ഒരുപക്ഷേ, പ്രളയകാലത്ത് വയനാട്ടില്‍ കണ്ട ദുരന്തത്തിന്റെ മാതൃകയിലൊന്ന് മുണ്ടത്തടത്തും പ്രതീക്ഷിക്കാമെന്ന് പറയേണ്ടിവരും.
“മൂന്നു പോലീസുകാര്‍ ചേര്‍ന്നാണ് എന്നെ പിടിച്ച് നിലത്തിട്ടത്. ഒരാള്‍ എന്റെ തോളില്‍ പിടിച്ച് പിന്നോട്ടു വലിച്ചു. മറ്റൊരു വനിതാ പോലീസ് എന്റെ കഴുത്തിനു പിടിച്ച് ഞെരിച്ചു. വേദനിച്ച് കുതറാന്‍ നോക്കി കാലിട്ടടിച്ചപ്പോള്‍ ഷൂസിട്ട കാലുകൊണ്ട് എന്റെ കാല്‍മുട്ടിനു ചവിട്ടി. വേദന ഇപ്പോഴും പോയിട്ടില്ല, മുടന്തി മുടന്തിയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നെ ഇങ്ങനെ സംഘം ചേര്‍ന്ന് ഇടിക്കുന്നത് കണ്ടാണ് മെമ്പര്‍ രാധ പിടിച്ചു മാറ്റാന്‍ വന്നത്. അവരേയും പോലീസ് ബലം പ്രയോഗിച്ച് പിടിച്ചു മാറ്റി. മെമ്പറുടെ കൈയ്ക്കും വയറ്റിലും ചതവുണ്ട്. എനിക്ക് മുട്ടും തോളും അനക്കാന്‍ വയ്യ. എല്ലാവരോടും ജില്ലാ ആശുപത്രിയില്‍ പോയി അഡ്മിറ്റാകാനാണ് ഡോക്ടര്‍ പറയുന്നത്. കൂലിപ്പണിക്കു പോയി വീടു നോക്കുന്നവരാണ് ഞങ്ങളെല്ലാം. അഡ്മിറ്റായാല്‍ വീടൊക്കെ ആരു നോക്കും? സമരപ്പന്തലില്‍ ആരിരിക്കും?”, രാപ്പകല്‍ സമരം അഞ്ചാം ദിവസം എന്നെഴുതിയ ബോര്‍ഡിനടുത്ത്, ഓല മെടഞ്ഞ് കെട്ടിയുണ്ടാക്കിയ ചെറിയ സമരപ്പന്തലിന്റെ ഓരത്തിരുന്ന് സംസാരിക്കുന്നതിനിടെ കാസര്‍കോട് പരപ്പയ്ക്കടുത്ത് മുണ്ടത്തടം കോളനിയിലെ ശാന്ത പറഞ്ഞതാണിത്. ശാന്തയും ഗോത്രവിഭാഗത്തില്‍പ്പെട്ട മറ്റ് നാല്‍പ്പതോളം കുടുംബങ്ങളും ചേര്‍ന്ന് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുന്നു. പരിക്കേറ്റ കൈ സ്ലിങ്ങിലിട്ട് പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധാ വിജയനും സമരപ്പന്തലിനു മുന്നില്‍ത്തന്നെയുണ്ട്.
ശാന്തയും രാധയും നാരായണിയുമടക്കമുള്ള മുണ്ടത്തടം ആദിവാസി കോളനിയിലെ സ്ത്രീകളെയാണ് ക്വാറിയ്‌ക്കെതിരായി സമരത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ പോലീസ് തല്ലിച്ചതച്ചതും റോഡിലിട്ടു വലിച്ചിഴച്ചതും. ജീവിതത്തിലിന്നേവരെ ശുദ്ധജല ക്ഷാമം അറിഞ്ഞിട്ടില്ലാത്ത തങ്ങളുടെ കുടിവെള്ളം മുട്ടിച്ച, സഞ്ചാരസ്വാതന്ത്ര്യത്തിനു തുരങ്കം വച്ച, കുട്ടികളുടെ പഠനം താറുമാറാക്കിയ ഒരു കരിങ്കല്‍ ക്വാറിക്കെതിരെയും അതിന്റെ ഉടമയ്‌ക്കെതിരെയും സംഘടിച്ചു സമരം ചെയ്തതാണ് ഇവര്‍ ചെയ്ത കുറ്റം.
ആറു വര്‍ഷമായി പ്രവര്‍ത്തിച്ചുപോരുന്ന ക്വാറി മുണ്ടത്തടം മലയുടെ പാതിയും എടുത്തു കഴിഞ്ഞപ്പോഴാണ്, ഇനിയിവിടെ ജീവിക്കാനാകാത്ത വിധം തങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞു എന്ന് മുണ്ടത്തടം-മാലൂര്‍ക്കയം കോളനിക്കാര്‍ക്ക് മനസ്സിലാകുന്നത്. ക്വാറിക്ക് മുകളിലായുള്ള മുണ്ടത്തടം കോളനിയും, താഴെയുള്ള മാലൂര്‍ക്കുന്ന് കോളനിയും മാവിലര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ സെറ്റില്‍മെന്റുകളാണ്. നാല്‍പ്പതോളം ഗോത്രവര്‍ഗ്ഗ കുടുംബങ്ങളും ഒപ്പം ക്രിസ്ത്യന്‍ ജനതയും ഉള്‍പ്പെടെ നൂറോളം കുടുംബങ്ങള്‍ ക്വാറി നടത്തിപ്പിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. ഉഗ്രസ്‌ഫോടനത്തില്‍ വീടുകള്‍ വിണ്ടു കീറിയും, മണ്ണിട്ടു നികത്തിയ ഉറവകളില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചും, ആകെ ഗതാഗത യോഗ്യമായിരുന്ന ചെറിയ റോഡ് പോലും നഷ്ടപ്പെട്ടും കടുത്ത അരക്ഷിതാവസ്ഥയിലുള്ള ഇവരെയാണ് പോലീസ് കയ്യേറ്റം ചെയ്ത് പരിക്കേല്‍പ്പിച്ചതും. സംഭവം നടന്ന് നാലു ദിവസത്തോളമായിട്ടും ഒരു നടപടിയുമില്ലാത്തതെന്താണെന്നും ഇവര്‍ക്കറിയില്ല. ആദിവാസി സ്ത്രീകള്‍ക്ക് പോലീസ് മര്‍ദ്ദനമേല്‍ക്കുന്നത് പൊതുസമൂഹത്തിന് വലിയ പ്രശ്‌നമുണ്ടാക്കാത്ത കാര്യമാകുന്നത് എങ്ങനെയാണെന്ന് മുണ്ടത്തടത്തെ സ്ത്രീകള്‍ ചോദിക്കുന്നു. തങ്ങളെ പോലീസ് വലിച്ചിഴച്ച് അതേ റോഡിന്റെ വശത്ത് സമരപ്പന്തല്‍ കെട്ടി, ഇക്കാര്യത്തില്‍ തീരുമാനമാകും വരെ കുത്തിയിരിക്കും എന്ന വാശിയിലാണ് ശാന്തയും നാരായണിയും പുഷ്പയുമെല്ലാം.
രാപ്പകല്‍ സമരം ആരംഭിച്ച ദിവസം മുതല്‍ക്ക് ഇവരാരും ജോലിക്കു പോകുന്നില്ല. കൂലിപ്പണിക്കുപോയി അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്ന സാധാരണക്കാരായിട്ടുപോലും ജോലി വേണ്ടെന്നു വയ്ക്കുന്നത്, ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ രണ്ടു കോളനികള്‍ നാമാവശേഷമായിപ്പോകും എന്ന ബോധ്യം ഇവര്‍ക്കുള്ളതുകൊണ്ടാണ്. സമരപ്പന്തലിനു മുന്നില്‍വച്ച ചെറിയ ബക്കറ്റില്‍ വീഴുന്ന സംഭാവനകള്‍ ഉപയോഗിച്ച് കഞ്ഞിവച്ചാണ് ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പരിക്കേറ്റതിന്റെ വേദനയുണ്ടായിട്ടും, ആശുപത്രിയില്‍ ഉടനെ പ്രവേശിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശമുണ്ടായിട്ടും ഇവരാരും പോകാത്തതും ‘പോയാലെങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുപോകും’ എന്ന ചിന്ത കാരണമാണ്. ഒറ്റയ്ക്ക് ജോലിചെയ്ത് കുടുംബം നോക്കുന്നവരാണ് ഈ സ്ത്രീകളില്‍ മിക്കപേരും. ഇത്രയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും ഇവര്‍ ഇവിടെത്തന്നെ സമരമിരിക്കുന്നതിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുമുണ്ട്. ആറു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ജീവിതം നരകതുല്യമായി മാറിയതെങ്ങനെയെന്ന് ഇവര്‍ പറയും. നാലു വശത്തും നീര്‍ച്ചാലുകളുണ്ടായിരുന്ന മുണ്ടത്തടത്ത്, പഞ്ചായത്ത് വക വെള്ളം കൊണ്ടുവരുന്ന ടാങ്കറിനായുള്ള കാത്തിരിപ്പ് ആരംഭിച്ചതിന്റെ കഥയാണത്. ജീവിതത്തിലാദ്യമായി മഴക്കാലങ്ങളെ ഭീതിയോടെ കാണാനാരംഭിച്ചതിന്റെ, കാട്ടില്‍ നിന്നുള്ള ശബ്ദങ്ങള്‍ കേട്ടാല്‍ ഉറക്കം നഷ്ടപ്പെടുന്നതിന്റെ ആ കഥകളിലുണ്ട് കാടിനോടു ചേര്‍ന്ന് ജീവിച്ചു പോന്ന രണ്ട് ആദിവാസി കോളനികള്‍ ഒന്നടങ്കം ഇന്ന് സമരപ്പന്തലിലെത്തിയതിന്റെ കാരണം.
കരിങ്കല്‍ ക്വാറി ഇടിച്ചു തകര്‍ക്കുന്ന മുണ്ടത്തടത്തെ ആദിവാസി ജീവിതം
“പത്തു മുപ്പതു കുടുംബങ്ങളുണ്ടായിരുന്നു ഈ കുന്നിന്റെ മോളില്‍. ഒരു കോളനിയായി ഞങ്ങളങ്ങനെ സന്തോഷമായിട്ട് കഴിഞ്ഞതാണ്. അന്നേ സി. നാരായണന്‍ എന്നയാളിന്റെ റബ്ബര്‍ തോട്ടങ്ങള്‍ ഇവിടെയൊക്കെയുണ്ട്. ഞങ്ങളൊക്കെ അവിടെ പണിയെടുത്തിട്ടുമുണ്ട്. വീടിന്റെ തൊട്ടിപ്പുറത്ത് കാടാണ്. കാട്ടില്‍ പണിക്കുപോയും ശുദ്ധവായും ശ്വസിച്ചും ഒക്കെയുള്ള ജീവിതമായിരുന്നു. ഈ താഴെവരെ വണ്ടിയും വരും. സാധനങ്ങള്‍ കൊണ്ടുവരാനോ രോഗികളെ ആശുപത്രിയിലെത്തിക്കാനോ വലിയ ബുദ്ധിമുട്ടില്ല. അങ്ങനെ പോകുമ്പോഴാണ് നാരായണന്‍ പതിയെ ഇവിടെ കുറെയേറെ സ്ഥലമൊക്കെ വാങ്ങിത്തുടങ്ങുന്നത്. കുറച്ച് സ്ഥലം കൈയിലായപ്പോള്‍ പാറ പൊട്ടിക്കാന്‍ പോകുന്നു എന്നു കേട്ടു. അന്വേഷിച്ചപ്പോള്‍ കുറച്ച് പാറ പൊട്ടിച്ചെടുത്ത് ദൂരെയെങ്ങാന്‍, വേറെ സ്ഥലത്ത് കൊണ്ടുപോയി പൊടിക്കാനാണ് ഉദ്ദേശം, അതല്ലാതെ ഇവിടെയുള്ളവരെയൊന്നും ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ല എന്നൊക്കെയാണ് പറഞ്ഞത്. അയാളുടെ സ്ഥലത്തെ ഇത്തിരി പാറ അയാള്‍ പൊട്ടിക്കുന്നതല്ലേ, അതിനെന്ത് എന്ന് ഞങ്ങളും വിചാരിച്ചു. ഇവിടെയുള്ളവര്‍ക്കെല്ലാം അവിടെ പണി കിട്ടും എന്നും ഒരു വാഗ്ദാനം ഉണ്ടായിരുന്നു. അന്ന് കോളനിയിലുള്ള മിക്ക പേരും ഇയാളുടെ തോട്ടത്തില്‍ പണിയെടുക്കുന്നവരാണ്. ക്വാറി ചെറിയ രീതിയില്‍ തുടങ്ങിയതറിഞ്ഞ് പരിസ്ഥിതിക്കാരൊക്കെ വന്നു. ഞങ്ങളോട് ഇത് സമ്മതിക്കരുതെന്ന് അവര്‍ അന്നേ പറഞ്ഞതാണ്. ഞങ്ങളുടെ വെള്ളമൊക്കെ വറ്റിപ്പോകും എന്നും പറഞ്ഞു. അതൊന്നും ആരും വിശ്വസിച്ചില്ല. വേനല്‍ക്കാലത്ത് പോലും നിറച്ച് വെള്ളം നില്‍ക്കുന്ന ചാലുകളും കുഴികളുമാണ് കാടിനോടു ചേര്‍ന്നും കാടിനകത്തുമൊക്കെയുള്ളത്. അതൊക്കെ എങ്ങനെയാണ് വറ്റുക എന്ന് കരുതി. ആരായാലും വിശ്വസിക്കില്ല. അത്രയും വെള്ളത്തിന് ക്ഷാമമില്ലാത്ത സ്ഥലമാണ്. പത്തു കൊല്ലം കഴിഞ്ഞാല്‍ നിങ്ങള്‍ക്കിവിടെ ജീവിക്കാന്‍ പറ്റാതാകും എന്നുകൂടി പറഞ്ഞാണ് പരിസ്ഥിതിക്കാര്‍ പോയത്. അവര്‍ പറഞ്ഞതുപോലെ തന്നെ പറ്റിപ്പോയി. ആറു കൊല്ലമായപ്പോഴേക്കും ജീവിക്കാന്‍ പറ്റാതായി. പതിനാറു കുടുംബങ്ങള്‍ വീടു വിറ്റു വേറെ സ്ഥലങ്ങളിലേക്ക് പോയി. ഇപ്പോള്‍ കഷ്ടിച്ച് പത്തു കുടുംബങ്ങളാണ് മുണ്ടത്തടത്ത് ബാക്കി. വറ്റില്ല എന്നു വിചാരിച്ച ഉറവകളെല്ലാം മുഴുവനായും വറ്റി. കാടിനകത്ത് കയറി നോക്കിയപ്പോള്‍ അവിടെയുള്ള ചാലും കുഴിയും പോലും വറ്റിയിട്ടുണ്ട്. മുമ്പ് ഈ ഉമ്മറത്തിരുന്നാല്‍ അത്രയും സുഖമുള്ള കാറ്റും വായുവുമാണ്. ഇപ്പോള്‍ മുഴുവന്‍ പൊടിയാണ് അടിച്ചു കയറുന്നത്. ഒരു ജലദോഷപ്പനി പോലും വരാത്ത കോളനിയില്‍, കുട്ടികള്‍ക്കെല്ലാം ശ്വാസംമുട്ടും ആസ്തമയുമാണ്. എത്ര പെട്ടന്നാണ് ഈ സ്ഥലം മുഴുവന്‍ മാറിപ്പോയതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വാസമാകില്ല, കഥ കേള്‍ക്കുന്നതു പോലെ തോന്നും.”
ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞ് തീര്‍ത്ത് വിജിന്‍ വറ്റിപ്പോയ ഉറവകളുണ്ടായിരുന്ന വലിയ കുഴികള്‍ ചൂണ്ടിക്കാണിച്ചു തന്നു. വേനല്‍ക്കാലത്തു പോലും നിറഞ്ഞുമാത്രം ഇവര്‍ കണ്ടിട്ടുള്ള ഉറവകള്‍ വറ്റി വരണ്ട് ഗുഹപോലായിരിക്കുന്നു. മുണ്ടത്തടത്തുള്ള വിജിന്റെ വീട്ടിലെ കിണറ്റില്‍ മാത്രമാണ് ഇപ്പോള്‍ അല്പമെങ്കിലും വെള്ളമുള്ളത്. മലയിറങ്ങി വരുന്ന മറ്റ് ആദിവാസി സ്ത്രീകള്‍ ഇവിടെനിന്നും വെള്ളം തലച്ചുമടായി എടുത്തുകൊണ്ടുപോകുന്നു. പത്തു കുടുംബങ്ങള്‍ക്ക് ഒരു കിണര്‍ എന്ന കണക്കിലാണ് ഇപ്പോഴത്ത അവസ്ഥ എന്നതുകൊണ്ട്, ഒരു വീട്ടിലേക്ക് രണ്ടു കുടം വെള്ളം എന്ന് ഇവര്‍ക്കുള്ളില്‍ത്തന്നെ ഒരു ധാരണയാക്കിയിട്ടുമുണ്ട്. ഒരു ജീവിതകാലം മുഴുവന്‍ കാടിനോടു ചേര്‍ന്ന് വെള്ളത്തിന്റെ ധാരാളിത്തത്തില്‍ ജീവിച്ച മുണ്ടത്തടത്തുകാര്‍ക്ക് ഏറ്റവും വലിയ ശാപമായി തോന്നുന്നതും ഈ ജലക്ഷാമം തന്നെയാണ്. വിജിന്റെ കിണര്‍ കൂടി വറ്റിയാല്‍ പിന്നെന്താണ് വഴിയെന്ന് ഇവര്‍ക്കറിയില്ല. പാറപൊട്ടിക്കുന്ന സ്‌ഫോടനങ്ങളുടെ ആഘാതത്തില്‍ വിണ്ടു കീറിയ വീടിന്റെ ഭാഗങ്ങള്‍ വിജിനും ഭാര്യ ഷീജയും ചേര്‍ന്ന് കാണിച്ചു തരുന്നുണ്ട്. രണ്ടു വര്‍ഷക്കാലത്തിനുമുന്നെ ആദ്യം കണ്ട ഇത്തരം വിള്ളലുകള്‍ മുണ്ടത്തടത്തെയും മാലൂര്‍ക്കയത്തിലെയും ഒട്ടുമിക്ക വീടുകളിലുമുണ്ട്. ഭൂമികുലുക്കം വരുമ്പോഴെന്ന പോലുള്ള ഒരു വൈബ്രേഷനും, തൊട്ടുപിന്നാലെ വരുന്ന കാതടപ്പിക്കുന്ന സ്‌ഫോടനശബ്ദവും രണ്ടു ദിവസമായി ഇല്ലാത്തതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ മുണ്ടത്തടത്തുകാര്‍. മേയ് മുപ്പതിന് പോലീസിന്റെ മര്‍ദ്ദനം പ്രദേശത്ത് വലിയ ചര്‍ച്ചയായി മാറിയതിനു ശേഷം, ഭയന്നിട്ടോ മറ്റോ ക്വാറിയിലേക്ക് ജോലിക്കാരെത്തിയിട്ടില്ല. എത്തിയാലും അകത്തേക്ക് കയറ്റില്ല എന്ന നിലപാടാണ് സമരക്കാര്‍ക്കുള്ളത്. രണ്ടു മൂന്നു ദിവസമായി ക്വാറി പ്രവര്‍ത്തിക്കാത്തതിനാല്‍ മണ്ണും പൊടിയും വീശിയടിക്കുന്ന പ്രശ്‌നവുമില്ല.
പതിനാറു വീട്ടുകാര്‍ ഇറങ്ങിയ പോലെ, തങ്ങള്‍ക്കും ഏതു നിമിഷവും കുടിയിറങ്ങേണ്ടിവരും എന്ന ചിന്തയിലാണ് വിജിനും ഷീജയും. ജനിച്ചയിടത്തു നിന്നും എങ്ങും പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും, കുന്നിടിഞ്ഞാല്‍ എല്ലാം കുന്നിനൊപ്പം പോട്ടെ എന്ന് ചിരിച്ചുകൊണ്ട് പറയുന്നുണ്ടെങ്കിലും, വലിയ ആശങ്കയുണ്ട് ഇവരുടെ മുഖത്ത്. ക്വാറിയ്ക്കു മേലെ പരന്നു കിടക്കുന്ന റബ്ബര്‍ത്തോട്ടവും കഴിഞ്ഞ് അതിനും മുകളില്‍ കാടിനോടു ചേര്‍ന്നാണ് മുണ്ടക്കയം ആദിവാസി കോളനി. ക്വാറി നിന്നിരുന്ന മലയോരത്തെ റബ്ബര്‍ തോട്ടങ്ങളും മറ്റു കാട്ടുമരങ്ങളും വെട്ടിത്തെളിച്ചാണ് ‘സീയെന്‍ സ്റ്റോണ്‍ ക്രഷര്‍’ എന്ന കരിങ്കല്‍ ക്വാറി പ്രത്യക്ഷപ്പെട്ടത്. കണ്‍മുന്നിലുണ്ടായിരുന്ന തോട്ടങ്ങളും വീടുകളും ദിവസങ്ങള്‍ കൊണ്ട് അപ്രത്യക്ഷമാകുന്നത് ഇവര്‍ കണ്ടിട്ടുണ്ട്. വീടിന്റെ തൊട്ടുതാഴെയുള്ള റബ്ബര്‍ത്തോടത്തിലും ക്വാറിയുടെ മേല്‍നോട്ടക്കാരെത്തി മരം വെട്ടുന്നതിനെക്കുറിച്ച് സംസാരിച്ച കാര്യവും ഇവര്‍ പറയുന്നുണ്ട്. “അവരിങ്ങനെ കേറിക്കേറി വരുന്നുണ്ട്. ഇനി ഈ തൊട്ടു മുന്നിലുള്ള റബ്ബറെല്ലാം വെട്ടി ഇവിടന്നും പാറ പൊട്ടിക്കും. അപ്പോള്‍ ഞങ്ങളുടെ വീടിന്റെ മുറ്റത്താകും ക്വാറി”, പരപ്പ ഫോറസ്റ്റ് ഡിവിഷനില്‍ വരുന്ന വനപ്രദേശത്തിന് തൊട്ടടുത്താണ് മുണ്ടത്തടം കോളനി. സഞ്ചാരികള്‍ ധാരാളമെത്തുന്ന റാണിപുരമടക്കമുള്ള വനങ്ങള്‍ ഇതേ മലനിരകള്‍ക്കപ്പുറത്താണ്. കാടിന്റെ പത്തുമീറ്ററിലധികം അടുത്താണ് ക്വാറി പാറപൊട്ടിക്കുന്ന പ്രദേശങ്ങളിലൊന്ന്. കാടിന്റെ അതിര്‍ത്തി കടന്നും പാറപൊട്ടിച്ചതിന്റെയും മണ്ണുമാറ്റിയതിന്റെയും ലക്ഷണങ്ങള്‍ വ്യക്തമായി കാണാനുമുണ്ട്. ആദിവാസികള്‍ കാട്ടില്‍ക്കയറി വീടുവച്ചാല്‍ നടപടിക്കൊരുങ്ങുന്ന അധികൃതര്‍, ഇതുമാത്രം കണ്ടില്ലെന്നു നടിക്കുന്നതെന്താണെന്നാണ് ഇവരുടെ ചോദ്യം. മുണ്ടത്തടത്തെ മനുഷ്യര്‍ക്കുമാത്രമല്ല, വന്യജീവി സമ്പത്തിനും ക്വാറി വലിയ ഭീഷണിയായിട്ടുണ്ടെന്നാണ് ഇവിടത്തുകാരായ ബിനുവിന്റെയും വിബിന്റേയുമെല്ലാം നിരീക്ഷണം. കാടിനു പുറത്തെന്ന പോലെ കാടിനകത്തും വെള്ളമില്ലാതായിട്ടുണ്ട്. മാത്രമല്ല, പാറ പൊട്ടിക്കുമ്പോഴുള്ള തരിപ്പും ശബ്ദവും കാടിന്റെ ഏറ്റവും അങ്ങേയറ്റത്തു നിന്നാല്‍പ്പോലും കേള്‍ക്കാം. ഒരിക്കല്‍ കാടിന്റെ മറ്റേ അതിരില്‍ ജോലിക്കുപോയപ്പോള്‍ ക്വാറിയിലെ സ്‌ഫോടനത്തിന്റെ നടുക്കം അവിടേയും അനുഭവപ്പെട്ടതോടെയാണ് ഇവര്‍ക്കെല്ലാം വിഷയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതു തന്നെ.
ക്വാറിയിലേക്ക് ‘സ്വകാര്യ റോഡ്’, ആദിവാസി വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്നത് കിലോമീറ്ററുകളോളം നടന്ന്
സി. നാരായണന്‍ എന്ന ക്വാറിയുടമയുടെ സ്വാധീനത്തെക്കുറിച്ചും, പടിപടിയായ വളര്‍ച്ചയെക്കുറിച്ചും മുണ്ടത്തടത്തുകാര്‍ക്ക് ധാരാളം സംസാരിക്കാനുണ്ട്. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ത്തന്നെയുള്ള ചായ്യോത്തുകാരനായ നാരായണനെപ്പറ്റി അധികമൊന്നും അറിയില്ലെന്ന് സമരക്കാരില്‍ ചിലര്‍ പറഞ്ഞിരുന്നെങ്കിലും, ഇയാളുടെ റബ്ബര്‍ തോട്ടങ്ങളില്‍ ജോലി ചെയ്തിരുന്ന വിജിന്‍ അടക്കമുള്ളവര്‍ക്ക് നാരായണന്റെ ക്വാറി ബിസിനസ്സിനെക്കുറിച്ച് കുറെയേറെ ആരോപണങ്ങളുണ്ട്. “എഴുപത് ഏക്കര്‍ ഭൂമിയാണ് ഇവിടെ നാരായണന്റെ കൈയിലുള്ളത്. ആദ്യം കുറേ റബ്ബര്‍ തോട്ടമായിരുന്നു. ഞങ്ങളെല്ലാം അവിടെ പണിയെടുത്തിരുന്നവരാണ്. ഈ പ്രശ്‌നമൊക്കെ ഇത്രയും കടുത്ത ശേഷം ഇപ്പോള്‍ ഇവിടുന്നാരും അവിടെ പണിക്കു പോകുന്നില്ല. തോട്ടത്തിന്റെ ഒരു ഭാഗം വെട്ടി വെളുപ്പിച്ചാണ് ക്വാറി ആദ്യം കൊണ്ടുവന്നത്. ഒപ്പം ജോലി ചെയ്തിരുന്ന കൃഷ്‌ണേട്ടന്‍ ക്വാറിയുടെ മേലെ നിന്നും തെന്നി താഴെ വീണ് മരിക്കുന്നത് നേരിട്ട് കണ്ടയാളാണ് ഞാന്‍. ക്വാറിക്കെതിരായി സംസാരമുണ്ടാകാതിരിക്കാന്‍ അവരത് കല്ലില്‍ തലയിടിച്ചുള്ള മരണമെന്നാക്കി. ഇനിയും ഇയാള്‍ക്ക് ഇവിടെ തോട്ടമുണ്ട്. അതും വെട്ടി ക്വാറിയാക്കും. ഇവിടെ നിന്നും പാറപൊട്ടിച്ച് ഇയാളുടെ തന്നെ വേറെ ക്രഷറില്‍ കൊണ്ടുപോയി പൊട്ടിക്കുമെന്നൊക്കെയായിരുന്നു വാഗ്ദാനം. അവസാനം ഇവിടെ ക്വാറിയില്‍ത്തന്നെ ക്രഷറും പണിയാന്‍ തുടങ്ങി. ക്രഷറിന് ലൈസന്‍സില്ലാത്തതുകൊണ്ടാണ് സമരക്കാര്‍ അതു തടഞ്ഞത്. ക്രഷറും കൂടി വന്നാല്‍പ്പിന്നെ മുണ്ടത്തടം കോളനിയെ നോക്കണ്ട. പരപ്പയിലും കൊളംകുളത്തുമെല്ലാം ഇയാള്‍ക്ക് വേറെയും ചെറിയ ക്വാറികളുണ്ടെന്നാണ് കേള്‍ക്കുന്നത്. ചെറുകിട ക്വാറിക്കാരെയെല്ലാം പേടിപ്പിച്ചോടിക്കും. എന്നിട്ട് സ്വന്തം ബിസിനസ്സ് വളര്‍ത്തും. അതാണ് രീതി. ദിവസം മൂന്നു ലക്ഷം രൂപയുടെ ലാഭം ഇവിടെ നിന്നു കിട്ടുന്നുണ്ടെന്നാണ് കേട്ടത്. സത്യമാണോ എന്നറിയില്ല. ആളുകളെ ഇങ്ങനെ തല്ലിച്ചതച്ചില്ലേ? നിയമം ഒക്കെ വളച്ചൊടിച്ച് ദിവസവും പാറപൊട്ടിച്ചില്ലേ? ഇയാള്‍ക്ക് സഹായം ചെയ്യുകയല്ലാതെ ഏതെങ്കിലും ഉദ്യോഗസ്ഥന്മാര്‍ ചോദിക്കാന്‍ വന്നോ? ആരും വരാന്‍ പോകുന്നില്ല. എല്ലാം നാരായണന്റെയും മൂന്നു മക്കളുടെയും കൈയിലാണ്. ഇയാള്‍ പണ്ട് ദേശാഭിമാനിയില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് കേട്ടിരുന്നു. അതായിരിക്കും പത്രങ്ങളും ഈ വഴിക്ക് വരാത്തത്. അതിന്റെ ശേഷം കുറച്ച് കാലം കെട്ടിടം പണിയും റോഡു പണിയും കരാറെടുത്ത് നടത്തിക്കൊടുക്കുന്ന പരിപാടിയായിരുന്നു. എന്നിട്ടാണ് ക്വാറിയിലേക്ക് തിരിഞ്ഞത്. സിപിഎംകാരനാണ് ഇയാള്‍. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഭരിക്കുന്നതും സിപിഎമ്മാണ്. അപ്പോള്‍പ്പിന്നെ കൂടുതല്‍ പറയേണ്ടല്ലോ. ജിയോളജിക്കാരും പോലീസുകാരും എല്ലാവരും അയാളുടെ കൈയിലാണ്. അല്ലെങ്കില്‍ ഇത്രയും പ്രശ്‌നമായിട്ടും പഞ്ചായത്ത് മെമ്പറോ പ്രസിഡന്റോ ഈ വഴിക്ക് വരാത്തതെന്താ? എസ്.ടി പ്രമോട്ടറെയും കാണുന്നില്ലല്ലോ? ഇവര്‍ക്കെതിരെയൊന്നും നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. എന്തെങ്കിലും ചോദിക്കാന്‍ ചെന്നാല്‍ അപ്പോള്‍ നമുക്കെതിരെ കള്ളക്കേസ് കൊടുക്കും. പേടിപ്പിച്ചു നിര്‍ത്തും. ഇപ്പോഴും സമരം ഇത്രയും ഉഷാറായിട്ടും അവിടെ പോയിരിക്കാത്തവരുണ്ട്. പേടിച്ചിട്ടാണ്. അല്ലാതെ പിന്തുണയ്ക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല.”
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധാ വിജയനടക്കം സമരത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഭാഗമായിട്ടുള്ള എല്ലാവര്‍ക്കുമെതിരെ ക്വാറിയുടമ കള്ളക്കേസുകള്‍ കൊടുത്തിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം. കേസിനു പുറകേ പോകാന്‍ സാധിക്കാത്തതിനാല്‍ ഇത്രനാളും ഇവരെല്ലാം മൗനം പാലിക്കുകയും ചെയ്തിരുന്നു. മുണ്ടത്തടത്തുകാര്‍ സാധാരണയായി ഉപയോഗിച്ചു പോന്നിരുന്ന പൊതുവഴിയുടെ ആരംഭത്തില്‍ കുഴികുത്തി തടസ്സം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ആദ്യ പടി. വണ്ടിയെത്താതെ, സാധനങ്ങള്‍ വീടുകളിലേക്ക് തലച്ചുമടായി എടുത്തുകൊണ്ടുവരേണ്ട അവസ്ഥയുണ്ടായപ്പോഴും ഇവര്‍ക്ക് പ്രതികരിക്കാന്‍ സാധിക്കാത്തിരുന്നിന്റെ കാരണവും ഇതേ ഭയം തന്നെ. റബ്ബര്‍ തോട്ടത്തിലൂടെയുള്ള കുത്തനെയുള്ള കയറ്റം കയറിവരാവുന്ന എളുപ്പവഴിയും രോഗികള്‍ക്കും പ്രായം ചെന്നവര്‍ക്കും കയറാന്‍ സാധ്യമല്ല. ഇപ്പോഴും മണ്ണിട്ട് അടച്ച നിലയില്‍ കിടക്കുന്ന കോളനിയിലേക്കുള്ള പ്രധാനവഴിയിലൂടെ രോഗികളെ രണ്ടോ മൂന്നോ തവണ താങ്ങിയെടുത്ത് എത്തിക്കേണ്ടിവന്നതോടെയാണ് വഴിയില്ലാത്തതിന്റെ അപകടവും ഇവര്‍ക്കുമുന്നില്‍ തെളിയുന്നത്. ഒന്നര കിലോമീറ്റര്‍ കാല്‍നടയായി കുന്നിറങ്ങി മാത്രം ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് പോകാനായിരുന്ന മുണ്ടത്തടത്തെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി ഗോത്രസാരഥി ഒരു വണ്ടി ഏര്‍പ്പാടു ചെയ്തിരുന്നു. രണ്ടേ രണ്ടു ദിവസമാണ് ആ വാഹനം കോളനിയിലെത്തിയത്. മൂന്നാം ദിവസം ക്വാറിയുടെ മേല്‍നോട്ടക്കാര്‍ വഴി മണ്ണിട്ടടച്ചു. മുണ്ടത്തടത്തെ കുട്ടികള്‍ ഇപ്പോഴും ഇതുവഴി ചാടിക്കടന്ന്, കാല്‍നടയായി സ്‌കൂളില്‍ പോകുന്നു. കോളനിയിലേക്കുള്ള വഴി അടച്ചതിനും വീതിയില്ലാത്ത ആ വഴിയിലൂടെ ക്വാറിയിലേക്കുള്ള വലിയ വാഹനങ്ങള്‍ അമിത വേഗതയില്‍ ഓടിക്കുന്നതിനുമെതിരായി ധാരാളം പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ, മറ്റൊരു റോഡു തന്നെ ക്വാറിക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളം കാട്ടില്‍ നിന്നും താഴേക്കെത്തിച്ചിരുന്ന നീര്‍ച്ചാല്‍ അടച്ചുകെട്ടി ടാര്‍ ചെയ്തതാണ് ഇവരുടെ ‘സ്വകാര്യ റോഡ്’. റോഡിലേക്കു കടക്കുന്നയിടത്തു തന്നെ, പൊതുവഴിയല്ലെന്ന ബോര്‍ഡും ചെക്ക്‌പോസ്റ്റ് മാതൃകയിലുള്ള ഗേറ്റും പണിതിട്ടിട്ടുണ്ട്. ക്വാറിയില്‍ ജോലി നടന്നിരുന്ന കഴിഞ്ഞ മുപ്പതാം തീയതി വരെ ഇതുവഴി സഞ്ചരിക്കാന്‍ പ്രദേശവാസികള്‍ക്കു പോലും അനുമതിയില്ലായിരുന്നു. റോഡിനോടു ചേര്‍ന്ന് പലയിടത്തായും ക്വാറിയിലും ക്യാമറകള്‍ സ്ഥാപിച്ച്, ഇതിലേ പോയാല്‍ ക്യാമറയില്‍പ്പെടും, കേസാകും എന്നെല്ലാം ഭീഷണിപ്പെടുത്തുന്നതായിരുന്നു രീതി. നേരത്തേ ഇവര്‍ കൊടുത്ത കേസുകളില്‍ അകപ്പെട്ട് അനുഭവമുള്ളവരെല്ലാം കഴിയുന്നതും കുത്തനെ കയറ്റമുള്ള ഊടുവഴികള്‍ സ്വീകരിച്ചു. മറ്റു നിവൃത്തിയില്ലാതെ ക്വാറിയുടെ സ്ഥലത്തിലൂടെ സഞ്ചരിക്കേണ്ടി വന്നവര്‍ക്കാകട്ടെ, പിടിക്കപ്പെടുമോ എന്ന ഭയത്തില്‍ കള്ളന്മാരെപ്പോലെ പതുങ്ങിപ്പോകേണ്ടിയും വന്നു. “ഞങ്ങളുടെ വഴി ഇല്ലാതാക്കിയിട്ടല്ലേ? ഇനി ഇതിലേ തന്നെ പോകും. ക്യാമറയില്‍ പെട്ടാല്‍ പെടട്ടെ. ഇനി ക്വാറി പൂട്ടിച്ചിട്ടേ സമരം നിര്‍ത്തുന്നുള്ളൂ” ക്വാറിയുടെ ‘സ്വകാര്യ റോഡിലൂടെ’ കോളനിയിലേക്ക് നടക്കുമ്പോള്‍ മാലൂര്‍ക്കയത്തെ വിബിന്‍ പറഞ്ഞതിങ്ങനെ. ഇതേ ഉറച്ച തീരുമാനമാണ് സമരക്കാര്‍ക്കെല്ലാമിപ്പോള്‍.
വരാനിരിക്കുന്നത് മഴക്കാലം, മണ്ണിടിച്ചില്‍ ഭീതിയില്‍ കോളനികള്‍
വേനലില്‍ വെള്ളം ഒട്ടുമില്ലാത്തത് അതിയായി ബുദ്ധിമുട്ടിലാക്കുന്നുണ്ടെങ്കിലും, മുണ്ടത്തടത്തുകാര്‍ക്കും മാലൂര്‍ക്കയത്തുകാര്‍ക്കും ഇനി ഏറെ ഭയം മഴക്കാലത്തെയാണ്. കഴിഞ്ഞ പ്രളയകാലത്ത് വളരെയധികം ഭയപ്പാടിലായിരുന്നു ഇവിടത്തുകാര്‍. നിറഞ്ഞൊഴുകിയ ചാലുകളേക്കാള്‍ ഇവരെ ആശങ്കയിലാക്കിയത് മലമുകളിലെ കാട്ടില്‍ നിന്നും കേട്ട ശബ്ദങ്ങളും ഉരുണ്ടുവന്ന പാറകളുമാണ്. “കഴിഞ്ഞ പ്രളയത്തിന്റെ സമയത്തു തന്നെ വീടൊക്കെ പോയി എന്നു വിചാരിച്ചതാണ്. ഇത്രകാലം ഇവിടെ താമസിച്ചിട്ടും മഴക്കാലത്ത് അങ്ങനെയൊരു പേടി വന്നിട്ടില്ലായിരുന്നു. പക്ഷേ കഴിഞ്ഞ മഴക്കാലത്ത് ശരിക്കും പേടിച്ചുപോയി. മറിഞ്ഞു വീണ കല്ലും മരവുമൊക്കെ അടുത്ത വീട്ടുകാരുടെ കൂടി സഹായത്തോടെയാണ് എടുത്തു മാറ്റിയത്. ഈ മഴക്കാലത്ത് എന്തായിരിക്കും അവസ്ഥ എന്നോര്‍ത്താണ് ഇനിയുള്ള പേടി മുഴുവന്‍. ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായാല്‍ മുണ്ടത്തടവും മാലൂര്‍ക്കയവും മാത്രമല്ല, പരപ്പ ടൗണ്‍ വരെ മണ്ണിനടിയിലായിപ്പോകും. അതില്‍ സംശയമില്ല. പറമ്പില്‍ പച്ചക്കറി കൃഷി ചെയ്ത് ജീവിച്ചിരുന്നവരാണ്. ഇപ്പോള്‍ ഒരു തുള്ളി വെള്ളം എവിടെയുമില്ല്. വെള്ളത്തിന് ഇത്രയും ക്ഷാമം ഇവിടെ ഇതാദ്യമായാണ്.” പുഷ്പ പറയുന്നു. ക്വാറിക്കാര്‍ മണ്ണിട്ടു റോഡു കെട്ടിയ പഴയ നീര്‍ച്ചാലിന്റെ കരയിലാണ് പുഷ്പയും മക്കളും രോഗബാധിതനായ ഭര്‍ത്താവും താമസിക്കുന്നത്. കേരളത്തിലെല്ലായിടത്തും വലിയ നഷ്ടങ്ങളുണ്ടാക്കിയ പ്രളയകാലത്താണ് ആദ്യമായി മണ്ണിടിച്ചിലിന്റെ ഭീഷണി ഇവിടെയുണ്ടാകുന്നതെങ്കിലും, നാല്‍പ്പതിലധികം വര്‍ഷക്കാലമായി കണ്ടിട്ടില്ലാത്ത വിധത്തില്‍ അത്തരമൊരു സംഭവമുണ്ടായത് ക്വാറിയുടെ സാന്നിധ്യം കാരണമാണെന്നു തന്നെയാണ് ഇവരുടെ ഉറച്ച വിശ്വാസം. കുന്നിന്റെ ഏറ്റവും മുകളിലുള്ള മുണ്ടത്തടം കോളനിയില്‍ താമസിക്കുന്നവരാകട്ടെ, ഓരോ ചാറ്റല്‍മഴയ്ക്കു പോലും ഭയന്നുവിറച്ചാണ് വീട്ടിലിരിക്കുന്നത്. രാത്രികാലങ്ങളില്‍ മഴപെയ്താല്‍, ഉറക്കമില്ലാതെ ഇവരൊരുമിച്ച് വീട്ടിനു പുറത്തിറങ്ങി കാട്ടില്‍ നിന്നും ശബ്ദമെന്തെങ്കിലും കേള്‍ക്കുന്നുണ്ടോ എന്നു കാതോര്‍ത്തിരിക്കുന്നു.
“കഴിഞ്ഞ ദിവസമോ മറ്റോ ആണ്, മഴയുള്ള ഒരു നേരത്ത് ഞാന്‍ ഈ ക്വാറി കടന്ന് മേലോട്ട് മണ്ണിട്ട റോഡിലൂടെ കയറിവരികയായിരുന്നു. റോഡിന്റെ ഒരു വശത്ത് ക്വാറിയാണ്, വീണാല്‍ പൊടിപോലും കിട്ടില്ല. മറ്റേ വശം മുകളില്‍ കാടാണ്. ചെരിവിലായാണ് താഴേക്കിറങ്ങുന്ന റോഡ്. കയറിവരുന്നതിനിടെയാണ് മുകളില്‍ നിന്നും ശബ്ദം കേട്ടത്. നോക്കുമ്പോള്‍ കാട്ടില്‍ നിന്നും പാറക്കല്ലുകള്‍ ഇടിഞ്ഞു താഴേക്ക് വീഴുന്നു. ഒരു നിമിഷം എല്ലാം തീര്‍ന്നു എന്നുതന്നെ വിചാരിച്ചു. തിരിഞ്ഞോടാന്‍ പറ്റില്ല, മഴപെയ്ത് മണ്ണെല്ലാം കുഴഞ്ഞു കിടക്കുകയാണ്. ചെറുതായി തെന്നിയാല്‍ ക്വാറിയിലേക്ക് വീഴും. മുന്നോട്ടു പോകാനും പറ്റില്ല, പാറ ഇടിഞ്ഞുവരുന്നത് അങ്ങോട്ടാണ്. സ്തംഭിച്ചു നില്‍ക്കാനേ സാധിച്ചുള്ളൂ. എന്തോ ഭാഗ്യത്തിന് പാറകള്‍ വഴിയില്‍ ബ്ലോക്കായി നിന്നു. അല്ലെങ്കില്‍ എന്തു പറ്റുമായിരുന്നു എന്ന് ആലോചിക്കാന്‍ കൂടി വയ്യ”, നാളിതുവരെ കാണാത്ത ഓരോ കാര്യങ്ങള്‍ അനുഭവത്തില്‍ വരുമ്പോള്‍, അതിനു കാരണം ഈ ക്വാറിയല്ലെങ്കില്‍ മറ്റെന്താണെന്ന് ചോദിക്കുകയാണ് ഷീജ. അന്നത്തെ ഭയം ഷീജയ്ക്ക് ഇന്നുവരെ മാറിയിട്ടില്ല. ക്വാറി മലയുടെ പാതിയോളം ഇടിച്ചു കഴിഞ്ഞതോടെ, കാടിനകത്തുവരെ അതിന്റെ പ്രശ്‌നങ്ങള്‍ കാണാനുണ്ടെന്നും അടുത്ത മഴക്കാലത്ത് അതിന്റെ കൃത്യമായ തെളിവ് നേരിട്ടു തന്നെ കാണാമെന്നും കാടിനെയും ഇവിടത്തെ ഭൂപ്രകൃതിയെയും വ്യക്തമായറിയാവുന്ന വിജിന്‍ പറയുന്നുണ്ട്. വിജിന്റെ നിരീക്ഷണങ്ങള്‍ സാധുവാണെങ്കില്‍ ഒരുപക്ഷേ, പ്രളയകാലത്ത് വയനാട്ടില്‍ കണ്ട ദുരന്തത്തിന്റെ മാതൃകയിലൊന്ന് മുണ്ടത്തടത്തും പ്രതീക്ഷിക്കാമെന്ന് പറയേണ്ടിവരും.
“മുപ്പത്തിമൂന്നു വയസ്സായെനിക്ക്. ഇത്രയും കാലം ഇവിടെയാണ് ജീവിച്ചത്. ജീവിച്ചുപോന്ന ഇടത്തോടുള്ള ഇഷ്ടം കൊണ്ട്, ബാക്കിയെല്ലാവരും വിറ്റുപോയപ്പോഴും ഞാന്‍ പോകാന്‍ കൂട്ടാക്കിയില്ല. പക്ഷേ ഇനി അധികകാലം ഇവിടെ ജീവിക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. അടുത്ത മഴക്കാലത്തോടെ എല്ലാം തീരുമാനമാകുന്ന മട്ടാണ്. പാറപൊട്ടിക്കുന്ന ശബ്ദവും വൈബ്രേഷനും കാടിന്റെ അങ്ങേത്തലയ്ക്കല്‍ നിന്നാലും അറിയാം. അത്രയ്ക്ക് ഉഗ്രശക്തിയില്‍ അമ്പതും അറുപതും സ്ഥലങ്ങളിലാണ് ഒരേ സമയം പൊട്ടിക്കുന്നത്. ഇതിന്റെ ഒരു എഫക്ട് കാടിന്റെ അടിയില്‍ വരെ പോകുന്നുണ്ട്. താഴെയുള്ള പാറ മുഴുവന്‍ ഇളകിയിട്ടുണ്ടെന്നര്‍ത്ഥം. ഇപ്പോള്‍ പാതി ഭാഗം ചെത്തിപ്പോയ കണക്കാണ് മല നില്‍ക്കുന്നത്. മേല്‍ഭാഗം ഇടിഞ്ഞു താഴെ വീഴാന്‍ അത്രയും എളുപ്പമാണ്. വേറൊരു കാര്യമെന്താണെന്നുവച്ചാല്‍, ഇതിന്റെ അടിയില്‍ പല ഭാഗത്തും പൊള്ളയാണ്. വലിയ ദ്വാരങ്ങള്‍ മണ്ണിന്റെ അടിയിലുണ്ട്. അത് ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. ഇവിടത്തെ ഉറവകള്‍ തന്നെ കണ്ടില്ലേ, കുഴികള്‍ പോലെ. ഒന്ന് ഇവിടെയാണെങ്കില്‍ മറ്റേത് കുറച്ച് മാറി അപ്പുറത്തായിരിക്കും. ഇതിനൊക്കെ ഉള്ളില്‍ കണക്ഷനുണ്ട്. ഇവിടന്നു പോകുന്ന വെള്ളം അവിടെ പൊന്തും. ഇപ്പോള്‍ ഇതിലൊന്നും വെള്ളമില്ലാത്തതുകൊണ്ട് ഇങ്ങനെ നില്‍ക്കുന്നു. മഴ പെയ്താല്‍ ഇതാകില്ല സ്ഥിതി. വെള്ളം മുഴുവന്‍ ഈ കുഴിയിലൂടെ ഊര്‍ന്നുപോകും. മലയുടെ അടിയില്‍ മര്‍ദ്ദം വരും. ഏതെങ്കിലും വഴിയില്‍ ഈ വെള്ളം പുറത്തുവരുമല്ലോ. അതൊരു വലിയ മണ്ണിടിച്ചിലായിരിക്കും. നേരത്തേയാണെങ്കില്‍ ഇത് പിടിച്ചുവയ്ക്കാന്‍ ഒരു മല മുഴുവനുണ്ട്. ഇപ്പോള്‍ പാതിയായി ഇങ്ങനെ നില്‍ക്കുന്നതുകൊണ്ട് ഇടിയാനും എളുപ്പമാണ്. ആ കാട്ടില്‍പ്പോയി നോക്കിയാല്‍ കാണാം, പാറക്കൂട്ടമൊക്കെ ഇളകി നില്‍ക്കുന്നുണ്ട്. ഒരു ചെറിയ അനക്കമുണ്ടായാല്‍ എല്ലാം ഇങ്ങുപോരും. ഞാന്‍ മനസ്സിലാക്കുന്നത് ശരിയാണെങ്കില്‍ മഴ നന്നായൊന്നു പെയ്താല്‍, മുണ്ടത്തടം കോളനിയൊന്നും പിന്നെ കാണില്ല. മല മുഴുവന്‍ ഇടിയും. മുണ്ടത്തടവും പോകും ക്വാറിയും പോകും, താഴെയുള്ള മാലൂര്‍ക്കയവും പോകും. അതിന്റെ ലക്ഷണമാണിതൊക്കെ.”
വിജിന്റെ നിരീക്ഷണങ്ങള്‍ വെറും നിരീക്ഷണങ്ങള്‍ മാത്രമായിക്കണ്ട് തള്ളിക്കളയാനാകുന്നതല്ല. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയകാലത്ത് വയനാട്ടിലെ കുറിച്യമലയിലും തൃശ്ശിലേരിയിലും മറ്റും സംഭവിച്ച അതേ കാര്യങ്ങളാണ് വിജീഷ് ചൂണ്ടിക്കാണിക്കുന്നത്. അവിടങ്ങളിലെ അതേ സാഹചര്യമാണ് നിലവില്‍ മുണ്ടത്തടത്തുള്ളത് എന്നതുകൊണ്ടുതന്നെ, ഇത്തരമൊരു ദുരന്തത്തിന്റെ സാധ്യതയും കണക്കിലെടുക്കേണ്ടതു തന്നെയാണ്. അങ്ങനെയൊരു മണ്ണിടിച്ചിലാണ് മുണ്ടത്തടത്തെ കാത്തിരിക്കുന്നതെങ്കില്‍, രണ്ട് ആദിവാസി കോളനികള്‍ പൂര്‍ണമായും മണ്ണിനടിയിലാകും. “മണ്ണിടിയുന്നെങ്കില്‍ ഇടിയട്ടെ. എല്ലാവരും മണ്ണിനടിയില്‍ പൊയ്‌ക്കോട്ടെ. ജനിച്ചു വളര്‍ന്ന സ്ഥലമല്ലേ. ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും പോകാനും മടിയാണ്. നമ്മുടെ ജീവിതവും തൊഴിലുമെല്ലാം ഇവിടെയാണ്. പേടിയുണ്ട്. എന്നുകരുതി മാറാനൊന്നും വയ്യ. ഇനി വീടു വിറ്റ് മാറാം എന്ന് വിചാരിച്ചാലും എങ്ങനെ വില്‍ക്കാനാണ്. ആരു വാങ്ങാനാണ്. ആദിവാസി സ്ഥലം വില്‍ക്കരുത് എന്നൊക്കെ പറയുന്നുണ്ടല്ലോ. എങ്കില്‍പ്പിന്നെ എല്ലാം സര്‍ക്കാര്‍ അങ്ങ് ഏറ്റെടുക്കട്ടെ. ക്വാറിയുടമയക്ക് വേണ്ട സഹായമെല്ലാം ഉദ്യോഗസ്ഥര്‍ ചെയ്യുന്ന സ്ഥിതിയ്ക്ക് ക്വാറിയും സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത് നടത്തട്ടെ. പ്രളയം വന്നതിനു ശേഷം ക്വാറിയ്‌ക്കൊക്കെ നിയന്ത്രമാണെന്നൊക്കെ കേള്‍ക്കുന്നുണ്ട്. ഈ മുതലാളിമാര്‍ക്കൊന്നും അതു ബാധകമല്ല. ഇനി ഇവിടെ ഈ പറഞ്ഞ പ്രകൃതിക്ഷോഭത്തിന് സാധ്യയുണ്ടെന്ന് മനസ്സിലാകണമെങ്കില്‍ ആരെങ്കിലും വന്ന് പരിശോധിക്കണ്ടേ. ജിയോളജിക്കാര്‍ വന്ന് പഠിച്ചാല്‍ ഇവിടെയൊരു കുഴപ്പവുമില്ല എന്നു പറഞ്ഞ് തിരിച്ചു പോകും. കഴിഞ്ഞ തവണ ക്വാറിയ്ക്ക് അനുമതി കൊടുക്കാമോ എന്ന് പഠിക്കാന്‍ വന്ന ജിയോളജിക്കാര്‍ ഇങ്ങോട്ടൊന്നും കയറിയിട്ടുകൂടിയില്ല. താഴെ നിന്ന് നോക്കി തിരിച്ചുപോയെന്നു തോന്നുന്നു. ഞങ്ങളാരും കണ്ടിട്ടില്ല അവരെ. ഇവരൊക്കെയാണ് പ്രശ്‌നം പഠിക്കാന്‍ പോകുന്നത്. സര്‍ക്കാരും ജിയോളജിക്കാരും പറയുന്നത് ഞങ്ങളുടെ വീടിനും കോളനിക്കും ക്വാറി കാരണം കുഴപ്പമില്ലെന്നല്ലേ? ഞങ്ങള്‍ ഇവിടെത്തന്നെ കഴിഞ്ഞോളാം. മണ്ണിടിച്ചില്‍ വരുന്നെങ്കില്‍ വരട്ടെ. മനുഷ്യര്‍ ഓരോന്ന് ഉണ്ടാക്കിവച്ചിട്ട് അതിന് പേര് പ്രകൃതിദുരന്തമെന്ന്. വെറുതെയല്ല ആളുകള്‍ മാവോയിസ്റ്റാകുന്നത്”, വിജിന് അമര്‍ഷം അടക്കാനാകുന്നില്ല.
‘നിങ്ങള്‍ക്കൊന്നുമറിയില്ലെ’ന്നു പറയുന്ന പോലീസുകാര്‍
കടുത്ത പാരിസ്ഥിതിക പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാലും, ആദിവാസി കോളനികളില്‍ താമസിക്കുന്നവരോട് കാണിക്കുന്ന നീതി നിഷേധമായി വിലയിരുത്തിയാലും, അടിയന്തിര പ്രാധാന്യമുള്ള ഒരു സമരമാണ് മുണ്ടത്തടത്ത് നടക്കുന്നത്. സമരപ്പന്തലിനോടു ചേര്‍ന്ന് പോലീസ് റോന്തു ചുറ്റുകയും പുറത്തുനിന്നും സമരക്കാരെ കാണാനെത്തുന്നവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ടൈങ്കിലും, പ്രശ്‌നത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനോ സമരക്കാരില്‍ നിന്നും ലഭിച്ച പരാതികളില്‍ അന്വേഷണം നടത്താനോ അവര്‍ക്കു സാധിക്കുന്നില്ല എന്നതാണ് വാസ്തവം. നേരെ മറിച്ച്, ക്വാറിയുടമയും ഒപ്പമുള്ളവരും ചേര്‍ന്ന് കോളനിക്കാര്‍ക്കെതിരായി നല്‍ക്കുന്ന കഴമ്പില്ലാത്ത പരാതികളുടെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവരമന്വേഷിക്കുന്നുണ്ട് താനും. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട പോലീസ് ഇത്തരത്തില്‍ ഇരട്ടത്താപ്പ് നയം പുറത്തെടുക്കുന്നത്, തങ്ങളുടെ ജാതീയവും സാമൂഹികവുമായ സ്ഥാനം കൊണ്ടു കൂടിയാണെന്ന് രാധാ വിജയന്‍ പറയുന്നു. പോലീസില്‍ നിന്നും അധികാരികളില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന അപമാനവും ഭീകരമാണെന്നാണ് സമരക്കാരുടെ അനുഭവം.
“സമരം ഒത്തുതീര്‍പ്പാക്കാനായി മേയ് ഇരുപത്തിയെട്ടാം തീയതി പോലീസ് വിളിച്ച ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ചര്‍ച്ചയില്‍ ഞങ്ങളുടെ ഭാഗം ആരും പറഞ്ഞില്ല എന്നുമാത്രമല്ല, അവിടെ ഞങ്ങള്‍ പരിഹാസപാത്രമാകുകയാണ് ചെയ്തത്. ഏതോ റോഡു പണിഞ്ഞുകിട്ടാന്‍ വേണ്ടി വാദിക്കുന്നവര്‍ എന്ന പോലെയാണ് അവര്‍ ഞങ്ങളോടു പെരുമാറിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി, വെള്ളരിക്കുണ്ട് സി.ഐ എന്നിവരാണ് ചര്‍ച്ചയില്‍ സംസാരിക്കാനുണ്ടായിരുന്നത്. ചര്‍ച്ച പിരിഞ്ഞ് പിറ്റേന്നാണ് രാപ്പകല്‍ സമരം ആരംഭിച്ചത്. സമരം തുടങ്ങി അടുത്ത ദിവസം തന്നെ പോലീസ് സംരക്ഷണം ഉള്ളതു പോലെയാണ് ക്രഷറിലേക്കുള്ള വാഹനങ്ങള്‍ ഇതിലേ കടന്നുപോയത്. അന്നും ഞങ്ങള്‍ വഴി തടഞ്ഞിരുന്നു. അപ്പോഴും ഞങ്ങളെ വലിച്ചിഴച്ചു മാറ്റുകയാണ് പോലീസുകാര്‍ ചെയ്തത്. പിറ്റേ ദിവസമാണ് ക്രൂരമായി ഞങ്ങളെ മര്‍ദ്ദിച്ചത്. സ്ത്രീകളെയെല്ലാം ഈ കാണുന്ന റോഡിലൂടെ വലിച്ചിഴച്ചാണ് മര്‍ദ്ദിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെംബറാണ് ഞാന്‍. എസ്.ടി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീയും കൂടിയാണ്. ഇതൊന്നും പരിഗണിക്കാതെയായിരുന്നു പോലീസിന്റെ മര്‍ദ്ദനം. ഒരു ജനപ്രതിനിധിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നയിടത്ത് സാധാരണ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്തു നീതിയാണ് കിട്ടുക? ഒരു വ്യക്തിക്കുവേണ്ടിയാണ് ഇത്രയും പേരെ ഇവര്‍ പീഡിപ്പിക്കുന്നത്. പരപ്പ ടൗണില്‍ വച്ചാണ് ക്വാറിയുടമയുടെ ഡ്രൈവറായ രജീഷെന്നയാള്‍ എന്നെ പരസ്യമായി കയ്യേറ്റം ചെയ്തതും ടിപ്പറിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും. പരപ്പയിലെ ഓട്ടോ ഡ്രൈവര്‍മാരും കടക്കാരുമടക്കം ഈ സംഭവത്തിന് സാക്ഷികളാണ്. പരാതി കൊടുത്തിട്ട് ഇന്നേ ദിവസം വരെ നീതി ലഭിച്ചിട്ടില്ല. അന്വേഷണമോ അറസ്‌റ്റോ ഉണ്ടായിട്ടില്ല. പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു സ്ത്രീ നല്‍കിയ പരാതിയാണ് ഇങ്ങനെ നടപടിയില്ലാതെ ഇഴയുന്നത്. പരാതി കൊടുത്ത വെള്ളരിക്കുണ്ടില്‍ ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് എസ്.എം.എസില്‍ നിന്നാണ് അന്വേഷണം നടത്തേണ്ടതെന്നാണ്. ഇതുകൂടാതെ സമരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കുമെതിരെ കള്ളക്കേസുകള്‍ കൊടുക്കുന്നുണ്ട്. ഗേറ്റ് തല്ലിപ്പൊളിച്ചു, ജോലിക്കാരെ ഉപദ്രവിച്ചു, പറമ്പില്‍ അതിക്രമിച്ചു കയറുന്നു എന്നെല്ലാമാണ് കേസ്. പത്തു നാല്‍പ്പതു കൊല്ലമായി ഞങ്ങള്‍ ഉപയോഗിക്കുന്ന റോഡ് എങ്ങനെയാണ് അവരുടെ പറമ്പാകുന്നത്? ആ റോഡും അടച്ചിട്ടിരിക്കുകയാണിവര്‍. പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് കുറച്ചുകാലം മുന്‍പ് തലയില്‍ തേങ്ങ വീണു പരിക്കേറ്റപ്പോള്‍ കൈയില്‍ എടുത്തുകൊണ്ട് താഴെയിറങ്ങി ആശുപത്രിയില്‍ കൊണ്ടു പോകേണ്ടിവന്ന അനുഭവവുമുണ്ടായി. റോഡില്‍ വണ്ടിവരാത്ത വിധത്തില്‍ അടച്ചിട്ടിരിക്കുകയല്ലേ.”
റോഡുവഴിയുള്ള വലിയ വണ്ടികളുടെ ഓട്ടപ്പാച്ചിലും അതു സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളുമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന വിഷയം. വഴിയടച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കിയും അമിതവേഗതയില്‍ ലോറികളും മറ്റും ഓടിച്ച് അപകടസാധ്യത സൃഷ്ടിച്ചും ക്വാറിയുടെ മേല്‍നോട്ടക്കാര്‍ തങ്ങളെ മനപ്പൂര്‍വം ഉപദ്രവിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. “ആദ്യം രണ്ടു വാഹനങ്ങള്‍ മാത്രമാണ് ഓടിക്കൊണ്ടിരുന്നത്. അന്ന് ഇത്രയും പ്രശ്‌നമുണ്ടായിരുന്നില്ല. ഈ പഞ്ചായത്തു റോഡിലൂടെ പത്തു മുപ്പത് വലിയ ടിപ്പര്‍ ലോറികളാണ് ഇപ്പോള്‍ പോകുന്നത്. കുട്ടികളെ പുറത്ത് വിടാന്‍ പോലും പേടിയാണ്. അതിനിടെ ഇവിടത്തെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ക്വാറിയിലെ ജോലിക്കാര്‍ ഫോണില്‍ പകര്‍ത്തിയ പ്രശ്‌നവുമുണ്ടായി. ഇവിടെയുണ്ടായിരുന്ന പോലീസുകാരോട് പറഞ്ഞപ്പോള്‍ അയാളെ പിടിച്ച് ജീപ്പില്‍ കയറ്റി. സ്റ്റേഷനില്‍ കൊണ്ടുപോകുകയാണെന്നാണ് ഞങ്ങള്‍ കരുതിയത്. അവര്‍ അവനെ നേരെ ക്വാറിയില്‍ കൊണ്ടുവിട്ടു. ഒന്നര മണിക്കൂര്‍ നടന്നാണ് ഞങ്ങളുടെ കുട്ടികള്‍ മുണ്ടത്തടത്തു നിന്നും ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പോകുന്നത്. ആദിവാസികളായ കുട്ടികള്‍ക്കു പോലും പഠിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കിയാണ് ക്വാറി നടക്കുന്നത്. ഇവരുടെ ലൈസന്‍സിലും തിരിമറികളുണ്ട്. വര്‍ഷത്തില്‍ ഒരു ലക്ഷം മെട്രിക് ടണ്‍ ലോഡ് മാത്രം അനുമതി. ഓവര്‍ ലോഡാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. അതുപോലും പരിശോധിക്കുന്നില്ല. ഫോറസ്റ്റിന്റെ പത്തുമീറ്റര്‍ പരിസരത്താണ് ഖനനം നടത്തുന്നത്. അതും ആര്‍ക്കും ചോദിക്കാനില്ല. ഒരു ദിവസം ഒരു വണ്ടി എടുക്കുന്നത് ആറു ലോഡാണ്. ക്വാറിയുടെ പ്രവര്‍ത്തനശൈലി നിയമവിരുദ്ധമാണെന്ന് ഏതു സാധാരണക്കാരനും അതില്‍ നിന്നു തന്നെ മനസ്സിലാകും. ഈ പ്രശ്‌നങ്ങള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ ആദിവാസികളായ ഞങ്ങളെ കളിയാക്കുന്ന രീതിയുമുണ്ട്. നിങ്ങള്‍ക്കൊന്നുമറിയില്ല, നിങ്ങളോട് പറഞ്ഞുമനസ്സിലാക്കാനാകില്ല എന്നെല്ലാമാണ് ഇവിടെയുള്ള പോലീസുകാര്‍ പോലും പറയുന്നത്. എന്താണ് ഞങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകാത്തത്? ഞങ്ങള്‍ അനുഭവിക്കുന്നത് കാണാന്‍ തയ്യാറാകാത്തത് ഈ പറയുന്നവരെല്ലാമാണ്.”
മുണ്ടത്തടത്ത് താമസിക്കുന്ന അനുശ്രീ എന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട് ആകെ പൊടിയില്‍ കുളിച്ചാണ് നില്‍ക്കുന്നത്. പൊടിപടലങ്ങള്‍ക്കിയില്‍ ജീവിക്കേണ്ടിവരുന്ന ആസ്ത്മ രോഗിയായ അമ്മയ്ക്ക് അസുഖം കൂടുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നും അനുശ്രീയ്ക്ക് അറിയില്ല. പക്ഷേ, “വലിയ ബുദ്ധിമുട്ടാണ്. ചെവി പൊട്ടുന്ന പോലെ തോന്നും. പഠിക്കാന്‍ കുറേയുണ്ട്, പക്ഷേ പറ്റുന്നില്ല” എന്ന് നിറഞ്ഞ കണ്ണുകളോടെ സമരപ്പന്തലിലിരുന്ന് പറയുന്ന അനുശ്രീ മുണ്ടത്തടത്തെയും മാലൂര്‍ക്കുന്നിലെയും ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയാണ്. ഇവരെയെങ്കിലും കേള്‍ക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്.