UPDATES

കേരളത്തില്‍ വീണ്ടും ഭൂസമരങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു

കേരളത്തിലെ ഭൂരഹിതരായ ദളിത്-ആദിവാസി-തോട്ടം തൊഴിലാളി-മത്സ്യത്തൊഴിലാളി-ഇതര പിന്നോക്ക വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ട ഹാരിസണ്‍ എസ്റ്റേറ്റ് ഭൂമി പിടിച്ചെടുക്കാനാണ് പത്തനംതിട്ടയില്‍ ചേര്‍ന്ന ഭൂഅവകാശ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചിട്ടുള്ളത്

കേരളത്തില്‍ വീണ്ടും ഭൂസമരങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. ഹാരിസണ്‍ മലയാളം ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളുടെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കാനുള്ള ആലോചനകള്‍ വിവിധ ദളിത്-ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ തുടങ്ങി. വിവിധ തോട്ടം കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യാത്ത പക്ഷം ഭൂമിക്കായുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനും ആ ഭൂമിയില്‍ പ്രവേശിച്ച് അവ പിടിച്ചെടുക്കാനുമാണ് ദളിത്- ആദിവാസി സംഘടനകളുടേയും നേതാക്കളുടേയും തീരുമാനം. കേരളത്തിലെ ഭൂരഹിതരായ ദളിത്-ആദിവാസി-തോട്ടം തൊഴിലാളി-മത്സ്യത്തൊഴിലാളി-ഇതര പിന്നോക്ക വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ട ഹാരിസണ്‍ എസ്റ്റേറ്റ് ഭൂമി പിടിച്ചെടുക്കാനാണ് പത്തനംതിട്ടയില്‍ ചേര്‍ന്ന ഭൂഅവകാശ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ മുത്തങ്ങയ്ക്കും ചെങ്ങറയ്ക്കും അരിപ്പയ്ക്കും ശേഷം ഒത്തുചേര്‍ന്നുള്ള ഭൂസരങ്ങളിലേക്കാണ് കേരളത്തിലെ വിവിധ ദളിത്-ആദിവാസി പ്രസ്ഥാനങ്ങള്‍ നീങ്ങുന്നത്.

2015-ല്‍ ഡോ. രാജമാണിക്യം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തോട്ടം കമ്പനികളുടെ കൈവശമുള്ള അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്ന റിപ്പോര്‍ട്ടാണ് നിയമവകുപ്പ് സെക്രട്ടറി ജി. ഹരീന്ദ്രനാഥ് ഭരണവകുപ്പിനും റവന്യൂ വകുപ്പിനും സമര്‍പ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അത് തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. രാജമാണിക്യത്തിന്റേതുള്‍പ്പെടെ അഞ്ചോളം റിപ്പോര്‍ട്ടുകള്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ളപ്പോഴും സ്ഥലമേറ്റെടുക്കാനും ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യാനും സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. സര്‍ക്കാരിലുള്ള തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ട സ്ഥിതിക്ക് ഇനി പ്രക്ഷോഭ മാര്‍ഗങ്ങളിലേക്ക് കടക്കുക മാത്രമാണ് വഴിയെന്ന് അരിപ്പ് ഭൂസമര നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ പറയുന്നു. പല തലത്തില്‍ പല മേഖലകളിലായി സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ദളിത് ആദിവാസി നേതാക്കളും ഭൂ അവകാശ സംരക്ഷണ സമിതിയും ഉന്നയിക്കുന്നത്. ഒരു ലക്ഷത്തിലധികം ഭൂമിയുടെ ഉടമസ്ഥത ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലാണെന്ന് കമ്പനി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ആ ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസമുണ്ടാവരുതെന്നാണ് ഇവരുടെ വാദം. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പ്രകാരം വിദേശികള്‍ക്ക് ഇന്ത്യയില്‍ ഭൂഉടമസ്ഥത നിനിര്‍ത്താനാവില്ല. അതിനാല്‍ കേവലം ഒരു ഓര്‍ഡിനന്‍സിലൂടെ മാത്രം ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാമെന്നിരിക്കെ സര്‍ക്കാര്‍ അതില്‍ നിന്ന് പിന്നോക്കം പോവരുതെന്നാണ് ഭൂ അവകാശ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടത്. അത് സര്‍ക്കാര്‍ ഏറ്റെടുക്കാത്ത പക്ഷം തങ്ങള്‍ അവകാശം സ്ഥാപിക്കുമെന്നും കണ്‍വന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകളില്‍ ഇനി വഞ്ചിതരാവാന്‍ തങ്ങളില്ലെന്ന് ശ്രീരാമന്‍ കൊയ്യോന്‍ പറയുന്നു.

ശ്രീരാമന്‍ കൊയ്യോന്റെ വാക്കുകളിലേക്ക്: “കേരളത്തിലെ വിവിധ ദളിത്-ആദിവാസി പ്രസ്ഥാനങ്ങളും അരിപ്പ, ചെങ്ങറ സമരസമിതിക്കാരുമടക്കം നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോവുകയാണ്. ഇതില്‍ പലകാര്യങ്ങളുണ്ട്. ഒന്ന്, ഹാരിസണ്‍ മലയാളവുമായുള്ള കേസുകള്‍ അന്തിമവാദത്തിനായി ഹൈക്കോടതിയില്‍ ഇരിക്കുകയാണ്. ബ്രിട്ടീഷ് സര്‍ക്കാരിന് കേരളത്തിലെ ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ പറ്റില്ല എന്ന് കോടതിയില്‍ സ്ഥാപിക്കേണ്ടതുണ്ട്. പക്ഷെ അത് സ്ഥാപിക്കണമെങ്കില്‍ ചില തടസ്സങ്ങളുണ്ട്. അത് ഞങ്ങള്‍ ചൂണ്ടിക്കാട്ടും. ഹൈക്കോടതി ചീഫ് ജസ്റ്റിസും, ഒരു ജഡ്ജിയുമടക്കം ചിലര്‍ മുമ്പ് ഹാരിസണ് വേണ്ടി പല കേസുകളിലും വാദിച്ചിട്ടുള്ളവരാണ്. ഹാരിസണ് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ കമ്പനിക്കെതിരായി നടപടിയെടുക്കുമെന്നോ നീതി നടപ്പാക്കുമെന്നോ ഞങ്ങള്‍ക്ക് വിശ്വാസമില്ല. അതിനാല്‍ അത് പൊതുജനത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഹൈക്കോടതി മാര്‍ച്ച് ആവും ആദ്യം നടത്തുക. ഞങ്ങളുടെ സംശയങ്ങള്‍ സുപ്രീം കോടതിയേയും പ്രസിഡന്റിനേയും ബോധ്യപ്പെടുത്താനും ശ്രമിക്കും.

രണ്ട്, അഞ്ചേകാല്‍ ലക്ഷം ഏക്കറിനടുത്ത് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് രാജമാണിക്യം റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. അതായത് ഇവിടെ ഭൂമി ലഭ്യമാണ്. എത്ര പേരെന്ന് സര്‍ക്കാരിന്റെ കയ്യില്‍ കണക്കില്ലെങ്കിലും ഭൂരഹിതരായ ലക്ഷക്കണക്കിന് പേരുണ്ട്. കേരളത്തിലെ ഭൂരഹിതരായവരെക്കൊണ്ട് സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിപ്പിക്കുക എന്നതാണ് അടുത്തതായി ചെയ്യാനുദ്ദേശിക്കുന്നത്. ഇതിനുള്ള അപേക്ഷാ ഫോം അപേക്ഷകര്‍ക്ക് സൗജന്യമായി എത്തിച്ച് നല്‍കും.

മൂന്ന്, വ്യാജരേഖകള്‍ ചമച്ച് ഇക്കാലമത്രയും ഹാരിസണ്‍ കമ്പനി ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്. വലിയ സാമ്പത്തിക ഇടപാടുകളിന്‍മേല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കൊണ്ടുവരണമെന്ന് ആവശ്യപ്പെടും. ഭൂമി കൈവശം വയ്ക്കുന്നതിലെ ക്രമക്കേട് മുതല്‍ ഓരോന്നും അക്കമിട്ട് നിരത്തി അന്വേഷണം ആവശ്യപ്പെടും. അതിനായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ഭൂരഹിതരായവരെ നേരിട്ട് ചെന്നു കണ്ട് കാമ്പയിന്‍ നടത്തി അവരെ സംഘടിപ്പിച്ച് മാര്‍ച്ച് നടത്തുകയാണ് പ്രധാന പദ്ധതി. അങ്ങനെ സര്‍ക്കാരിന്റേയും പൊതുജനങ്ങളുടേയും ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവരികയും ഹാരിസണ്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഇടപെടലുകള്‍ക്കായി ശ്രമിക്കുകയും ചെയ്യും. ഭൂരഹിതരായവരെ എസ്റ്റേറ്റില്‍ പ്രവേശിപ്പിക്കുകയും ഭൂമി പിടിച്ചെടുക്കുകയും തന്നെ ചെയ്യും. ഭൂമിയേറ്റെടുത്താല്‍ ഉണ്ടാവുന്ന തൊഴിലാളി പ്രശ്‌നമാണ് പലപ്പോഴും സര്‍ക്കാര്‍ മുന്നില്‍ നിര്‍ത്താറ്. എന്നാല്‍ തോട്ടം തൊഴിലാളികള്‍ക്കുള്‍പ്പെടെ ഹാരിസണ്‍ എസ്റ്റേറ്റ് ഭൂമി ലഭ്യമാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.’

വലിയ നിയമ പോരാട്ടങ്ങളോ സാങ്കേതിക പ്രശ്‌നങ്ങളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നിരിക്കെ അതിന് സമ്മര്‍ദ്ദം ചെലുത്തുക കൂടിയാണ് സമരക്കൂട്ടായ്മയുടെ ലക്ഷ്യം. എന്നാല്‍ അക്കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടും സര്‍ക്കാരുകള്‍ ഹാരിസണ് നല്‍കുന്ന ആനുകൂല്യങ്ങളെക്കുറിച്ചാണ് സമരത്തിനിറങ്ങുന്നവര്‍ പറയുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ സ്വന്തം ഭൂമിയോ, വീടോ ഇല്ലാതെ തെരുവില്‍ കഴിയുമ്പോള്‍ കോര്‍പ്പറേറ്റുകളെ മാത്രം മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സംരക്ഷിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

ഹാരിസണ്‍ ബ്രിട്ടീഷ് ഉടമസ്ഥതയില്‍

2013-ല്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് വന്നപ്പോഴാണ് കോടതി ഹാരിസണോട് പ്രമാണം ആവശ്യപ്പെട്ടത്. പ്രമാണ പ്രകാരം 1971-ലാണ് കമ്പനിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ അത് അക്കാലത്ത് തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്ന തരം പേപ്പര്‍ ആയിരുന്നില്ല. തിരുവിതാംകൂറില്‍ അന്ന് ശംഖ് ആയിരുന്നു ചിഹ്നം. ആധാരം വ്യാജമായി ചമച്ചതാണെന്നും ഭൂമി ഏറ്റെടുക്കാനും കോടതി ഉത്തരവിട്ടു. ഹാരിസണ്‍ മലയാളം കമ്പനിയുടെ നൂറുശതമാനം ഓഹരികളും കൈയ്യടക്കി വെച്ചിരുന്നത് ബ്രിട്ടീഷ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ആമ്പിള്‍ഡൗണായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹാരിസണരായ നടപടികള്‍ ശക്തമാകുകയും ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി വിധി വരികയും ചെയ്ത സാഹചര്യത്തിലാണ് 2016 സെപ്തംബര്‍ 27ന് ആമ്പിള്‍ഡൗണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ പിരിച്ചു വിടുന്നതും കമ്പനി പിരിച്ചുവിടാന്‍ ബ്രിട്ടീഷ് കമ്പനി ഹൗസിനു കത്തു നല്‍കുന്നതും. തുടര്‍ന്നാണു ബ്രിട്ടീഷ് കമ്പനി നിയമപ്രകാരം കമ്പനിയുടെ ആസ്തികള്‍ ബ്രിട്ടീഷ് സര്‍ക്കാരിലേക്ക് മാറ്റപ്പെടുന്നത്. നിലവില്‍ ഇന്ത്യയിലെ നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കേരളത്തില്‍ എണ്‍പതിനായിരത്തോളം സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈയ്യടക്കി വെച്ചിരിക്കുന്നത്.

സാമൂഹ്യ പ്രവര്‍ത്തകനായ കെ. സന്തോഷ്‌കുമാര്‍ പറയുന്നത്: “നിയമത്തിന്റെ പിന്‍ബലം ഉണ്ടായിട്ടും കോടതി ഉത്തരവുണ്ടായിട്ടും ഭൂമി ഏറ്റെടുക്കാതെ ഹാരിസണ്‍ മലയാളത്തെ സഹായിക്കുകയും ഭൂമി ഏറ്റെടുക്കല്‍ നടപടിയെ അട്ടിമറിക്കുകയുമാണു ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. ഹാരിസണ്‍ മലയാളം ലിമിറ്റഡ് നിയമവിരുദ്ധമായും അനധികൃതവുമായാണ് എണ്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്നതെന്ന് നിവേദിത പി ഹരന്‍ റിപ്പോര്‍ട്ട്, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മറ്റി റിപ്പോര്‍ട്ട്, ഡി സജിത്ത് ബാബു റിപ്പോര്‍ട്ട്, നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ട്, ഡോ എം ജി രാജമാണിക്യം റിപ്പോര്‍ട്ട് തുടങ്ങിയ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2013 ഫെബ്രുവരി 28ന് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് പി വി ആശ, ഹാരിസണ്‍ കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഭൂസംരക്ഷണ നിയപ്രകാരം ഏറ്റെടുക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഡോ. എം ജി രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നത്. എന്നാല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാതെയും കോടതി നടപടികള്‍ സ്വീകരിക്കാതെയും സ്‌പെഷ്യല്‍ ഓഫീസിന്റെ അധികാരം ദുര്‍ബലപ്പെടുത്തിയും ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ അട്ടിമറിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍.

ഹാരിസണ്‍ മലയാളവും സര്‍ക്കാരും തമ്മിലുള്ള കേസ് കോടതി മൂന്ന് പ്രാവശ്യം പരിഗണിച്ചപ്പോഴും കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അഭിഭാഷകര്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആറ് അഭിഭാഷകരെ ഹാരിസണ്‍ കേസ് വാദിക്കുന്നതിനായി നിയമിച്ചത്. ഒരാളുപോലും ഈ അന്വേഷണ കമ്മീഷനുകളെ മുന്‍നിര്‍ത്തിയോ വിജിലന്‍സ് റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയോ കോടതിയില്‍ വാദിച്ചിട്ടില്ല. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യം ചെയ്തത് ഹാരിസണ്‍-ടാറ്റ കേസുകള്‍ സൂക്ഷ്മമായും കൃത്യമായും പഠിക്കുകയും കോടതിയില്‍ കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ നല്‍കി അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ മാറ്റുകയായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഭൂമി ഏറ്റെടുക്കാന്‍ കോടതി ഉത്തരവിടുന്നത്. ഈ നടപടികളെ മുഴുവന്‍ തോട്ടം കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്”

ഭൂമി എന്ന അധികാരവും രാഷ്ട്രീയവും

സര്‍ക്കാരില്‍ നിന്ന് ഇതുവരെയുണ്ടായിട്ടുള്ള സമീപനം യാതൊരു വിധത്തിലും ഭൂരഹിതരായ ദളിതരേയോ ആദിവാസികളേയോ മറ്റ് പിന്നോക്കവിഭാഗങ്ങളേയോ സഹായിക്കാനുള്ളതല്ല എന്ന ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഭൂമി അധികാരവും അവകാശവുമാണെന്ന് പൊതുജനത്തോടും സര്‍ക്കാരിനോടും വിളിച്ചുപറയാന്‍ തങ്ങള്‍ വീണ്ടും നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഭൂ അവകാശ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. വിഭവാധികാരത്തിന്റെ രാഷ്ട്രീയവും അതിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക അനിവാര്യതയെക്കുറിച്ചുമായിരിക്കും ഇതുവഴി സംവദിക്കുക എന്നും അവര്‍ പറയുന്നു. സന്തോഷ് കുമാര്‍ തുടരുന്നു: “വിഭവങ്ങളുടെ ഉടമസ്ഥതയും അധികാരവും ഇല്ലാതെ ഇനി മുന്നോട്ടുപോവാനാവില്ല എന്ന് തന്നെയായിരിക്കും മുന്‍ സമരങ്ങളിലേത് പോലെ തന്നെ വരാനിരിക്കുന്ന സമരവും മുന്നോട്ട് വയ്ക്കുന്ന കാര്യം. ഭൂമി ആവശ്യപ്പെടുമ്പോള്‍ എല്ലാവരും കൃഷി ചെയ്യാനുള്ള ഭൂമിയല്ല ആവശ്യപ്പെടുന്നത്. ചിലര്‍ കൃഷി ചെയ്യും. മറ്റ് ചിലര്‍ക്ക് അത് അസറ്റ് ആയിരിക്കും. രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികമായുമുള്ള ഉയര്‍ച്ചയ്ക്ക് ഭൂമിയുടെ അവകാശവും അധികാരവും ആവശ്യം തന്നെയാണ്. ഭൂമി എന്നതാണ് സമരത്തിന്റെ കേന്ദ്രമുദ്രാവാക്യം.

ഭൂരഹിതരായവരില്‍ ദളിതരും ആദിവാസികള്‍ക്കുമൊപ്പം മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ഇതരവിഭാഗക്കാരുമെല്ലാമുണ്ടാവും. പക്ഷെ ഭൂമിയുടെ ആവശ്യം എന്നത് തന്നെയാണ് അവരിലെ പൊതുവായ കാര്യം. അത് നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിലൊരു മൂവ്‌മെന്റ് ഉണ്ടായാല്‍ മാത്രമേ പല കാര്യങ്ങളും സമൂഹം അറിയൂ. കുടില്‍കെട്ടി സമരത്തില്‍ ഉണ്ടാക്കിയ കരാറുണ്ട്, മുത്തങ്ങ സമരത്തിന് ശേഷമുള്ള മുത്തങ്ങ പാക്കേജ് ഉണ്ട്, ചെങ്ങറയിലെ വാഗ്ദാനമുണ്ട്. പക്ഷെ ഇതില്‍ ഏതാണ് നടപ്പിലായത്? ചെങ്ങറയിലെ വളരെ ചുരുക്കം പേര്‍ക്കേ വാസയോഗ്യമായ ഭൂമി ലഭിച്ചുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ക്കിനി സര്‍ക്കാരിന് മുന്നില്‍ വയ്ക്കാന്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ല. ഇനി സര്‍ക്കാര്‍ ചെയ്യണം. അല്ലെങ്കില്‍ ഞങ്ങള്‍ അത് ഏറ്റെടുത്ത് ചെയ്യും.”

ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ എവിടെയാണ് ഭൂമിയുള്ളതെന്ന് രാജമാണിക്യം ചൂണ്ടിക്കാണിച്ചിരിക്കുന്നു; നടപ്പാക്കാന്‍ ധൈര്യമുണ്ടോ ഇടതുസര്‍ക്കാരിന്?

ടാറ്റയ്ക്കും ഹാരിസണിനും കുടപിടിച്ച് സര്‍ക്കാര്‍; രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നു

അരിപ്പ ഭൂസമരം തുടങ്ങിയിട്ട് 5 വര്‍ഷം; സെക്രട്ടറിയേറ്റ് പടിക്കല്‍ 110 ദിവസം: ഓമന കാളകെട്ടി സംസാരിക്കുന്നു

ഭൂരഹിതര്‍ക്ക് ഭൂമിദാനം ചെയ്ത് വാര്‍ത്തയായ നടരാജന്‍ ഇപ്പോള്‍ സര്‍ക്കാര്‍ കണ്ണില്‍ മരംകൊള്ളക്കാരന്‍

ടി ആര്‍ ആന്‍ഡ് ടി മറ്റൊരു ഹാരിസണ്‍

സുശീല ആര്‍ ഭട്ടിനെ പറഞ്ഞു വിടുന്നവരോട്; നിങ്ങളുടെ കൂറ് ആരോടാണ്?

ഒടുവില്‍ ഹാരിസണിന്റെ അനധികൃത ഭൂമി ഏറ്റെടുക്കുന്നു; വന്‍ തട്ടിപ്പിന്റെ നീണ്ട വര്‍ഷങ്ങളിലൂടെ

ആത്മപരിശോധനയല്ല, ആദ്യം വേണ്ടത് കങ്കാണിപ്പണിക്കു കൂട്ടുനിന്ന നേതാക്കന്മാരെ പുറത്താക്കുകയാണ്

കോളനികള്‍ വിട്ട് കൃഷിയിടത്തിലേക്ക്, പുറമ്പോക്ക് വിട്ട് പൊതുവിടത്തിലേക്ക്: ചലോ തിരുവനന്തപുരത്തിന് തുടക്കം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍