UPDATES

ട്രെന്‍ഡിങ്ങ്

ക്വാറി സന്ദര്‍ശിച്ച് സമരപ്പന്തലില്‍ കയറാതെ മന്ത്രി, ആദിവാസി സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്, രണ്ടു പേര്‍ ജയിലില്‍, മുണ്ടത്തടം ക്വാറി സമരം രൂക്ഷമാകുന്നു

മഴക്കാലം കൂടിയെത്തിയതോടെ മുണ്ടത്തടം കോളനിയില്‍ താമസിക്കുന്ന പത്തോളം മാവിലര്‍ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്

ശ്രീഷ്മ

ശ്രീഷ്മ

“പതിമൂന്നു ദിവസമായി സമരം തുടങ്ങിയിട്ട്. ഇത്രയും ദി വസമായി ഞങ്ങളെല്ലാം ജോലിക്കു പോലും പോകാതെ സമരപ്പന്തലില്‍ത്തന്നെയാണ്. സ്‌കൂള്‍ തുറന്നിട്ടും കുട്ടികള്‍ പഠിക്കാന്‍ പോയിത്തുടങ്ങിയിട്ടില്ല. എല്ലാവരും പന്തലില്‍ത്തന്നെയുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വന്നു, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വന്നു. ക്വാറി സന്ദര്‍ശിച്ചതല്ലാതെ രണ്ടു പേരും സമരപ്പന്തലിലെത്തി ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. ക്വാറി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ട് ഒരു വണ്ടിയില്‍ ആറു ലോഡ് വച്ച് പതിനെട്ടു വണ്ടികള്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നെങ്കില്‍, ഇപ്പോള്‍ ദിവസം ആകെ രണ്ടു ലോഡേ പോകുന്നുള്ളൂ എന്നുമാത്രം. ക്രഷറിന്റെ പണി നിര്‍ത്തിക്കാനാണ് ഞങ്ങള്‍ റോഡിലിറങ്ങി സമരം ചെയ്തത്. ക്രഷറിന്റെ പണി പക്ഷേ, ഇപ്പോഴും നടക്കുന്നുണ്ട്. പോലീസ് ഞങ്ങളെ വലിച്ചിഴച്ച് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെ അറസ്റ്റിലായിട്ടുള്ള രണ്ടു പേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ഇത്രയൊക്കെയായിട്ടുണ്ടെങ്കിലും, പലയിടത്തു നിന്നും പിന്തുണയറിയിച്ച് ആളുകള്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ സമരം ഇനിയും ശക്തിപ്പെടുത്താനാണ് തീരുമാനം”, കാസര്‍കോട് പരപ്പ മുണ്ടത്തടം കോളനിയിലെ ക്വാറി സമരനേതാവ് രാധ വിജയനാണ് പറയുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ രാധയുടെയും സാധുജന പരിഷത്ത് അടക്കമുള്ള സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ക്വാറി വിരുദ്ധ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. മുണ്ടത്തടം-മാലൂര്‍ക്കയം കോളനിയിലെ ഗോത്രവിഭാഗക്കാരടക്കം പങ്കെടുക്കുന്ന സമരം, അക്ഷരാര്‍ത്ഥത്തില്‍ ‘രാപ്പകല്‍’ സമരം തന്നെയാണ്.

സമരം ആരംഭിച്ച ദിവസം മുതല്‍ക്ക് സമരപ്പന്തലില്‍ത്തന്നെയാണ് മുണ്ടത്തടം കോളനിയിലെ ജനങ്ങളില്‍ ഭൂരിഭാഗം പേരുമുള്ളത്. ജോലി പോലും മാറ്റിവച്ച്, പന്തലിനു മുന്നില്‍ വച്ചിട്ടുള്ള ബക്കറ്റില്‍ ആളുകള്‍ നിക്ഷേപിക്കുന്ന സംഭാവന കൊണ്ട് കഞ്ഞിവച്ച് സമരപ്പന്തലില്‍ വച്ചു തന്നെ പങ്കിട്ടുകുടിച്ചാണ് ഇവര്‍ ക്വാറിയുടമയ്ക്കും അധികാരികള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കുന്നത്. ക്വാറി മൂലം അരക്ഷിതാവസ്ഥയിലായ തങ്ങളുടെ ജീവിതം തിരിച്ചുപിടിച്ച ശേഷം മതി കുട്ടികളുടെ വിദ്യാഭ്യാസം പോലും എന്നാണു തീരുമാനം. സ്‌കൂളില്‍ പോകാതെ കുട്ടികളും സമരപ്പന്തലിലുണ്ട്. നാളിത്രയായിട്ടും, അധികൃതര്‍ മാത്രം ഇവിടേക്ക് എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും, ക്വാറി മാത്രം സന്ദര്‍ശിച്ച് മടങ്ങുകയാണ് ചെയ്തതെന്ന് സമരക്കാര്‍ പറയുന്നു. മന്ത്രി സ്ഥലത്തെത്തിയത് ആശ്വാസമായിത്തോന്നിയെങ്കിലും, സമരപ്പന്തലിലേക്ക് കയറാന്‍ പോലും കൂട്ടാക്കാതിരുന്നതില്‍ ഇവര്‍ക്ക് പ്രതിഷേധമുണ്ട്. “ക്വാറി സന്ദര്‍ശിച്ചു പോയിട്ടും മന്ത്രി സമരപ്പന്തല്‍ സന്ദര്‍ശിച്ചില്ല. സമരക്കാരോട് സംസാരിക്കാന്‍ ഞങ്ങളില്‍ രണ്ടു പേരെ പി.എ റോഡിലേക്ക് വിളിപ്പിച്ചിരുന്നു. ഞങ്ങളെ കാണാനും ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനുമാണ് മന്ത്രി വന്നിരിക്കുന്നതെങ്കില്‍, സമരപ്പന്തലില്‍ കയറി സംസാരിക്കണം എന്നുതന്നെയായിരുന്നു എല്ലാവരുടെയും അഭിപ്രായം. അതുകൊണ്ട് ആരും റോഡിലേക്ക് ഇറങ്ങി ചര്‍ച്ചയ്ക്ക് തയ്യാറായില്ല.”

മുണ്ടത്തടം ക്വാറി സമരം അഴിമുഖം പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: ക്വാറി മാഫിയ ഇടിച്ചു തകര്‍ക്കുന്ന മുണ്ടത്തടത്തെ ആദിവാസി ജീവിതം; കൂട്ടിന് പോലീസും

ആദ്യ ഘട്ടം മുതല്‍ക്കു തന്നെ സമരത്തില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല എന്ന് കോളനിക്കാര്‍ ആരോപിച്ചിരുന്ന കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് വിധുബാലയും കഴിഞ്ഞ ദിവസം ഇവിടെയെത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റും സമരപ്പന്തലിലെത്തി കോളനിയിലെ ജനങ്ങളെ കാണാന്‍ തയ്യാറായില്ലെന്നാണ് ഇവരുടെ പരാതി. ക്വാറിയുടെ പ്രവര്‍ത്തനം തീര്‍ത്തും നിയമവിധേയമാണെന്നും, അതുകൊണ്ടു തന്നെ വിഷയത്തിലിടപെടാനാകില്ലെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. ക്വാറിക്കെതിരെ ഇന്നലെവരെ ശബ്ദമുയര്‍ത്താത്തവരും ക്വാറിയില്‍ ജോലി നോക്കിയിരുന്നവരും ക്വാറിക്കായി സ്ഥലം വിറ്റവരുമെല്ലാം ഇപ്പോള്‍ സമരം ചെയ്യുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും പ്രസിഡന്റ് ആരോപിച്ചിരുന്നു. എന്നാല്‍, ഇത്രയേറെ വര്‍ഷങ്ങളായി മുണ്ടത്തടത്ത് ക്വാറിയുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും തലപൊക്കിയിട്ടും, തങ്ങളെ സന്ദര്‍ശിച്ച് വിവരമന്വേഷിക്കാന്‍ പ്രസിഡന്റ് എത്തിയിട്ടില്ല എന്നതില്‍ സമരക്കാര്‍ക്ക് പ്രതിഷേധമുണ്ട്. “നാലു വര്‍ഷമായി അവര്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നു. ഇന്നേവരെ ഈ പ്രദേശം ഒന്നു സന്ദര്‍ശിച്ചിട്ടില്ല. ഇവിടെ ഊരുകൂട്ടങ്ങള്‍ നടക്കുന്നുണ്ട്. അതില്‍പ്പോലും പങ്കെടുത്തിട്ടില്ല. അങ്ങനെയൊരാള്‍ക്ക് എങ്ങിനെയാണ് ഇവിടത്തെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുക?”, സമരക്കാര്‍ ചോദിക്കുന്നു.

ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും, ഒപ്പം അംഗീകാരമില്ലാതെ സ്ഥാപിക്കാനൊരുങ്ങുന്ന ക്രഷറിന്റെ പദ്ധതി പിന്‍വലിക്കാനും ആവശ്യപ്പെട്ടായിരുന്നു രാപ്പകല്‍ സമരം ആരംഭിച്ചത്. എന്നാല്‍, സമരം പതിമൂന്നാം ദിവസത്തിലെത്തുന്ന ഇന്നലെയും, ക്വാറിയില്‍ നിന്നും കരിങ്കല്ല് വാഹനങ്ങളില്‍ പുറത്തേക്ക് പോകുന്നുണ്ട്. ഇടക്കാലത്ത് സമരത്തിന്റെ കാഠിന്യം ഭയന്ന് ക്വാറിയിലേക്ക് ജോലിക്കാര്‍ എത്താതിരുന്നിട്ടുണ്ടെങ്കിലും, ഇപ്പോള്‍ പതിഞ്ഞ താളത്തിലാണെങ്കിലും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ദിവസേന രണ്ടു ലോഡ് ഇപ്പോള്‍ ഇവിടെ നിന്നും പോകുന്നുമുണ്ട്. ക്രഷറിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ല എന്ന് സമരക്കാര്‍ ശഠിച്ചിരുന്നെങ്കിലും, എതിര്‍പ്പ് അവഗണിച്ച് ആ ജോലികളും ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്.

Also Read: കാസര്‍കോട് മുണ്ടത്തടം ക്വാറി സമരം: രണ്ടു പേര്‍ അറസ്റ്റില്‍, സിപിഎം നേതാവായ ക്വാറി മുതലാളിയെ പഞ്ചായത്ത് സംരക്ഷിക്കുന്നെന്ന് സമരക്കാര്‍

മേയ് 30-ന് ക്രഷറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന വാഹനങ്ങള്‍ ക്വാറിയിലേക്ക് കടത്തിവിടാതെ തടഞ്ഞപ്പോള്‍, സമരപ്പന്തലിലെ ആദിവാസി സ്ത്രീകളടക്കമുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ബലമായി പിടിച്ചുമാറ്റുകയും ചെയ്തിരുന്നു. സമരക്കാര്‍ക്ക് പരിക്കേറ്റതിന് യാതൊരു വിധ നടപടികളും ഉണ്ടായില്ലെന്നു മാത്രമല്ല, സമരക്കാര്‍ക്കെതിരെ തന്നെ കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സമരത്തിന്റെ മുന്‍പന്തിയിലുള്ള ആദിവാസി സ്ത്രീകളടക്കമുള്ളവര്‍ ഇപ്പോള്‍ പോലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസുകളില്‍ പ്രതികളാണ്. ഇവരില്‍ സജിത്ത്, രാമന്‍ എന്നീ രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇരുവരും ഇപ്പോഴും കാസര്‍കോട് ചെമ്മട്ടംവയല്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്.

“മുന്നില്‍ നില്‍ക്കുന്ന പത്തു പന്ത്രണ്ടു പേര്‍ക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ പ്രകാരമെല്ലാം കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ രണ്ടു പേര്‍ക്ക് ഇപ്പോഴും ജാമ്യം കിട്ടിയിട്ടില്ല. അവര്‍ ചെയ്ത തെറ്റെന്താണെന്ന് ഞങ്ങള്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അമ്മയെ കഴുത്തു പിടിച്ച് ഞെരിച്ചപ്പോള്‍ തടഞ്ഞതിനാണ് സജിത്തിനെതിരെ കേസെടുത്തത്. തോര്‍ത്തില്‍ കല്ലു കെട്ടി അടിച്ചു എന്നൊക്കെയാണ് പോലീസുകാര്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും എതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഞങ്ങളിപ്പോള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്ന സ്ഥിതിയാണ്. പ്രതികരിക്കുന്നവരെ എല്ലാവരെയും മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കിക്കളഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ ക്രഷറിലേക്ക് വാഹനങ്ങള്‍ പോകുമ്പോള്‍ തടയാനും സാധിക്കുന്നില്ല”, രാധാ വിജയന്‍ പറയുന്നു. പതിമൂന്നു ദിവസമായി തങ്ങള്‍ സമരമിരിക്കുന്ന പന്തിലിനു മുന്നിലൂടെ ക്വാറിയിലേക്ക് വാഹനങ്ങള്‍ കടന്നുപോകുന്നതു കാണുമ്പോള്‍ അടക്കാനാകാത്ത അമര്‍ഷമുണ്ട് ഇവര്‍ക്ക്.

ഇത്ര ദിവസങ്ങള്‍ക്കു ശേഷവും പ്രതീക്ഷിച്ച പോലെ അധികൃതര്‍ ഇടപെടാന്‍ മടിക്കുന്ന സാഹചര്യത്തില്‍, സമരപരിപാടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇവരുടെ തീരുമാനം. രാപ്പകല്‍ സമരത്തിന്റെ രീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും, നിരാഹാരമടക്കമുള്ള ശക്തമായ ശൈലികളിലേക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും മുണ്ടത്തടത്തുകാര്‍ വിശദീകരിക്കുന്നുണ്ട്. നേതാക്കളാരുമില്ലാതെ രണ്ടു കോളനികളിലെ ഗോത്രവിഭാഗക്കാരും ക്രൈസ്തവരും ചേര്‍ന്ന് നയിക്കുന്ന അതിജീവന സമരം എന്ന രീതിയില്‍ ചര്‍ച്ചയായിക്കഴിഞ്ഞ മുണ്ടത്തടം ക്വാറി സമരത്തിന്, പലയിടങ്ങളില്‍ നിന്നും ഇപ്പോള്‍ പിന്തുണ ലഭിക്കുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസി അവകാശ പ്രവര്‍ത്തകരും, ഒപ്പം കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസും സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഒപ്പം ചേര്‍ന്നിട്ടുണ്ട്. ജനകീയ സമരമായി മുണ്ടത്തടം ക്വാറി സമരത്തെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിന്റെ വിജയമായാണ് കോളനിക്കാര്‍ ഈ പിന്തുണയ്ക്കലിനെ കാണുന്നത്.

മഴക്കാലം കൂടിയെത്തിയതോടെ മുണ്ടത്തടം കോളനിയില്‍ താമസിക്കുന്ന പത്തോളം മാവിലര്‍ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്. ക്വാറിയേക്കാള്‍ മുകളിലായി മലയില്‍ കാടിനോടു ചേര്‍ന്നുള്ള മുണ്ടത്തടം കോളനി, ഈ മഴക്കാലത്ത് കടുത്ത മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. കണ്ടു പരിചയമില്ലാത്ത തരത്തില്‍ കാടിനകത്തു നടക്കുന്ന പുതിയ പല മാറ്റങ്ങളും അത്ര നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് ഇവര്‍ ആവര്‍ത്തിക്കുന്നുണ്ട്. മഴ പെയ്ത് വെള്ളം മണ്ണിലെ വിടവുകളിലേക്ക് ഒലിച്ചിറങ്ങിയാല്‍ ക്വാറിയെടുത്തതിനു ശേഷം ബാക്കിയുള്ള മലയുടെ ഒരു വശം മുഴുവനായും നിരങ്ങി താഴേക്കു നീങ്ങുമെന്ന ഭയമാണിവര്‍ക്ക്. മുമ്പെങ്ങുമില്ലാത്ത പോലെ കാടിനകത്തു നിന്നും വലിയ പാറക്കല്ലുകള്‍ കഴിഞ്ഞ മഴയ്‌ക്കൊപ്പം താഴേക്ക് ഇടിഞ്ഞുവന്നതിന്റെ ഓര്‍മകളും മുണ്ടത്തടത്തുകാര്‍ക്കുണ്ട്. ക്വാറിയുടെ പ്രവര്‍ത്തനം അസ്വാഭാവികമായ തരത്തില്‍ വര്‍ദ്ധിച്ചുവന്നതോടെയാണ് ഇത്തരം മാറ്റങ്ങളുണ്ടായിത്തുടങ്ങിയതെന്നതും ഇവരുടെ ഭയത്തിന് ആക്കം കൂട്ടുന്നു. ഇനിയും ക്വാറിയുടെ പ്രവര്‍ത്തനം തുടര്‍ന്നാല്‍, മലയിടിഞ്ഞോ ശുദ്ധജലം ലഭിക്കാതെയോ മുണ്ടത്തടം ആദിവാസി കോളനി പാടേ ഇല്ലാതായിപ്പോയേക്കും എന്നാണ് സമരക്കാരും മറ്റുള്ളവരും ചൂണ്ടിക്കാട്ടുന്നത്.

Also Read: വെള്ളമില്ല, വീടുകള്‍ വിണ്ടുകീറുന്നു, ഗുണ്ടാഭീഷണി; ഒടുവില്‍ ക്വാറിക്കെതിരെ സമരം ചെയ്ത മുണ്ടത്തടം കോളനിയിലെ ദളിതരെയും ആദിവാസികളെയും തല്ലിച്ചതച്ച് പോലീസും

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍