UPDATES

വര്‍ക്കലയിലെ അയിത്തക്കുളം സന്ദര്‍ശിച്ച ദളിത് പ്രവര്‍ത്തക വിനീതയ്ക്ക് നേരെ ആള്‍ക്കൂട്ട വിചാരണ, കയ്യേറ്റം, കള്ളപ്പരാതി

‘എന്നെ ആള്‍ക്കൂട്ടം തടഞ്ഞുവച്ചതോ കൂട്ടം ചേര്‍ന്ന് ആക്രമണത്തിന് മുതിര്‍ന്നതോ അല്ല പ്രധാന വിഷയം. കരുനിലക്കോട്ടെ കുറവ സമുദായത്തില്‍ പെട്ട എട്ട് കുടുംബങ്ങളുടെ അവസ്ഥ ഭീകരമാണ്’

‘എന്നെ ആള്‍ക്കൂട്ടം തടഞ്ഞുവച്ചതോ കൂട്ടം ചേര്‍ന്ന് ആക്രമണത്തിന് മുതിര്‍ന്നതോ അല്ല പ്രധാന വിഷയം. കരുനിലക്കോട്ടെ കുറവ സമുദായത്തില്‍ പെട്ട എട്ട് കുടുംബങ്ങളുടെ അവസ്ഥ ഭീകരമാണ്. പരോക്ഷ ഊരുവിലക്കാണ് അവര്‍ അനുഭവിക്കുന്നത്. ഞങ്ങള്‍ കാണാന്‍ ചെന്നതിന്റെ പേരില്‍ ജനപ്രതിനിധി ഉള്‍പ്പെടുന്ന ആള്‍ക്കൂട്ടം ആ കുടുംബങ്ങള്‍ക്കെതിരെയാണ് ആക്രോശിച്ചത്. അവരെ ഒറ്റപ്പെടുത്തി, ഭീഷണിപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. അതില്‍ ആരെങ്കിലും കാര്യമായി ഇടപെട്ടില്ലെങ്കില്‍ ആ കുടുംബാംഗങ്ങളുടെ മരണം തന്നെ കാണേണ്ടിവരും.’ ദളിത് ആക്ടിവിസ്റ്റും ഗവേഷകയുമായ വിനീത പറയുന്നു.

വിനീതയും സുഹൃത്ത് ഹര്‍ഷനും ചേര്‍ന്ന് വ്യാഴാഴ്ച കരുനിലക്കോട്ട് ദളിതര്‍ക്കര്‍ക്ക് കുളിക്കാന്‍ അയിത്തം കല്‍പ്പിച്ചിരുന്ന പ്രദേശം സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇരുവരേയും രണ്ട് മണിക്കൂറോളം ആള്‍ക്കൂട്ടം തടഞ്ഞുവക്കുകയും അസഭ്യം പറയുകയും ചെയ്തു എന്ന് ഇവര്‍ ആരോപിക്കുന്നു. കുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ വീഡിയോ ഇവര്‍ പകര്‍ത്തിയെന്നാരോപിച്ച് നാട്ടുകാര്‍ വര്‍ക്കല പോലീസിനെ വിളിച്ചുവരുത്തി. പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ദളിത് കുടുംബങ്ങളെ കാണാനെത്തിയ തങ്ങളോട് ആള്‍ക്കൂട്ടം അക്രമം കാണിക്കുകയായിരുന്നുവെന്ന് വിനീത പറയുന്നു. പൊതുകുളത്തില്‍ ദളിതരെ കുളിപ്പിച്ചതോടെ അയിത്തവും അതുമായി ബന്ധപ്പെട്ട് നിന്ന പ്രശ്‌നങ്ങളും അവസാനിച്ചു എന്നാണ് പ്രദേശത്തെ ജനപ്രതിനിധികളടക്കമുള്ളവരുടെ വാദം. എന്നാല്‍ ദളിതര്‍ ഇപ്പോഴും ഭീഷണി നേരിടുന്നതായി പ്രദേശത്തുള്ള ദളിത് സ്ത്രീകള്‍ അഴിമുഖത്തോട് പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിന് സമാനമായ അനുഭവങ്ങളാണ് സ്ഥലം സന്ദര്‍ശിക്കാനെത്തിയ തനിക്കുണ്ടായതെന്നും വിനീത പറയുന്നു.

കരുനിലക്കോട്ടെത്തിയ തങ്ങളുടെ അനുഭവം വിനീതയുടെ വാക്കുകളില്‍ ‘മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷം, ഇപ്പോഴും അവിടത്തെ ദളിത് കുടുംബങ്ങള്‍ ഭീഷണി നേരിടുന്നു എന്നറിഞ്ഞതിന് ശേഷമാണ് വാസ്തവം എന്താണെന്ന് നേരിട്ടറിയാനായി ഞാനും ആക്ടിവിസ്റ്റായ ഹര്‍ഷനും അവിടെയെത്തുന്നത്. താഴെയുള്ള കുളം കണ്ടു. കുളത്തിന്റെ പടികള്‍ ഇറങ്ങുന്ന സമയത്താണ് രണ്ട് സ്ത്രീകള്‍ കുളത്തില്‍ കുളിക്കുന്നത് കണ്ടത്. അവര്‍ കുളിച്ച് മുകളിലേക്ക് കയറിയതിന് ശേഷം നമുക്ക് താഴേക്കിറങ്ങാം എന്ന് ഞാന്‍ ഹര്‍ഷനോട് പറയുകയും ചെയ്തു. ഞങ്ങള്‍ മുകളില്‍ തന്നെ നിന്നു. ഹര്‍ഷന്‍ അവര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാവണ്ട എന്ന് കരുതി പുറകോട്ട് തിരിഞ്ഞുമാണ് നിന്നത്. രണ്ടുപേരില്‍ ഒരാള്‍ കുളിച്ച് മുകളിലേക്ക് കയറി വന്നയുടനെ നിങ്ങള്‍ ചാനലില്‍ നിന്നാണോ എന്ന് ചോദിച്ചു. ഞങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകരാണെന്ന് പറഞ്ഞപ്പോള്‍ വിഷയമൊക്കെ ഇന്നലെ തീര്‍ന്നല്ലോ, അതൊന്നുമറിഞ്ഞില്ലേ എന്ന് ചോദിച്ചു. ഞങ്ങള്‍ വിഷയവുമായി ബന്ധപ്പെട്ടല്ല ആ സഹോദരങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കാമെന്ന് കരുതി വന്നതാണ് എന്ന് അവരോട് ഞങ്ങള്‍ പറഞ്ഞു. ‘അത് നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഇവിടെ അങ്ങനെ പ്രശ്‌നമൊന്നുമില്ല. ചാനലുകാര്‍ പറയുന്നത് പോലെയൊന്നുമില്ല. എല്ലാ സമുദായത്തില്‍ പെട്ടവരും ഇവിടെ കുളിക്കാറുണ്ട്. കുറവരെ മാത്രമേ ഇവിടെ കുളിപ്പിക്കാത്തെയുള്ളൂ. അത് നിങ്ങള്‍ പറയുന്നപോലെ ജാതികൊണ്ടൊന്നുമല്ല. അവര്‍ക്ക് വൃത്തിയും മെനയുമില്ല. അവര്‍ ഇവിടെ നായന്‍മാരുടേയും ഈഴവരുടേയുമൊക്കെ വീടുകളില്‍ പണിക്ക് പോയിട്ട് ചേറുപിടിച്ച ദേഹവും കൊണ്ട് അവിടെ കുളിച്ചുകഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് കുളിക്കാന്‍ പറ്റില്ല.എന്നാലും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറുമ്പോള്‍ അവര്‍ കുളിച്ചിട്ട് പോവും. അത് വര്‍ഷങ്ങളായിട്ട് ഇവിടെ നടക്കുന്ന കാര്യമാണ്. ഇപ്പോള്‍ അതും പൊക്കിപ്പിടിച്ച് വരണ്ട കാര്യമെന്താണ്. എന്തായാലും ഇന്നലെ അവരെ കുളിപ്പിച്ചപ്പോള്‍ പ്രശ്‌നമൊക്കെ തീര്‍ന്നല്ലോ. പിന്നെ നിങ്ങളിനി എന്ത് തിരക്കാനാണ് വരുന്നത്’ എന്ന് ആ സ്ത്രീ ഞങ്ങളോട് പറഞ്ഞു. തീര്‍ന്നെന്ന് നിങ്ങള്‍ പറയുന്നത് പോലെ അവരും അത് പറഞ്ഞാല്‍ ഞങ്ങള്‍ അവരെ കണ്ടിട്ട് ഇവിടെ നിന്ന് പോവും എന്ന ഞങ്ങളുടെ നിലപാട് അവരോട് അറിയിച്ചു.

ഇതൊക്കെ പറയുന്നതിനിടയ്ക്ക് പറയുന്നതൊന്നും വീഡിയോ എടുത്തുകളയരുതെന്ന് അവര്‍ പറയുകയും ചെയ്തു. പക്ഷെ അവര്‍ ചെന്ന് റോഡില്‍ നിന്ന ആളുകളോട് ഇത് പറഞ്ഞു. അവരെത്തി പിന്നെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. നിങ്ങള്‍ എവിടെ നിന്ന് വരുന്നു, ആരാണ് നിങ്ങള്‍ എന്നൊക്കെ ചോദിച്ചിട്ട് ഇവിടെ പ്രശ്‌നമൊന്നുമില്ല, നിങ്ങളിനി അങ്ങോട്ട് പോവണ്ട എന്നായി. പക്ഷെ ഈ ആളുകള്‍ വന്ന് ചോദ്യം ചെയ്യുന്നതും മറ്റും ഹര്‍ഷന്‍ ജയ്ഭീം എന്ന ഗ്രൂപ്പിലേക്ക് ലൈവ് ചെയ്തിരുന്നു.

എല്ലാ പ്രശ്‌നവും തീര്‍ന്നു, ഇനി നിങ്ങള്‍ അങ്ങോട്ട് പോവേണ്ട യാതൊരു ആവശ്യവുമില്ല. ഇനി മാധ്യമങ്ങളോ സമുദായക്കാരോ ഒക്കെ വന്നാല്‍, ഒത്തുതീര്‍പ്പാക്കിയ കാര്യങ്ങള്‍ ഇനിയും കുത്തിപ്പൊക്കിക്കൊണ്ട് വന്നാല്‍ നിങ്ങളുടെ എട്ട് കുടുംബങ്ങളില്‍ നിന്ന് ആരെങ്കിലും ചത്താല്‍ പോലും ഞങ്ങള്‍ ആരും നിങ്ങടെ വീട്ടിലേക്ക് കേറില്ല എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടെന്നുമായിരുന്നു ഞങ്ങളെ ചോദ്യം ചെയ്യാന്‍ എത്തിയവരുടെ സംസാരം. ഇപ്പോഴും അവരെ ഭീഷണിപ്പെടുത്തിയാണ് നിര്‍ത്തിയിരിക്കുന്നതെന്ന് അതോടെ ഞങ്ങള്‍ക്ക് മനസ്സിലായി. അതുകഴിഞ്ഞ് ഞങ്ങളെ പരമാവധി സപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് അവിടുത്തെ കുറവ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ എത്തിയത്. ഞങ്ങള്‍ അവരെ കാണാന്‍ വന്നവരാണെന്നും, അവരുടെ പിള്ളേരാണെന്നുമെല്ലാം ഒരു പ്രായമായ അമ്മയടക്കം നിന്ന് പറയുന്നുണ്ട്. പക്ഷെ ഞങ്ങളുടെ മുന്നില്‍ വച്ച് പോലും വാര്‍ഡ് കൗണ്‍സിലര്‍ ആ അമ്മയേയും മറ്റ് സ്ത്രീകളേയും ഭീഷണിപ്പെടുത്തുന്നതാണ് കണ്ടത്. നിങ്ങള്‍ എന്തെങ്കിലും ഇനി പറഞ്ഞിട്ടുണ്ടെങ്കില്‍ നാളെ ഇവിടെ ഞങ്ങളെ ഉണ്ടാവുകയുള്ളൂ, ഇവരങ്ങ് പോവും. നിങ്ങള്‍ ഇവിടെ നിന്ന് ഓടേണ്ടി വരും. റസിഡന്റ്‌സ് അസോസിയേഷന്‍ മുഴുവന്‍ നിങ്ങളെ ഒറ്റപ്പെടുത്താനുള്ള തീരുമാനമെടുത്തിരിക്കുകയാണെന്ന് ഇന്നലേം ഞാന്‍ വന്ന് പറഞ്ഞതേയുള്ളൂ. ഞാന്‍ പറഞ്ഞതിന്റെ പേരിലാണ് ഇപ്പോള്‍ അവര്‍ പ്രകടമായിട്ട് നടപടിക്ക് വരാത്തത്. ഇനി നിങ്ങള്‍ ഇതുമായിട്ട് നീങ്ങുകയാണെങ്കില്‍ ഈ നാട് മുഴുവന്‍ നിങ്ങള്‍ക്ക് എതിരാവും. ഇങ്ങനെയെല്ലാം പറഞ്ഞ് കൗണ്‍സിലര്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു. രണ്ട് മണിക്കൂറുകളോളം ഇവര്‍ ഞങ്ങളെ തടഞ്ഞുവച്ച് പറയാത്തതൊന്നുമില്ല. ഇവളെ വിളിച്ചോണ്ട് ഇപ്പോ ഇവിടെ നിന്ന് പോണം എന്ന് ഹര്‍ഷനോട് പറഞ്ഞുകൊണ്ട് എന്നേയും ഹര്‍ഷനേയും പച്ചത്തെറിയാണ് വിളിച്ചത്.

പിന്നീട് അവര്‍ പോലീസിനെ വിളിച്ചുവരുത്തി. അവിടുത്തെ നാട്ടുകാരേക്കാള്‍ ഗുണ്ടായിസമാണ് പോലീസ് കാണിച്ചത്. അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലമൊന്നുമല്ലല്ലോ. ഞങ്ങള്‍ക്ക് അവിടെ ആരെയെങ്കിലും കാണുന്നതിന് ഇവര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുമില്ല. പോലീസുകാര്‍ നില്‍ക്കുമ്പോള്‍ പോലും നാട്ടുകാര്‍ ഞങ്ങളെ തെറി വിളിക്കുകയായിരുന്നു. പിന്നീടാണ് സ്ത്രീയുടെ നഗ്നവീഡിയോ എടുത്തു എന്ന പേരില്‍ എനിക്കെതിരെ പരാതിയുണ്ടെന്നും സ്റ്റേഷനിലേക്ക് ചെല്ലണമെന്നും പോലീസ് പറയുന്നത്. എന്നെ കസ്റ്റഡിയിലെടുക്കണമെങ്കില്‍ വനിതാ പോലീസിനെ വിളിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ വനിതാ പോലീസ് ഇല്ലായിരുന്നു എന്നായിരുന്നു പോലീസിന്റെ മറുപടി. അടുത്ത് കിടന്ന ഓട്ടോറിക്ഷയില്‍ സ്‌റ്റേഷനിലേക്കെത്തിക്കാന്‍ ഓട്ടോക്കാരന് നിര്‍ദ്ദേശം കൊടുത്ത് ഞങ്ങളെ സ്‌റ്റേഷനിലെത്തിച്ചു. സ്‌റ്റേഷനിലെത്തിയത് മുതല്‍ പോലീസുകാര്‍ ഞങ്ങളോട് വളരെ മോശമായാണ് പെരുമാറിയത്. ഇവിടെയുണ്ടായിരുന്ന വിഷയങ്ങള്‍ കുത്തിപ്പൊക്കാന്‍ വന്നവരെന്ന തരത്തിലായിരുന്നു അവരുടെ പെരുമാറ്റം. എന്റെ ഫോണ്‍ വാങ്ങിക്കൊണ്ടുപോയി. ഞാന്‍ നഗ്നവീഡിയോ എടുത്തു എന്ന് പറയുന്ന പരാതിക്കാരിയായ സ്ത്രീയേയും കൂട്ടിയാണ് സിഐ സ്റ്റേഷനിലേക്ക് വരുന്നത്. റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും രാഷ്ട്രീയപാര്‍ട്ടിക്കാരുമുള്‍പ്പെടെ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നിലെത്തുകയും ചെയ്തു.

പോലീസ് കുളത്തിന്റെ ഉടമയുടെ മകനെ വിളിപ്പിച്ചു. എന്നിട്ട് ഇവരുള്‍പ്പെടെയുള്ളവര്‍ ഈ വിവിരം പുറത്തുവിട്ടുകഴിഞ്ഞാല്‍ ഇവിടെ പ്രശ്‌നങ്ങളുണ്ടാവും. അതുകൊണ്ട് അച്ഛനുമായി ബന്ധപ്പെട്ട് എത്രയും വേഗം ആ കുളം മൂടാനുള്ള നടപടിയെടുക്കണം. അല്ലെങ്കില്‍ വേലികെട്ടി നിങ്ങളുടെ സ്വകാര്യ ആവശ്യത്തിന് മാത്രമായി താഴിട്ട് പൂട്ടണം. അല്ലെങ്കില്‍ അവിടെ സംഘര്‍ഷമുണ്ടാവും എന്നാണ് പോലീസ് അദ്ദേഹത്തോട് പറയുന്നത്. ഇവിടെ ജാതിക്കുളമൊന്നുമില്ല,എല്ലാം നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതെന്നായിരുന്നു പോലീസിന്റെ കമന്റ്. പിന്നീട് നിങ്ങള്‍ക്കെതിരെ ഒരു സ്ത്രീയുടെ പരാതിയുണ്ട്, നിങ്ങള്‍ക്കെന്തെങ്കിലും പരാതിയുണ്ടോ എന്നായി പോലീസ്. ഞങ്ങളെ മണിക്കൂറുകളോളം തടഞ്ഞുവക്കുകയും ഹര്‍ഷനെ മര്‍ദ്ദിക്കുകയും ചെയ്തു. അതിന്റെയെല്ലാം വിഷ്വല്‍സ് ഞങ്ങളുടെ കയ്യിലുണ്ട്. അത് പരിശോധിക്കാം എന്നും പരാതിയുണ്ടെന്നും ഞങ്ങള്‍ പറഞ്ഞു. കുളിക്കടവില്‍ വച്ച് കണ്ട സ്ത്രീയെ ഞാന്‍ വീട്ടില്‍ കയറി വെട്ടും എന്ന് പറഞ്ഞതായാണ് അവര്‍ പരാതി നല്‍കിയത്. അവരോട് സംസാരിച്ചതിന്റെ വിഷ്വല്‍സും കയ്യിലുണ്ട്, അതും പരിശോധിച്ച് തീരുമാനമെടുത്തുകൊള്ളാന്‍ പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ അക്കാര്യങ്ങളെല്ലാം പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുകൂട്ടര്‍ക്കും പരാതിയുള്ളതിനാല്‍ ശനിയാഴ്ച ഇരുകൂട്ടരും സ്റ്റേഷനില്‍ വരണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആള്‍ക്കൂട്ടം കൈകാര്യം ചെയ്തതും രണ്ട് മണിക്കൂറോളം വിചാരണ ചെയ്തതുമുള്‍പ്പെടെ ഞങ്ങളും പരാതി നല്‍കിയിട്ടുണ്ട്.

പക്ഷെ എനിക്ക് ആ കേസിലൊന്നുമല്ല പേടി. ഈ രണ്ട് മണിക്കൂറും നമ്മളെ വച്ചുകൊണ്ട് ആ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഞങ്ങളെ തിരക്കി വന്നവരെ തൊടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് ദളിത് സ്ത്രീകള്‍ അവിടെ ഞങ്ങളുടെ സംരക്ഷണക്കായി എത്തി. ഞങ്ങളെ തൊട്ടിട്ടേ ഇവരെ തൊടാന്‍ പറ്റൂ എന്ന് ആ പ്രായമായ അമ്മ പോലും ശക്തമായി പറഞ്ഞു. ഒരുസമയത്ത് ഇവര്‍ എന്നെ തല്ലും എന്ന് ബോധ്യപ്പെട്ടപ്പോള്‍ ‘മോളെ നീ അകത്തുകയറെടാ, ഞങ്ങക്കറിയാം അവര് നിന്നെ തല്ലും ‘ എന്ന് പറഞ്ഞ് ആ സ്ത്രീ എന്നെ അവരുടെ വീടിനുള്ളിലേക്ക് കയറ്റി വാതിലടച്ചു. ശരിക്കും ആ എട്ട് കുടുംബങ്ങള്‍ സാമൂഹികമായ ഊരുവിലക്കാണ്. അവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു വഴിയുമില്ല. ഏതെങ്കിലും തരത്തില്‍ മാധ്യമങ്ങള്‍ക്കോ പുറംലോകത്തിനോ സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ എന്തെങ്കിലും പറഞ്ഞാല്‍ ഇവിടെ നിന്ന് ഓടിക്കും എന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ‘മക്കളേ നിങ്ങള്‍ ഇവിടെ നിന്ന് പോയില്ലെങ്കില്‍ ഇവര്‍ ഞങ്ങളെ കൊല്ലും. നമ്മടെ മക്കളേ കുഞ്ഞുമക്കളേം വിചാരിച്ച് എന്റെ മക്കള് പോലീസുകാരോടൊപ്പം ചെല്ല്’ എന്ന് പറഞ്ഞുകൊണ്ടാണ് അവിടത്തെ ദളിത് സ്ത്രീകള്‍ ഞങ്ങളെ പോലീസിനടുത്തേക്ക് വിടുന്നത്. അത് പറയുന്ന ആ മനുഷ്യരെയാണ് കേരളം ഭരിക്കുന്നവര്‍ കേള്‍ക്കേണ്ടത്. എത്രകാലം അവര്‍ ഭീഷണികള്‍ക്കടിപ്പെട്ട് ജീവിക്കും?’

സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ വാര്‍ഡ് കൗണ്‍സിലറെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല. ഇരുകൂട്ടരം നല്‍കിയ പരാതികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച രാവിലെ എല്ലാവരോടും സ്‌റ്റേഷനില്‍ ഹാജരാവാന്‍ പറഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ പരിശോധിച്ച ശേഷം വേണ്ട നടപടികളെടുക്കുമെന്നും പോലീസ് അറിയിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ദളിതനെ കുളിപ്പിച്ച് ജാതി കളയിക്കുന്ന അയിത്തകേരളത്തിന്റെ പുരോഗമനനാട്യങ്ങള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍