UPDATES

വെള്ളമില്ല, വീടുകള്‍ വിണ്ടുകീറുന്നു, ഗുണ്ടാഭീഷണി; ഒടുവില്‍ ക്വാറിക്കെതിരെ സമരം ചെയ്ത മുണ്ടത്തടം കോളനിയിലെ ദളിതരെയും ആദിവാസികളെയും തല്ലിച്ചതച്ച് പോലീസും

ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിത സാഹചര്യങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊെണ്ട് ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ രാപ്പകല്‍ സമരപ്പന്തലിലിരുന്നുകൊണ്ട് പറയുന്നു.

ശ്രീഷ്മ

ശ്രീഷ്മ

കാസര്‍കോട് പരപ്പയ്ക്കടുത്ത് മുണ്ടത്തടത്തില്‍ രണ്ട് ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ കഴിഞ്ഞ നാലു ദിവസങ്ങളായി സമരത്തിലാണ്. മുണ്ടത്തടം കോളനിക്കടുത്തായി കെട്ടിപ്പൊക്കിയിട്ടുള്ള സമരപ്പന്തലില്‍ സ്ത്രീകളും കുട്ടികളുമടക്കം കുടുംബത്തോടെയെത്തിയുള്ള രാപ്പകല്‍ സമരം. സമരസമിതിയുടെ നേതൃസ്ഥാനത്തുള്ള ബ്ലോക്ക് പഞ്ചായത്തംഗം രാധാ വിജയനടക്കമുള്ളവര്‍ ഇന്നലെ പന്തലിലെത്തിയത് ശരീരമാസകലമുള്ള പരിക്കുകളില്‍ മരുന്നുവച്ചു കെട്ടിയും കടുത്ത വേദന സഹിച്ചുമാണ്. സമരത്തിനിടെ പോലീസുദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് പരിക്കേറ്റിരിക്കുന്നത് രാധയ്ക്കു മാത്രമല്ല, ഗോത്രവിഭാഗത്തില്‍പ്പെട്ട മറ്റനവധി സ്ത്രീകള്‍ക്കു കൂടിയാണ്. റോഡിലൂടെ വലിച്ചിഴച്ചും നട്ടെല്ലിനിടിച്ചും പോദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് അവശരാക്കിയിട്ടും അടുത്ത ദിവസം തന്നെ രാധയടക്കമുള്ളവര്‍ വീണ്ടും സമരപ്പന്തലിലെത്തിയതിനു പിന്നിലൊരു കാരണമുണ്ട്. മുണ്ടത്തടത്തിലെയും മാളൂര്‍ക്കയത്തെയും ആദിവാസി കോളനിയിലെ താമസക്കാര്‍ക്ക് ഇനിയിവിടെ തുടരാനാകുമോ എന്ന് തീരുമാനിക്കപ്പെടാന്‍ പോകുന്ന സമരം കൂടിയാണിത്.

ആറു വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുപോരുന്ന കരിങ്കല്‍ ക്വാറിയാണ് ഗോത്രവിഭാഗത്തില്‍പ്പെട്ടവരടക്കമുള്ള നൂറോളം കുടുംബങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണി സൃഷ്ടിച്ച് രാപ്പകല്‍ സമരത്തില്‍ വരെ എത്തിച്ചിരിക്കുന്നത്. കാടിനോടും, മാവിലര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിച്ചുപോരുന്ന കോളനികളോടും തൊട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ക്വാറി, നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത കഷ്ടതകളാണ് ഇവര്‍ക്കുണ്ടാക്കിയിരിക്കുന്നതെന്ന് രാധയും കോളനിക്കാരും പറയുന്നു. പത്തോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന മുണ്ടത്തടം എസ്.ടി കോളനി, നാല്പതിലധികം ആദിവാസി കുടുംബങ്ങളുള്ള മാളൂര്‍ക്കയം കോളനി എന്നിവയാണ് ക്വാറി മാഫിയയുടെ ചൂഷണത്തിന് നേരിട്ട് ഇരയാക്കപ്പെടുന്നത്. ഗോത്രവിഭാഗത്തില്‍പ്പെട്ടവരല്ലാത്തവരും ഇവിടെയുണ്ട്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുണ്ടത്തടം കോളനിയോടു ചേര്‍ന്നുള്ള മലയ്ക്കുമേലെ ക്വാറിയാരംഭിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ത്തന്നെ കോളനിക്കാരും മറ്റു പ്രദേശവാസികളും എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍, ചെറിയ പാറപൊട്ടിക്കലാണ് നടക്കാന്‍ പോകുന്നതെന്നും വളരെക്കുറച്ച് കല്ലുമാത്രമാണ് കൊണ്ടുപോകുകയെന്നും പറഞ്ഞാണ് ഇവിടത്തുകാരുടെ പ്രതിഷേധങ്ങളെ ക്വാറിസംഘം അതിജീവിച്ചത്. ഒപ്പം, പ്രദേശവാസികള്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നു വാക്കും കൊടുത്തിരുന്നു. ഇരുപത്തിയഞ്ചോളം പ്രദേശവാസികള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തതോടെ എതിര്‍പ്പുകള്‍ പതിയെ ഇല്ലാതായി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, തങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ കോളനിയിലെ ഗോത്രവിഭാഗക്കാരടക്കം സമരത്തിന്റെ പാതയിലാണ്. വളരെ ഗുരുതരമായ തിരിച്ചടികളുണ്ടാകുന്നതുവരെ അതിനായി കാത്തിരിക്കേണ്ടിവന്നുവെന്നു മാത്രം.

വറ്റിയ നീര്‍ച്ചാലുകളും കോളനിയിലെ വിള്ളല്‍ വീണ വീടുകളും

നാല്‍പ്പത്തിരണ്ടു വര്‍ഷക്കാലമായി മാളൂര്‍കുന്നില്‍ താമസിക്കുന്ന ക്ലാരമ്മയുടെ ഓര്‍മയിലെങ്ങും ശുദ്ധജലത്തിന് ക്ഷാമം നേരിട്ട നാളുകളില്ല. മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന പ്രകൃതിദത്തമായ നീര്‍ച്ചാലുകളാണ് മുണ്ടത്തടത്തേയും മാളൂര്‍ക്കയത്തെയും ജനങ്ങളുടെ കുടിവെള്ള സ്രോതസ്സ്. നല്ല തണുപ്പും തെളിച്ചവുമുള്ള വെള്ളമെത്തിക്കുന്ന നീര്‍ച്ചാലുകളെ ആശ്രയിച്ച് നൂറോളം കുടുംബങ്ങളാണ് ഈ പ്രദേശത്ത് കഴിയുന്നത്. പരപ്പച്ചാല്‍ എന്ന വലിയ തോടിന്റെ കരയില്‍ താമസിക്കുന്ന ക്ലാരമ്മയ്ക്കും സ്വാഭാവികമായി വെള്ളത്തിനായി മറ്റാരേയും ആശ്രയിക്കേണ്ടിവന്നിട്ടില്ല. കാടിനോട് ഏറ്റവുമടുത്ത പ്രദേശങ്ങള്‍ക്കു മാത്രം കിട്ടിയിരുന്ന ഒരു വരമായിരുന്നു അത്. ക്ലാരമ്മ പക്ഷേ ഇപ്പോള്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴെത്തുന്ന പഞ്ചായത്തിന്റെ കുടിവെള്ള ടാങ്ക് കാത്തിരിക്കുകയാണ്. രണ്ടു മൂന്നു ദിവസത്തിലൊരിക്കല്‍ കിട്ടുന്ന നൂറോ നൂറ്റമ്പതോ ലിറ്റര്‍ വെള്ളം കൊണ്ടാണ് ഇവിടത്തുകാര്‍ ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ കഴിക്കുന്നത്. ഉറവകളില്‍ നിന്നുള്ള ശുദ്ധജലത്തിന്റെ ധാരാളിത്തത്തില്‍ നിന്നും കടുത്ത ജലക്ഷാമത്തിലേക്ക് പറിച്ചെറിയപ്പെട്ടതില്‍ കോളനിക്കാര്‍ ഏറെ അസ്വസ്ഥരാണ്. പരപ്പച്ചാലിലും മറ്റു നീര്‍ച്ചാലുകളിലും ഇപ്പോഴും കുറച്ചെങ്കിലും വെള്ളമുണ്ട്. ഉപയോഗിക്കാനാകാത്ത വിധം കുത്തിയൊലിച്ച് കലങ്ങിയതാണെന്നുമാത്രം.

ഒരു തുള്ളി വെള്ളം ഞങ്ങളുടെ ഈ തോടുകളില്‍ നിന്നും കിട്ടുന്നില്ല. പഞ്ചായത്ത് വെള്ളമാണ് ഇപ്പോള്‍ ആശ്രയം. അതും രണ്ടും മൂന്നും ദിവസം കൂടുമ്പോഴേ വരൂ. നൂറും നൂറ്റമ്പതും ലിറ്റര്‍ വെള്ളമാണ് രണ്ടുമൂന്നു ദിവസത്തേക്ക് ആകെ കിട്ടുന്നത്. ശുദ്ധമായ വെള്ളം ഒഴുകികൊണ്ടിരുന്ന തോട്ടില്‍ ഇപ്പോള്‍ ആകെ കലക്കവെള്ളമാണ്. മുകളില്‍ മണ്ണെടുത്തിട്ടിരിക്കുന്നത് ഈ തോടിന്റെ പ്രദേശത്തുനിന്നാണ്. കാടിനോട് അത്രയും ചേര്‍ന്നു കിടക്കുന്ന ക്വാറിയാണ്. ആദ്യമായാണ് കിണറ്റില്‍പ്പോലും വെള്ളമില്ലാത്ത അവസ്ഥ വന്നിരിക്കുന്നത്. ഇതിന്റെ സ്രോതസ്സ് മണ്ണും കോണ്‍ക്രീറ്റുമിട്ട് അടച്ചുവച്ചിരിക്കുകയാണ്. ഇവര്‍ക്ക് അനുമതി നല്‍കുന്നതിനു മുന്‍പായി പ്രദേശവാസികളോടെങ്കിലും അന്വേഷിക്കണ്ടേ?” ക്ലാരമ്മയുടെ സ്വരത്തില്‍ അമര്‍ഷമാണ്. മുമ്പെങ്ങുമില്ലാത്ത പോലെ 2018-19 കാലത്ത് കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിട്ടതോടെയാണ് ഇനിയെങ്കിലും ക്വാറിയെ എതിര്‍ക്കേണ്ടതുണ്ടെന്ന് പ്രദേശവാസികള്‍ തീരുമാനിക്കുന്നത്. ഗോത്രവര്‍ഗ്ഗക്കാരുടെ സ്വാഭാവിക ശുദ്ധജലസ്രോതസ്സുകള്‍ പോലും ഉപയോഗശൂന്യമാക്കുന്ന ക്വാറി ഇനി വേണ്ടെന്ന് ഇവര്‍ ഒന്നടങ്കം തീരുമാനമെടുക്കുകയായിരുന്നു.

ക്വാറിയുണ്ടാക്കുന്ന ഉപദ്രവങ്ങള്‍ കുടിവെള്ളക്ഷാമത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല. ഉഗ്രസ്‌ഫോടനങ്ങളാണ് ദിവസേന മുണ്ടത്തടം-മാളൂര്‍ക്കയം ഭാഗത്തുള്ളവരെ ഞെട്ടിച്ചുകൊണ്ട് നടക്കുന്നത്. ആര്‍ക്കും ഉപദ്രവമില്ലാതെ വളരെക്കുറച്ച് പാറപൊട്ടിച്ചുകൊള്ളാമെന്ന് സൗമ്യമായി പറഞ്ഞിരുന്നവര്‍ ഇന്ന് ദിവസത്തില്‍ അറുപതും എഴുപതും തവണ വരെയാണ് ഉഗ്രശബ്ദത്തില്‍ പാറപൊട്ടിക്കുന്നത്. പാറപൊട്ടിക്കലിന്റെ കാഠിന്യം കൊണ്ട് രണ്ടു കോളനികളിലുമായി പത്തോളം കുടുംബങ്ങളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളിലും വിള്ളലുകള്‍ വീണിരിക്കുന്നു. മേല്‍ക്കൂരയിലെ ടൈലുകള്‍ പലതും ഇളകി താഴെവീണ വീടുകളുമുണ്ട്. പാറപൊട്ടിക്കുന്നതിന്റെ ഭാഗമായുള്ള പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടിവരുന്നതു കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വേറെ. പാറ പൊട്ടിച്ചെടുത്ത് കൊണ്ടുപോകാനായി വരുന്ന വാഹനങ്ങള്‍ ചീറിപ്പായുന്ന വഴിയിലൂടെ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും ഭയമാണ് ഇവിടത്തെ അമ്മമാര്‍ക്ക്. “തുടങ്ങിയ കാലത്ത് ഒരൊറ്റ ഹിറ്റാച്ചി വണ്ടിയില്‍ മാത്രമാണ് പാറ പൊട്ടിച്ചു കടത്തിയിരുന്നതെങ്കില്‍, ഇപ്പോള്‍ നാലു ഹിറ്റാച്ചിയും പതിനെട്ടോളം ടിപ്പറുകളും ദിവസേന ഇതിലേ കടന്നുപോകുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കു പോലും വഴിയിലൂടെ സഞ്ചരിക്കാന്‍ സാധിക്കാത്തത്ര അമിതവേഗത്തിലാണ് ഡ്രൈവര്‍മാര്‍ ഈ വാഹനങ്ങള്‍ കൊണ്ടുപോകുന്നത്. ആദ്യകാലത്ത് ഇത്രയും പ്രശ്‌നമില്ലായിരുന്നു. തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ധാരാളമുണ്ട്. തീരെ സഹിക്കാനാകാതെ വന്നപ്പോഴാണ് സമരത്തിനിറങ്ങുന്നത്”, അവര്‍ പറയുന്നു.

വെള്ളം, വായു, സുരക്ഷ എന്നിവയില്‍ ഒതുങ്ങുന്നതല്ല ക്വാറിസംഘം ഇവര്‍ക്കുണ്ടാക്കുന്ന കെടുതികള്‍. കോളനിയില്‍ നിന്നും പുറത്തേക്കുള്ള ഒരേയൊരു റോഡും തങ്ങളുടേതെന്ന് അവകാശം സ്ഥാപിച്ച് തടസ്സപ്പെടുത്തിയിരിക്കുകയാണ് ക്വാറി മാഫിയ. നാല്‍പ്പതിലധികം വര്‍ഷങ്ങളായി കോളനിക്കാര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വഴി അടച്ചു കെട്ടി സ്വന്തമെന്നു പ്രഖ്യാപിച്ചത്, തങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയതിനോടുള്ള പ്രതികാരനടപടിയാണെന്നും മുണ്ടത്തടത്തുകാര്‍ പറയുന്നു. കോളനിയില്‍ ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍, പെട്ടന്ന് ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം പോലും ഇതുകാരണം ഇപ്പോഴില്ല. അനുരഞ്ജന ചര്‍ച്ചകളിലൊന്നില്‍ വഴി കെട്ടിക്കൊടുക്കാമെന്ന് ക്വാറിക്കാര്‍ വാക്കു നല്‍കിയിട്ടുണ്ടെങ്കിലും, മാറ്റമൊന്നുമുണ്ടായിട്ടില്ല. ക്വാറിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതോടെ, വലിയ ഭീതിയിലാണ് ഇവിടെയുള്ളവരെല്ലാം. “ക്വാറി പ്രവര്‍ത്തനം തുടങ്ങിയ ശേഷം ദുരിതമാണ്. റോഡുവഴി സഞ്ചരിക്കാന്‍ പോലുമാകുന്നില്ല. പിള്ളേരെ വിശ്വസിച്ച് സ്‌കൂളില്‍ വിടാന്‍ വയ്യ. വെള്ളമില്ല. പൊടിപടലങ്ങള്‍ കാരണം ശുദ്ധമായ വായു പോലുമില്ല. വീടുകളാകെ വിണ്ടുകീറിയിരിക്കുന്നു. ഞങ്ങളുടെ ജീവനും സ്വത്തിനും ഈ സര്‍ക്കാര്‍ ഒരു വിലയും കണക്കാക്കിയിട്ടില്ല. അത്ര ദുരിതമാണ്. കോളനിവാസികളും അല്ലാത്തവരുമായി നിരവധി പേരാണ് സമരത്തിലുള്ളത്. ക്വാറിയുടെ തൊട്ടുതാഴെയുള്ള വീട്ടുകാരാണ് ഞങ്ങളൊക്കെ. പ്രളയം പോലെ ഒരു ദുരന്തം വന്നുകഴിഞ്ഞാല്‍ ഞങ്ങളെല്ലാവരും മണ്ണിനടിയിലാകും. ഒരു മൃതദേഹം പോലും തിരികെക്കിട്ടില്ല. അങ്ങനെയാണ് ഈ ക്വാറി വെട്ടിവച്ചിരിക്കുന്നത്. ഇരുപതു ഡിഗ്രി ചെരിവു വരെയുള്ളിടങ്ങളിലേ ക്വാറി തുടങ്ങാനാകൂ എന്നില്ലേ? ഇവിടെ അതിലുമെത്രയോ അധികമാണ് ചെരിവ്. അതെങ്കിലും പരിഗണിക്കേണ്ടതാണ്'”, അവര്‍ പറയുന്നു.

ക്വാറി മാഫിയയുടെ പക്ഷം പിടിക്കുന്ന ജിയോളജി വകുപ്പും പോലീസുദ്യോഗസ്ഥരും

ക്വാറിയ്ക്ക് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുണ്ടെങ്കിലും, ലൈസന്‍സനുസരിച്ചല്ല അവരുടെ പ്രവര്‍ത്തനരീതിയെന്നാണ് സമരസമിതി നേതാവായ രാധാ വിജയന്റെ പക്ഷം. വീടുകളില്‍ നിന്നും നൂറു മീറ്റര്‍ മാറിയാണ് ക്വാറിയുള്ളത് എന്ന് ഉടമകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആ വാദം തെറ്റാണെന്നും രാധ പറയുന്നു. റോഡു വഴി അളന്നാണ് നൂറു മീറ്ററെന്ന് അവകാശപ്പെടുന്നതെന്നും, വീടുകള്‍ യഥാര്‍ത്ഥത്തില്‍ അതിലുമടുത്താണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പന്ത്രണ്ടു വര്‍ഷത്തേക്ക് ക്വാറി ലീസിനെടുത്തിരിക്കുന്നത് പരപ്പയ്ക്കടുത്തു തന്നെയുള്ള കോണ്‍ട്രാക്ടര്‍ കൂടിയായ സി. നാരായണന്‍ എന്നയാളാണ്. ക്വാറിയുടമയ്ക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം പല തവണ നേരിട്ടനുഭവിച്ചിട്ടുണ്ടെന്നും, അതില്‍ ഏറ്റവുമൊടുവിലത്തേതാണ് കഴിഞ്ഞ ദിവസമുണ്ടായ പോലീസ് അതിക്രമമെന്നും രാധ പറയുന്നു. കോളനികള്‍ക്കും പ്രകൃതിക്കും വലിയ ഭീഷണിയായി ക്വാറി മാറിയതോടെ, ചെറുത്തു നില്‍ക്കുകയല്ലാതെ ഇവര്‍ക്കു മറ്റുവഴികളുണ്ടായിരുന്നില്ല.

ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗമായ രാധാ വിജയനും സാധുജന പരിഷത്തും ഒപ്പം കോളനിയിലെ സാധാരണക്കാരും ചേര്‍ന്ന് സമരസമിതി രൂപികരിച്ച് രംഗത്തിറങ്ങി. “മുഖ്യമന്ത്രി, റവന്യൂവകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുമന്ത്രി, എസ്.എം.എസ്, ഡി.വൈ.എസ്.പി, ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ക്കെല്ലാം പരാതികള്‍ നല്‍കിക്കൊണ്ട് 2018 സെപ്തംബര്‍ 24നാണ് സമരസമിതി രൂപീകരിക്കുന്നത്. 26ാം തീയതി പ്രദേശവാസികള്‍ വില്ലേജ് ഓഫീസ് ധര്‍ണയും നടത്തി. 2018 ഒക്ടോബര്‍ എട്ടാം തീയതി വില്ലേജ് ഓഫീസ് ഉപരോധിച്ചതിനു ശേഷം സമരസമിതിയിലെ പ്രധാനികളെല്ലാം പതിയെ വിട്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ഇവിടത്തെ ഊരുകൂട്ടം മൂപ്പനായിരുന്നു സമരസമിതി ചെയര്‍മാന്‍. അദ്ദേഹമടക്കം പലരും മുന്‍നിരയില്‍ നിന്നും വിട്ടു നിന്നിരുന്നു. അതിന്റെ കാരണമെന്താണെന്ന് ഇപ്പോഴുമറിയില്ല. അതിനു ശേഷമാണ് ലീഗല്‍ അതോറിറ്റിയില്‍ പരാതി കൊടുക്കുന്നത്. പരാതി പരിഗണിച്ച് ജനുവരിയില്‍ ജിയോളജി വകുപ്പില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുമെല്ലാം ഉദ്യോഗസ്ഥരെത്തി ക്വാറിയും കോളനിയിലെ വീടുകളും സന്ദര്‍ശിച്ചിരുന്നു. കോളനിയിലെ വീടുകള്‍ക്ക് വിള്ളല്‍ വീണത്, കാട്ടില്‍ നിന്നും പത്തുമീറ്റര്‍ പോലും മാറാതെ പാറപൊട്ടിക്കുന്നത്, ലൈസന്‍സിനു വിരുദ്ധമായി മറ്റു കമ്പനികളിലേക്ക് പാറ പൊട്ടിച്ച് കയറ്റിയയയ്ക്കുന്നത്, എല്ലാം ഈ ഉദ്യോഗസ്ഥര്‍ നേരിട്ടു കാണുകയും ചെയ്തു. പക്ഷേ അവസാനം ലീഗല്‍ അതോറിറ്റിയില്‍ അവര്‍ റിപ്പോര്‍ട്ടു കൊടുത്തത് നേരെ വിപരീതമായാണ്. ക്വാറി നിയമപരമായാണ് നടക്കുന്നത് എന്നെല്ലാമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.”

ഉദ്യോഗസ്ഥരും അധികൃതരും വ്യക്തമായി ക്വാറിയുടമയുടെ പക്ഷം പിടിക്കുകയാണെന്ന് അതോടുകൂടിയാണ് സമരക്കാര്‍ക്ക് തിരിച്ചറിയാനായതെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ ചൂണ്ടിക്കാട്ടിയ നിയമവിരുദ്ധതയൊന്നും സൂചിപ്പിക്കാതെ ഒരു റിപ്പോര്‍ട്ട് ലീഗല്‍ അതോറിറ്റിയില്‍ കൊടുത്ത ഉദ്യോഗസ്ഥരും, പല തവണ പല വിഷയങ്ങള്‍ക്കായി സമീപിച്ചിട്ടും ക്വാറിയുടമയെ ചോദ്യം ചെയ്യുന്ന നിലപാടെടുക്കാന്‍ മടിച്ച പോലീസുദ്യോഗസ്ഥരും തങ്ങള്‍ക്ക് വേണ്ട നീതി നേടിത്തരില്ലെന്ന് ഇവര്‍ക്കുറപ്പാണ്. ദിവസങ്ങള്‍ക്കു മുന്നേ, മേയ് 28ന് ക്വാറിയുടമകളെയും സമരസമിതിക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് അനുനയ ചര്‍ച്ചയും നടന്നിരുന്നു. ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ച രാധാ വിജയന്, റിപ്പോര്‍ട്ട് സത്യസന്ധമാണെന്ന മറുപടിതന്നെയാണ് ലഭിച്ചത്. സമരസമിതി നേതാക്കളില്‍ പലര്‍ക്കുമെതിരെ കള്ളക്കേസുകളും ക്വാറിയുടമകള്‍ കൊടുത്തിട്ടുള്ളതായി പരാതിയുണ്ട്. പണം വാങ്ങിച്ചുവെന്നും മറ്റുമാരോപിച്ച്, കേസുകളില്‍പ്പെടുത്തുകയും സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്നതായി രാധ വിശദീകരിക്കുന്നു. ഇക്കാര്യം എവിടെ പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നാണ് രാധയുടെ പക്ഷം. കഴിഞ്ഞ മേയ് ആറാം തീയതി ക്വാറിയിലെ ജോലിക്കാരിലൊരാളുമായി പരപ്പ ടൗണില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ രാധയ്ക്ക് മര്‍ദ്ദനമേല്‍ക്കുക വരെ ചെയ്തിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലുമുണ്ടായിട്ടില്ലെന്ന് രാധ പറയുന്നു.

ക്വാറിയുടമയുടെ തൊഴിലാളി പരപ്പ ടൗണില്‍ വച്ച് എന്നെ കൈയേറ്റം ചെയ്യുക പോലുമുണ്ടായിട്ടുണ്ട്. മേയ് ആറിനാണ് സംഭവം. കണ്ടാല്‍ അറിയാവുന്ന പ്രതിയായിട്ടു പോലും ആളെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ സാക്ഷികളാണ്. അവരത് പോലീസിനോടു പറഞ്ഞിട്ടും കാര്യമുണ്ടായില്ല. പിന്നീടും പല തവണ ഇയാള്‍ ക്വാറിയില്‍ ജോലിക്കെത്തിയിട്ടുണ്ട്. വെള്ളമുണ്ട പോലീസിന് വേണമെങ്കില്‍ അയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യാവുന്നതേയുള്ളൂ. മനഃപ്പൂര്‍വ്വം ചെയ്യാന്‍ മടിക്കുകയാണ്. മുണ്ടത്തടം എസ്ടി കോളനിക്കാര്‍ പത്തുനാല്‍പ്പതു കൊല്ലമായി ഉപയോഗിക്കുന്ന വഴി പോലും അടച്ചിരിക്കുകയാണ്. കോളനിയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം വന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും ഇപ്പോള്‍ നിര്‍വാഹമില്ല. ഇക്കാര്യം കാണിച്ചും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്, കാര്യമൊന്നുമുണ്ടായിട്ടില്ല. പ്രമോട്ടര്‍മാര്‍ പോലും സ്ഥലത്തെത്തി അന്വേഷിക്കുന്നില്ല എന്നതാണ് വാസ്തവം. സാധാരണക്കാരായ ആളുകള്‍ ഇത്രയേറെ പ്രശ്‌നങ്ങള്‍ അനുഭവിക്കുമ്പോള്‍ ഇടപെടേണ്ട അധികൃതരും ഉദ്യോഗസ്ഥരും ഇപ്പോള്‍ പണം വാങ്ങി ക്വാറി മുതലാളിയോടൊപ്പം ചേര്‍ന്നിരിക്കുകയാണോ എന്ന ന്യായമായ സംശയവും ഞങ്ങള്‍ക്കുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസുകാരുമെല്ലാം പെരുമാറുന്നത് പരിശോധിക്കുമ്പോള്‍ അങ്ങിനെയാണ് തോന്നുന്നത്.”

മര്‍ദ്ദിച്ചവശരാക്കിയത് സ്ത്രീകളെ, റോഡില്‍ വലിച്ചിഴച്ചും മര്‍ദ്ദനം

ഈ പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കുന്നതിനിടെയാണ് സമരസമിതി രാപ്പകല്‍ സമരത്തിലേക്ക് കടക്കുന്നത്. ഇരുപത്തിയെട്ടാം തീയതി നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിയേണ്ടിവന്നതിനെത്തുടര്‍ന്നാണ് സ്ത്രീപുരുഷ ഭേദമന്യേ കോളനിക്കാരെല്ലാം പന്തല്‍ കെട്ടി രാവും പകലും സമരത്തിനൊരുങ്ങുന്നത്. നേരത്തേ സമരക്കാര്‍ നടത്തിയിരുന്ന കലക്ട്രേറ്റ് മാര്‍ച്ചിനു ശേഷം, ജില്ലാ കലക്ടര്‍ ഇടപെട്ട് എ.ഡി.എമ്മിനെ വിഷയം പഠിക്കാന്‍ നിയോഗിച്ചിരുന്നു. എ.ഡി.എം സ്ഥലത്തെത്തി അന്വേഷിച്ചതിനു ശേഷം മാത്രമേ ക്വാറി പ്രവര്‍ത്തനം തുടരുകയുള്ളൂ എന്നായിരുന്നു വാഗ്ദാനം. സ്ഥലത്തെത്തിയ എ.ഡി.എമ്മിന് ക്വാറിയുടെ നടത്തിപ്പ് അപകടമുണ്ടാക്കുമെന്ന് ബോധ്യപ്പെടുകയും ചെയ്തു. അതിനു ശേഷം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അനുനയ ചര്‍ച്ച നടന്നത്. ക്വാറി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സും ഹൈക്കോടതിയുടെ അനുമതിയും തങ്ങള്‍ക്കുണ്ടെന്ന വാദമായിരുന്നു ചര്‍ച്ചയില്‍ ക്വാറിയുടമകള്‍ ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് ക്വാറി വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു. അതിനിടെയാണ് രാപ്പകല്‍ സമരം ആരംഭിച്ചത്. സമരത്തിന്റെ രണ്ടാം ദിവസമാണ് പോലീസുകാര്‍ സമരക്കാര്‍ക്കെതിരെ ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടത് എന്നാണ് പരാതി.

ക്രഷര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയില്ലെന്നും, ഒരു കാരണവശാലും അതിന് അനുവദിക്കില്ലെന്നും സമരസമിതി നിലപാടെടുത്തിരുന്നു. മുപ്പതാം തീയതി രാവിലെ ഒമ്പതു മണിയോടെ ക്രഷര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഉപകരണങ്ങളും തൊഴിലാളികളുമായി ക്വാറിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ സമരക്കാര്‍ തടയുകയായിരുന്നു. രംഗം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് പോലീസ് ഇടപെട്ട് സമരക്കാരെ ബലമായി ഒഴിപ്പിച്ചത്. അതിക്രൂരമായാണ് സമരക്കാരെ മര്‍ദ്ദിച്ചതെന്നും, പരിക്കേറ്റവര്‍ ഇപ്പോഴും ചികിത്സയിലാണെന്നും ഇവര്‍ പറയുന്നു. രാവിലെ സമരപ്പന്തലിലുള്ളവര്‍ പ്രഭാതകൃത്യങ്ങള്‍ക്കായി വീടുകളിലേക്ക് പോകുന്ന സമയം തെരഞ്ഞെടുത്താണ് പോലീസുകാര്‍ ക്വാറിയുടെ വാഹനങ്ങള്‍ കടത്തിവിട്ടതെന്നും പരാതിയുണ്ട്. അതുകൊണ്ടു തന്നെ, വാഹനങ്ങള്‍ എത്തുന്നതു കണ്ട് വീടുകളില്‍ നിന്നുമിറങ്ങി ആദ്യമോടിയെത്തിയ സ്ത്രീകളാണ് പ്രധാനമായും മര്‍ദ്ദനത്തിനിരയായതും. “കുട്ടികളെയെല്ലാം പിടിച്ചുമാറ്റിയും സ്ത്രീകളെ റോഡില്‍ വലിച്ചിഴച്ചുമായിരുന്നു മര്‍ദ്ദനം. ആറേഴുപേരെ അവശനിലയിലാക്കിക്കളഞ്ഞു. രാപ്പകല്‍ സമരമായതിനാല്‍ എല്ലാവരും രാവിലെ സമരപ്പന്തലില്‍ നിന്നും പ്രഭാതകര്‍മങ്ങള്‍ക്കായി വീടുകളിലേക്ക് പോയ സമയത്തായിരുന്നു കടത്താന്‍ ശ്രമം നടന്നത്. ആ നേരത്ത് പന്തലില്‍ ആളുണ്ടാവില്ലെന്ന് ഇവിടത്തെ സി.ഐയ്ക്ക് വ്യക്തമായറിയാം. അങ്ങിനെയാണ് രാവിലെത്തന്നെ വണ്ടികള്‍ കടത്തിവിട്ടത്. ഇന്നലെ വെളുപ്പിനു മൂന്നു മണിയോടെയും ക്രഷറിലേക്ക് ലോറികള്‍ പോയിരുന്നു, തടഞ്ഞവരെ പിടിച്ചുമാറ്റിക്കൊണ്ടുതന്നെ. ജീവനും സ്വത്തിനും ഭീഷണിയുള്ള അവസ്ഥയാണ്” രാധ പറയുന്നു. രാധയുടെ വയറിനും കൈയ്ക്കും പരിക്കും ചതവുമുണ്ട്.

സമരക്കാരെല്ലാവരും സ്ത്രീപുരുഷ ഭേദമില്ലാതെ വധഭീഷണിയിലാണുള്ളതെന്നാണ് ക്ലാരമ്മയ്ക്കു പറയാനുള്ളത്. പരിക്കേറ്റവരിലൊരാളാണ് ക്ലാരമ്മയും. “ആദ്യം ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. ഇപ്പോള്‍ എല്ലാവരും രണ്ടാമത് ആശുപത്രിയില്‍ പോകാനിരിക്കുകയാണ്. എനിക്ക് ഇപ്പോഴും ഇടികൊണ്ട പുറം വേദനിച്ചിട്ടുവയ്യ. എന്നെ മര്‍ദ്ദിച്ചത് വനിതാ പോലീസ് പോലുമല്ല. കുറച്ചു നേരത്തേക്ക് ശ്വാസം വിടാന്‍ പോലും സാധിച്ചില്ല. ബാക്കി പല സ്ത്രീകള്‍ക്കും നടുവേദനയുമുണ്ട്. ഇന്നിപ്പോള്‍ ഒരു പോലീസ് വണ്ടിയുണ്ടിവിടെ. ക്വാറി ജോലിക്കാരുടെ വാഹനം പോയിട്ടുമില്ല. ജനകീയ പോലീസ് സ്റ്റേഷന്‍ എന്നെല്ലാം പറയുന്നുണ്ട്. പക്ഷേ, ഞങ്ങളോടു ചെയ്തത് നീതികേടല്ലേ? മനുഷ്യരല്ലേ ഞങ്ങള്‍? പോലീസുകാര്‍ ചീത്തയാണെന്നും അമ്മച്ചിമാരെയും ചേച്ചിമാരെയും അടിച്ചുവെന്നും ഇവിടത്തെ കുട്ടികള്‍ പോലും പറയുന്നു. നിര്‍ദ്ദയം ചവിട്ടിമെതിച്ചത് അവര്‍ കണ്ടതാണല്ലോ.”

തന്നെ പരസ്യമായി മര്‍ദ്ദിച്ചതും മുണ്ടത്തടം കോളനിയിലേക്കുള്ള വഴിയടച്ചതുമടക്കം ക്വാറിയുമായി ബന്ധപ്പെട്ട അനവധി വിഷയങ്ങള്‍ക്ക് പരാതികളുമായി ചെന്നിട്ടും നടപടി കൈക്കൊള്ളാത്ത പോലീസുദ്യോഗസ്ഥര്‍, കഴിഞ്ഞ ദിവസത്തെ മര്‍ദ്ദനത്തെക്കുറിച്ച് നല്‍കിയ പരാതിയിലും അന്വേഷണമൊന്നും നടത്തില്ലെന്ന് രാധ പറയുന്നു. സംഘര്‍ഷത്തിനിടെ ഒരു വനിതാ പോലീസുകാരിക്കും പരിക്കേറ്റതായി വെള്ളമുണ്ട പൊലീസ് അറിയിക്കുന്നുണ്ട്. മര്‍ദ്ദിച്ച് ഒറ്റപ്പെടുത്താന്‍ നോക്കിയാലും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇവരുടെ പക്ഷം. ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിത സാഹചര്യങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊെണ്ട് ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ രാപ്പകല്‍ സമരപ്പന്തലിലിരുന്നുകൊണ്ട് പറയുന്നു.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍