നത് ഈ ദുരന്ത വേളയില്‍ വിപരീത ബുദ്ധിയില്‍ സഞ്ചരിക്കുന്നവര്‍ ആലോചിക്കുന്നത് ഉചിതമായിരിക്കും’.

also read:‘ഒന്നും കൊടുക്കരുതേ’ എന്നു പറഞ്ഞവരേക്കാള്‍ നൂറിരിട്ടി പേരുണ്ട്, ‘എന്ത് വേണമെങ്കിലും തരാം’ എന്നു പറഞ്ഞവര്‍; നൗഷാദുമാരുടെ കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍